Tuesday, December 7, 2010

ജൂലിയന്‍ അസാഞ്ചെ അറസ്റ്റിലായി

ലണ്ടന്‍: വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റിലായി. ഇംഗ്ലണ്ടിലാണ് ഇയാള്‍ അറസ്റ്റിലായത്. ലൈംഗിക പീഡനകേസ് ചുമത്തിയാണ് അസാഞ്ചെയെ അറസ്റ്റുചെയ്തത്. ഇന്റര്‍പോളും സ്വീഡിഷ് പൊലീസും ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പെന്റഗണ്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തിയിരുന്ന സ്ഥാപനങ്ങളുടെ വിവരം പുറത്തുവന്നു

വാഷിംഗ്ടണ്‍: അമേരിക്കയുടെ സുരക്ഷയ്ക്കും താല്‍പര്യങ്ങള്‍ക്കും ഭീഷണിയായി പെന്റഗണ്‍ കരുതിയിരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടു. ആയുധനിര്‍മാണകമ്പനികള്‍, മരുന്ന് കമ്പനികള്‍ എന്നിവയും പട്ടികയിലുള്‍പ്പെടുന്നു. പ്രകൃതിദത്ത ഊര്‍ജ്ജ ഉറവിടങ്ങളും പട്ടികയിലുണ്ട്.

സൈബീരിയയില്‍ നിന്നുളള പൈപ്പ് ലൈനിനെ ലോകത്തിലെ ഏറ്റവും ഗുരുതരമായ വാതക സംവിധാനം എന്ന് വിലയിരുത്തുമ്പോള്‍ പകരം വയ്ക്കാനാകാത്ത ഊര്‍ജത്തിന്റെ ഉറവിടം എന്നാണ് കനേഡിയന്‍ ജലവൈദ്യുത പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സൈനികാവശ്യങ്ങള്‍ക്കുളള ആയുധങ്ങള്‍,മിസൈലുകള്‍, മോര്‍ട്ടാറുകള്‍, പൈപ്പ്‌ലൈനുകള്‍, കടലിനടിയിലൂടെയുളള കേബിളുകള്‍, വാണിജ്യ ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്ന നിരവധി അന്താരാഷ്ട്ര കമ്പനികളെ പ്രത്യേകം നിരീക്ഷിക്കാനുളള പട്ടികയില്‍ പെന്റഗണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാസവസ്തുക്കള്‍, സങ്കരലോഹങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ലോകോത്തര  കമ്പനികളെയും അമേരിക്ക പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കോംഗോ റിപ്പബ്‌ളിക്കിലെ കൊബാള്‍ട്ട് ഖനി, ഏഷ്യയിലെ അപൂര്‍വമായ മണ്ണ് അടങ്ങിയ ഖനികള്‍, ഓസ്‌ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മരുന്നുനിര്‍മാണ കമ്പനികളുടെ ഫാക്ടറികള്‍ പ്രത്യേകം നിരീക്ഷിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നു. അമേരിക്കയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ ഈ ഫാക്ടറിക്ക് കഴിയുമെന്ന് പെന്റഗണ്‍ വിലയിരുത്തിയിരുന്നു.  2009 ഫെബ്രുവരിയില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധരാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ശക്തമായ ഭീഷണി ഉയര്‍ത്തുന്നതായും അതിനാല്‍ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്നും സൂചിപ്പിച്ചിരുന്നു.

വിക്കിലീക്ക്‌സിന്റെ സ്വീഡന്‍ സെര്‍വര്‍ പ്രവര്‍ത്തനരഹിതമായി

സ്റ്റോക്ക് ഹോം: വിവാദ നയതന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് വെബ്‌സൈറ്റിന്റെ  ആസ്ഥാനമായ സ്വീഡനിലെ പ്രധാന സെര്‍വര്‍ പ്രവര്‍ത്തനരഹിതമായി. സൈബര്‍ ആക്രമണത്തിലൂടെ വിക്കിലീക്ക്‌സിന്റെ സേവനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് വക്താവ് മിഖായേല്‍ വിബോര്‍ഗ് ആരോപിച്ചു. ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തുമെന്ന് നേരത്തേതന്നെ ഭീഷണികളുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെളളിയാഴ്ച വരെ സുഗമമായി പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റിനു നേരെയാണ് ആക്രമണം നടന്നത്.

എന്തൊക്കെ ഭീഷണികളുണ്ടെങ്കിലും വിക്കിലീക്ക്‌സ് പ്രവര്‍ത്തനം തുടരുമെന്ന് വക്താവ് പറഞ്ഞു.

janayugom 071210

3 comments:

  1. വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അറസ്റ്റിലായി. ഇംഗ്ലണ്ടിലാണ് ഇയാള്‍ അറസ്റ്റിലായത്. ലൈംഗിക പീഡനകേസ് ചുമത്തിയാണ് അസാഞ്ചെയെ അറസ്റ്റുചെയ്തത്. ഇന്റര്‍പോളും സ്വീഡിഷ് പൊലീസും ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

    ReplyDelete
  2. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ചാരവൃത്തി പ്രസിഡന്റ് ബറാക് ഒബാമയുടെ അറിവോടെയാണെങ്കില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് വിക്കിലീക്സ് തലവന്‍ ജൂലിയന്‍ അസാഞ്ചെ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റനാണ് നയതന്ത്രജ്ഞരോട് ചാരവൃത്തി നടത്താന്‍ ഉത്തരവിട്ടത്. ഈ നിയമവിരുദ്ധ ഉത്തരവിന്റെ കാര്യത്തില്‍ തനിക്ക് എന്താണ് അറിയാമായിരുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കണം. പ്രസിഡന്റ് മൌനംപാലിച്ചാല്‍ കുറ്റസമ്മതമായി കണക്കാക്കേണ്ടിവരുമെന്ന് സ്പാനിഷ് പത്രം എല്‍ പയസിന് ഓലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ അസാഞ്ചെ പറഞ്ഞു. ഹിലരിയുടെ ഉത്തരവിനെക്കുറിച്ച് ഭരണനേതൃത്വത്തിനാകെ ബോധ്യമുണ്ടായിരുന്നു. നിയമവാഴ്ച അംഗീകരിക്കുന്ന രാജ്യമാണ് അമേരിക്കയെങ്കില്‍ ഒബാമ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് അസാഞ്ചെ പറഞ്ഞു.(ദേശാഭിമാനി 071210)

    ReplyDelete
  3. സദ്ദാം ഹുസൈനെ ഹീനമായ രീതിയില്‍ തൂക്കിലേറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പ്രകടിപ്പിച്ച ആശങ്കയുടെ രേഖകള്‍ വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ചു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് സദ്ദാം അനുകൂലികള്‍ക്ക് ഗുണകരമാകുമെന്ന ആശങ്കയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. ഇറാഖ് അധികൃതരുടെ കഴിവുകേടാണ് ദൃശ്യങ്ങള്‍ പരസ്യമാകാന്‍ ഇടയാക്കിയതെന്നും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ആരോപിക്കുന്നു. വധശിക്ഷ നടപ്പാക്കിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇറാഖി ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ലോകമെങ്ങും പ്രചരിച്ചത്. അപമാനകരമായ രീതിയിലാണ്സദ്ദാമിനെ വധിച്ചതെന്ന് ഇതോടെ ലോകത്തിന് ബോധ്യപ്പെട്ടു. വധശിക്ഷയുടെ സാക്ഷികളെ നിശ്ചയിച്ചതില്‍ ഇറാഖ് സര്‍ക്കാരിന് സംഭവിച്ച പാകപ്പിഴയാണ് കുഴപ്പം സൃഷ്ടിച്ചതെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തി. (ദേശാഭിമാനി 071210)

    ReplyDelete