യുവജന പ്രതീക്ഷയ്ക്കനുസരിച്ച് തൊഴിലവസരം സൃഷ്ടിക്കണം
അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് വന്‍ തോതില്‍ തൊഴിലവസരം സൃഷ്ടിക്കണമെന്നതടക്കമുള്ള സമഗ്ര വികസന കാഴ്ചപ്പാട് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് മുന്നോട്ടു വച്ചു. ഇതിന്റെ ഭാഗമായി കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന വ്യവസായങ്ങള്‍, വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിന് പ്രോത്സാഹനവും നേതൃത്വവും നല്‍കുന്നതിനൊപ്പം സ്വകാര്യ മൂലധന നിക്ഷേപം ആകര്‍ഷിക്കണമെന്നും എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് രൂപം നല്‍കിയ കര്‍മപരിപാടി നിര്‍ദേശിച്ചു. പഠന കോണ്‍ഗ്രസ് തിങ്കളാഴ്ച സമാപിച്ചു.
ജനനംമുതല്‍ മരണംവരെ സാധാരണക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്ര സാമൂഹ്യസുരക്ഷാ പദ്ധതി രൂപീകരിക്കണം. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാകണം കേരളത്തിന്റെ ലക്ഷ്യം. സാമ്പത്തികവളര്‍ച്ചയ്ക്കു സമാന്തരമായി രൂപപ്പെടുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാന്‍ ജനപക്ഷ വികസന പരിപാടിക്ക് രൂപം നല്‍കാനും പഠന കോണ്‍ഗ്രസ് ശ്രമിച്ചു. റോഡടക്കമുള്ള പശ്ചാത്തല വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് 10,000 കോടിയുടെ പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇതിനാവശ്യമായ ഫണ്ട് സഹകരണബാങ്കുകളില്‍നിന്നും പ്രവാസികളില്‍നിന്നുമൊക്കെ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. ഇതിനോടനുബന്ധിച്ച്, നിര്‍മാണ സാമഗ്രികളുടെ ക്ഷാമമടക്കം നിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കണം.
പ്രവാസിക്ഷേമത്തിന് സഹായകമായ നയം രൂപീകരിക്കണം. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും കര്‍ഷകര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യണം. മണ്ണ്-ജല സംരക്ഷണത്തിനും വിളപരിപാലനത്തിനും ജനകീയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവല്‍ക്കരണവും അനിവാര്യമാണ്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ ജനകീയമാതൃക സൃഷ്ടിക്കുന്ന കുടുംബശ്രീയെ ശക്തിപ്പെടുത്തണം. പരിസ്ഥിതിസൌഹൃദ സമീപനവും സ്ത്രീ-പുരുഷ തുല്യതയും വേണമെന്നതും പ്രധാന നിര്‍ദേശമായി ഉയര്‍ന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കേരളം നല്‍കുന്ന മുന്‍ഗണന തുടരണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മുതല്‍മുടക്കണം.
ഇത്തരം വികസന-ക്ഷേമ പദ്ധതികള്‍ കൂടുതലായി ആവിഷ്കരിക്കുന്നതിനും വിജയകരമായി നടപ്പാക്കാനും മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിര്‍ദേശിച്ചു. ഇതെല്ലാം നടപ്പാക്കാന്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയും അധികാരവികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കണമെന്നും പഠന കോണ്‍ഗ്രസ് വിലയിരുത്തി. എ കെ ജി ഹാളില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ അക്കാദമിക് വിഭാഗം സെക്രട്ടറി ഡോ. തോമസ് ഐസക് പഠന കോണ്‍ഗ്രസ് സന്ദേശം അവതരിപ്പിച്ചു. എം എ ബേബി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമാപനപ്രസംഗം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സി പി നാരായണന്‍ സ്വാഗതവും പുത്തലത്ത് ദിനേശന്‍ നന്ദിയും പറഞ്ഞു.
സിവില്‍ സര്‍വീസ് പൊളിച്ചെഴുതണം: പിണറായി
ചുവപ്പുനാടയില്‍ കുടുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനം പൊളിച്ചെഴുതണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യനീതിയുടെ കാര്യത്തില്‍ കേരളം നല്ല പുരോഗതി കൈവരിച്ചു. എന്നാല്‍, വിവിധ ഓഫീസുകളുമായി ബന്ധപ്പെടുന്ന ജനങ്ങള്‍ക്ക് ഈ പുരോഗതി അനുഭവപ്പെടുന്നില്ല. ഭരണപരിഷ്കാരത്തെക്കുറിച്ച് നിരന്തരം ചര്‍ച്ച നടത്തുകയും ഭരണപരിഷ്കാര കമീഷന്‍ ഉണ്ടാക്കുകയുംചെയ്തിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനായോ എന്ന് കഠിനമായ സ്വയംവിമര്‍ശം നടത്തേണ്ട കാലം അതിക്രമിച്ചു. ചുവപ്പുനാടയുടെ പേരുമായി അധികകാലം നടക്കാനാവില്ല. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ തട്ടിത്തകരുന്ന പാറയായി നില്‍ക്കുന്ന ഉദ്യോഗസ്ഥസംവിധാനം പൂര്‍ണമായി പൊളിച്ചെഴുതണം- പിണറായി പറഞ്ഞു. എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു പിണറായി.
സാമൂഹ്യനീതിയുടെ രംഗത്ത് ഇടതുപക്ഷ സര്‍ക്കാരുകള്‍ മികച്ച പുരോഗതി കൈവരിച്ചു. എന്നാല്‍, സിവില്‍ സര്‍വീസുമായി ബന്ധപ്പെടേണ്ടിവരുന്നവര്‍ക്ക് ഈ പുരോഗതി അനുഭവപ്പെടുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുന്ന പതിനായിരങ്ങളുടെ അനുഭവം എന്താണെന്ന് പരിശോധിക്കണം. ഓഫീസുകളില്‍ ചെല്ലുന്നവര്‍ക്ക് സംതൃപ്തരായി തിരിച്ചുവരാന്‍ കഴിയുമോ? വീട് വയ്ക്കാന്‍ അനുമതി തേടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പോകുന്നവര്‍ എങ്ങനെയാണ് മടങ്ങുന്നത്. പല സര്‍ക്കാര്‍ ഓഫീസുകളിലും എത്രതവണ ചെന്നാലും മാമൂല്‍ അനുസരിച്ച് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അല്ലെങ്കില്‍ ശുപാര്‍ശ വേണം. ഇത് കണ്ടില്ലെന്നു നടിച്ച് പോകാന്‍ കഴിയില്ല. അധികാരവികേന്ദ്രീകരണം നാം അഭിമാനംകൊള്ളുന്ന കാര്യമാണ്. അധികാരവികേന്ദ്രീകരണത്തിന് പ്രായപൂര്‍ത്തിയായി. എന്നിട്ടും ഉദ്യോഗസ്ഥപുനര്‍വിന്യാസം പൂര്‍ത്തിയാക്കാനായില്ല എന്നത് പോരായ്മയല്ലേ. പുനര്‍വിന്യസിക്കപ്പെട്ടവര്‍ക്കുമേല്‍ ഭരണസമിതിക്ക് നിയന്ത്രണമില്ല. പുനര്‍വിന്യാസം പൂര്‍ത്തിയാക്കുകയും നിയന്ത്രണം പഞ്ചായത്തുകള്‍ക്ക് നല്‍കുകയും വേണം.
വ്യവസായസംരംഭകര്‍ക്കു വേണ്ടി ഏകജാലകസംവിധാനം ഏര്‍പ്പെടുത്തി. എന്നാല്‍, വ്യവസായം തുടങ്ങാന്‍ വന്നാല്‍ ഓടേണ്ട അവസ്ഥയാണ്. ഏകജാലകത്തിനു പകരം എത്രയോ ജാലകങ്ങള്‍. മുടക്കാന്‍ എന്തുചെയ്യാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ നോട്ടം. വികസനം തടയുന്ന ഒരുപാട് ഘടകങ്ങള്‍ നിലനില്‍ക്കുന്നു. ഈ മനോഭാവവും രീതിയും സമ്പ്രദായവും മാറണം. വികസനം ഭരണപക്ഷത്തിരിക്കുന്നവരുടെ പ്രത്യേക അവകാശമല്ല. ഭരണപക്ഷം വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷം എതിര്‍ക്കേണ്ടവരുമെന്ന മനോഭാവം മാറണം. ഭരണപക്ഷത്തും പ്രതിപക്ഷത്തും പെടാത്തവരുണ്ടെങ്കില്‍ അവരും യോജിപ്പ് പ്രകടിപ്പിക്കണം. വികസനപദ്ധതികളുടെ ടെന്‍ഡറില്‍ പുറത്താകുന്നവര്‍ പദ്ധതി അട്ടിമറിക്കാന്‍ രംഗത്തിറങ്ങുന്ന സ്ഥിതിയുണ്ട്. കരാര്‍ കിട്ടാത്ത കമ്പനികള്‍ പ്രതിപക്ഷത്തിന്റെ അടുത്തെത്തിയാലുടന്‍ അവര്‍ അഴിമതിയാരോപിച്ച് ചാടിപ്പുറപ്പെടും. ഈ കമ്പനികള്‍ മാധ്യമങ്ങളെയും സമീപിക്കുന്നു. അതോടെ പദ്ധതികള്‍ക്കെതിരെ വാര്‍ത്തകള്‍ വരികയായി. തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാം. എന്നാല്‍, ടെന്‍ഡര്‍ കിട്ടാത്തവരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങുന്ന നില നല്ലതാണോയെന്ന് മാധ്യമങ്ങള്‍ ആലോചിക്കണം. നാടിന്റെ വികസനത്തിന് എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ചയുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഈ തുടര്‍ച്ചയുണ്ടാകാത്തതാണ് കേരള വികസനത്തിന് തടസ്സം. ഇടതുപക്ഷ സര്‍ക്കാരുകളുടെ നേട്ടം തകര്‍ക്കുകയാണ് തുടര്‍ന്നു വന്ന യുഡിഎഫ് ചെയ്തത്. ഇത് അവസാനിക്കണം- പിണറായി പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ ഏകോപിപ്പിക്കണം: യെച്ചൂരി
നവലിബറല്‍ നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ സംക്രമണ ഭരണവ്യവസ്ഥകള്‍ ജനക്ഷേമകരമാംവിധം നിലനിര്‍ത്താനാകൂവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ സാര്‍വദേശീയമായ ഐക്യദാര്‍ഢ്യം ഇതിന് ആക്കംകൂട്ടാന്‍ അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു. കേരള പഠനകോണ്‍ഗ്രസിനോട് അനുബന്ധിച്ച് എ കെ ജി ഹാളില്‍ 'ഭരണ സംക്രമണവ്യവസ്ഥ' സിംപോസിയം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംക്രമണ ഭരണവ്യവസ്ഥകള്‍ ഒരു നയത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിന്റെ പാതയിലായിരിക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാരുകളുടെ നയം തീരുമാനിക്കുന്നതില്‍ അതതിടത്ത് നടക്കുന്ന വര്‍ഗസമരത്തിന് നിര്‍ണായക പങ്കുണ്ട്. ഇത്തരം വര്‍ഗസമരങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് സര്‍ക്കാര്‍നയങ്ങള്‍ക്കും പുരോഗമന സ്വഭാവമുണ്ടാകും. സംക്രമണഘട്ടത്തിനു മുമ്പുള്ള അവസ്ഥയില്‍ ചൂഷണങ്ങള്‍ക്ക് വിധേയരായ വിവിധ വിഭാഗം ജനങ്ങളെ പോരാട്ടങ്ങളുടെ പാതയിലേക്ക് നയിക്കാനും കഴിയണം. പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടയില്‍ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ കിട്ടുന്ന അവസരം ജനക്ഷേമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിക്കാനും കഴിയണം. ബദല്‍നയം മുന്നോട്ടുവച്ചുകൊണ്ടാകണം ഇത്തരം പോരാട്ടങ്ങളില്‍ ജനങ്ങളെ അണിനിരത്തേണ്ടത്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും, സാമൂഹ്യ-സാമ്പത്തിക നീതിയുടെ പ്രശ്നങ്ങളും സോഷ്യലിസ്റ് ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷം പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നത്. പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ സര്‍ക്കാരുകളുടെ ജനക്ഷേമ നടപടികളും ഇടത്- മതനിരപേക്ഷ ശക്തികള്‍ നടത്തുന്ന സമരങ്ങളും നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ക്കും പ്രതിലോമശക്തികള്‍ക്കും എതിരാണ്. മുതലാളിത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്ക് മാറുന്ന സര്‍ക്കാരുകളും ലാറ്റിന്‍ അമേരിക്കയിലെ പുരോഗമന സര്‍ക്കാരുകളും ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യ സര്‍ക്കാരും ഇന്ത്യയില്‍ ബംഗാള്‍, ത്രിപുര, കേരളം എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളുമൊക്കെ സംക്രമണ ഭരണവ്യവസ്ഥയുടെ ഉദാഹരണങ്ങളാണ്. ഇവിടങ്ങളില്‍ ഓരോയിടത്തും വ്യത്യസ്ത രൂപത്തിലാണ് സംക്രമണ ഭരണം ഉണ്ടായതെങ്കിലും, സാമ്രാജ്യത്വവിരുദ്ധ സമീപനം എല്ലാത്തിന്റെയും പൊതുസ്വഭാവമാണ്. രാഷ്ട്രീയനയം സാമ്പത്തികനയത്തിന് രൂപംനല്‍കുമ്പോഴാണ് സംക്രമണ ഭരണവ്യവസ്ഥ ജനാഭിമുഖ്യമുള്ളതാകുന്നത്. സോവിയറ്റ് യൂണിയനില്‍ ഇതിന്റെ ഗുണം നാം കണ്ടു. എന്നാല്‍, അവിടെ സാമ്പത്തിക തടസ്സം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായി.
ലാറ്റിന്‍ അമേരിക്കയിലെ ഇരുപതില്‍ പത്തു രാജ്യത്തും പുരോഗമന ജനാധിപത്യസര്‍ക്കാരുകളുണ്ടായതും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഫലമായാണ്. ഇക്വഡോറിലെയും ബൊളീവിയയിലെയും ബാങ്ക് ദേശസാല്‍ക്കരണവും ഇക്വഡോറിലെ ഊര്‍ജമേഖല ദേശസാല്‍ക്കരണവുമാക്കെ പുരോഗമന ജനാധിപത്യ സര്‍ക്കാരുകളുടെ നേട്ടമാണ്. വെനിസ്വേലയില്‍ 10 വര്‍ഷത്തിനിടയില്‍ ദാരിദ്യ്രം 52 ശതമാനത്തില്‍നിന്ന് 31 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഇപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ അവസ്ഥയിലുള്ള ഇത്തരം പോരാട്ടങ്ങള്‍ കൂടുതല്‍ ആക്രമണോത്സുകമാക്കി മാറ്റാന്‍ കഴിയണം. ആഗോള ധനമൂലധനത്തിന്റെ പിന്‍ബലമുള്ള മുതലാളിത്തത്തെ പരാജയപ്പെടുത്താന്‍ ആഗോളതലത്തില്‍തന്നെയുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
ദേശാഭിമാനി 040111
അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് വന്‍ തോതില്‍ തൊഴിലവസരം സൃഷ്ടിക്കണമെന്നതടക്കമുള്ള സമഗ്ര വികസന കാഴ്ചപ്പാട് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് മുന്നോട്ടു വച്ചു. ഇതിന്റെ ഭാഗമായി കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന വ്യവസായങ്ങള്‍, വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിന് പ്രോത്സാഹനവും നേതൃത്വവും നല്‍കുന്നതിനൊപ്പം സ്വകാര്യ മൂലധന നിക്ഷേപം ആകര്‍ഷിക്കണമെന്നും എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് രൂപം നല്‍കിയ കര്‍മപരിപാടി നിര്‍ദേശിച്ചു. പഠന കോണ്‍ഗ്രസ് തിങ്കളാഴ്ച സമാപിച്ചു.
ReplyDelete