Thursday, December 9, 2010

ജീവനു ഭീഷണിയെന്ന് വിക്കിലീക്ക്സ്

ജീവനു ഭീഷണിയെന്ന് വിക്കിലീക്ക്സ് : അസാഞ്ചെ അറസ്റ്റില്‍

ലണ്ടന്‍: അമേരിക്കയുടെ അധിനിവേശയുദ്ധ-ചാരവൃത്തി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്ക്സിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ ജൂലിയന്‍ അസാഞ്ചെയെ (39) ബ്രിട്ടനില്‍ അറസ്റ്റുചെയ്തു. മാനഭംഗക്കേസിന്റെ പേരില്‍ സ്വീഡന്‍ കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസാണ് അസാഞ്ചെയെ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയില്‍ വിക്കിലീക്ക്സ് അമേരിക്കയുടെ അഫ്ഗാന്‍യുദ്ധഭീകരതകള്‍ വെളിപ്പെടുത്തിയശേഷം ഉയര്‍ന്നുവന്ന കേസാണിത്. സ്വീഡനില്‍തന്നെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് അസാഞ്ചെ ലണ്ടനില്‍ എത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ് അസാഞ്ചെയുടെ അറസ്റ്റെന്ന് വിക്കിലീക്ക്സ് വക്താവ് പ്രതികരിച്ചു.

ലണ്ടന്‍ പൊലീസിന്റെ രാജ്യാന്തര കൈമാറ്റവിഭാഗമാണ് അസാഞ്ചെയെ അറസ്റ്റുചെയ്തതെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു. അസാഞ്ചെയെ സ്വീഡന് കൈമാറുമെന്നതിന്റെ സൂചനയാണിത്. ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചാണ് വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അമേരിക്കന്‍ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെ രണ്ടു സ്ത്രീകള്‍ അസാഞ്ചെക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അസാഞ്ചെയെ ചാരക്കേസില്‍ കുടുക്കാനും അമേരിക്ക ശ്രമിച്ചുവരികയാണ്. അതേസമയം, ജനകീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിക്കിലീക്ക്സ് നടത്തുന്ന പോരാട്ടം സധീരം മുന്നോട്ടുകൊണ്ടുപോകുമെന്ന് അസാഞ്ചെ പറഞ്ഞു. അറസ്റ്റിനുശേഷം ഓസ്ട്രേലിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കില്ല-അസാഞ്ചെ വ്യക്തമാക്കി. അസാഞ്ചെയുടെ ജീവന് ഭീഷണിയുണ്ടെന്ന് വിക്കിലീക്ക്സ് വക്താവ് സ്വീഡനില്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ രഹസ്യരേഖകള്‍ പുറത്തുവിടുന്നതിന് അസാഞ്ചെയുടെ അറസ്റ്റ് തടസ്സമല്ലെന്ന് വിക്കിലീക്ക്സ് വ്യക്തമാക്കി. മാനഭംഗക്കേസില്‍ വിശദീകരണം നല്‍കാന്‍ ലണ്ടന്‍ പൊലീസിന് മുമ്പാകെ ഹാജരാകാന്‍ അഭിഭാഷകന്‍ മുഖേന അസാഞ്ചെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതു തള്ളിക്കളഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ അറസ്റ്റു ചെയ്തത്.

അതിനിടെ വിശ്രുത അമേരിക്കന്‍ ചിന്തകനും പണ്ഡിതനുമായ നോം ചോംസ്കി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. ഓസ്ട്രേലിയക്കാരനായ അസാഞ്ചെയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായി ഇടപെടണമെന്ന് ചോംസ്കി ഓസ്ട്രേലിയ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പ്രമുഖ എഴുത്തുകാരും നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും അസാഞ്ചെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറക്കിയ പ്രസ്താവനയില്‍ ചോംസ്കിയും ഒപ്പിട്ടു. അസാഞ്ചെയുടെ ജീവനുനേരെ ഉയര്‍ന്നിരിക്കുന്ന ഭീഷണിയില്‍ പ്രസ്താവന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അസാഞ്ചെയ്ക്ക് വ്യക്തിപരവും നിയമപരവുമായ സഹായം നല്‍കണമെന്ന് ജൂലിയയോട് പ്രസ്താവന ആവശ്യപ്പെട്ടു. വ്യക്തികളുടെയോ സര്‍ക്കാരുകളുടെയോ ഭാഗത്തുനിന്ന് അസാഞ്ചെയ്ക്ക് എതിരായി ഭീഷണി ഉയരുന്നത് ചെറുക്കണം. അസാഞ്ചെയുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം- പ്രസ്താവന ആവശ്യപ്പെട്ടു.

ദേശാഭിമാനി 091210

2 comments:

  1. അതിനിടെ വിശ്രുത അമേരിക്കന്‍ ചിന്തകനും പണ്ഡിതനുമായ നോം ചോംസ്കി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. ഓസ്ട്രേലിയക്കാരനായ അസാഞ്ചെയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായി ഇടപെടണമെന്ന് ചോംസ്കി ഓസ്ട്രേലിയ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പ്രമുഖ എഴുത്തുകാരും നിയമജ്ഞരും മാധ്യമപ്രവര്‍ത്തകരും അസാഞ്ചെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറക്കിയ പ്രസ്താവനയില്‍ ചോംസ്കിയും ഒപ്പിട്ടു. അസാഞ്ചെയുടെ ജീവനുനേരെ ഉയര്‍ന്നിരിക്കുന്ന ഭീഷണിയില്‍ പ്രസ്താവന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അസാഞ്ചെയ്ക്ക് വ്യക്തിപരവും നിയമപരവുമായ സഹായം നല്‍കണമെന്ന് ജൂലിയയോട് പ്രസ്താവന ആവശ്യപ്പെട്ടു. വ്യക്തികളുടെയോ സര്‍ക്കാരുകളുടെയോ ഭാഗത്തുനിന്ന് അസാഞ്ചെയ്ക്ക് എതിരായി ഭീഷണി ഉയരുന്നത് ചെറുക്കണം. അസാഞ്ചെയുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം- പ്രസ്താവന ആവശ്യപ്പെട്ടു.

    ReplyDelete
  2. വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യ അമേരിക്കയ്ക്ക് ഉറപ്പുനല്‍കി. അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ളിന്റണുമായുള്ള ടെലിഫോ സംഭാഷണത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം 15 മിനിറ്റു നീണ്ടതായി അമേരിക്കന്‍ വിദേശകാര്യ വക്താവ് പി ജെ ക്രോളി പറഞ്ഞു. ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തരത്തില്‍ വിവിധ വിഷയങ്ങള്‍ ഇവര്‍ സംസാരിച്ചു. പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം, അടുത്ത തന്ത്രപ്രധാന ഉഭയകക്ഷി ചര്‍ച്ച, അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ മേഖലയിലെ സ്ഥിതിവിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കായി കൃഷ്ണ ഹിലരിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

    ReplyDelete