Wednesday, January 5, 2011

ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍

അഴിമതി കോണ്‍ഗ്രസിന്റെ മറുപേരായി മാറിയതില്‍ ഗണ്യമായ പങ്കുവഹിച്ച ബൊഫോഴ്സ് കേസ് കാല്‍നൂറ്റാണ്ടിനുശേഷവും ആ പാര്‍ടിയെ പിന്തുടരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിന്റെ അധികാരക്കുത്തക ഇല്ലാതാക്കിയതിലും നെഹ്റുകുടുംബം അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിലും ഈ സ്വീഡിഷ് പീരങ്കി ഇടപാടിനുള്ള പങ്ക് ചെറുതല്ല. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന അഴിമതി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയ ഗാന്ധിയെയാണ് ഏറെ വിഷമസന്ധിയിലാക്കുന്നത്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986 മാര്‍ച്ച് 24നാണ് സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്സില്‍നിന്ന് 400 ഹോവിറ്റ്സര്‍ പീരങ്കി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയം 1437.2 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്. ഈ കരാറില്‍ ഇടനിലക്കാര്‍ക്ക് ബൊഫോഴ്സ് കമ്പനി കോഴ നല്‍കിയെന്ന് 'ഡാഗെന്‍സ് ഇകോ'എന്ന സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തുന്നത് 1987 ഏപ്രില്‍ 16ന്. ഇത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച വന്‍ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. കൈക്കൂലി ആരോപണം പാര്‍ലമെന്റില്‍ രാജീവ് ഗാന്ധി നിഷേധിച്ചു. എന്നാല്‍, ബൊഫോഴ്സ് 64 കോടി രൂപ കോഴ കൊടുത്തെന്ന് സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയതോടെ രാജീവ് പ്രതിരോധത്തിലായി. ക്വട്ടറോച്ചിയുടെ എഇ സര്‍വീസസ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയെന്ന് ഹിന്ദു ദിനപത്രം വെളിപ്പെടുത്തി. ഇതോടെ ബൊഫോഴ്സ് ഉടമ മാര്‍ട്ടിന്‍ അര്‍ദ്ബോയുടെ ഡയറിയും പുറത്തായി.

സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തായ ക്വട്ടറോച്ചി അറുപതുകളില്‍ സാംപ്രൊഗെറ്റി എന്ന രാസവള കമ്പനിയുടെ പ്രതിനിധിയായാണ് ഡല്‍ഹിയില്‍ എത്തിയത്. രാജീവ്- സോണിയമാരുമായി ക്വട്ടറോച്ചിയും ഭാര്യ മറിയവും അടുത്തബന്ധം പുലര്‍ത്തി. മാര്‍ട്ടിന്‍ അര്‍ദ്ബോയുടെ ഡയറിയില്‍ ആവര്‍ത്തിച്ച 'ക്യു'എന്ന അക്ഷരത്തിനുപിന്നില്‍ ക്വട്ടറോച്ചിയാണെന്ന് വ്യക്തമാകുന്നത് കോഴപ്പണം സ്വിസ് ബാങ്ക് അക്കൌണ്ടില്‍ വീണപ്പോഴാണ്. ബൊഫോഴ്സ് അഴിമതി അന്വേഷിക്കാന്‍ 1987 ആഗസ്ത് ആറിന് ജെപിസിക്ക് രൂപംനല്‍കി. കോണ്‍ഗ്രസുകാരെ കുത്തിനിറച്ചുള്ള ജെപിസിയുടെ തലവന്‍ ബി ശങ്കരാനന്ദ്. പ്രതിപക്ഷം ഈ സമിതി ബഹിഷ്കരിച്ചു. പ്രതീക്ഷിച്ചപോലെ രാജീവ് ഗാന്ധിയെയും മറ്റും കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് വന്നു. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രധാനമന്ത്രിയായി അധികാരമേറ്റ വി പി സിങ് ബൊഫോഴ്സുമായുള്ള എല്ലാ പ്രതിരോധ ഇടപാടും റദ്ദാക്കി. 1990 ജനുവരി 22ന് സിബിഐ കേസ് രജിസ്റര്‍ചെയ്തു. വിന്‍ഛദ്ദയുടെ സെവന്‍സ്ക കമ്പനിയുടെയും ക്വട്ടറോച്ചിയുടെ എഇ സര്‍വീസസിന്റെയും സ്വിസ് ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു.

നരസിംഹറാവു സര്‍ക്കാര്‍ അധികാരമേറ്റതോടെ കേസുകള്‍ തകിടംമറിഞ്ഞു. സ്വിസ് സര്‍ക്കാരിന്റെ അന്വേഷണം നിര്‍ത്തിവയ്പിച്ചു. 1993ല്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെ ക്വട്ടറോച്ചി മുങ്ങി. മലേഷ്യയിലും അര്‍ജന്റീനയിലുംവച്ച് ഇന്റര്‍പോള്‍ ക്വട്ടറോച്ചിയെ അറസ്റുചെയ്തെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സിബിഐ ഉഴപ്പി. 1999 ഒക്ടോബര്‍ 22ന് സിബിഐ ആദ്യകുറ്റപത്രം ഫയല്‍ചെയ്തു. വിന്‍ഛദ്ദ, ക്വട്ടറോച്ചി, ബൊഫോഴ്സ് കരാറില്‍ ഒപ്പിട്ട പ്രതിരോധ സെക്രട്ടറി എസ് കെ ഭട്നാഗര്‍, ബൊഫോഴ്സ് ഉടമ മാര്‍ട്ടിന്‍ അര്‍ദ്ബോ എന്നിവര്‍ പ്രതികള്‍. രാജീവ് ഗാന്ധിയുടെ പേരുണ്ടായിരുന്നെങ്കിലും '91ല്‍ അദ്ദേഹം കൊല്ലപ്പെട്ടു. നവംബര്‍ ഏഴിന് അറസ്റുവാറന്റ് പ്രഖ്യാപിച്ചെങ്കിലും ക്വട്ടറോച്ചിയെയും മാര്‍ട്ടിന്‍ അര്‍ദ്ബോയെയും ഒരിക്കല്‍പ്പോലും ഇന്ത്യയില്‍ കൊണ്ടുവരാനായില്ല. ഇതിനിടയില്‍ ഭട്നാഗറും വിന്‍ഛദ്ദയും മരിച്ചു. ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഹിന്ദുജ സഹോദരന്മാരെ ഡല്‍ഹി കോടതി ശിക്ഷിച്ചു. യുപിഎ അധികാരത്തില്‍ വന്നതോടെ ക്വട്ടറോച്ചിയെ രക്ഷിക്കാനുള്ള നടപടികള്‍ക്ക് വേഗമേറി. ക്വട്ടറോച്ചിയുടെ മരവിപ്പിച്ച ലണ്ടന്‍ അക്കൌണ്ടുകള്‍ സജീവമാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ വി ദത്തയെ ലണ്ടനിലേക്ക് അയച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് ഗവമെന്റ് അക്കൌണ്ടുകള്‍ സജീവമാക്കിയപ്പോള്‍ ക്വട്ടറോച്ചിയും ഭാര്യയും 21 കോടി രൂപ പിന്‍വലിച്ചു. അവസാനമായി ക്വട്ടറോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടു.
(വി ബി പരമേശ്വരന്‍)

ക്വട്ടറോച്ചിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് സിബിഐ വീണ്ടും

രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ ഒക്ടോവിയോ ക്വട്ടറോച്ചിയും വിന്‍ഛദ്ദയും കോഴ വാങ്ങിയെന്ന ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐടിഎടി) ഉത്തരവില്‍ പുതുതായി ഒന്നുമില്ലെന്ന് സിബിഐ. കോഴ വാങ്ങിയെന്ന് വ്യക്തമാണെങ്കിലും ക്വട്ടറോച്ചിക്കെതിരായ കേസ് നടപടി പിന്‍വലിക്കണമെന്ന് സിബിഐ ചൊവ്വാഴ്ച ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് മുമ്പാകെ വീണ്ടും അഭ്യര്‍ഥിച്ചു. ട്രിബ്യൂണല്‍ ഉത്തരവിന്റെ വെളിച്ചത്തില്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പുതിയ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസില്‍നിന്ന് ക്വട്ടറോച്ചിയെ ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
സിബിഐയുടെ അപേക്ഷ പരിഗണിച്ച കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

ക്വട്ടറോച്ചി കോഴ വാങ്ങിയെന്നും നികുതി ഈടാക്കണമെന്നുമുള്ള ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ പുതുമയില്ലെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്രയാണ് കോടതി മുമ്പാകെ വാദിച്ചത്. ട്രിബ്യൂണലിന്റെ കണ്ടെത്തലിനോട് സിബിഐക്ക് വിയോജിപ്പില്ല. സിബിഐയുടെ കുറ്റപത്രത്തില്‍ ട്രിബ്യൂണലിന്റെ കണ്ടെത്തലുകള്‍ പരാമര്‍ശിക്കുന്നുണ്ട്. കേസിന്റെ ന്യായാന്യായതകളിലേക്ക് കോടതി കടക്കേണ്ടതില്ല. സിബിഐയുടെ ഉത്തമവിശ്വാസം നോക്കിയാല്‍ മതി- മല്‍ഹോത്ര വാദിച്ചു.

മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ സിബിഐ നീക്കത്തെ കോടതിയില്‍ എതിര്‍ക്കുന്ന സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാള്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് അപേക്ഷിച്ചു. ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്ത് വിഷയത്തില്‍ പുനഃപരിശോധനയുണ്ടാകണം. സിബിഐയുടെ അപേക്ഷയില്‍ തിരക്കിട്ട് തീരുമാനം എടുക്കരുത്. ക്വട്ടറോച്ചിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും നടപടി അവസാനിപ്പിക്കാനാണ് സര്‍ക്കാരും സിബിഐയും താല്‍പ്പര്യപ്പെടുന്നത്- അഗര്‍വാള്‍ പറഞ്ഞു. ട്രിബ്യൂണല്‍ഉത്തരവിന്റെ പൂര്‍ണരൂപവും അഗര്‍വാള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
(എം പ്രശാന്ത്)

കേസ് തുടരണം: സിപിഐ എം

ന്യൂഡല്‍ഹി: ബൊഫോഴ്സ് കേസില്‍ ഇടനിലക്കാരായ ക്വട്ടറോച്ചിയും വിന്‍ഛദ്ദയും കൂടി 41.2 കോടിരൂപ കോഴ വാങ്ങിയെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിച്ച സാഹചര്യത്തില്‍ ബൊഫോഴ്സ് കേസ് മുന്നോട്ടു കൊണ്ടുപോകണമെന്നും കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ട്രിബ്യൂണലിന്റെ ഉത്തരവ് ഉന്നതങ്ങളില്‍ അഴിമതി നടന്നുവെന്നതിന്റെ തെളിവാണ്- പി ബി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാരെ വെറുതെ വിടാന്‍ അവസരമൊരുക്കുംവിധമാണ് കേസ് കൈകാര്യംചെയ്യുന്നത്. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ ഒരു നടപടിയും ഈ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഈയിടെ ഉയര്‍ന്ന വന്‍ അഴിമതിക്കേസുകള്‍ ശരിയാംവിധം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കണമെങ്കില്‍ വീഴ്ചയില്ലാതെ ബൊഫോഴ്സ് കേസ് അന്വേഷിക്കാന്‍ തയ്യാറാകണം- പി ബി ആവശ്യപ്പെട്ടു.

ദേശാഭിമാനി 050111

1 comment:

  1. അഴിമതി കോണ്‍ഗ്രസിന്റെ മറുപേരായി മാറിയതില്‍ ഗണ്യമായ പങ്കുവഹിച്ച ബൊഫോഴ്സ് കേസ് കാല്‍നൂറ്റാണ്ടിനുശേഷവും ആ പാര്‍ടിയെ പിന്തുടരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസിന്റെ അധികാരക്കുത്തക ഇല്ലാതാക്കിയതിലും നെഹ്റുകുടുംബം അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിലും ഈ സ്വീഡിഷ് പീരങ്കി ഇടപാടിനുള്ള പങ്ക് ചെറുതല്ല. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന അഴിമതി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയ ഗാന്ധിയെയാണ് ഏറെ വിഷമസന്ധിയിലാക്കുന്നത്.

    ReplyDelete