Saturday, January 15, 2011

ഭക്ഷ്യസുരക്ഷാ ബില്‍ ഉടനില്ല

ദേശീയ ഉപദേശക സമിതി (എന്‍എസി) മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി തള്ളിയതോടെ യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്‍ അടുത്തൊന്നും നടപ്പാകില്ലെന്ന് ഉറപ്പായി. കാര്‍ഷിക-ഭക്ഷ്യമേഖലയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് സോണിയ ഗാന്ധി അധ്യക്ഷയായ എന്‍എസി സര്‍ക്കാരിന് സമര്‍പ്പിച്ചത്. സി രംഗരാജന്‍ അധ്യക്ഷനായ സമിതി ഈ നിര്‍ദേശങ്ങള്‍ നിരാകരിക്കുകയായിരുന്നു. സോണിയ അധ്യക്ഷയായുള്ള എന്‍എസിക്ക് കണക്ക് കൂട്ടാന്‍ അറിയില്ലെന്നും രംഗരാജന്‍ സമിതി പരിഹസിച്ചു.

2011-12 വര്‍ഷത്തില്‍ ജനസംഖ്യയുടെ 72 ശതമാനത്തിനും രണ്ടാം ഘട്ടത്തില്‍2013-14ല്‍ 75 ശതമാനം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്നാണ് എന്‍എസിയുടെ ശുപാര്‍ശ. രണ്ടു രൂപയ്ക്ക് ഗോതമ്പും മൂന്നു രൂപയ്ക്ക് അരിയും നല്‍കണമെന്നും നിര്‍ദേശിച്ചു. 90 ശതമാനം ഗ്രാമീണര്‍ക്കും 50 ശതമാനം നഗരവാസികള്‍ക്കും ഭക്ഷ്യധാന്യം സബ്സിഡിയോടെ നല്‍കാന്‍ ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ 46 ശതമാനം ഗ്രാമീണര്‍ക്കും 28 ശതമാനം നഗരവാസികള്‍ക്കും മാത്രമേ ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കഴിയൂവെന്നാണ് രംഗരാജന്‍സമിതി പറഞ്ഞത്.

എന്‍എസി നിര്‍ദേശമനുസരിച്ച് 75 ശതമാനം ജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ 63.59 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം മതിയെന്ന കണക്കുകൂട്ടല്‍ തെറ്റാണെന്ന് രംഗരാജന്‍സമിതി പറയുന്നു. പദ്ധതി നടപ്പാക്കാന്‍ മൊത്തം 73.98 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണമെന്നാണ് ഇവരുടെ കണക്ക്. എന്നാല്‍ 57.61 ദശലക്ഷം ടണ്‍ മാത്രമേ ഉല്‍പ്പാദനമുണ്ടാകൂ എന്നും അതിനാല്‍ ഈ നിര്‍ദേശം അപ്രായോഗികമാണെന്നും രംഗരാജന്‍സമിതി അഭിപ്രായപ്പെട്ടു. കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത് വിലക്കയറ്റമുണ്ടാക്കുമെന്നും സമിതി പ്രവചിക്കുന്നു. പദ്ധതി നടപ്പാക്കാന്‍ 79,931 കോടി രൂപ മതിയെന്ന എന്‍എസിയുടെ കണക്ക് തെറ്റാണ്. മൊത്തം 92,060 കോടി രൂപവേണം-രംഗരാജന്‍ സമിതി ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 15011

1 comment:

  1. ദേശീയ ഉപദേശക സമിതി (എന്‍എസി) മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി തള്ളിയതോടെ യുപിഎ സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്‍ അടുത്തൊന്നും നടപ്പാകില്ലെന്ന് ഉറപ്പായി. കാര്‍ഷിക-ഭക്ഷ്യമേഖലയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് സോണിയ ഗാന്ധി അധ്യക്ഷയായ എന്‍എസി സര്‍ക്കാരിന് സമര്‍പ്പിച്ചത്. സി രംഗരാജന്‍ അധ്യക്ഷനായ സമിതി ഈ നിര്‍ദേശങ്ങള്‍ നിരാകരിക്കുകയായിരുന്നു. സോണിയ അധ്യക്ഷയായുള്ള എന്‍എസിക്ക് കണക്ക് കൂട്ടാന്‍ അറിയില്ലെന്നും രംഗരാജന്‍ സമിതി പരിഹസിച്ചു.

    ReplyDelete