Tuesday, January 11, 2011

ഹിന്ദു ഭീകരത, അഴിമതി: ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവിന് മൗനം

അജ്മീര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരകര്‍ ഇന്ദ്രേഷും സുനില്‍ജോഷിയും

ന്യൂഡല്‍ഹി: 2007-ല്‍ അജ്മീറിലെ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ആര്‍ എസ് എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറും മുന്‍ പ്രചാരകന്‍ സുനില്‍ ജോഷിയുമെന്ന് സ്വാമി അസിമാനന്ദ. പ്രത്യേക സി ബി ഐ കോടതിയില്‍ അസിമാനന്ദ നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് ഹിന്ദു തീവ്രവാദികള്‍ രാജ്യത്ത് നടത്തിയ വിവിധ സ്‌ഫോടനങ്ങളെക്കുറിച്ച് അസിമാനന്ദ വ്യക്തമാക്കിയിരിക്കുന്നത്.

അജീമീര്‍ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ തന്നെ കൊല്ലപ്പെട്ട ആര്‍ എസ് എസ് മുന്‍ പ്രചാരക് സുനില്‍ ജോഷി അസിമാനന്ദയുടെ ഗുജറാത്തിലെ ശബരിധാമിലെ ആശ്രമത്തില്‍ എത്തിയിരുന്നു. രാജ്, മെഹുല്‍ എന്നിവരോടൊപ്പമാണ് സുനില്‍ ജോഷി ആശ്രമത്തിലെത്തിയത്. തന്റെ ആളുകളാണ് അജീമീര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സുനില്‍ ജോഷി പറഞ്ഞിരുന്നു. സ്‌ഫോടന സമയത്ത് നേരിട്ട് ഹാജരായിരുന്നുവെന്നും സുനില്‍ ജോഷി പറഞ്ഞു. സ്‌ഫോടനത്തിനായി ബോംബുകള്‍ സ്ഥാപിക്കുന്നതിന് രണ്ട് മുസ്‌ലിം യുവാക്കളെ എത്തിച്ചുകൊടുത്തത് ഇന്ദ്രേഷ് കുമാറായിരുന്നു. അജ്മീര്‍ ദര്‍ഗയില്‍ ഹിന്ദുക്കള്‍ ധാരാളമായി എത്തുന്നത് തടയുന്നതിനാണ് ഭീതി പരത്തുന്നതിനായി സ്‌ഫോടനം നടത്തിയതെന്നാണ് ഇന്ദ്രേഷും സുനില്‍ ജോഷിയും വ്യക്തമാക്കിയിരുന്നത്. ആര്‍ എസ് എസിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇന്ദ്രേഷ് കുമാര്‍. മലേഖാവ്, ഹൈദരാബാദ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങൡലും ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്നാണ് അസിമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്. 2005-ല്‍ ശബരിധാമിലെ ആശ്രമത്തിലെത്തിയ ഇന്ദ്രേഷ് കുമാര്‍ ബോംബിന് പകരം ബോംബ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. അക്രമത്തിലൂടെ തന്നെ പ്രതികരിക്കണമെന്ന് എല്ലാവരെയും താന്‍ ഉദ്‌ബോധിപ്പിച്ചതായി അസിമാനന്ദ മൊഴി നല്‍കിയിട്ടുണ്ട്.

സുനില്‍ ജോഷിയും ഭരത് ഭായിയും ഇന്ദ്രേഷിനെ നാഗ്പൂരില്‍ വച്ച് കണ്ടിരുന്നതായി തനിക്കറിയാമായിരുന്നു. സ്‌ഫോടനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അക്കാലത്ത് ഉണ്ടായിരുന്നുവെന്നും അസിമാനന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ദ്രേഷ് കുമാര്‍ ഐ എസ് എയുടെ ഏജന്റാണെന്ന് കേണല്‍ പുരോഹിത് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് ആധാരമായ തെളിവുകള്‍ ഒരിക്കലും തനിക്ക് കാട്ടിതന്നിട്ടില്ലെന്നും അസിമാനന്ദ വെളിവാക്കി. അതിനിടെ അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്തുവന്നിട്ടുണ്ട്. ആര്‍ എസ് എസിന് തീവ്രവാദഛായ പകര്‍ന്നു നല്‍കാന്‍ കോണ്‍ഗ്രസ് ചരടുവലിക്കുകയാണെന്നാണ് മോഹന്‍ഭാഗവതിന്റെ ആരോപണം. മലേഗാവ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന പതിനഞ്ചോളം മുസ്‌ലിം യുവാക്കളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീലിനെ മത നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു.
 
ഹിന്ദു ഭീകരത, അഴിമതി: ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവിന് മൗനം


ഗുവാഹതി: രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരിട്ടു പങ്കുണ്ടെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും കര്‍ണാടകയില്‍ ബി എസ് യദ്യൂരപ്പ സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും ബി ജെ പി നേതൃയോഗത്തിനു മൗനം. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയും പാക് ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായി രംഗത്തുവന്ന ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് ഈ രണ്ടു വിഷയങ്ങളിലും അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല. എക്‌സിക്യൂട്ടീവ് യോഗ തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ച വക്താവ് നിര്‍മല സീതാരാമന്‍ മാധ്യമപ്രവര്‍ത്തകരുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് വഴുതിമാറുകയാണ് ചെയ്തത്.

മാലേഗാവ്, സംഝോത, മക്ക മസ്ജിദ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്കു പങ്കുണ്ടെന്ന് മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ സംഘ നേതാവ് സ്വാമി അസിമാനന്ദ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ് നേതാക്കള്‍ നേരിട്ടാണ് ഇവ ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് കോടതിക്കു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തില്‍ സ്വാമി അസിമാനന്ദ പറഞ്ഞത്. സംഘത്തിന്റെ രാഷ്ട്രീയരൂപമായ ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇതൊന്നും ചര്‍ച്ചാവിഷയങ്ങളായില്ലെന്നാണ് നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോടു പറഞ്ഞത്.

ഹിന്ദു ഭീകരത എന്ന് വാക്ക് ഉപയോഗിക്കുന്നതിനോട് പാര്‍ട്ടി എതിരാണെന്നാണ് ഇതുമായി  ബന്ധപ്പെട്ട് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. മുസ്‌ലിം ഭീകരത എന്ന വാക്ക് ബി ജെ പി ഉപയോഗിക്കുന്നില്ലെന്നും ഭീകരപ്രവര്‍ത്തനത്തിന് മതമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ രംഗത്തുവന്നിട്ടുള്ള ബി ജെ പി കര്‍ണാടകയിലെ അഴിമതിയാരോപണങ്ങളെക്കുറിച്ചും കാര്യമായ പരാമര്‍ശമൊന്നും നടത്തിയില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ കാക്കാന്‍ മുഖ്യമന്ത്രിമാര്‍ക്കും മറ്റ് എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി അധ്യക്ഷന്‍ നിതന്‍ ഗഡ്കരിയുടെ പ്രസംഗം യദ്യൂരപ്പയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത മറ്റ് നേതാക്കളെല്ലാം ഇക്കാര്യം തമസ്‌കരിക്കുകയായിരുന്നു. ഗഡ്കരിയുടെ പ്രസംഗം പൊതുവേയുള്ളതായിരുന്നെന്നും ആരെയും അദ്ദേഹം പേരെടുത്തു പരാമര്‍ശിച്ചിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

യദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് ബി ജെ പിയുടെ പ്രതിച്ഛായയെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു ബി ജെ പി വക്താവിന്റെ മറുപടി. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ പറയാനുള്ളതെല്ലാം സംസ്ഥാന സര്‍ക്കാര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് നിര്‍മല സീതാരാമന്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറി. യു പി എ സര്‍ക്കാരിന്റെ അഴിമതിയാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം എന്നായിരുന്നു തുടര്‍ച്ചയായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബി ജെ പി വക്താവിന്റെ മറുപടി.

ജനയുഗം 110111

2 comments:

  1. രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരിട്ടു പങ്കുണ്ടെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും കര്‍ണാടകയില്‍ ബി എസ് യദ്യൂരപ്പ സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും ബി ജെ പി നേതൃയോഗത്തിനു മൗനം. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയും പാക് ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായി രംഗത്തുവന്ന ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് ഈ രണ്ടു വിഷയങ്ങളിലും അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല. എക്‌സിക്യൂട്ടീവ് യോഗ തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ച വക്താവ് നിര്‍മല സീതാരാമന്‍ മാധ്യമപ്രവര്‍ത്തകരുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് വഴുതിമാറുകയാണ് ചെയ്തത്.

    ReplyDelete