Friday, January 7, 2011

സിബിഐ നീക്കം വഞ്ചനയെന്ന് കോടതി

ന്യൂഡല്‍ഹി: ബൊഫോഴ്സ് കോഴ കേസില്‍ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരായ കേസ് നടപടിഅവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തില്‍ വഞ്ചനാപരമായ ലക്ഷ്യങ്ങളുണ്ടെന്ന് ഉറപ്പാണെന്ന് ഡല്‍ഹി കോടതി. പൊതുതാല്‍പ്പര്യമെന്ന സിബിഐയുടെ വാദം തൃപ്തികരമല്ല. വിഷയം അന്തിമമായി സുപ്രീംകോടതിയിലേക്ക് പോകേണ്ടി വരും- ചീഫ്മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് പറഞ്ഞു. കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റി.

ക്വട്ട്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഉറച്ചനിലപാടാണ് സിബിഐ വ്യാഴാഴ്ചയും കോടതിയില്‍ ആവര്‍ത്തിച്ചത്. കേസിന്റെ ന്യായാന്യായങ്ങളിലേക്ക് പോകാതെ ക്വട്ട്റോച്ചിക്കെതിരായ കേസ് ഒഴിവാക്കുകയാണ് സിബിഐ ആവശ്യം. കേസ് പിന്‍വലിക്കണമെന്നും പാടില്ലെന്നും ആവശ്യപ്പെട്ടുള്ള ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടായി. സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര എതിര്‍ഭാഗം അഭിഭാഷകനോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ കോടതി തടഞ്ഞു. സിബിഐയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് കോടതിയില്‍നിന്നുണ്ടായത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ മല്‍ഹോത്ര ഉറച്ചുനിന്നതോടെ സിബിഐയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയകരമാണെന്ന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാകുന്നതായി കോടതി തുറന്നടിച്ചു. സിബിഐയുടെ വിശ്വാസം നഷ്ടപ്പെടുകയാണ്. നടപടി പിന്‍വലിക്കുന്ന കാര്യം കോടതി തീരുമാനിക്കുംമുമ്പ് ക്വട്ട്റോച്ചിക്കെതിരായ റെഡ്കോര്‍ണര്‍ നോട്ടീസ് സിബിഐ പിന്‍വലിച്ചത് കുതിരയ്ക്കു മുന്നില്‍ വണ്ടിയെ കെട്ടിയതിനു സമമാണ്- മജിസ്ട്രേട്ട് പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് വ്യാഴാഴ്ച വാദം പുനരാരംഭിച്ചപ്പോള്‍ മല്‍ഹോത്ര പറഞ്ഞു. ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയെമാത്രം ആധാരമാക്കി കോടതി സിബിഐയുടെ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കരുത്. ട്രിബ്യൂണല്‍ ഉത്തരവും ക്വട്ട്റോച്ചിക്കെതിരായ ക്രിമിനല്‍ നടപടികളും വ്യത്യസ്തമാണ്. ആദായനികുതി ബാധ്യതയാണ് ട്രിബ്യൂണല്‍ പരിഗണിച്ച വിഷയം. അതല്ലാതെ ക്രിമിനല്‍ ബാധ്യതയോ മറ്റേതെങ്കിലും നിയമപരമായ ബാധ്യതയോ അല്ല. നടപടിക്രമങ്ങള്‍ ഭരണപരം മാത്രമാണെന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ തീര്‍പ്പ്. ട്രിബ്യൂണലിനു മുമ്പാകെയുള്ള നടപടിക്രമം പൂര്‍ണമായും നിയമനടപടിക്രമങ്ങളല്ല. തീര്‍ച്ചയുള്ള തെളിവുകളെന്ന ചട്ടം ഇവിടെ ബാധകമല്ല. മാത്രമല്ല, ക്രിമിനല്‍ നടപടിക്രമവും ജുഡീഷ്യല്‍ നടപടിക്രമവും വ്യത്യാസമുണ്ട്- മല്‍ഹോത്ര പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാള്‍ സിബിഐയുടെ വാദങ്ങളെ ഖണ്ഡിച്ചപ്പോള്‍ ഈ അഭിഭാഷകന് കേസുകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു അവകാശവുമില്ലെന്നായിരുന്നു മല്‍ഹോത്രയുടെ പ്രതികരണം. വിഷയത്തില്‍ തീരുമാനമെടുത്തശേഷം മാത്രമേ എതിര്‍ഭാഗം അഭിഭാഷകനെ കോടതി കേള്‍ക്കാവൂവെന്നും മല്‍ഹോത്ര പറഞ്ഞു. ഈ ഘട്ടത്തില്‍ ഇടപെട്ട കോടതി അഭിഭാഷകനെ തടഞ്ഞാല്‍ സിബിഐയുടെ ദുരുദ്ദേശ്യങ്ങള്‍ പിന്നെയാര് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോടതി ആരാഞ്ഞു. ആരെങ്കിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോടതിക്ക് തടയാനാകില്ലെന്നും മജിസ്ട്രേട്ട് പറഞ്ഞു.

ദേശാഭിമാനി 070111

1 comment:

  1. ബൊഫോഴ്സ് കോഴ കേസില്‍ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരായ കേസ് നടപടിഅവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തില്‍ വഞ്ചനാപരമായ ലക്ഷ്യങ്ങളുണ്ടെന്ന് ഉറപ്പാണെന്ന് ഡല്‍ഹി കോടതി. പൊതുതാല്‍പ്പര്യമെന്ന സിബിഐയുടെ വാദം തൃപ്തികരമല്ല. വിഷയം അന്തിമമായി സുപ്രീംകോടതിയിലേക്ക് പോകേണ്ടി വരും- ചീഫ്മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് പറഞ്ഞു. കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റി.

    ReplyDelete