Saturday, January 15, 2011

സംസ്ഥാന വാര്‍ത്തകള്‍ 6

വയലുകളില്‍ വീടുവയ്ക്കാന്‍ തടസ്സമായ നിബന്ധനയില്‍ ഇളവ്

ചെറുകിട- ഇടത്തരം കുടുംബങ്ങള്‍ക്ക് നെല്‍വയലുകളിലും ചതുപ്പുപ്രദേശങ്ങളിലും വീടുവയ്ക്കുന്നതിന് പ്രയാസമാകുന്ന നീര്‍ത്തടവികസന നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവുവരുത്താന്‍ തീരുമാനം. റവന്യൂ, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വ്യവസ്ഥ ഇളവുചെയ്ത് അടുത്തയാഴ്ച സര്‍ക്കുലര്‍ ഇറങ്ങും. വിശദാംശം നിയമവകുപ്പ് പരിശോധിച്ചുവരികയാണ്. പത്തുവര്‍ഷംമുമ്പ് നികത്തിയ ഭൂമിയില്‍ 3200 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാമെന്ന് നേരത്തെ സര്‍ക്കുലരുണ്ടായിരുന്നു. ഇതനുസരിച്ച് ഗ്രാമപഞ്ചായത്ത്- നഗരസഭാ സെക്രട്ടറി, എന്‍ജിനിയര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച് കെട്ടിടം നിര്‍മിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, നീര്‍ത്തടവികസന നിയമം വന്നതോടെ ഈ സര്‍ക്കുലര്‍ കാലഹരണപ്പെട്ടു. ഇത് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വീടുവയ്ക്കുന്നതിന് തടസ്സമായ സാഹചര്യത്തിലാണ് വകുപ്പുകളില്‍ ഇളവുചെയ്യുന്നതിന് എല്‍ഡിഎഫ് ശുപാര്‍ശചെയ്തത്. പഴയ സര്‍ക്കുലര്‍ പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നത്. ഇതനുസരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് തീരുമാനം.

എന്‍ഡോസള്‍ഫാന്‍: പെന്‍ഷന്‍ വിതരണം തുടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള ബയോമെട്രിക് കാര്‍ഡും പെന്‍ഷന്‍ വിതരണവും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. 11 പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയവര്‍ക്കാണ് ആരോഗ്യകാര്‍ഡ് നല്‍കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച എട്ട് ആശുപത്രിയിലെത്തിയാല്‍ സൌജന്യ ചികിത്സ ലഭിക്കും. ഇവിടെ നിന്ന് റഫര്‍ ചെയ്താല്‍ മറ്റ് ആശുപത്രിയിലും സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിക്കും. മൂന്നു വിഭാഗമായി തിരിച്ചതില്‍ ആദ്യ രണ്ടു വിഭാഗത്തിനാണ് പെന്‍ഷന്‍. കിടപ്പിലായ എണ്ണൂറോളം രോഗികള്‍ ആദ്യ വിഭാഗത്തിലാണ്. ഇവര്‍ക്ക് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കും. മറ്റു ശാരീരിക വൈകല്യമുള്ള രണ്ടാം വിഭാഗത്തിലുള്ളവര്‍ക്ക് 1000 രൂപ പെന്‍ഷന്‍ നല്‍കും. മൂന്നാം വിഭാഗത്തിലുള്ള മുഴുവനാളുകള്‍ക്കും റേഷനും ചികിത്സയും സൌജന്യമാണ്.
കാസര്‍കോട് ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ രോഗബാധിതരുള്‍പ്പെടെ ആയിരങ്ങള്‍ എത്തി. ആരോഗ്യമന്ത്രി പി കെ ശ്രീമതി അധ്യക്ഷയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ദുരിതബാധിതര്‍ക്ക് സഹായം കിട്ടിയതെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷംമുമ്പ് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ നല്‍കി ആരംഭിച്ച സഹായം ഇന്ന് മുഴുവന്‍ രോഗികളെയും ദത്തെടുക്കുന്നതിലേക്ക് എത്തി. ഏതെങ്കിലും രോഗി വിട്ടുപോയിട്ടുണ്ടെങ്കില്‍ ഡിഎംഒയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തും. ദുരന്തബാധിത പഞ്ചായത്തുകളില്‍നിന്ന് മാറിത്താമസിക്കുന്നവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അവരെയും ഉള്‍പ്പെടുത്തും. മറ്റിടങ്ങളിലും ഇതിന്റെ ഭാഗമായി രോഗികള്‍ ഉണ്ടെന്ന പരാതി ഗൌരവത്തില്‍ പരിശോധിക്കും- മന്ത്രി പറഞ്ഞു.

മന്ത്രി കെ പി രാജേന്ദ്രന്‍ മുഖ്യാതിഥിയായി. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍, സി ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ എസ് സോമശേഖര, ഡോ. വി ഗീത, ഡോ. എം കെ ജീവന്‍, ഡിഎംഒ ജോസ് ഡിക്രൂസ്, രൂപവാണി എന്നിവര്‍ സംസാരിച്ചു. സാമൂഹ്യക്ഷേമ ഡയറക്ടര്‍ ദിനേശ് അറോറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം; കരട് വിജ്ഞാപനമായി

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവിതസുരക്ഷയും തൊഴിലും ഉറപ്പുനല്‍കാതെയും സാമൂഹ്യസാമ്പത്തികാവസ്ഥയ്ക്ക് പ്രാമുഖ്യം നല്‍കാതെയും കേന്ദ്രസര്‍ക്കാര്‍ പരമ്പരാഗത തീരദേശ കടല്‍മത്സ്യത്തൊഴിലാളികളുടെ അവകാശസംരക്ഷണ നിയമം- 2009 (ട്രെഡിഷണല്‍ കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഫിഷര്‍ഫോക്ക് പ്രൊട്ടക്ഷന്‍ ഓഫ്റൈറ്റ് ആക്ട്-2009)ന്റെ കരട് വിജ്ഞാപനം ഇറക്കി. യന്ത്രവല്‍ക്കൃതമല്ലാത്ത പരമ്പരാഗത യാനങ്ങളും വലകളും ഉപയോഗിക്കുന്ന തൊഴിലാളികളെയാണ് നിയമത്തില്‍ പരമ്പരാഗതം എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. തീരക്കടലില്‍ അഞ്ചു കിലോമീറ്റര്‍ വരെ മത്സ്യബന്ധനം നടത്തുന്നവരേ ഈ വിഭാഗത്തില്‍ ഉള്‍പ്പെടൂ. ഇത് അനുസരിച്ച് സംസ്ഥാനത്ത് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടരലക്ഷം തൊഴിലാളികളില്‍ അഞ്ചു ശതമാനംപോലും നിയമപരിധിയില്‍ വരില്ല.

തൊഴിലാളികള്‍ക്ക് അവരുടെ വാസസ്ഥലം, മത്സ്യബന്ധന പ്രദേശം, സ്ഥായിയായി മത്സ്യബന്ധനം നടത്തല്‍ എന്നിവയിലുള്ള അവകാശം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു നിയമം കൊണ്ടുവന്നത്. എന്നാല്‍, മത്സ്യം പിടിക്കാനും ഉണക്കാനും വല ഉണക്കാനും ഉള്‍പ്പെടെ സങ്കുചിതമായ വ്യവസ്ഥകളാണ് ഇപ്പോള്‍ നിയമത്തിലുള്ളത്. കഴിഞ്ഞ മൂന്നു തലമുറകളായി (75 വര്‍ഷം) മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട് കടപ്പുറത്ത് താമസിക്കുന്നവരും കടലില്‍ പരമ്പരാഗതരീതിയില്‍ മത്സ്യബന്ധനം നടത്തുന്നവരുമാണ് നിയമപരിധിയില്‍ വരുക. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി സ്കൂള്‍, ആശുപത്രി, കുടിവെള്ളം, അങ്കണവാടി, വൈദ്യുതിസൌകര്യം, ശ്മശാനം എന്നിവ നിര്‍മിക്കണമെന്നാണ് വ്യവസ്ഥയില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശത്തിന് ഉപരി മനുഷ്യാവകാശങ്ങള്‍ അടങ്ങിയ നിയമത്തിലൂടെ തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി സഞ്ജീവ്ഘോഷ് പറഞ്ഞു. മത്സ്യമേഖലയെ അവഗണിച്ച് ടൂറിസം റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് സഹായകമാകുംവിധം വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ തീരനിയന്ത്രണനിയമത്തില്‍നിന്ന് തൊഴിലാളികളുടെ ശ്രദ്ധ തിരിക്കാനുള്ള കുടിലതന്ത്രം മാത്രമാണ് പുതിയ നിയമമെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍ അനുവദിക്കണം: മന്ത്രി വിജയകുമാര്‍


കോഴിക്കോട്: സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ പ്രധാനമന്ത്രി കേരളത്തിന് ഉറപ്പുനല്‍കിയ പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍ ഈവര്‍ഷത്തെ ബജറ്റില്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഒമ്പത് പുതിയ തീവണ്ടികള്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ പാതകള്‍, പാലക്കാട് കോച്ച് ഫാക്ടറി എന്നിവയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണം. ബജറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രാലയത്തിന് നിവേദനം നല്‍കി.

കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഞ്ചുഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളം ആസ്ഥാനമായി പെനിന്‍സുലാര്‍ റെയില്‍വേസോ ആരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. കാഞ്ഞങ്ങാട്- പാണത്തൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍, കൊല്ലങ്കോട്-തൃശൂര്‍ തുടങ്ങിയ പുതിയ പാതകളും അങ്ങാടിപ്പുറം-കോഴിക്കോട് അടക്കമുള്ള പാതയ്ക്കുമായി പുതിയ സര്‍വേ നടത്തണം. ബംഗളൂരു, മുംബൈ- ഹൈദരാബാദ് റൂട്ടുകളിലേക്ക് പുതിയ തീവണ്ടികള്‍ അനുവദിക്കണമെന്നും എറണാകുളം-ആലപ്പുഴ-കായംകുളം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍പൂര്‍ത്തീകരിക്കണമെന്നും മംഗളൂരു-ഷൊര്‍ണൂര്‍, തിരുവനന്തപുരം-കന്യാകുമാരി പാതകള്‍ വൈദ്യൂതികരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 2008-'09 റെയില്‍വേ ബജറ്റില്‍ അനുവദിച്ച പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടും യാഥാര്‍ഥ്യമായിട്ടില്ല. 2010-'11 ബജറ്റില്‍ അനുവദിച്ച തിരുവനന്തപുരത്തെ റെയില്‍വേ മെഡിക്കല്‍കോളേജും അഞ്ച് റെയില്‍വേസ്റ്റേഷന്‍ അന്താരാഷ്ട്ര തലത്തില്‍ വികസിപ്പിക്കാനുള്ള തീരുമാനവും എങ്ങുമെത്തിയില്ല.

കള്ള്: ചെത്ത് തോട്ടങ്ങള്‍ക്ക് ശുപാര്‍ശ


സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ക്ക് ആവശ്യമായ കള്ള് ഉല്‍പാദിപ്പിക്കാന്‍ പ്ളാന്റേഷന്‍ കോര്‍പറേഷന്റെ മാതൃകയില്‍ ചെത്ത് തോട്ടങ്ങള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ. കള്ള് ചെത്ത് വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെതാണ് ശുപാര്‍ശ. കള്ള് ഉല്‍പാദനത്തിനായി അത്യുല്‍പാദന ശേഷിയുള്ള തെങ്ങിനങ്ങള്‍ വികസിപ്പിക്കണം. ഷാപ്പിന് ആവശ്യമായ കള്ള് ഉല്‍പാദിപ്പിക്കാന്‍ സ്ഥിരം ചെത്ത് തൊഴിലാളികള്‍ മതിയാകാതെ വന്നാല്‍ താല്‍ക്കാലിക തൊഴിലാളികളെ ചെത്താന്‍ അനുവദിക്കണം. ഷാപ്പുകളുടെ ലൈസന്‍സ് ഫീസ് തൊഴിലാളികളുടെ എണ്ണവും വിറ്റുവരവും അടിസ്ഥാനമാക്കി ക്രമീകരിക്കണം. അട്ടപ്പാടിയില്‍ നിന്നും കള്ള് ചെത്തി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണം. എല്ലാ ജില്ലയിലും കള്ള് കടന്നുവരുന്ന ചെക്ക് പോസ്റുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം. സ്പിരിറ്റ് കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കാര്യക്ഷമമായി അന്വേഷിക്കാന്‍ പൊലിസിലെ ക്രൈംബ്രാഞ്ച് മാതൃകയില്‍ എക്സൈസില്‍ പ്രത്യേക വിഭാഗം ആരംഭിക്കണമെന്നും ശുപാര്‍ശയുണ്ട്. ഷാപ്പ് നടത്തിപ്പ് സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണമെന്ന് സമിതി അംഗമായ കെ എം സുധാകരന്‍ പ്രത്യേകം ശുപാര്‍ശ ചെയ്തു. എക്സൈസ് കമീഷണര്‍ അധ്യക്ഷനായ സമിതിയില്‍ കെ കെ ചെല്ലപ്പന്‍, എന്‍ അഴകേശന്‍, ഇ എ കുമാരന്‍, ടി വി ശങ്കരനാരായണന്‍ എന്നിവരും അംഗങ്ങളായിരുന്നു.

തുളുഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: മുഖ്യമന്ത്രി

പൈവളിഗെ നഗര്‍ (മഞ്ചേശ്വരം): തുളുഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുമ്പ് പി കരുണാകരന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. കര്‍ണാടകവും ഇത് ആവശ്യപ്പെടുന്നുണ്ട്. കേരള സര്‍ക്കാരിന്റെ നിലപാടും ഇതുതന്നെയാണ്. കേരള തുളു അക്കാദമിയുടെ നേതൃത്വത്തില്‍ പൈവളിഗെ നഗറില്‍ ആരംഭിച്ച ദേശീയ തുളു ഉത്സവം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാളം- തുളു സമന്വയം കൂടുതല്‍ ശക്തിപ്പെടുത്തണം. മലയാള സാഹിത്യത്തിലെ വിഖ്യാത രചനകള്‍ തുളുവിലേക്കും തിരിച്ചും വിവര്‍ത്തനംചെയ്യാന്‍ തുളു അക്കാദമിയും കേരള സാഹിത്യ അക്കാദമിയും നടപടി സ്വീകരിക്കണം. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ളതും സംസ്കാര സമ്പന്നവുമാണ് തുളുഭാഷ. ലിപി പ്രചാരത്തിലില്ലെങ്കിലും കാസര്‍കോട് ജില്ലയിലും കര്‍ണാടകത്തിന്റെ രണ്ട് ജില്ലകളിലും പ്രധാന സംസാര ഭാഷയാണ്. ഇതിന്റെ ലിപി കണ്ടെത്തിയിട്ടുണ്ട്. പുസ്തകങ്ങളും ഉണ്ട്. ലിപിക്ക് കൂടുതല്‍ പ്രചാരം കിട്ടാനുള്ള പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി 150111

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള ബയോമെട്രിക് കാര്‍ഡും പെന്‍ഷന്‍ വിതരണവും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. 11 പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധചികിത്സ ആവശ്യമാണെന്ന് കണ്ടെത്തിയവര്‍ക്കാണ് ആരോഗ്യകാര്‍ഡ് നല്‍കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച എട്ട് ആശുപത്രിയിലെത്തിയാല്‍ സൌജന്യ ചികിത്സ ലഭിക്കും. ഇവിടെ നിന്ന് റഫര്‍ ചെയ്താല്‍ മറ്റ് ആശുപത്രിയിലും സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിക്കും. മൂന്നു വിഭാഗമായി തിരിച്ചതില്‍ ആദ്യ രണ്ടു വിഭാഗത്തിനാണ് പെന്‍ഷന്‍. കിടപ്പിലായ എണ്ണൂറോളം രോഗികള്‍ ആദ്യ വിഭാഗത്തിലാണ്. ഇവര്‍ക്ക് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കും. മറ്റു ശാരീരിക വൈകല്യമുള്ള രണ്ടാം വിഭാഗത്തിലുള്ളവര്‍ക്ക് 1000 രൂപ പെന്‍ഷന്‍ നല്‍കും. മൂന്നാം വിഭാഗത്തിലുള്ള മുഴുവനാളുകള്‍ക്കും റേഷനും ചികിത്സയും സൌജന്യമാണ്.

    ReplyDelete