Tuesday, December 7, 2010

പൊലീസിന്റെ ബി ടീമായി: മുന്‍ ഡിജിപി

ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം ഗുജറാത്ത് പൊലീസിന്റെ ബി ടീമായി പ്രവര്‍ത്തിച്ചെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. സുപ്രീം കോടതി ഈ റിപ്പോര്‍ട്ടില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ഒമ്പതു കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിക്കാനാണ് സുപ്രീം കോടതി ഡോ. ആര്‍ കെ രാഘവന്‍ ചെയര്‍മാനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഗുജറാത്തില്‍ 2002 ഫെബ്രുവരിയില്‍ നാലുദിവസമായി നടത്തിയ കൂട്ടക്കൊലയില്‍ രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ജുഡീഷ്യല്‍ സംവിധാനമൊഴികെ ബാക്കിയെല്ലാം മോഡിക്കുവേണ്ടി പ്രവര്‍ത്തിച്ചു. എന്നാല്‍, നരേന്ദ്രമോഡി ഇതൊന്നും അറിഞ്ഞില്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് താന്‍ ജസ്റിസ് നാനാവതി കമീഷനു സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ വസ്തുതകള്‍ എസ്ഐടി പരിഗണിച്ചിട്ടില്ല. കലാപത്തിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചന നടന്നു, മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പബ്ളിക് പ്രോസിക്യൂട്ടര്‍മാരും കലാപബാധിതര്‍ക്ക് നീതി ലഭിക്കാതിരിക്കാന്‍ ഭരണയന്ത്രത്തെ അട്ടിമറിച്ചു, സാക്ഷികളായ ഉദ്യോഗസ്ഥരെ തെളിവുനല്‍കുന്നതില്‍നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായ തെളിവുകളോടെയാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അതൊന്നും എസ്ഐടി പരിഗണിച്ചില്ല.

ഗുജറാത്ത് കലാപത്തിനുശേഷം തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നായിരുന്നു നരേന്ദ്രമോഡിയുടെ ശുപാര്‍ശ. എന്നാല്‍,അന്ന് ഇന്റലിജന്റ്സ് മേധാവിയായിരുന്ന താന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് നാലുമാസത്തേക്ക് നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തീരുമാനിച്ചത്. ഗുജറാത്തില്‍ ടാറ്റയ്ക്ക് 4000 കോടിയുടെ സഹായം മോഡി നല്‍കിയിട്ടുണ്ടെന്നാണ് അറിവ്. എസ്ഐടി തലവനായിരുന്ന രാഘവന്‍ ഇപ്പോള്‍ ടാറ്റയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റായാണ് ജോലിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 071210

1 comment:

  1. ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം ഗുജറാത്ത് പൊലീസിന്റെ ബി ടീമായി പ്രവര്‍ത്തിച്ചെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. സുപ്രീം കോടതി ഈ റിപ്പോര്‍ട്ടില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete