Sunday, December 5, 2010

രക്ഷാസമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയില്ല

ബംഗളൂരു: യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ ഫ്രാന്‍സും തയ്യാറായില്ല. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവക്കൊപ്പം ഇന്ത്യയും രക്ഷാസമിതിയിലുണ്ടാകണമെന്നാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സര്‍ക്കോസി ബംഗളൂരില്‍ പറഞ്ഞത്. നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞരുമായി സംസാരിക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഇന്ത്യയുടെ സ്ഥിരാംഗത്വം വിഷമം പിടിച്ചതാണെന്നാണ് പറഞ്ഞിരുന്നത്. സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞ സര്‍ക്കോടി ഇതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണക്കും. ആണവോര്‍ജരംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് അനീതിയാണ്. ഇന്ത്യയുടെ സൈനികേതര ആണവോര്‍ജ പദ്ധതിയെ പിന്തുണക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടവുമായി യോജിച്ച് പ്രവര്‍ത്തിക്കും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരതയാണ് ലോകത്തിന്റെ അസ്ഥിരതക്ക് പ്രധാനകാരണം. മുംബൈ ഭീകരാക്രമണം ജനാധിപത്യത്തിനെതിരായ ആക്രമണമായാണ് കാണുന്നത്. ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ ജനാധിപത്യമാണ് ആക്രമിക്കപ്പെടുന്നത്. താലിബാന്‍ പോലുള്ള ശക്തികളെ അംഗീകരിക്കാന്‍ കഴിയില്ല. ലോക സാമ്പത്തികക്രമത്തെ നിയന്ത്രിക്കുന്ന തരത്തിലേക്ക് ഇന്ത്യ വളരണം. ഇന്ത്യന്‍ രൂപലോകത്തെ പ്രമുഖ കറന്‍സികളിലൊന്നായി മാറും. മഹാരാഷ്ട്രയിലെ ജയ്താപുരയില്‍ 10,000 മെഗാവാട്ട് ശേഷിയുള്ള ആണവനിലയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും സര്‍ക്കോസി പറഞ്ഞു.

സര്‍ക്കോസിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ കനത്ത സുരക്ഷസന്നാഹം ഒരുക്കിയിരുന്നു. സര്‍ക്കോസി തങ്ങിയ ലീലാ പാലസ് വെള്ളിയാഴ്ചമുതല്‍ തന്നെ സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ബംഗളരൂവില്‍നിന്ന് ആഗ്രയ്ക്ക് പോയ സര്‍ക്കോസി ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തി. ഞായാറാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം. ചൊവ്വാഴ്ച മുംബൈയില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. ഭാര്യ കാര്‍ല ബ്രൂണിക്ക് പുറമെ പ്രതിരോധ, വിശേദകാര്യ, ധനകാര്യ മന്ത്രിമാരും വന്‍കിടവ്യവസായികളും സര്‍ക്കോസിയെ അനുഗമിക്കുന്നു. 60 ഫ്രഞ്ച് കമ്പനികളിലെ പ്രമുഖരാണ് സംഘത്തിലുള്ളത്്. പ്രതിരോധ, ആണവ, ധനകാര്യമേഖലകളില്‍ വിവിധ കരാറുകളെപ്പറ്റി ചര്‍ച്ചകള്‍ നടക്കും.

ദേശാഭിമാനി 051210

1 comment:

  1. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ ഫ്രാന്‍സും തയ്യാറായില്ല. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവക്കൊപ്പം ഇന്ത്യയും രക്ഷാസമിതിയിലുണ്ടാകണമെന്നാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സര്‍ക്കോസി ബംഗളൂരില്‍ പറഞ്ഞത്. നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞരുമായി സംസാരിക്കുകയായിരുന്നു.

    ReplyDelete