Saturday, December 11, 2010

പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ ലാഭത്തിലേക്ക്:

പൊതുമേഖലാ പുനരുദ്ധാരണം: അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

പൊതുമേഖലാസ്ഥാപനങ്ങളുടെ മുന്നേറ്റത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും സാര്‍വദേശീയ അനുഭവങ്ങളുടെ ഊര്‍ജം പകര്‍ന്നുനല്‍കാനും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. 'പൊതുമേഖലാ സംരംഭങ്ങളുടെ പുനരുദ്ധാരണം: ഉടമസ്ഥതാനയത്തിന്റെയും ഭരണസംവിധാനത്തിന്റെയും പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാന വ്യവസായവകുപ്പ് സംഘടിപ്പിച്ച സമ്മേളനം വെള്ളിയാഴ്ച കോവളം ലീല ഹോട്ടലില്‍ ആരംഭിച്ചു. 1990നു ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണത്തിലുണ്ടായ നയപരമായ മാറ്റങ്ങള്‍ വിലയിരുത്തല്‍, പൊതുമേഖലാ നവീകരണത്തിലെ രാജ്യാന്തര അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, പൊതുമേഖല ശക്തിപ്പെടുത്തുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങിയവയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്. സംസ്ഥാന പൊതുമേഖല കൈവരിച്ച നേട്ടങ്ങളുടെ ദൃശ്യാവിഷ്കാരത്തോടെ ആരംഭിച്ച സമ്മേളനം ഐക്യരാഷ്ട്രസഭാ അസിസ്റന്റ് സെക്രട്ടറി ജനറലും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജോമോ ക്വാമെ സുന്ദരം ഉദ്ഘാടനംചെയ്തു.

വ്യവസായസംരംഭങ്ങളുടെ പുനരുദ്ധാരണത്തിനും പുരോഗതിക്കും സ്വകാര്യവല്‍ക്കരണം ശാശ്വത പരിഹാരമല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നയപരമായ ഉറച്ച നിലപാടും ജാഗ്രതാപൂര്‍ണമായ ഇടപെടലും വഴി പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമാക്കാന്‍ കഴിയുമെന്ന് നാലര വര്‍ഷത്തെ അനുഭവം തെളിയിക്കുന്നതായി വ്യവസായമന്ത്രി എളമരം കരീം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തിക്കൊണ്ടേ മുതലാളിത്തത്തിന്റെ ദൂഷ്യങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്ന് പ്രഭാഷണം നടത്തിയ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ സംസാരിച്ചു. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ മിഗ്വേല്‍ ഏഞ്ചല്‍ റമീറസ് വിശിഷ്ടാതിഥിയായി. മന്ത്രിമാരായ സി ദിവാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍, എച്ച്എംഎസ് പ്രസിഡന്റ് തമ്പാന്‍ തോമസ്, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപാങ്കര്‍ മുഖര്‍ജി എന്നിവര്‍ സംസാരിച്ചു. റിയാബ് ചെയര്‍മാന്‍ ജോണ്‍ മത്തായി സ്വാഗതവും വ്യവസായ സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ നന്ദിയും പറഞ്ഞു.

'1990 ന് ശേഷം പൊതുമേഖലാ സംരംഭങ്ങളുടെ ഭരണപരമായ നയംമാറ്റം', 'പൊതുമേഖലാ സംരംഭങ്ങളുടെ പുനരുദ്ധാരണനയം നടപ്പാക്കുന്നതിലെ ആഭ്യന്തര അനുഭവങ്ങള്‍' എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ശനിയാഴ്ച വൈകിട്ട് 3.45ന് സമാപന സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യും. മന്ത്രി എളമരം കരീം അധ്യക്ഷനാകും. പൊതുമേഖലാ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാര്‍, മാനേജ്മെന്റ് പ്രൊഫഷണലുകള്‍, കോര്‍പറേറ്റ് രംഗത്തെ പ്രമുഖര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികള്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങിയവരുള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ പങ്കെടുക്കുന്നു.

സ്വകാര്യവല്‍ക്കരണം ഒറ്റമൂലിയല്ല: ജോമോ ക്വാമെ

പൊതുമേഖല നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല സ്വകാര്യവല്‍ക്കരണമെന്ന് ഐക്യരാഷ്ട്രസഭാ അസിസ്റ്റന്റ് സെക്രട്ടറി ജനറലും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. ജോമോ ക്വാമെ സുന്ദരം പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യയടക്കം പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലുണ്ടായ സമീപകാല അനുഭവങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സംരംഭങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോമോ.

90 കളുടെ മധ്യത്തില്‍ സോവിയറ്റ് യൂണിയനില്‍ സ്വകാര്യവല്‍ക്കരണം ഭീകരമായ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കി. സ്വകാര്യവല്‍ക്കരണം അരങ്ങുതകര്‍ത്തപ്പോള്‍ അവിടെ ആയുര്‍ദൈര്‍ഘ്യം ഗണ്യമായി കുറഞ്ഞു. സാമൂഹ്യസുരക്ഷയും വെല്ലുവിളിക്കപ്പെട്ടു. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചര്‍ 32 വ്യവസായ മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചതില്‍ ചരക്കുകടത്ത് ഒഴികെയുള്ള ഒരു മേഖലയും രക്ഷപ്പെട്ടില്ല. വ്യക്തതയില്ലാത്തതും പരസ്പരവിരുദ്ധവുമായ ലക്ഷ്യങ്ങള്‍, ഏകോപനമില്ലായ്മ, മാനേജ്മെന്റ് വൈദഗ്ധ്യത്തിന്റെ കുറവ് തുടങ്ങിയവയാണ് പൊതുമേഖല നേരിടുന്ന പ്രശ്നങ്ങള്‍. ഇവ പരിഹരിക്കുന്നതിനു പകരം എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിച്ചാല്‍ സാധാരണക്കാര്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടിവരും. പൊതുജന താല്‍പ്പര്യം സ്വകാര്യ സംരംഭകരുടെ ലാഭത്തിനു വേണ്ടി ബലികഴിക്കപ്പെടും. ഇത് ഏറ്റവുമേറെ ബാധിക്കുക പാവപ്പെട്ട ഉപഭോക്താക്കളെയാണ്.

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് സ്വകാര്യമേഖല പിന്‍വാങ്ങിയ പല രംഗത്തും പൊതുമേഖലയ്ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പൊതുമേഖലയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിന് ദേശസാല്‍കൃത ബാങ്കിങ്ങ് സംവിധാനവും അനിവാര്യമാണ്. അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യത്ത് ജനറല്‍ മോട്ടോഴ്സിനെ ദേശസാല്‍ക്കരിച്ച ഒബാമയുടെ നടപടി ഓര്‍ക്കേണ്ടതാണെന്നും പ്രൊഫ. ജോമോ ക്വാമെ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ ലാഭത്തിലേക്ക്: എളമരം കരീം


ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാകുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30ഉം നഷ്ടത്തിലായിരുന്നു. 70 കോടിയായിരുന്നു ഇവയുടെ നഷ്ടം. 2009-10 ആയപ്പോള്‍ അഞ്ചെണ്ണം ഒഴികെ ലാഭത്തിലായി. 240 കോടിയുടെ ലാഭമാണുണ്ടായത്. അടുത്ത വര്‍ഷത്തോടെ ശേഷിക്കുന്നവകൂടി ലാഭത്തിലാകും. പൊതുമേഖല സംരംക്ഷിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും കുറ്റമറ്റ ഭരണനടപടികളുമാണ് ഈ നേട്ടത്തിനു സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സംരംഭങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

വ്യവസായസംരംഭങ്ങളുടെ ഉടമസ്ഥത പൊതുമേഖലയിലായതുകൊണ്ടല്ല പ്രവര്‍ത്തനം മോശമാകുന്നത്. മറിച്ച്, അവയുടെ ഭരണപരമായ കുഴപ്പംകൊണ്ടാണ്. മെച്ചപ്പെട്ട ഭരണനടപടികളിലൂടെ പൊതുമേഖലയെ നന്നാക്കാന്‍ കഴിയും. അതിന്റെ തെളിവാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. പൊതുമേഖല ശക്തിപ്പെടുത്തിക്കൊണ്ടേ മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെ നേരിടാനാകൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനും സ്വകാര്യവല്‍ക്കരണത്തിനും ബദല്‍ എന്ന നിലയില്‍ പൊതുമേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുതലാളിത്തത്തിനുമപ്പുറത്തേക്കുള്ള മാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പൊതുമേഖലയ്ക്കു കഴിയും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും പൊതുമേഖലാ സംരംഭങ്ങള്‍ക്ക് മത്സരിക്കാനാകും. കേരളം ഇത് തെളിയിച്ചിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു.

ദേശാഭിമാനി 111210

1 comment:

  1. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാകുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30ഉം നഷ്ടത്തിലായിരുന്നു. 70 കോടിയായിരുന്നു ഇവയുടെ നഷ്ടം. 2009-10 ആയപ്പോള്‍ അഞ്ചെണ്ണം ഒഴികെ ലാഭത്തിലായി. 240 കോടിയുടെ ലാഭമാണുണ്ടായത്. അടുത്ത വര്‍ഷത്തോടെ ശേഷിക്കുന്നവകൂടി ലാഭത്തിലാകും. പൊതുമേഖല സംരംക്ഷിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയും കുറ്റമറ്റ ഭരണനടപടികളുമാണ് ഈ നേട്ടത്തിനു സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സംരംഭങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് വ്യവസായവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

    ReplyDelete