വിലക്കയറ്റം തടയുന്നതിനു സ്വീകരിക്കേണ്ട നടപടികളെകുറിച്ചു പ്രധാനമന്ത്രിയും ധനമന്ത്രിയും കൃഷിമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നതന്‍മാര്‍ മൂന്നു ദിവസം തലപുകഞ്ഞ് ആലോചിച്ചശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അടിയന്തിര നടപടികള്‍ ഉടനുണ്ടാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വിലക്കയറ്റം തടയാന്‍ യു പി എ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളുടെ സാമ്പിള്‍ അടുത്തദിവസം തന്നെ ജനങ്ങള്‍ക്ക് ബോധ്യമായി. പെട്രോള്‍വില ലിറ്ററിന് 2.70 രൂപ വര്‍ധിപ്പിച്ചു. ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലയും വീണ്ടും വര്‍ധിപ്പിക്കുമെന്ന് എണ്ണ കമ്പനികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചതിന്റെ ഒരു പ്രധാന കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയതാണ്. ഡീസലിന്റെ വില ആറുമാസം മുമ്പ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നു ചരക്കുകടത്തുകൂലി കൂടി. ലോറി ഉടമകള്‍ മാത്രമല്ല റയില്‍വേയും ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചു. അവശ്യസാധനങ്ങളുടെയെല്ലാം വിലയില്‍ ഇതു പ്രതിഫലിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഡീസലിന്റെയും മറ്റു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് ഇടതുപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും മാത്രമല്ല യു പി എയിലെ ഘടകകക്ഷികള്‍പോലും ആവശ്യപ്പെട്ടതാണ്. അതു പരിഗണിച്ചില്ലെന്നു മാത്രമല്ല അടിക്കടി വില വര്‍ധിപ്പിക്കുക എന്നത് യു പി എ സര്‍ക്കാര്‍ ഒരു നയമായി അംഗീകരിച്ചിരിക്കുകയുമാണ്.
പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞശേഷം കഴിഞ്ഞ ആറുമാസത്തിനകം അഞ്ചു തവണ എണ്ണ കമ്പനികള്‍ പെട്രോള്‍ വില കൂട്ടി. ഒരു വര്‍ഷത്തിനകം ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പതിമൂന്നു രൂപയോളം വര്‍ധനവാണുണ്ടായത്. ഒരു മാസത്തിനകം രണ്ട് തവണ വില ഉയര്‍ത്തി.
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുകൊണ്ട് എണ്ണ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നത് കാരണം വില അടിക്കടി വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് യു പി എ സര്‍ക്കാര്‍ പറയുന്നത്. എണ്ണ കമ്പനികളും സര്‍ക്കാരും പ്രചരിപ്പിക്കുന്ന കണക്കുകളില്‍ കള്ളക്കളികള്‍ ഏറെയുണ്ട്. നമുക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നില്ല. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് അന്തരാഷ്ട്ര വിപണിയിലെ വില ബാധകമല്ലെന്നു എല്ലാവര്‍ക്കും അറിയാം. ആഭ്യന്തര ഉല്‍പ്പാദനത്തിലും അന്താരാഷ്ട്ര വിപണിയിലെ വില കണക്കാക്കി പെട്രോള്‍ വില ഉയര്‍ത്തുകയാണ് എണ്ണ കമ്പനികള്‍ ചെയ്യുന്നത്. എണ്ണ ഖനന-സംസ്‌കരണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ പെട്രോള്‍ വില നയം സഹായം ചെയ്യുന്നത്.
പെട്രോളിന്റെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില്‍പന വിലയില്‍ പകുതിയും വിവിധ ഇനം തീരുവകളും നികുതികളുമാണ്. ഇറക്കുമതി ചുങ്കവും എക്‌സൈസ് തീരുവയും വില്‍പന നികുതിയും കുറച്ചാല്‍ വില വര്‍ധിപ്പിക്കാതെ തന്നെ എണ്ണ കമ്പനികളുടെ നഷ്ടം നികത്താന്‍ കഴിയും. മറ്റു പല രാജ്യങ്ങളും അവലംബിക്കുന്ന മാര്‍ഗം ഇതാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ പല രാജ്യങ്ങളും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കുകയാണ്. എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന വിയറ്റ്‌നാമില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള സബ്‌സിഡി ഗണ്യമായി വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ജനങ്ങളോട് ആഭിമുഖ്യമുള്ള ഗവണ്‍മെന്റുകള്‍ അവലംബിക്കുന്ന വഴി അതാണ്. ഇന്ത്യയില്‍ ജനങ്ങളുടെ താല്‍പര്യങ്ങളല്ല, വന്‍കിട മുതലാളിമാരുടെ താല്‍പര്യങ്ങളാണ് ഭരണാധികാരികള്‍ക്ക് പ്രധാനം. മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാകുന്ന വിലക്കയറ്റത്തില്‍ ഭരണാധികാരികള്‍ക്ക് ഒട്ടും ഉത്ക്കണ്ഠയില്ല. വിലക്കയറ്റം നിയന്ത്രിക്കുമെന്ന കോണ്‍ഗ്രസിന്റെയും യു പി എയുടെയും വാഗ്ദാനങ്ങള്‍ കപാട്യമാണെന്ന് പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി വ്യക്തമാക്കുന്നു.
പെട്രോളിന്റെ വിലനിയന്ത്രണം പിന്‍വലിച്ച നടപടി ഉടന്‍ റദ്ദാക്കിയില്ലെങ്കില്‍ ആഴ്ചതോറും വില ഉയരും. സര്‍ക്കാരും എണ്ണ കമ്പനികളും നടത്തുന്ന ഒത്തുകളി ജനങ്ങളുടെ ദുരിതം കൂട്ടും. പെട്രോളിനും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള തീരുവകളും നികുതികളും കുറയ്ക്കുകയും ചെയ്യണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ ജനകീയ സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടുവരണം. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തിന്റെ അവിഭാജ്യഘടകമായി ഈ സമരത്തെ കാണണം.
ജനയുഗം മുഖപ്രസംഗം 180111
വിലക്കയറ്റം തടയുന്നതിനു സ്വീകരിക്കേണ്ട നടപടികളെകുറിച്ചു പ്രധാനമന്ത്രിയും ധനമന്ത്രിയും കൃഷിമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നതന്‍മാര്‍ മൂന്നു ദിവസം തലപുകഞ്ഞ് ആലോചിച്ചശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അടിയന്തിര നടപടികള്‍ ഉടനുണ്ടാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വിലക്കയറ്റം തടയാന്‍ യു പി എ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികളുടെ സാമ്പിള്‍ അടുത്തദിവസം തന്നെ ജനങ്ങള്‍ക്ക് ബോധ്യമായി. പെട്രോള്‍വില ലിറ്ററിന് 2.70 രൂപ വര്‍ധിപ്പിച്ചു. ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലയും വീണ്ടും വര്‍ധിപ്പിക്കുമെന്ന് എണ്ണ കമ്പനികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ReplyDelete