Wednesday, January 12, 2011

രാജ്യത്തിന്റെ പ്രഥമ പ്രതിരോധ ഉല്‍പ്പാദന നയം ഇന്ത്യ നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രതിരോധ ഉല്‍പ്പാദന നയം ഇന്ത്യ നാളെ പുറത്തുവിടും. ആയുധുങ്ങളുടെ പഠന, നിര്‍മാണ, വികസന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ട് ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കയും ചെയ്യുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം.

പ്രതിരോധ നയം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ടാകും. ഇതുവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണം, പഠനം, വികസനം എന്നീ മേഖലകളില്‍ സ്വകാര്യ കമ്പിനികള്‍ക്കും വ്യക്തമായ പങ്കാളിത്തം ലഭിക്കും. ശക്തമായ പ്രതിരോധ ആഭ്യന്തര വ്യവസായിക അടിത്തറ രൂപപ്പെടുത്തുകയും അത് രാജ്യത്തിനുള്ളിതന്നെ നിര്‍ത്തുകയുമാണ് നയ രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതുവഴി രാജ്യത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറോടെ പൂര്‍ത്തിയാക്കിയ പ്രതിരോധ ഉല്‍പ്പാദ നയത്തിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇതിനകം തന്നെ അംഗീകാരം നല്‍കിയിരുന്നു. അടുത്ത എട്ടുമുതല്‍ പത്ത് വര്‍ഷത്തേയ്ക്കുള്ള ആയുധ സംവിധാനങ്ങള്‍ മുന്‍കൂട്ടി കണ്ട് രാജ്യത്തുതന്നെ വികസിപ്പിച്ചെടുക്കുന്നതിനും ഇക്കാര്യങ്ങള്‍ ഉന്നതാധികാര സമിതി പരിശോധിക്കുകയും നിശ്ചിത സമയത്തില്‍ സായുധ സേനയ്ക്ക് ലഭ്യമാക്കുന്നതിനുമുള്ള കാര്യങ്ങള്‍ നയത്തില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

പരിശോധനാ സമിതികളില്‍ പ്രതിരോധ മന്ത്രാലയം, ഡി ആര്‍ ഡി ഒ, വ്യവസായം, പഠന ഗവേഷം തുടങ്ങിയ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉണ്ടാകും.

സ്വകാര്യ- പൊതുമേഖലകളില്‍നിന്നുള്ള പ്രതിരോധ ഉപകരണങ്ങളുടെ പ്രാദേശികമായ രൂപകല്‍പ്പന, നിര്‍മാണം, ഉല്‍പ്പാദനം എന്നിവയ്ക്കായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പ്രതിരോധ രംഗം 2001-02 മുതല്‍ നൂറു ശതമാനം സ്വകാര്യ നിക്ഷേപത്തിനായും 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായും തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ച ഫലമുണ്ടാക്കിയിരുന്നില്ല. ഇതില്‍ കാതലായ ഭേദഗതി വരുത്തിയാണ് പ്രതിരോധ ഉല്‍പ്പാദന നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.

സൈനികാവശ്യത്തിനുള്ള ഉപകരണങ്ങളില്‍ 70 ശതമാനത്തോളവും ഇന്ത്യ ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. സൈനിക ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യമായ ഇന്ത്യ 1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ആയുധ ഇടപാടുകള്‍ 50 ബില്യണ്‍ ഡോളറിലധികമായി വര്‍ധിപ്പിച്ചിരുന്നു.

ജനയുഗം 120111

1 comment:

  1. രാജ്യത്തിന്റെ പ്രഥമ പ്രതിരോധ ഉല്‍പ്പാദന നയം ഇന്ത്യ നാളെ പുറത്തുവിടും. ആയുധുങ്ങളുടെ പഠന, നിര്‍മാണ, വികസന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ട് ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കയും ചെയ്യുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം.

    ReplyDelete