Thursday, January 20, 2011

ബോര്‍ഡിനു പുറത്തുള്ള ക്ഷേത്ര ജീവനക്കാര്‍ക്കും മിനിമം വേതനം

ദേവസ്വം ബോര്‍ഡുകളടെ കീഴില്‍ വരാത്ത എല്ലാ ക്ഷേത്രജീവനക്കാര്‍ക്കും മിനിമം വേതനം നല്‍കാനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും. ഇതുസംബന്ധിച്ച് മിനിമം വേതന ഉപദേശകബോര്‍ഡിന്റെ ശുപാര്‍ശ തൊഴില്‍ വകുപ്പ് നിയമവകുപ്പിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചു. മുപ്പതിനായിരത്തിലധികം ക്ഷേത്രജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടാത്ത ക്ഷേത്രജീവനക്കാരെ അഞ്ചുവിഭാഗമായി തിരിച്ചാണ് വേതനവര്‍ധന നടപ്പാക്കുന്നത്. ആദ്യവിഭാഗത്തിലെ മേല്‍ശാന്തി, കാര്യക്കാരന്‍, സൂപ്പര്‍വൈസര്‍, മാനേജര്‍, സൂപ്രണ്ട് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ അടിസ്ഥാനവേതനം 7480 രൂപയാക്കും. ശാന്തി, കീഴ്ശാന്തിക്കാര്‍ക്ക് 5930 രൂപയും. കോമരം- വെളിച്ചപ്പാട്- കോലധാരി, അക്കൌണ്ടന്റ്, ക്ളാര്‍ക്ക്, കാഷ്യര്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് 4750 രൂപയും. കഴകക്കാരന്‍, വാദ്യക്കാരന്‍, പരിചാരകന്‍, മാലകെട്ടുന്നവര്‍, അറ്റന്റര്‍, പ്യൂ തുടങ്ങിയവര്‍ക്ക് 4300 രൂപയും അടിച്ചുതളിക്കാര്‍, വാഷര്‍മാര്‍, അന്തിത്തിരിയന്‍, മൈക്ക് ഓപ്പറേറ്റര്‍, സ്വീപ്പര്‍ തുടങ്ങിയവര്‍ക്ക് 3750 രൂപയും അടിസ്ഥാനവേതനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രതിമാസവേതനത്തിന്റെ 26ല്‍ ഒരുഭാഗം കണക്കാക്കി പ്രവൃത്തി ചെയ്ത ദിവസത്തേയ്ക്കുള്ള വേതനം നല്‍കണം. ഒരുനേരം മാത്രം പൂജ നടത്തുന്നതും വച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളില്‍ മൊത്ത വേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക നല്‍കണം. ഉപഭോകൃതവില സൂചികയില്‍ 130 പോയിന്റിനു മുകളിലുള്ള ഓരോ പോയിന്റിനുംമാസം 22.10 രൂപ നിരക്കില്‍ എല്ലാ ജീവനക്കാര്‍ക്കും ക്ഷാമബത്തയും നല്‍കണം.

വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തേക്കും അടിസ്ഥാനവേതനത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ തുക പരമാവധി 15 ശതമാനമെന്ന പരിധിയില്‍ സര്‍വീസ് വെയിറ്റേജ് ആയി അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തണം. വിജ്ഞാപനത്തേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്നും നല്‍കണം. ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടാത്ത ക്ഷേത്രജീവനക്കാര്‍ക്ക് നിസ്സാര വേതനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 10 വരെ ജോലിയെടുക്കുന്നവരും വിരളമല്ല. എന്നാല്‍, അധിക ജോലിക്ക് അധിക വേതനം ലഭിക്കുന്നില്ല. അവധിയുമില്ല. അവധി എടുക്കേണ്ടിവന്നാല്‍ ജീവനക്കാര്‍ സ്വന്തം ചെലവില്‍ പകരക്കാരനെ നിയോഗിക്കേണ്ട സ്ഥിതിയുമുണ്ട്.
(ജി രാജേഷ് കുമാര്‍)

ദേശാഭിമാനി 200111

6 comments:

  1. ദേവസ്വം ബോര്‍ഡുകളടെ കീഴില്‍ വരാത്ത എല്ലാ ക്ഷേത്രജീവനക്കാര്‍ക്കും മിനിമം വേതനം നല്‍കാനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും. ഇതുസംബന്ധിച്ച് മിനിമം വേതന ഉപദേശകബോര്‍ഡിന്റെ ശുപാര്‍ശ തൊഴില്‍ വകുപ്പ് നിയമവകുപ്പിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചു. മുപ്പതിനായിരത്തിലധികം ക്ഷേത്രജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

    ReplyDelete
  2. ഇതെല്ലാം വേണ്ടതു തന്നെ. കാരണം ഏതാണ്ട് മുഴുവന്‍ ക്ഷേത്രജീവനക്കാരും നമ്പൂരിയും നായരുമാണല്ലോ. അതുകൊമ്ട് നടപ്പിലാക്കുക. പറ്റുമെങ്കില്‍ ഖജനാവിലെ കാശെടുത്തു തന്നെ നടപ്പാക്കണം. ഫൂ.....

    ReplyDelete
  3. temperory employees of devaswam boards (kazhakam) are paid 90 rs per day.. thts half of the govt stipulated minimum wages.. and although some are working for past 8 years, they are still "temp" staff.. anythng abt tht?

    ReplyDelete
  4. @ നിസ്സഹായന്‍. ഇതില്‍ ജാതിയും മതവും കൊണ്ടുവരേണ്ടത് താന്കളുടെ ആവശ്യമായിരിക്കാം. അതിനു കയ്യില്‍ മരുന്നില്ല. ക്ഷമിക്കുമല്ലോ. @ രഞ്ജിത് ജയദേവന്‍. ഇതിനെപ്പറ്റി എന്ത് പറയുന്നു? വാര്‍ത്തയില്‍ പറയുന്നത് “ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രതിമാസവേതനത്തിന്റെ 26ല്‍ ഒരുഭാഗം കണക്കാക്കി പ്രവൃത്തി ചെയ്ത ദിവസത്തേയ്ക്കുള്ള വേതനം നല്‍കണം. ഒരുനേരം മാത്രം പൂജ നടത്തുന്നതും വച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളില്‍ മൊത്ത വേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക നല്‍കണം. ഉപഭോകൃതവില സൂചികയില്‍ 130 പോയിന്റിനു മുകളിലുള്ള ഓരോ പോയിന്റിനുംമാസം 22.10 രൂപ നിരക്കില്‍ എല്ലാ ജീവനക്കാര്‍ക്കും ക്ഷാമബത്തയും നല്‍കണം. “ എന്നാണ്. ഇതില്‍ താങ്കള്‍ പറഞ്ഞ സ്പെസിഫിക് കേസ് ഉള്‍പ്പെടുമോ എന്ന് ഉറപ്പില്ല. വിവരം ലഭിക്കുകയാണെന്കില്‍ അറിയിക്കാം.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഞാന്‍ പറഞ്ഞത് താത്കാലിക ജീവനക്കാരുടെ കാര്യമാണ്. 8 വര്‍ഷത്തോളമായി കഴകവൃതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഇത് വരെ സ്ഥിര പെടുത്തിയിട്ടില്ല. ദിവസവേതനമായി 90 രൂപയാണ് വര്‍ഷങ്ങളായി ഇവര്‍ക്ക് കൊടുത്തു പോരുന്നത്. വേറെ ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കഴകവൃതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമുദായങ്ങള്‍ ഒരു "വോട്ട് ബാങ്ക്" അല്ല എന്നതുകൊണ്ട് ഇവരുടെ പരത്തി അവഗനിക്കുകയാണോ എന്ന് സംശയം... അത്ര മാത്രം...

    ReplyDelete