Sunday, December 12, 2010

നികുതിപിരിവ് ലളിതമാക്കും

നികുതിദായകരോട് സൌഹാര്‍ദസമീപനം കൈക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബജറ്റ് തയ്യാറാക്കുന്നതിന് ധനവകുപ്പ് നടപടി തുടങ്ങി. സമഗ്ര സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാകും ഇത്തവണത്തെ ബജറ്റ്. ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വ്യാപാര, വ്യവസായമേഖലകളിലെയും ഇതര മേഖലകളിലെയും പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച ആരംഭിച്ചു. ഫെബ്രുവരി ആദ്യആഴ്ച അവതരിപ്പിക്കാന്‍ കഴിയുംവിധം ബജറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്്. മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ മേഖലയിലെയും പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചനടത്തും.

ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ച സാഹചര്യത്തില്‍ നികുതിഘടനയിലെ മാറ്റങ്ങള്‍കൊണ്ട് പ്രയോജനമുണ്ടാവില്ല. ഘടനയിലും നിരക്കിലും കാര്യമായ മാറ്റംവരുത്താതെ നികുതിഅടയ്ക്കല്‍ ലളിതവും സുതാര്യവുമാക്കാന്‍ സഹായിക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. എല്ലാ ബജറ്റിലും വ്യാപാരികളുടെയും നികുതിദായകരുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ ഓരോ മേഖലയിലുള്ളവരുമായി പ്രത്യേകം ചര്‍ച്ചനടത്തി പ്രയാസങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാരിന് കാര്യമായ ധനനഷ്ടം ഇല്ലാതെതന്നെ ബജറ്റ് തയ്യാറാക്കും. ജനുവരി ആദ്യവാരത്തോടെ ചര്‍ച്ച പൂര്‍ത്തിയാക്കും. കേരള വ്യാപാരിവ്യവസായി സമിതി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തും. ആദ്യഘട്ടത്തില്‍ ഗൃഹോപകരണങ്ങള്‍ വില്‍പ്പനക്കാരുടെയും ടൈല്‍സ്, ഗ്രാനൈറ്റ്, മാര്‍ബിള്‍ വില്‍പ്പനക്കാരുടെയും പ്ളൈവുഡ് നിര്‍മാതാക്കളുടെയും യോഗം മന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. സ്വര്‍ണം, സിമെന്റ്, ഇരുമ്പ്, സ്റ്റീല്‍, ആയുര്‍വേദ മരുന്നുകള്‍, സൌന്ദര്യവര്‍ധകവസ്തുക്കള്‍, കംപ്യൂട്ടര്‍, ഐടി ഉല്‍പ്പന്നങ്ങള്‍, റബര്‍, കോഴി, ഹൌസ് ബോട്ടുകള്‍ എന്നീ മേഖലകളിലെ വ്യാപാരികളുമായാണ് ഇനി ചര്‍ച്ച. ഇത്തരം മേഖലകളില്‍ കഴിഞ്ഞ നാലരവര്‍ഷമായി നികുതിപിരിവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് അറിയുകയും അത് ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയുമാണ് ചര്‍ച്ചയുടെ ഉദ്ദേശ്യം.
(ടി എന്‍ സീന)

deshabhimani 121210

1 comment:

  1. നികുതിദായകരോട് സൌഹാര്‍ദസമീപനം കൈക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബജറ്റ് തയ്യാറാക്കുന്നതിന് ധനവകുപ്പ് നടപടി തുടങ്ങി. സമഗ്ര സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാകും ഇത്തവണത്തെ ബജറ്റ്. ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വ്യാപാര, വ്യവസായമേഖലകളിലെയും ഇതര മേഖലകളിലെയും പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച ആരംഭിച്ചു. ഫെബ്രുവരി ആദ്യആഴ്ച അവതരിപ്പിക്കാന്‍ കഴിയുംവിധം ബജറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്്. മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ മേഖലയിലെയും പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചനടത്തും.

    ReplyDelete