Tuesday, January 18, 2011

സംഘപരിവാരത്തിന്റെ കൊലക്കത്തി വീണ്ടും

കല്യാശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

കണ്ണൂര്‍: കല്യാശേരി കോലത്തുവയലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘം ബോംബറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി. കോലത്തുവയലിലെ പുതിയപുരയില്‍ സോമന്റെ മകന്‍ പി പി മനോജി(23)നെയാണ് തിങ്കളാഴ്ച രാത്രി എട്ടിന് കാറിലെത്തിയ സംഘം ദാരുണമായി കൊലപ്പെടുത്തിയത്. സഹോദരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉടന്‍ പാപ്പിനിശേരി പിഎച്ച്സിയില്‍ എത്തിച്ചെങ്കിലും മനോജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ സിപിഐ എം പാപ്പിനിശേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ടോടെ സംസ്കരിക്കും.

മോറാഴ സര്‍വീസ് സഹകരണ ബാങ്കിന്റെ കോലത്തുവയല്‍ ശാഖക്ക് സമീപമുള്ള ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്നു മനോജും സുഹൃത്തുകളും. അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. അക്രമികള്‍ കറുത്ത ഇന്നോവ കാറിലാണ് എത്തിയത്. കാര്‍ ഓടിച്ചിരുന്നത് പാമ്പ് സുനിയെന്ന ബിജെപിക്കാരാനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മനോജിന്റെ കൂടെയുണ്ടായിരുന്ന സഹോദരന്‍ മഹേഷ്(21), രാഗേഷ് (26) എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. രാഗേഷിനെ എ കെ ജി ആശുപത്രിയിലും മഹേഷിനെ പാപ്പിനിശേരി പിഎച്ച്സിയിലും പ്രവേശിപ്പിച്ചു. അക്രമികള്‍ സഞ്ചരിച്ച കാര്‍ സൈക്കിള്‍ യാത്രക്കാരനായ റിജിലിനെയും ഇടിച്ചുവീഴ്ത്തി. മനോജിന്റെ തലയ്ക്കും കഴുത്തിനുമാണ് ആഴത്തില്‍ വെട്ടേറ്റത്. കോലത്തുവയലില്‍ ബാര്‍ബര്‍ ജോലി ചെയ്യുകയായിരുന്നു മനോജ്. ഡിവൈഎഫ്ഐ പാട്യം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ശ്യാമളയാണ് അമ്മ.

അക്രമത്തില്‍ പ്രതിഷേധിച്ച് കല്യാശേരി, പാപ്പിനിശേരി, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ, എം വി ജയരാജന്‍, കെ പി സഹദേവന്‍, ഒ വി നാരായണന്‍, ജെയിംസ് മാത്യു, പി കെ നാരായണന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി.

സംഘപരിവാരത്തിന്റെ കൊലക്കത്തി വീണ്ടും

കണ്ണൂര്‍: ജനതയുടെ സ്വാസ്ഥ്യം കെടുത്തി സംഘപരിവാരത്തിന്റെ കൊലക്കത്തി വീണ്ടും. ഒരുകാലത്തും രാഷ്ട്രീയ സംഘര്‍ഷങ്ങളില്ലാതിരുന്ന കല്യാശേരിയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണ് പുത്തന്‍പുരയില്‍ മനോജിന്റെ കൊലപാതകത്തിലൂടെ ആര്‍എസ്എസ് സംഘം നടത്തിയത്. അടുത്തകാലത്തായി ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ ഈ പ്രദേശത്തു നടത്തി. നവംബര്‍ ആദ്യവാരം കല്യാശേരിയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ കെ വി സ്മാരക മന്ദിരം ആക്രമിച്ചു. തിങ്കളാഴ്ചത്തെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോലത്തുവയല്‍ ക്ഷീരസംഘം ജീവനക്കാരന്‍ കെ വി രാഗേഷിന് നേരെ ഒരുമാസം മുമ്പാണ് സംഘപരിവാരം വധശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രാഗേഷ് ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാഗേഷിന്റെ വീട്ടില്‍കയറിയായിരുന്നു കൊലവിളി. അക്രമത്തിലൂടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനോജിനെ മാത്രമല്ല അക്രമികള്‍ ലക്ഷ്യംവച്ചിരുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

തിങ്കളാഴ്ച നടന്നതും ആസൂത്രിതമായ അക്രമമായിരുന്നു. ജോലികഴിഞ്ഞു വെയിറ്റിങ് ഷെല്‍ട്ടറില്‍ ഇരിക്കവേയാണ് കറുത്ത ഇന്നോവ കാര്‍ മനോജിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നിര്‍ത്തിയത്. കാറോടിച്ചിരുന്ന പാമ്പു സുനിയെന്ന ബിജെപി ക്രിമിനിലിനെ കണ്ടമാത്രയില്‍ ഇവര്‍ ചിതറിയോടി. ബോംബേറില്‍നിന്ന് രക്ഷപ്പെട്ട് തൊട്ടുപിന്നിലെ കടയിലേക്ക് ഓടിക്കയറിയ മനോജിനെ മുറിക്കകത്തിട്ടാണ് സംഘം തലങ്ങും വിലങ്ങും വെട്ടിയത്. അക്രമികള്‍ തുണികൊണ്ട് മുഖം മറച്ചാണ് എത്തിയത്. അക്രമം നടക്കുന്നതിനിടയില്‍ ബോംബെറിഞ്ഞു പരിഭ്രാന്തിപരത്തി. മനോജിന്റെ കഴുത്തിനാണ് മാരകമായ വെട്ടേറ്റത്. കൊലപാതകത്തില്‍ പരിശീലനം നേടിയവരാണ് കൊലനടത്തിയതെന്ന് മുറിവ് വ്യക്തമാക്കുന്നു. കാര്‍ ഓടിച്ച പാമ്പ് സുനിയെന്ന ബിജെപി ക്രിമിനല്‍ നിരവധി ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയാണ്. പാമ്പുപിടിത്തക്കാരനായ ഇയാള്‍ കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്ത് ഒമ്പതാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. ദരിദ്രകുടുംബത്തിന്റെ ആശ്രയമാണ് മനോജും അക്രമത്തില്‍ പരിക്കേറ്റ സഹോദരന്‍ മഹേഷും. ഇരുവരും ബാര്‍ബര്‍ തൊഴിലാളികളാണ്. തീര്‍ത്തും സമാധാനം നിലനില്‍ക്കുന്ന സ്ഥലത്തുണ്ടായ അരുംകൊലയില്‍ ജനങ്ങളാകെ പരിഭ്രാന്തിയിലായി. കൊലപാതകവിവരമറിഞ്ഞു നൂറുകണക്കിനാളുകള്‍ സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി.

പ്രകോപനമില്ലാതെയുള്ള അരുംകൊല: സിപിഐ എം


കണ്ണൂര്‍: ഒരു പ്രകോപനവുമില്ലാതെയാണ് കല്യാശേരി കോലത്തുവയലിലെ ആര്‍എസ്എസ് അരുംകൊലയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒരുപറ്റം ആര്‍എസ്എസ് ക്രിമിനല്‍ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സിപിഐ എം പ്രവര്‍ത്തകനായ മനോജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജോലികഴിഞ്ഞ് ബസ് ഷെല്‍ട്ടറില്‍ നില്‍ക്കുന്ന മനോജിനെയും സുഹൃത്തുക്കളെയും വാഹനത്തിലെത്തിയ ആര്‍എസ്എസ് സംഘമാണ് ആക്രമിച്ചത്. രാഗേഷ്, റിജിന്‍ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. കല്യാശേരി മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലമായി ആര്‍എസ്എസ് ബോധപൂര്‍വം കുഴപ്പം കുത്തിപ്പൊക്കുകയാണ്. നേരത്തെയും ഇതേപോലുള്ള ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു

CPI(M) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

കണ്ണൂരില്‍ RSS പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ CPI(M) പ്രവര്‍ത്തകന്‍ പി പി മനോജിന്റെ മൃതദേഹം കല്ല്യാശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്കാരം ഉച്ചയ്ക്കുശേഷം കോലത്തുവയലില്‍ നടക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാപ്പിനിശ്ശേരി, കണ്ണപുരം, കല്ല്യാശ്ശേരി, ചെറുകുന്ന് പഞ്ചായത്തുകളില്‍ CPI (M) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

മറ്റൊരു ആക്രമണം

കമ്പനിമെട്ട എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ്സുകാര്‍ തകര്‍ത്തു

പിണറായി: കമ്പനിമെട്ട എ കെ ജി സ്മാരക വായനശാല ആര്‍എസ്എസ്സുകാര്‍ തകര്‍ത്തു. ഞായറാഴ്ച രാത്രിയാണ് അക്രമം. വായനശാലയുടെ രണ്ടു വാതിലുകളും ജനലുകളും തകര്‍ത്തിട്ടുണ്ട്. ടിവി, ടിവി സ്റ്റാന്‍ഡ്, അലമാര, മേശ, ബെഞ്ച്, സ്റ്റൂള്‍, ഫാന്‍, ട്യൂബ്, ടൈംപീസ്, എ കെ ജിയുടെതടക്കം ഫോട്ടോകള്‍, ബോര്‍ഡുകള്‍, കൂറ്റന്‍ നക്ഷത്രം തുടങ്ങിവയും നശിപ്പിച്ചു. ചുമര്‍ നിറയെ ടാര്‍ ഒഴിച്ച് വൃത്തികേടാക്കി. സമീപത്തെ ബസ് വെയിറ്റിങ് ഷെഡിന്റെ ഓടുകള്‍ തകര്‍ക്കുകയും ഇരിപ്പിടം ടാര്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കി. പഞ്ചായത്തതിര്‍ത്തിയില്‍ സ്ഥാപിച്ച സ്വാഗത ബോര്‍ഡും നശിപ്പിച്ചു. പ്രേംജിത്ത്, മടയന്‍ പ്രനൂപ്, കുക്കു എന്ന ലിജിന്‍, വെല്‍ഡര്‍ സുരേഷ്, കൊത്തന്‍ ശ്രീജിത്ത്, കോട്ടത്തെ നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ യു പ്രേമന്‍, ധര്‍മടം എസ്ഐ സനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ദേശാഭിമാനി 180111

2 comments:

  1. കണ്ണൂര്‍: ജനതയുടെ സ്വാസ്ഥ്യം കെടുത്തി സംഘപരിവാരത്തിന്റെ കൊലക്കത്തി വീണ്ടും. ഒരുകാലത്തും രാഷ്ട്രീയ സംഘര്‍ഷങ്ങളില്ലാതിരുന്ന കല്യാശേരിയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണ് പുത്തന്‍പുരയില്‍ മനോജിന്റെ കൊലപാതകത്തിലൂടെ ആര്‍എസ്എസ് സംഘം നടത്തിയത്. അടുത്തകാലത്തായി ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ ഈ പ്രദേശത്തു നടത്തി. നവംബര്‍ ആദ്യവാരം കല്യാശേരിയിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ കെ വി സ്മാരക മന്ദിരം ആക്രമിച്ചു. തിങ്കളാഴ്ചത്തെ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോലത്തുവയല്‍ ക്ഷീരസംഘം ജീവനക്കാരന്‍ കെ വി രാഗേഷിന് നേരെ ഒരുമാസം മുമ്പാണ് സംഘപരിവാരം വധശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രാഗേഷ് ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാഗേഷിന്റെ വീട്ടില്‍കയറിയായിരുന്നു കൊലവിളി. അക്രമത്തിലൂടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനോജിനെ മാത്രമല്ല അക്രമികള്‍ ലക്ഷ്യംവച്ചിരുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

    ReplyDelete
  2. ആര്‍എസ്എസ് ഭീകരതയില്‍നിന്ന് കല്യാശേരിയെ സംരക്ഷിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണെന്നും സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കീച്ചേരിയില്‍ ഡിവൈഎഫ്ഐ യുവജനപരേഡിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജിന്റെ ജീവത്യാഗത്തില്‍നിന്ന് ആര്‍എസ്എസ് ഭീകരതക്കെതിരായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആര്‍എസ്എസ് ഭീകരസംഘടനയായി അധഃപ്പതിച്ചുവെന്ന് തെളിയിക്കുന്നു. സംഘപരിവാരം കൊട്ടിഘോഷിക്കുന്ന വിശ്വാസപ്രമാണങ്ങളോട് ആയിരത്തില്‍ അംശം ആത്മാര്‍ഥതയുണ്ടെങ്കില്‍ അയ്യപ്പഭക്തനായ ചെറുപ്പക്കാരനെ വെട്ടിക്കൊല്ലുമായിരുന്നില്ല. ചെറുപ്പക്കാരെ സമൂഹ്യവിരുദ്ധരാക്കി ലക്ഷ്യത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണ് സംഘപരിവാരം നടപ്പാക്കുന്നത്. കല്യാശേരിയിലെ മുഴുവന്‍ അക്രമങ്ങളുടെയും ഉത്തരവാദി ആര്‍എസ്എസ് മാത്രമാണ്- ജയരാജന്‍ പറഞ്ഞു.

    ReplyDelete