Thursday, December 9, 2010

ചെറുകിട വ്യാപാര മേഖലയും അധിനിവേശവും

ലാഭക്കൊതിയന്മാരുടെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയ്ക്കു മീതേ വട്ടമിടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ കാലങ്ങളായി കൈവശം വച്ചുപോരുന്ന ഈ മേഖലയില്‍ ആദ്യം നോട്ടമിട്ടത് സ്വദേശി കുത്തകകളാണ്. വന്‍കിടക്കാര്‍ക്ക് ഓശാനപാടുന്ന ഭരണാധികാരികളുടെ ആശീര്‍വാദത്തോടെ അവരതില്‍ വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിദേശ മൂലധന ശക്തികളും ഇന്ത്യന്‍ ചില്ലറ വില്‍പ്പന മേഖല ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിവരികയാണ്. അവരെ പ്രീതിപ്പെടുത്തുന്ന നടപടികളുമായി കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന ചില ചര്‍ച്ചകള്‍, വ്യക്തമായ നയരൂപീകരണം നടത്തുന്നതിനു മുമ്പുതന്നെ ചില്ലറ വില്‍പ്പന മേഖല കുത്തകകള്‍ക്കായി തുറന്നുകൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്.

ചില്ലറ വ്യാപാര, ഇന്‍ഷ്വറന്‍സ് രംഗങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഫ്രാന്‍സിന് ഉറപ്പ് നല്‍കുകയാണ് സര്‍ക്കോസിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യ ചെയ്തിരിക്കുന്നത്. സര്‍ക്കോസിയുടെ സംഘത്തോടൊപ്പം എത്തിയ ഫഞ്ച് ധനമന്ത്രി ക്രിസ്റ്റീന്‍ ലഗാര്‍ഡിന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയാണ് ഈ ഉറപ്പു നല്‍കിയത്. ചില്ലറ വില്‍പ്പന മേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ക്കു തുടക്കമിട്ടിട്ടുണ്ടെന്നും ഇത് ഉടന്‍ പൂര്‍ത്തിയാവുമെന്നുമാണ് അലുവാലിയ ഫ്രഞ്ച് മന്ത്രിയോട് പറഞ്ഞത്.

വ്യാപാരമേഖലയുടെ ദൂതരായി ഇന്ത്യയിലെത്തുന്ന ഓരോ രാഷ്ട്രനേതാവും നിക്ഷേപ രംഗത്തെ നിയന്ത്രണങ്ങള്‍ നീക്കാന്‍ സമ്മര്‍ദം ചെലുത്തും. അടുത്തിടെ രാജ്യത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും സംഘവും ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സര്‍ക്കോസിയുടെ സന്ദര്‍ശനത്തിനിടെയും ഇത്തരം സമ്മര്‍ദമുണ്ടായി. ആയിരം കോടി യൂറോ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ സന്നദ്ധമാണെന്നും ചില്ലറ വ്യാപാര, ഇന്‍ഷ്വറന്‍സ് മേഖലകള്‍ തുറന്നുകൊടുത്താല്‍ ഈ നിക്ഷേപം ഇനിയും ഉയരുമെന്നുമാണ് ലാഗാര്‍ഡ് മുന്നോട്ടുവച്ച വാഗ്ദാനം. ഇതിനോടുള്ള പ്രതികരണമായാണ് ഈ രണ്ടു മേഖലകളിലും നിക്ഷേപ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് അലുവാലിയ ഉറപ്പുനല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സംവിധാനം മാത്രമായ ആസൂത്രണ കമ്മിഷന്റെ ഉപാധ്യക്ഷനാണ് അലുവാലിയ. രാജ്യത്ത് ഏറെക്കാലമായി ചര്‍ച്ച നടക്കുകയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം മാറ്റിവയ്ക്കുകയും ചെയ്ത കാര്യത്തില്‍ അലുവാലിയ അഭിപ്രായം പറയേണ്ടതില്ല. ചില്ലറ വില്‍പ്പനമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ഫ്രഞ്ച് ധനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടാവേണ്ടതുണ്ടെന്നും ജനാധിപത്യ രീതിയില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കാനാവൂ എന്നുമാണ് ആനന്ദ് ശര്‍മ പറഞ്ഞത്. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട ഈ വിവേകം അലുവാലിയയ്ക്ക് ഇല്ലാതെ പോയി.

രാജ്യത്തെ ചില്ലറ വില്‍പ്പനമേഖലയിലെ ചെറിയൊരു ശതമാനം ഇപ്പോള്‍ തന്നെ കുത്തകകളുടെ പക്കലായിട്ടുണ്ട്. ശരാശരി 40 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് സംഘടിത ചില്ലറ വില്‍പ്പന മേഖല പ്രകടിപ്പിക്കുന്നതെന്ന് ചില കണക്കുകള്‍ പറയുന്നു. അസംഘടിത ചില്ലറ വില്‍പ്പന മേഖലയ്ക്ക്, അതായത് സാദാ കച്ചവടക്കാര്‍ക്ക് ഇതുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. ഇതിനും പുറമേയാണ് വിദേശ കുത്തകകളെക്കൂടി സര്‍ക്കാര്‍ ഇങ്ങോട്ടു ക്ഷണിച്ചുകൊണ്ടുവരുന്നത്. കോര്‍പ്പറേറ്റ് ചില്ലറ വില്‍പ്പന മേഖലയില്‍ അഞ്ചു ലക്ഷം പേര്‍ പണിയെടുക്കുമ്പോള്‍ അസംഘടിത മേഖലയില്‍ അതു നാലു കോടിയോളമാണ്. കോര്‍പ്പറേറ്റുകളുടെ പണമൊഴുക്കില്‍ ഉലയുക ഇവരുടെ ജീവിതമാണ്. രാജ്യത്തെ ജനസംഖ്യയുടെ നാലു ശതമാനം പേര്‍ ചില്ലറ വില്‍പ്പന മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുറന്ന വിപണി നയം ഇവിടെ പ്രയോഗിക്കുന്നത് മൂലമുണ്ടാവുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല.

ജനയുഗം മുഖപ്രസംഗം 091210

1 comment:

  1. ലാഭക്കൊതിയന്മാരുടെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയ്ക്കു മീതേ വട്ടമിടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ കാലങ്ങളായി കൈവശം വച്ചുപോരുന്ന ഈ മേഖലയില്‍ ആദ്യം നോട്ടമിട്ടത് സ്വദേശി കുത്തകകളാണ്. വന്‍കിടക്കാര്‍ക്ക് ഓശാനപാടുന്ന ഭരണാധികാരികളുടെ ആശീര്‍വാദത്തോടെ അവരതില്‍ വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിദേശ മൂലധന ശക്തികളും ഇന്ത്യന്‍ ചില്ലറ വില്‍പ്പന മേഖല ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിവരികയാണ്. അവരെ പ്രീതിപ്പെടുത്തുന്ന നടപടികളുമായി കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന ചില ചര്‍ച്ചകള്‍, വ്യക്തമായ നയരൂപീകരണം നടത്തുന്നതിനു മുമ്പുതന്നെ ചില്ലറ വില്‍പ്പന മേഖല കുത്തകകള്‍ക്കായി തുറന്നുകൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്.

    ReplyDelete