Tuesday, January 4, 2011

മന്‍മോഹന്റെ ബഹുവിധ ബുദ്ധി പ്രയോഗങ്ങള്‍

ശുഭ്രവസ്ത്രധാരി, പാതിവിടര്‍ന്ന ചിരി, പതിഞ്ഞ സ്വരം, ഭൂമിക്കു നോവുമെന്ന് കരുതി മന്ദം മന്ദം നടക്കുന്ന ആള്‍, എന്തിനും ഏതിനും നിസ്സംഗതയെന്ന മട്ട്, വിധേയത്വം എന്ന ഒരിക്കലും വിട്ടുമാറാത്ത നടപ്പുദീനം, ഓരോ ദിവസവും ഓരോ വര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന തലപ്പാവ്, കൃത്രിമത്വം നിറഞ്ഞ വിനയവും കൈകൂപ്പലും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ഈ ലളിത വിവരണം ആ ചിത്രം മനസ്സില്‍ തെളിയിക്കും.

ആള്‍ വിനയാന്വിതരിലും വിനയാന്വിതനാണ്. വിധേയരിലും വിധേയനാണ്. നെഹ്‌റു മുതല്‍ വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരില്‍ ഒരാള്‍ക്കും ഇത്രമേല്‍ വിനയാന്വിതനും വിധേയനുമാവാന്‍ കഴിഞ്ഞിട്ടില്ലെന്നതിലാണ് മന്‍മോഹന്‍സിംഗ് ഊറ്റംകൊള്ളുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ തുടങ്ങി രാഹുല്‍ഗാന്ധിയ്ക്ക് മുന്നില്‍ വരെ കുമ്പിട്ടുനില്‍ക്കാന്‍, മന്‍മോഹന്‍സിംഗിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഫലാഗമത്തിനാല്‍ മരങ്ങള്‍ താഴുന്നതും ഘനമേറിയ മേഘം മഴയായി വര്‍ഷിക്കുന്നതും കരുത്തും സമ്പത്തുമേറുമ്പോള്‍ വിനയാന്വിതമാകുന്ന പ്രകൃതിയുടെ തെളിവുകളാണെന്ന് കാളിദാസന്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. 'താഴ്മതാന്‍ അഭ്യുന്നതി' എന്ന് വലിയവര്‍ പറഞ്ഞുതരുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി പദം നിനച്ചിരിക്കാതെ സ്വന്തമായപ്പോള്‍, അത് താലത്തില്‍ വെച്ച് സമ്മാനിച്ച സോണിയാഗാന്ധിയോടും അവരുടെ പരിചാരകരോടും താഴ്മയായി നില്‍ക്കേണ്ടതുണ്ടെന്ന് പ്രായോഗിക ജീവിത പാഠങ്ങള്‍ ഗ്രഹിച്ചിട്ടുള്ള മന്‍മോഹന് മനസ്സിലായിരുന്നു. സോണിയാഗാന്ധിയുടെ പ്രീതി കലശലായ നിലയില്‍ സമ്പാദിക്കണമെങ്കില്‍ യുവരാജാവായി ഞെളിഞ്ഞു നടക്കുന്ന രാഹുല്‍ഗാന്ധിയെ ഇഷ്ടമല്ലെങ്കിലും വണങ്ങണമെന്ന് മന്‍മോഹന് മനസ്സിലായിരുന്നൂ.

കോണ്‍ഗ്രസില്‍ കാലണ മെമ്പര്‍ഷിപ്പ് പോലുമില്ലാതിരുന്ന കാലത്ത്, 1991 ല്‍ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി മന്‍മോഹനെ വാഴിച്ചത് പി വി നരസിംഹറാവുവാണ്. റാവുവിനെ കോണ്‍ഗ്രസിന് വേണ്ടാതായപ്പോള്‍ മന്‍മോഹനും വേണ്ടാതായി. ഉണ്ട ചോറിന് നന്ദി വേണം എന്ന പഴമക്കാരുടെ ഉപദേശം മന്‍മോഹന്‍ അക്ഷരാര്‍ഥത്തില്‍ അനുസരിക്കുകയായിരുന്നൂ. 91 വരെ കോണ്‍ഗ്രസുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമുണ്ടായിരുന്ന മന്‍മോഹന് റാവുവിനെ മറന്നതുകൊണ്ട് പ്രധാനമന്ത്രിക്കസേര തന്നെകിട്ടി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നതൊക്കെ ആലോചനാമൃതമായ പ്രയോഗം മാത്രമാണെന്ന് മന്‍മോഹന്‍ സിംഗിനും അറിയാം. മന്‍മോഹന്‍സിംഗിന് കോണ്‍ഗ്രസ് അംഗത്വം കിട്ടിയത് എന്നെന്ന് മന്‍മോഹനോ ദേശീയ അധ്യക്ഷ സോണിയയ്‌ക്കോ നിശ്ചയമില്ല. പക്ഷേ മന്‍മോഹന്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി രണ്ടാംവട്ടം വാഴാനും  മെമ്പര്‍ഷിപ്പ് വേണമെന്ന് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് മന്‍മോഹന്‍സിംഗിന് അറിയാം.

പ്രധാനമന്ത്രിയാവാന്‍ സോണിയയും രാഹുല്‍ഗാന്ധിയും കനിയണം. പക്ഷേ പ്രധാനമന്ത്രിയായി തുടരാന്‍ അവരുടെ കാരുണ്യം മാത്രം പോര. മുത്തുവേല്‍ കരുണാനിധിയുടെയും മമതാബാനര്‍ജിയുടെയും ദയാവായ്പു വേണം. കരുണാനിധിയുടെ ദയ കിട്ടണമെങ്കില്‍ പ്രിയപുത്രി കനിമൊഴിയുടെയും പുത്രന്‍മാരായ അളഗിരിയുടെയും സ്റ്റാലിന്റെയും മരുമക്കളുടെയും ദാക്ഷിണ്യം വേണം. കലിതുള്ളി അലറുന്ന, മുഖ്യമന്ത്രിക്കസേര കിനാവുകണ്ട് ഞെട്ടിയുണരുകയും അലറുകയും ചെയ്യുന്ന മമതാ ബാനര്‍ജിയുടെ കൃപയ്ക്കുവേണ്ടി കേഴുകയും വേണം.

ഈ വലിയ തിരിച്ചറിവ് മന്‍മോഹന്‍സിംഗിനുള്ളതുകൊണ്ടാണ് റയില്‍വേ മന്ത്രാലയം നാഥനില്ലാ കളരിയായിട്ടും പ്രധാനമന്ത്രിയായ തലപ്പാവുകാരന്‍ മിണ്ടാതിരിക്കുന്നത്. റയില്‍വേയില്‍ മമത പറയുന്നതാണ് ആദ്യത്തെയും അവസാനത്തെയും വാക്കെന്ന് മൗനം കൊണ്ട് പ്രഖ്യാപിക്കുന്നത്. ജ്ഞാനേശ്വരി തീവണ്ടി അട്ടിമറി മാവോയിസ്റ്റുകളുടേതല്ലെന്ന് മമത പറയുമ്പോള്‍, ശരിതന്നെ എന്ന മട്ടില്‍ കണ്ണുംപൂട്ടി വായുമടച്ചിരിക്കുന്നത് ഐ എം എഫില്‍ വാ പൂട്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന അനുഭവ പരിചയംകൊണ്ടാണ്.

കരുണാനിധിയെ പണ്ടേയ്ക്കു പണ്ടേ ഭയമാണ്. അതുകൊണ്ടാണ് രണ്ടാമത് പ്രധാനമന്ത്രിയായപ്പോള്‍ കരുണാനിധിയുടെ വത്സല ശിഷ്യനായ എ രാജയെ മന്ത്രിയാക്കാനാവില്ലെന്ന് പറഞ്ഞു പിന്‍മാറിയത്. കരുണയുടെ നിധി കരുണ തെല്ലുമില്ലാതെ കണ്ണുരുട്ടിയപ്പോള്‍ രാജയെ ടെലികോം വകുപ്പുതന്നെ നല്‍കി കുടിയിരുത്തി. എങ്ങനെയും പ്രധാനമന്ത്രിക്കസേര നിലനിര്‍ത്തണം. കാരണം നിനച്ചിരിക്കാതെ കിട്ടിയ വലിയ പദവി കാക്കകൊത്തിപ്പോകാന്‍ അനുവദിക്കുകയില്ലെന്നതു തന്നെ.

രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിപ്പിച്ച 1,76,000 കോടി രൂപയുടെ ടെലികോം കുംഭകോണം പുറത്തുവന്നപ്പോഴും കണ്ണടച്ചതും കയ്യ് കൂട്ടികെട്ടിയതും അതുകൊണ്ടു തന്നെയാണ്. എന്തു സംഭവിച്ചാലും എന്റെ കസേര പോകരുത് എന്നായിരുന്നൂ മുദ്രാവാക്യം. തന്റെ എല്ലാ ഇടപാടുകളും പ്രധാമന്ത്രിക്ക് അറിയാമായിരുന്നുവെന്നും അതാതു സമയം അറിയിച്ചിരുന്നുവെന്നും മന്ത്രി രാജ പറഞ്ഞപ്പോള്‍, മിണ്ടാവ്രതം അനുഷ്ഠിച്ചതും വെറുതെയല്ല.

ഈ മിണ്ടാവ്രതം ഐ എം എഫിന്റെ ശമ്പളക്കാരനായിരിക്കുന്ന കാലത്തേ അഭ്യസിച്ചിരുന്നതുകൊണ്ട് ഇപ്പോള്‍ പ്രത്യേക പരിശീലനമൊന്നും വേണ്ടി വന്നില്ല.

സംയുക്ത പാര്‍ലമെന്ററി സമിതി എന്നുകേട്ടാല്‍ ഈ മന്‍മോഹന്‍സിംഹത്തിന് അരിശം വരും. പക്ഷേ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ ഈ 'സിംഹം' ഒരുക്കമാണ്. കാരണം പി എ സിക്ക് പ്രധാനമന്ത്രിയെ വിളിച്ചുവരുത്താനോ തെളിവെടുക്കാനോ അവകാശമില്ലെന്ന് കാര്യവിവരമുള്ളവര്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരിക്കുന്നു. പി എ സിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായ ഒരാള്‍, പാര്‍ലമെന്റ് എത്ര ദിവസം സ്തംഭിച്ചാലും ജെ പി സി പാടില്ലെന്ന് ശഠിക്കുന്നത് എന്തുകൊണ്ട് എന്ന ന്യായമായ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ അലയുമ്പോള്‍ ചുണ്ണാമ്പുതൊട്ട കള്ളനെ മാലോകര്‍ കാണുന്നു.

ചുണ്ണാമ്പു തൊട്ട ആ ദേഹം പക്ഷേ കുലുങ്ങില്ല. കാരണം അമേരിക്കയോടുള്ള ദാസ്യഭാവത്തില്‍ പ്രശംസ നേടിയ വ്യക്തിയാണ് ആ മഹനീയ ദേഹം. അമേരിക്ക പറയുന്നതാണ് അക്ഷരം പ്രതി ശരി എന്ന് അടിയുറച്ച് വിശ്വസിക്കുന്ന അധികാരി ഇന്ത്യയുടെ ആത്മാവും സംസ്‌കാരവും കണ്ടറിഞ്ഞ പ്രധാനമന്ത്രിമാരെ അറിയാത്ത, ഇന്ത്യയെ അറിയാത്ത ഒരാള്‍ ലോകം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ വിഴുപ്പുഭാണ്ഡത്തിന്റെ ഒരു വലിയ പങ്ക് ചുമലിലേറ്റി നില്‍ക്കുന്നു.

ശുഭ്രവസ്ത്ര ധാരിയാകാം, പാതിവിടര്‍ന്ന ചിരി സമ്മാനിക്കാം, പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാം, പതിയെ പതിയെ നടക്കാം. പക്ഷേ അഴിമതിയുടെ അഴികള്‍ ഇത്തരം നിഷ്‌കളങ്ക വേഷങ്ങള്‍ക്കു മുന്നിലും ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് ആളുകള്‍ ചിരിക്കും. ബുദ്ധി പ്രയോഗങ്ങളാല്‍ പാവം മനുഷ്യരെ വരുതിക്കു വരുത്താനാവുകയില്ല. തലക്കെട്ട് അമേരിക്കന്‍ വിധേയത്വത്തിന്റേതു മാത്രമല്ലെന്ന് മന്‍മോഹന്റെ തല പറഞ്ഞു തരുന്നു. ആശ്ചര്യം, അദ്ഭുതം, അതിശയം ഇതൊന്നും ആര്‍ക്കും ഉണ്ടാവുന്നില്ല.

ദിഗംബരന്‍ ജനയുഗം 040111

1 comment:

  1. ശുഭ്രവസ്ത്രധാരി, പാതിവിടര്‍ന്ന ചിരി, പതിഞ്ഞ സ്വരം, ഭൂമിക്കു നോവുമെന്ന് കരുതി മന്ദം മന്ദം നടക്കുന്ന ആള്‍, എന്തിനും ഏതിനും നിസ്സംഗതയെന്ന മട്ട്, വിധേയത്വം എന്ന ഒരിക്കലും വിട്ടുമാറാത്ത നടപ്പുദീനം, ഓരോ ദിവസവും ഓരോ വര്‍ണത്തില്‍ പ്രത്യക്ഷപ്പെടുന്ന തലപ്പാവ്, കൃത്രിമത്വം നിറഞ്ഞ വിനയവും കൈകൂപ്പലും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ഈ ലളിത വിവരണം ആ ചിത്രം മനസ്സില്‍ തെളിയിക്കും.

    ReplyDelete