Thursday, December 9, 2010

പുറത്തേക്കൊഴുകുന്നത് കോടികള്‍

അതിവേഗം പുരോഗതി പ്രാപിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പരിവാരങ്ങളും മേനി നടിക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ കാണാതെയാണ് ഈ വീമ്പുപറച്ചില്‍ എന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ വന്ന ചില പഠനറിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന കണക്കുപ്രകാരം നാം ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന രണ്ടു കാര്യംകൂടിയുണ്ട്. അഴിമതിയും പട്ടിണിയും. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായതിനേക്കാള്‍ ഇരട്ടിത്തുകയാണ് അഴിമതിയില്‍ മുങ്ങിത്താഴുന്നത്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ കുംഭകോണങ്ങളിലൂടെ കോണ്‍ഗ്രസും അവര്‍ക്ക് ഓശാന പാടുന്നവരും സ്വന്തമാക്കിയത് കോടികളാണ്.

ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി പുറത്തിറക്കിയ ഇന്ത്യയെക്കുറിച്ചുള്ള The drivers and dynamics of illicit Financial Flows from India -1948 -2008 എന്ന പഠന റിപ്പോര്‍ട്ടില്‍ നികുതി വെട്ടിപ്പിലൂടെയും സ്വകാര്യ കമ്പനികളുടെ വ്യാജകണക്കുകളിലൂടെയും വിദേശത്തേക്ക് കടത്തിയത് 42,000 കോടി ഡോളറാണ്. 1948 മുതല്‍ 2008 വരെ കാലഘട്ടമാണ് പഠനവിധേയമാക്കിയത്. 1991ല്‍ രാജ്യത്ത് സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പാക്കിയശേഷം അഴിമതിയും നികുതിവെട്ടിപ്പും വന്‍തോതില്‍ വര്‍ധിച്ചതായി ഇതിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ശരാശരി ഒരുദിവസം നഷ്ടമാകുന്നത് 240 കോടി രൂപയാണ്. 2004-08 കാലഘട്ടത്തില്‍മാത്രം 4.3 ലക്ഷം കോടി രൂപ നഷ്ടമായി. അതായത്, 2ജി സ്പെക്ട്രം അഴിമതിയിലൂടെ നഷ്ടമായതിന്റെ രണ്ടര ഇരട്ടി. വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 1995ല്‍ 36.4 ശതമാനമായിരുന്നു. 2009ല്‍ അത് 54.2 ശതമാനമായി വര്‍ധിച്ചു. ഐഎംഎഫില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ദിവാകറാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ഗൌരവമുള്ളതാണ് ഈ പഠനം. പട്ടിണിയും ദുരിതങ്ങളുംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കേണ്ട പണമാണ് സമ്പന്നര്‍ അഴിമതിയിലൂടെയും മറ്റ് തട്ടിപ്പുകളിലൂടെയും അടിച്ചുമാറ്റുന്നത്. അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ.
(കെ.ജി.സുധാകരന്‍)

ദേശാഭിമാനി 091210

1 comment:

  1. അതിവേഗം പുരോഗതി പ്രാപിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പരിവാരങ്ങളും മേനി നടിക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ കാണാതെയാണ് ഈ വീമ്പുപറച്ചില്‍ എന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ വന്ന ചില പഠനറിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന കണക്കുപ്രകാരം നാം ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന രണ്ടു കാര്യംകൂടിയുണ്ട്. അഴിമതിയും പട്ടിണിയും. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായതിനേക്കാള്‍ ഇരട്ടിത്തുകയാണ് അഴിമതിയില്‍ മുങ്ങിത്താഴുന്നത്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ കുംഭകോണങ്ങളിലൂടെ കോണ്‍ഗ്രസും അവര്‍ക്ക് ഓശാന പാടുന്നവരും സ്വന്തമാക്കിയത് കോടികളാണ്.

    ReplyDelete