Tuesday, January 4, 2011

മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ റാഞ്ചി: സായ്നാഥ്

മാധ്യമ അജന്‍ഡകളെ റാഞ്ചിയ കോര്‍പറേറ്റുകള്‍ ഇന്ന് മാധ്യമങ്ങളെത്തന്നെ റാഞ്ചിയിരിക്കയാണെന്ന് 'ദി ഹിന്ദു' റൂറല്‍ അഫയേഴ്സ് എഡിറ്റര്‍ പി സായ്നാഥ് പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എങ്ങോട്ട്' എന്ന വിഷയത്തില്‍ കേരള പഠന കോണ്‍ഗ്രസില്‍ നടന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു സായ്നാഥ്.

വന്‍കിട മാധ്യമങ്ങളുടെ ഡയറക്ടര്‍ ബോഡില്‍ ഇന്ന് കോര്‍പറേറ്റ് പ്രതിനിധികളാണുള്ളത്. രാജ്യത്തെ ഇന്ന് നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണെന്ന വസ്തുതയാണ് നീര റാഡിയ ടേപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. ആരു മന്ത്രിയാകണം, ഏതെല്ലാം വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് നല്‍കണം, പത്രങ്ങളില്‍ ഏതൊക്കെ വാര്‍ത്തകള്‍ വരണം എന്ന കാര്യങ്ങള്‍ കോര്‍പറേറ്റുകള്‍ തീരുമാനിക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്ന പണംനല്‍കി വാര്‍ത്ത (പെയ്ഡ് ന്യൂസ്) ഇടപാട് കേസില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ജനുവരി നാലിനും ആറിനും അന്തിമവാദം കേള്‍ക്കുകയാണ്. പ്രശസ്ത അഭിഭാഷകരായ രാംജത്മലാനിയും മനു അഭിഷേക്സിങ്വിയും ഈ കേസില്‍ വാദിക്കുന്നു. എന്നാല്‍, ഇതെക്കുറിച്ച് ഒരു വാക്കുപോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ച നടപടികളാണ് പെയ്ഡ് ന്യൂസ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പെയ്ഡ് ന്യൂസിനെ സീതാറാം യെച്ചൂരിയും അരുജെയ്റ്റ്ലിയും ഒന്നിച്ച് അപലപിച്ചപ്പോഴും മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയായില്ല.
സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്ത് മൂവായിരം മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് എല്ലാ മാധ്യമവും അവഗണിച്ചു. അന്ന് മാധ്യമങ്ങള്‍ ഒരാഴ്ചയോളം ആരുഷി വധക്കേസിന്റെ പിന്നാലെയായിരുന്നു. 17,260 കര്‍ഷകര്‍ ആത്മഹത്യചെയ്ത കാര്യം ആ സമയത്താണ് പുറത്തുവന്നത്. ഈ വാര്‍ത്തയും കുത്തക മാധ്യമങ്ങള്‍ തമസ്കരിച്ചു. അഡ്വര്‍ടൈസ്മെന്റ്, ബോളിവുഡ്, കോര്‍പറേറ്റ് പവര്‍ എന്നിവയാണ് ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ എബിസി. രാഷ്ട്രപതി, ചീഫ് ജസ്റിസ്, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ മാധ്യമങ്ങളില്‍ ഒരു ദളിത് ചീഫ് സബ് എഡിറ്റര്‍പോലും ഇല്ല.

കോര്‍പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ജനങ്ങളോടുള്ള പ്രതിബദ്ധത അടിയറ വയ്ക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. മാധ്യമങ്ങള്‍ തമസ്കരിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ജേര്‍ണലിസ്റ് യൂണിയന്‍ പത്രം തുടങ്ങണമെന്നും സായ്നാഥ് നിര്‍ദേശിച്ചു. സിമ്പോസിയം ദി ഹിന്ദു എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാം ഉദ്ഘാടനംചെയ്തു. സ്വീഡിഷ് മാധ്യമപ്രവര്‍ത്തകന്‍ ഫ്രഡറിക് ലോറിന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ, മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതീ ദേവി എന്നിവര്‍ സംസാരിച്ചു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ശശികുമാര്‍ മോഡറേറ്ററായി. ജി വിജയകുമാര്‍ ആയിരുന്നു റാപ്പോട്ടിയര്‍. പ്രൊഫ. എ പ്രതാപചന്ദ്രന്‍നായര്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 040111

1 comment:

  1. മാധ്യമ അജന്‍ഡകളെ റാഞ്ചിയ കോര്‍പറേറ്റുകള്‍ ഇന്ന് മാധ്യമങ്ങളെത്തന്നെ റാഞ്ചിയിരിക്കയാണെന്ന് 'ദി ഹിന്ദു' റൂറല്‍ അഫയേഴ്സ് എഡിറ്റര്‍ പി സായ്നാഥ് പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എങ്ങോട്ട്' എന്ന വിഷയത്തില്‍ കേരള പഠന കോണ്‍ഗ്രസില്‍ നടന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു സായ്നാഥ്.

    ReplyDelete