Wednesday, December 8, 2010

അയിത്തത്തെ ചെറുക്കാന്‍ പോരാട്ടം ശക്തമാക്കണം

ഏനാദിമംഗലം (പത്തനംതിട്ട): സമര പോരാട്ടങ്ങളിലൂടെ കേരളീയ സമൂഹത്തില്‍നിന്ന് തൂത്തെറിഞ്ഞ അയിത്തത്തെയും ജാതിഭ്രഷ്ടിനെയും ചെറുക്കാന്‍ സമൂഹം കൂടുതല്‍ ഉണര്‍വോടെ സജ്ജരാകണമെന്ന് സാംസ്കാരിക പ്രമുഖര്‍. മനുഷ്യത്വത്തെ അവഹേളിക്കുന്ന അനാചാരങ്ങള്‍ വീണ്ടും പലരൂപത്തില്‍ സമൂഹത്തില്‍ സ്ഥാനം നേടുകയാണ്. പട്ടികജാതിക്കാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇരുന്ന മുറിയില്‍ പുണ്യാഹം തളിച്ച് കയറിയ ഏനാദിമംഗലത്തെ പുതിയ പഞ്ചായത്ത് പ്രസിഡന്റിന്റെ അയിത്താചരണത്തിനെതിരെയായിരുന്നു സാംസ്കാരിക കൂട്ടായ്മ. സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

പോയ നൂറ്റാണ്ടിലേക്ക് കേരളീയസമൂഹം മടങ്ങുന്നതിന്റെ ദൃശ്യമായേ ഇത്തരത്തിലുള്ള പ്രവൃത്തികളെ വീക്ഷിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. കീഴാള, മേലാള വ്യത്യാസത്തോടെ വ്യക്തികളെ കാണാന്‍ തുടങ്ങുന്ന പ്രവണത ആപത്കരമാണ്. സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ് പ്രസിഡന്റ് നടത്തിയിട്ടുള്ളത്. മലയാളി സമൂഹം നേടിയെടുത്ത പുരോഗമന കാഴ്ചപ്പാടുകളും മനുഷ്വത്വവും നിരന്തരപോരാട്ടത്തിലൂടെ മാത്രമേ സംരക്ഷിക്കാനാകൂവെന്ന് തെളിയിക്കുന്നതാണ് ഏനാദിമംഗലത്തെ സംഭവമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കേരളത്തിന്റെ കൊടിയടയാളമായി കീഴാളവിരുദ്ധത മാറുന്നുവെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനെതിരൊയ സമരത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരും പങ്കാളികളാകണം.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, സെക്രട്ടറി സുജ സൂസന്‍ ജോര്‍ജ്, കവി വിനോദ് വൈശാഖി, പ്രൊഫ. ടി കെ ജി നായര്‍, സംഘം ജില്ലാ സെക്രട്ടറി എ ഗോകുലേന്ദ്രന്‍ എന്നിവരും സംസാരിച്ചു. കലാസാഹിത്യസംഘം കൊടുമ ഏരിയ പ്രസിഡന്റ് അനില്‍ സി ബൊക്കാറോ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പ്രകാശ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം മറിയാമ്മ നന്ദിയും പറഞ്ഞു. കൂട്ടായ്മയോടനുബന്ധിച്ച് നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: കലാസാഹിത്യസംഘം


പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തില്‍ ജാതിഭൃഷ്ട് നടത്തിയതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാംസ്കാരികകേരളത്തിന് അപമാനകരവും സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ ലംഘനവുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി. ഏനാദിമംഗലത്തെ സംഭവം കേരളത്തിന്റെ മതേതര ബോധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും. എല്ലാ മതേതര വിശ്വാസികളും സംഭവത്തെ അപലപിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളില്‍ പൂജയും മറ്റും നടത്തുന്ന രീതിയെ സാഹിത്യസംഘം എന്നും എതിര്‍ത്തുപോന്നിട്ടുണ്ടെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ ഇക്കാര്യങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഏഴാച്ചേരി രാമചന്ദ്രന്‍, എ ഗോകുലേന്ദ്രന്‍, പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ്, വിനോദ് വൈശാഖി, അനില്‍ സി ബൊക്കാറോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 081210

2 comments:

  1. സമര പോരാട്ടങ്ങളിലൂടെ കേരളീയ സമൂഹത്തില്‍നിന്ന് തൂത്തെറിഞ്ഞ അയിത്തത്തെയും ജാതിഭ്രഷ്ടിനെയും ചെറുക്കാന്‍ സമൂഹം കൂടുതല്‍ ഉണര്‍വോടെ സജ്ജരാകണമെന്ന് സാംസ്കാരിക പ്രമുഖര്‍. മനുഷ്യത്വത്തെ അവഹേളിക്കുന്ന അനാചാരങ്ങള്‍ വീണ്ടും പലരൂപത്തില്‍ സമൂഹത്തില്‍ സ്ഥാനം നേടുകയാണ്. പട്ടികജാതിക്കാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇരുന്ന മുറിയില്‍ പുണ്യാഹം തളിച്ച് കയറിയ ഏനാദിമംഗലത്തെ പുതിയ പഞ്ചായത്ത് പ്രസിഡന്റിന്റെ അയിത്താചരണത്തിനെതിരെയായിരുന്നു സാംസ്കാരിക കൂട്ടായ്മ. സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കവി കുരീപ്പുഴ ശ്രീകുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

    പോയ നൂറ്റാണ്ടിലേക്ക് കേരളീയസമൂഹം മടങ്ങുന്നതിന്റെ ദൃശ്യമായേ ഇത്തരത്തിലുള്ള പ്രവൃത്തികളെ വീക്ഷിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. കീഴാള, മേലാള വ്യത്യാസത്തോടെ വ്യക്തികളെ കാണാന്‍ തുടങ്ങുന്ന പ്രവണത ആപത്കരമാണ്. സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ് പ്രസിഡന്റ് നടത്തിയിട്ടുള്ളത്. മലയാളി സമൂഹം നേടിയെടുത്ത പുരോഗമന കാഴ്ചപ്പാടുകളും മനുഷ്വത്വവും നിരന്തരപോരാട്ടത്തിലൂടെ മാത്രമേ സംരക്ഷിക്കാനാകൂവെന്ന് തെളിയിക്കുന്നതാണ് ഏനാദിമംഗലത്തെ സംഭവമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കേരളത്തിന്റെ കൊടിയടയാളമായി കീഴാളവിരുദ്ധത മാറുന്നുവെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഇതിനെതിരൊയ സമരത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവരും പങ്കാളികളാകണം.

    ReplyDelete
  2. അയിത്താചരണം: ഹൈക്കോടതിയെ സമീപിക്കും- പട്ടികജാതി ഫെഡറേഷന്‍

    പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ അയിത്താചരണത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് പട്ടികജാതി-വര്‍ഗ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ വി കുമാരന്‍ പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇരുന്ന കസേര മാറ്റി പുതിയ കസേര ഇട്ടുവെന്നത് യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ കോടതി അന്വേഷിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിനെതിരെ വിവിധ പട്ടികജാതി സംഘടനകളും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവരും പ്രതികരിച്ചിട്ടും എസ്എന്‍ഡിപി അംഗമായ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തിന്റെ പിന്തുണകൂടി പ്രസിഡന്റിനുണ്ടെന്നുവേണം മനസ്സിലാക്കാന്‍. കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ വെള്ളാപ്പള്ളിയെക്കൂടി കക്ഷിചേര്‍ക്കും. ഏനാദിമംഗലം കോഗ്രസ് മണ്ഡലം പ്രസിഡന്റ്കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. പ്രസിഡന്റ് സജിയെ എസ്എന്‍ഡിപിയില്‍നിന്ന് പുറത്താക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകുമോയെന്നും വ്യക്തമാക്കണമെന്ന് കുമാരന്‍ ആവശ്യപ്പെട്ടു. (ദേശാഭിമാനി 12120)

    ReplyDelete