Friday, January 14, 2011

മറന്നുവച്ച രണ്ടരലക്ഷം ഓട്ടോഡ്രൈവര്‍ തിരികെ നല്‍കി

വന്നുവീണത് രണ്ടരലക്ഷം രൂപ അടങ്ങിയ ബാഗ്. മറന്നുവച്ചത് മലയാളം അറിയാത്തവര്‍. എന്നാല്‍ കലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ പരമേശ്വരന് അതൊന്നു തുറന്നുനോക്കാന്‍പോലും തോന്നിയില്ല. ബുധനാഴ്ച രാത്രിയാണ് ഓട്ടംവിളിച്ചവര്‍ രണ്ടരലക്ഷം രൂപയും കുറെ രേഖകളും അടങ്ങിയ ബാഗ് പരമേശ്വരന്റെ ഓട്ടോയില്‍ മറന്നുവച്ചത്. പരാതിക്കാര്‍ സ്റ്റേഷനിലെത്തി അഞ്ചു മിനിറ്റിനകം പരമേശ്വരന്‍ സ്ഥലത്തെത്തി ബാഗ് കൈമാറി.

രാത്രി 9.30ന് മേനകയിലെ താജ് ഹോട്ടലിനു മുന്നില്‍നിന്നാണ് ബിസിനസ് ആവശ്യത്തിന് കൊച്ചിയിലെത്തിയ മൂന്നുപേര്‍ പരമേശ്വരന്റെ ഓട്ടോയില്‍ കയറിയത്. ഡല്‍ഹി സ്വദേശികളായിരുന്നുവെന്ന് പിന്നീടാണ് പരമേശ്വരന്‍ അറിയുന്നത്. കച്ചേരിപ്പടിക്കു സമീപത്തെ ഒരു വീടിനു മുന്നില്‍ ഇറക്കി ലിസി ജങ്ഷനിലെ പമ്പില്‍ ഡീസലടിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അതുമായി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി. പരമേശ്വരന്‍ ചെല്ലുമ്പോള്‍ ബാഗ് നഷ്ടപ്പെട്ടവരുടെ പരാതിയില്‍ വയര്‍ലസ് സന്ദേശം അയക്കാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസുകാര്‍. ബാഗുമായി തന്നെ കണ്ടപ്പോള്‍ അത് മറന്നുവച്ചവരുടെ ഭാവം വിവരണാതീതമായെന്ന് പരമേശ്വരന്‍. വിലപിടിപ്പുള്ള എന്തൊക്കെയോ രേഖകളും അതിലുണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞു. കൈമാറിയ ബാഗ് അവര്‍തന്നെ തുറന്നുനോക്കി പണവും രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തി. സന്തോഷപൂര്‍വം അതില്‍നിന്ന് കുറച്ചു പണം നല്‍കിയെങ്കിലും സ്നേഹപൂര്‍വം ആ തുക നിരസിച്ചു.

ഒരുമാസം മുമ്പ് കടവന്ത്രയിലേക്ക് ഓട്ടംവിളിച്ച പെണ്‍കുട്ടി 20,000 രൂപയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചതും പരമേശ്വരന്‍ തിരികെ നല്‍കിയിരുന്നു. ഓട്ടോക്കൂലി എടുക്കാന്‍ പേഴ്സ് തുറക്കുന്നതിനിടെ ഫോണ്‍ ഓട്ടോയുടെ സീറ്റില്‍ മറന്നുവയ്ക്കുകയായിരുന്നു. സത്യസന്ധതയ്ക്കുള്ള അംഗീകാരമായി പൊലീസിന്റെ ഉപഹാരം നോര്‍ത്ത് സിഐ എം രമേഷ്കുമാര്‍ പരമേശ്വരന് കൈമാറി. കതൃക്കടവില്‍ നാഷണല്‍ ടിമ്പേഴ്സിനു സമീപം എട്ടുകണ്ടത്തില്‍ വീട്ടില്‍ പരേതനായ ലെനിന്റെയും ഗിരിജയുടെയും മകനാണ് പരമേശ്വരന്‍. ഭാര്യ: ജിഷ. അങ്കണവാടി വിദ്യാര്‍ഥിയായ സരിനും ശ്രേയയുമാണ് മക്കള്‍. പൊറ്റക്കുഴിയില്‍ വാടകയ്ക്കാണ് താമസം.

ദേശാഭിമാനി 140111

1 comment:

  1. വന്നുവീണത് രണ്ടരലക്ഷം രൂപ അടങ്ങിയ ബാഗ്. മറന്നുവച്ചത് മലയാളം അറിയാത്തവര്‍. എന്നാല്‍ കലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ പരമേശ്വരന് അതൊന്നു തുറന്നുനോക്കാന്‍പോലും തോന്നിയില്ല. ബുധനാഴ്ച രാത്രിയാണ് ഓട്ടംവിളിച്ചവര്‍ രണ്ടരലക്ഷം രൂപയും കുറെ രേഖകളും അടങ്ങിയ ബാഗ് പരമേശ്വരന്റെ ഓട്ടോയില്‍ മറന്നുവച്ചത്. പരാതിക്കാര്‍ സ്റ്റേഷനിലെത്തി അഞ്ചു മിനിറ്റിനകം പരമേശ്വരന്‍ സ്ഥലത്തെത്തി ബാഗ് കൈമാറി.

    ReplyDelete