Wednesday, January 19, 2011

മുഖം മിനുക്കല്‍ ഇന്ന്

അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാര്‍, മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖം മിനുക്കാന്‍ ശ്രമിക്കുന്നു. ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷികളെ തൃപ്തിപെടുത്തലും അഴിച്ചുപണിയുടെ ലക്ഷ്യമാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് രാഷ്ട്രപതി ഭവനിലെ അശോകാഹാളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍നിന്ന് കെ സി വേണുഗോപാല്‍ സഹമന്ത്രിയാവും. ഡല്‍ഹില്‍ ബുധനാഴ്ചയുണ്ടാവണമെന്ന് അദ്ദേഹത്തോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനമായത്. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ഒപ്പമുണ്ടായിരുന്നു.

അഴിമതി കാരണം ഉണ്ടായ മൂന്ന് ഒഴിവുകളിലേക്ക് പുതിയ മന്ത്രിമാര്‍ വരും. സ്പെക്ട്രം അഴിമതിയില്‍ പുറത്തുപോയ ഡിഎംകെ മന്ത്രി എ രാജയുടേതാണ് ഒരൊഴിവ്. നഷ്ടപ്പെട്ട ടെലികോം വകുപ്പ് നല്‍കിയില്ലെങ്കിലും ക്യാബിനറ്റ് പദവിതന്നെ ഡിഎംകെക്ക് ലഭിക്കും. ഐപിഎല്‍ അഴിമതിയെ ത്തുടര്‍ന്ന് ശശിതരൂര്‍ രാജിവച്ചതോടെ ഒഴിവുവന്ന വിദേശസഹമന്ത്രിസ്ഥാനത്തേക്കും പുതിയ മന്ത്രിയെത്തും. കേന്ദ്രസഹമന്ത്രിയായിരുന്ന പൃഥ്വീരാജ് ചവാന്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി പോയ ഒഴിവാണ് മൂന്നാമത്തേത്. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ രാജിവച്ചതോടെയാണ് പൃഥ്വീരാജ് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. മീരാകുമാര്‍ സ്പീക്കറായപ്പോള്‍ ഒഴിവു വന്ന ജലവിഭവ മന്ത്രാലയത്തിനും പുതിയ മന്ത്രിയെ നിയമിക്കും. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒരു മന്ത്രിസ്ഥാനംകൂടി വേണമെന്ന് തൃണമൂല്‍കോഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, മന്ത്രിസഭ അഴിച്ചുപണിതതുകൊണ്ടുമാത്രം യുപിഎ സര്‍ക്കാരിന് പ്രതിച്ഛായ വീണ്ടെടുക്കാനാവില്ല. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലുള്‍പ്പെട്ട മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെയും വിലാസ്റാവുദേശ്മുഖും മന്ത്രിസഭയില്‍ തുടരുകയാണ്. അവര്‍ക്ക് ഇളക്കമുണ്ടാകില്ല. കേന്ദ്ര മന്ത്രിസഭയിലും സംഘടനാതലത്തിലും അഴിച്ചുപണി ഉടനുണ്ടാകുമെന്ന് ബുറാഡി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തമ്മിലടി രൂക്ഷമാകുമെന്ന ഭയത്താല്‍ പ്രധാന വകുപ്പുകളിലൊന്നും അഴിച്ചുപണി വേണ്ടെന്നാണ് തീരുമാനം.എന്നാല്‍, പ്രധാനപ്പെട്ട മൂന്നുവകുപ്പ് വീതം കൈകാര്യംചെയ്യുന്ന കപില്‍ സിബലിനും ശരദ്പവാറിനും ജോലിഭാരത്തില്‍ ഇളവുണ്ടാകും. സ്പെക്ട്രം അഴിമതിയില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍,കപില്‍ സിബലിനെ ടെലികോം വകുപ്പില്‍ നിലനിര്‍ത്താനാണ് സാധ്യത. ഡിഎംകെ മറ്റേതെങ്കിലും വകുപ്പുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. എന്നാല്‍ രാജയ്ക്ക് പകരമായി ക്യാബിനറ്റ് മന്ത്രി വേണമെന്ന് കരുണാനിധി ശഠിയ്ക്കുന്നുണ്ട്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 190111

കേന്ദ്രമന്ത്രിസഭ അഴിച്ചുപണി ഇന്ന്

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ഇന്നു നടക്കും. ഏതാനും പേരെ ഒഴിവാക്കിയും ചില പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമായിരിക്കും ഇന്നു വൈകിട്ട് അഞ്ചിനു നടക്കുന്ന, രണ്ടാം യു പി എ സര്‍ക്കാരിലെ ആദ്യ അഴിച്ചുപണി. ദിവസങ്ങള്‍ക്കകം നടക്കുന്ന എ ഐ സി സി പുനസ്സംഘടന കൂടി കണക്കിലെടുത്തുകൊണ്ടുള്ള മാറ്റങ്ങളാവും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വരുത്തുക. മന്ത്രിസഭാ പുനസ്സംഘടന സംബന്ധിച്ച് മന്‍മോഹന്‍ സിംഗ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി.

ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകളില്‍ തൊടാതെയുള്ള അഴിച്ചുപണിയാവും മന്ത്രിസഭയിലുണ്ടാവുക. പ്രണബ് മുഖര്‍ജിയും പി ചിദംബരവും എ കെ ആന്റണിയും എസ് എം കൃഷ്ണയും യഥാക്രമം ഈ വകുപ്പുകളില്‍ തുടരും. സല്‍മാന്‍ ഖുര്‍ഷിദ്, പ്രഫുല്‍ പട്ടേല്‍, ജയറാം രമേശ് എന്നിവര്‍ക്ക് കാബിനറ്റ് റാങ്കിലേയ്ക്ക് കയറ്റം കിട്ടിയേക്കും. എം എസ് ഗില്‍ (സ്‌പോര്‍ട്‌സ്), വീരഭദ്ര സിംഗ് (ഉരുക്ക്), ബി കെ ഹാന്‍ഡിഖ് (ഖനി), സി പി ജോഷി (ഗ്രാമ വികസനം), വിലാസ് റാവു ദേശ്മുഖ് (ഘന വ്യവസായം) എന്നിവര്‍ തെറിച്ചേക്കും. ദേശ്മുഖിനെയും ജോഷിയെയും എ ഐ സി സി പുനസ്സംഘടനയില്‍ മെച്ചപ്പെട്ട പദവികളില്‍ അവരോധിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗോത്ര വര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന കാന്തിലാല്‍ ബറുവയ്ക്ക് പുനസ്സംഘടനയില്‍ സ്ഥാനം പോയേക്കും. വീരഭദ്ര സിംഗും ബറുവയും ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയതോടെയെയാണ് ഇരുവരുടെയും സ്ഥാനചലനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നത്.

രൂക്ഷമായ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ പൊറുതിമുട്ടുന്ന പശ്ചാത്തലത്തില്‍ ശരദ് പവാറിനെ കൃഷി വകുപ്പില്‍ മാത്രമായി ഒതുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയേക്കും. ഉപഭോക്തൃകാര്യം പവാറില്‍നിന്ന് എടുത്തുമാറ്റുമെന്നാണ് സൂചനകള്‍. എ രാജ രാജിവച്ചതോടെ ടെലികോം വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന കപില്‍ സിബലില്‍നിന്ന് ശാസ്ത്ര, സാങ്കേതിക വകുപ്പ് എടുത്തുമാറ്റും. ടെലികോം തുടര്‍ന്നും സിബലിനു തന്നെയായിരിക്കും എന്നാണ് അറിയുന്നത്. സിബല്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പായ മാനവ വിഭവശേഷി വീരപ്പ മൊയ്‌ലിക്കു ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ കാബിനറ്റ് റാങ്കിലേയ്ക്ക് കയറ്റം ലഭിക്കുന്ന സല്‍മാന്‍ ഖുര്‍ഷിദിന് നിയമവകുപ്പു ലഭിക്കും. ഖുര്‍ഷിദ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷകാര്യ വകുപ്പില്‍ സഹമന്ത്രിയായി രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ റഹ്മാന്‍ ഖാനെ നിയോഗിച്ചേക്കും.

നിലവില്‍ വാണിജ്യ വകുപ്പില്‍ സഹമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയെ വിദേശകാര്യ വകുപ്പിലേയ്ക്കു മാറ്റിയേക്കും. ഐ പി എല്‍ വിവാദത്തെ തുടര്‍ന്ന് ശശി തരൂര്‍ രാജിവച്ച ഒഴിവിലാണിത്. തരൂരിനു പകരക്കാരനായി കേരളത്തില്‍നിന്ന് കെ സി വേണുഗോപാലും പരിഗണനയിലുണ്ട്.

മീനാക്ഷി നടരാജന്‍, മനീഷ് തിവാരി, മനിക ടഗോര്‍ തുടങ്ങിയവരാവും മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. കോണ്‍ഗ്രസിലെ രാജീവ് ശുക്ലയും  തൃണമൂല്‍ കോണ്‍ഗ്രസിലെ സുധീപ് ബന്ദോപാധ്യായയും പുനസ്സംഘടനയില്‍ പരിഗണിക്കപ്പെട്ടേക്കും. എ രാജയ്ക്കു പകരക്കാരനായി ഡി എം കെയില്‍നിന്ന് ടി ആര്‍ ബാലുവോ ടി കെ എസ് ഇളങ്കോവനോ വന്നേക്കും. ബാലു ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പൃഥിരാജ് ചവാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ഒഴിവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായി മനീഷ് തിവാരി, അജയ് മാകന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. മാകന്‍ നിലവില്‍ ആഭ്യന്തര വകുപ്പില്‍ സഹമന്ത്രിയാണ്.

പുനസ്സംഘടനയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നേരത്തെ പ്രണബ് മുഖര്‍ജി സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജനയുഗം 190111

1 comment:

  1. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാര്‍, മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖം മിനുക്കാന്‍ ശ്രമിക്കുന്നു. ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷികളെ തൃപ്തിപെടുത്തലും അഴിച്ചുപണിയുടെ ലക്ഷ്യമാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് രാഷ്ട്രപതി ഭവനിലെ അശോകാഹാളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍നിന്ന് കെ സി വേണുഗോപാല്‍ സഹമന്ത്രിയാവും. ഡല്‍ഹില്‍ ബുധനാഴ്ചയുണ്ടാവണമെന്ന് അദ്ദേഹത്തോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനമായത്. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ഒപ്പമുണ്ടായിരുന്നു.

    ReplyDelete