Saturday, December 11, 2010

കൊച്ചി പൊലീസ് സേവനം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയും

കൊച്ചി: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റുകള്‍ വഴി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കൊച്ചി സിറ്റി പൊലീസ് സംവിധാനം ഒരുക്കി. ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ അംഗത്വമെടുത്ത് ഇതുവഴി ജനങ്ങളുമായി പൊലീസ് ആശയവിനിമയം നടത്തും. സൈബര്‍ലോകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട പൊലീസ് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. 'കൊച്ചിന്‍ പീസ് മേക്കേഴ്സ്'എന്ന പേരിലുള്ള പദ്ധതി ശനിയാഴ്ച 10ന് കടവന്ത്ര പൊലീസ് സ്റേഷനില്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനംചെയ്യും.

അവകാശങ്ങളെയും നിയമത്തെയും കുറിച്ച് ബോധവല്‍ക്കരണം, നിയവിരുദ്ധപ്രവര്‍ത്തനങ്ങളെയും കുറ്റവാളികളെയും കുറിച്ച് അറിവു നല്‍കുക, സൂക്ഷ്മനിരീക്ഷണത്തിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയുംചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. പൊതുജനങ്ങളുടെ അവകാശങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, സൈബര്‍ കുറ്റങ്ങളില്‍നിന്നുള്ള സുരക്ഷ, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങള്‍, പൊതുസുരക്ഷാസംവിധാനം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍, നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ മുതലായവയെക്കുറിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെ നിരന്തരം ബോധവല്‍ക്കരണം നടത്തും.

പൊതുജനങ്ങള്‍ക്ക് വിവിധ പൊലീസ് സംവിധാനങ്ങളെക്കുറിച്ച് സംശയനിവാരണത്തിനും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍, വിദേശികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും അവസരമൊരുക്കും. കൂടാതെ, ട്രാഫിക് നിയന്ത്രണം, കമ്യൂണിറ്റി പൊലീസിങ് എന്നിവ സംബന്ധിച്ച് അറിവു നല്‍കാനും തിരിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പദ്ധതി പ്രയോജനപ്പെടും. ഈ വെബ്സൈറ്റുകളില്‍ പൊലീസിന്റെ നിരന്തര സാന്നിധ്യമുണ്ടാകുന്നുവെന്നത് ഏറെ പ്രയോജനകരമാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ഉടന്‍ ലഭിക്കാനും ഇത് ഉപയോഗപ്പെടും. ഈ സൈറ്റുകളിലൂടെയുള്ള മയക്കുമരുന്നുവില്‍പ്പന, നഗ്നചിത്രവിപണനം, വേശ്യാവൃത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അവയ്ക്കെതിരെ വേഗം നടപടിയെടുക്കാനും കഴിയും. സൈബര്‍രംഗത്ത് കൊച്ചി സിറ്റി പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഓര്‍ക്കൂട്ട് അധികൃതര്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക്, വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ റദ്ദാക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്.

ദേശാഭിമാനി 111210

4 comments:

  1. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റുകള്‍ വഴി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കൊച്ചി സിറ്റി പൊലീസ് സംവിധാനം ഒരുക്കി. ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ അംഗത്വമെടുത്ത് ഇതുവഴി ജനങ്ങളുമായി പൊലീസ് ആശയവിനിമയം നടത്തും. സൈബര്‍ലോകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട പൊലീസ് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. 'കൊച്ചിന്‍ പീസ് മേക്കേഴ്സ്'എന്ന പേരിലുള്ള പദ്ധതി ശനിയാഴ്ച 10ന് കടവന്ത്ര പൊലീസ് സ്റേഷനില്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനംചെയ്യും.

    ReplyDelete
  2. കേരള പോലീസിനു ആശംസകള്‍ .....

    ReplyDelete
  3. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കൊച്ചി പൊലീസിന്റെ സേവനം വാഗ്ദാനംചെയ്യുന്ന കൊച്ചിന്‍ പീസ്മേക്കേഴ്സ് പദ്ധതി കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനംചെയ്തു. ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൊച്ചിന്‍ പീസ്മേക്കേഴ്സ് എന്ന അക്കൌണ്ടുകളാണ് ആരംഭിച്ചത്്. പ്രതിദിനം കോടാനുകോടി ആശയങ്ങളുടെ കൈമാറ്റംനടക്കുന്ന സൈബര്‍ ഹൈവേയിലെ പൊലീസ് പട്രോളിങ്ങിലൂടെ സൈബര്‍കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനാകുമെന്നാണു പ്രതീക്ഷയെന്ന് ഡിജിപി പറഞ്ഞു. മാറിയ ജീവിതസാഹചര്യങ്ങളെയും സാങ്കേതികവിദ്യയെയും സമ്പദ്ഘടനയെയും ചൂഷണംചെയ്താണ് കുറ്റവാളികള്‍ പെരുകുന്നത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ്സേന വിവരസാങ്കേതികമേഖലയില്‍ പ്രവേശിക്കേണ്ടത് അനിവാര്യമാണ്. പുതിയ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചി പൊലീസ് ഇന്ത്യന്‍ പൊലീസിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു (ദേശാഭിമാനി 121210)

    ReplyDelete
  4. "സൈബര്‍രംഗത്ത് കൊച്ചി സിറ്റി പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഓര്‍ക്കൂട്ട് അധികൃതര്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക്, വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ റദ്ദാക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്."

    may be you are referring to the "report abuse" option available to all users.

    ReplyDelete