Monday, January 17, 2011

പശ്ചിമബംഗാളിലേക്ക് തെര. കമീഷന്‍ സംഘത്തെ അയച്ചത് ശരിയല്ല

കൊല്‍ക്കത്ത: പശ്ചിമബംഗാളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ പ്രത്യേക സംഘത്തെ അയച്ചത് ഇതുവരെയില്ലാത്ത നടപടിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച അദ്ദേഹം ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

പുറത്തുനിന്ന് സംഘത്തെ അയക്കുന്ന നടപടി അസാധാരണമാണ്. ഇത് സംസ്ഥാനത്തിന്റെ സ്വതന്ത്രമായി തെരഞ്ഞെടുപ്പു നടത്താനുള്ള ശേഷി വര്‍ധിപ്പിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നടപടി സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സഹായകമാകില്ല. ഇതുസംബന്ധിച്ച് കമീഷനുമായി സംസാരിക്കും. പശ്ചിമബംഗാളിലെ അക്രമങ്ങളുടെ പ്രധാന ഉത്തരവാദികള്‍ മാവോയിസ്റുകളും അവരെ സഹായിക്കുന്ന തൃണമൂല്‍ കോഗ്രസുമാണ്. അതുകൊണ്ടാണ് ജംഗല്‍മഹലിലേക്ക് കേന്ദ്രസേനയെ അയച്ചത്. ഇത് മറന്നുകൊണ്ടാണ് സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളും കത്തുകളും. നെതായ് ഗ്രാമത്തില്‍ ആളുകള്‍ മരിക്കാനിടയായ സംഭവം ദൌര്‍ഭാഗ്യകരമാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ സിപിഐ എമ്മിന്റെയും ഇടതു പാര്‍ടികളുടെയും 365 പ്രവര്‍ത്തകരെയുംഅനുഭാവികളെയുമാണ് മാവോയിസ്റ്- തൃണമൂല്‍ അക്രമികള്‍ കൊലപ്പെടുത്തിയത്. മാവോയിസ്റ്-തൃണമൂല്‍ സഖ്യം സംബന്ധിച്ച വ്യക്തമായ തെളിവ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനുനേരേ കണ്ണടയ്ക്കുകയാണ് പി ചിദംബരം. പശ്ചിമബംഗാളില്‍ അക്രമം അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടിയെയും സിപിഐ എം പിന്തുണയ്ക്കും. തെലങ്കാന സംബന്ധിച്ച ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സിപിഐ എമ്മിന്റെ നിലപാടിനോട് യോജിക്കുന്നതാണ്. ആന്ധ്രപ്രദേശിനെ വിഭജിക്കാതിരിക്കുക എന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിച്ച സംസ്ഥാനങ്ങളെ വിഭജിക്കരുതെന്നാണ് സിപിഐ എം നിലപാട്. ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഉടന്‍ വ്യക്തമാക്കണം. ഹിന്ദുത്വ തീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അസിമാനന്ദ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം നടത്തുകയും ഇത്തരം തീവ്രവാദ സംഘങ്ങളെ തകര്‍ക്കുകയും വേണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു.

deshabhimani 170111

1 comment:

  1. പശ്ചിമബംഗാളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ പ്രത്യേക സംഘത്തെ അയച്ചത് ഇതുവരെയില്ലാത്ത നടപടിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച അദ്ദേഹം ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.

    ReplyDelete