സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ശുപാര്‍ശചെയ്യുന്നതാണ് ജസ്റിസ് ആര്‍ രാജേന്ദ്രബാബു ചെയര്‍മാനായ ശമ്പള പരിഷ്കരണകമ്മിറ്റി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ശുപാര്‍ശകള്‍. പരിഷ്കരണം നടപ്പാക്കുമ്പോള്‍ 1965 കോടി രൂപ പ്രതിവര്‍ഷം അധികബാധ്യത വരുമെന്ന് കമീഷന്‍ കണക്കാക്കിയിട്ടുണ്ട്. വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കുകള്‍ 230 മുതല്‍ 1200 വരെ ശുപാര്‍ശചെയ്തിട്ടുണ്ട്. ശമ്പള ഫിക്സേഷന്‍ ഘട്ടത്തില്‍തന്നെ കുറഞ്ഞ വര്‍ധന 1104 രൂപയും കൂടിയത് 4490 രൂപയുമാണ്. സിറ്റി അലവന്‍സ്, വീട്ടുവാടക അലവന്‍സ് എന്നിവയും ഗണ്യമായി വര്‍ധിക്കുന്നു. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ശമ്പള സ്കെയില്‍ നല്‍കുന്നതുമൂലം അവര്‍ മെച്ചപ്പെട്ട പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ അലവന്‍സ് എന്നിവയ്ക്ക് അര്‍ഹത നേടും. പ്രസവാവധിക്കുപുറമെ കുട്ടിയെ പരിരക്ഷിക്കാന്‍ ഒരുവര്‍ഷംവരെ അവധിയും കുട്ടിക്ക് മൂന്നര വയസ്സാകുന്നതുവരെ ജോലിസമയത്തില്‍ ഇളവും ശുപാര്‍ശചെയ്തു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് 10 ദിവസം അവധി നല്‍കാനുള്ള ശുപാര്‍ശയും ഉണ്ട്.
ആനുകൂല്യങ്ങളുടെ ആകര്‍ഷകത്വത്തിനുമപ്പുറം സര്‍ക്കാരിന്റെ മനോഭാവമാണ് ഇവിടെ നിഴലിക്കുന്നത്. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സമരചരിത്രം പരിശോധിക്കുന്നവര്‍ക്ക് നിസ്സംശയം ബോധ്യപ്പെടുന്നതാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നിലപാടുകളിലെ അന്തരം. അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണ തത്വം സംരക്ഷിക്കാന്‍ 1973ല്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ 54 ദിവസം നീണ്ടുനിന്ന പണിമുടക്ക്, ജീവനക്കാരുടെ സമരചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ്. 10 വര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര ശമ്പളപരിഷ്കരണമെന്ന വാദമാണ് അന്നത്തെ സര്‍ക്കാര്‍ ഉയര്‍ത്തിയത്. അതിനെ പണിമുടക്കിലൂടെ ചെറുക്കാനും 5 വര്‍ഷ തത്വം സംരക്ഷിക്കാനും ജീവനക്കാരുടെ സംഘടിതശക്തിക്ക് കഴിഞ്ഞു. ശമ്പള കമീഷനെ നിശ്ചയിക്കണമെന്ന ആവശ്യം അന്നത്തെ ഐക്യമുന്നണി സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്തത്. അക്കാലത്തെ ശമ്പളപരിഷ്കരണം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതുപോലെയായിരുന്നു. ജീവനക്കാര്‍ക്കാകട്ടെ, ഒട്ടേറെ ദുരിതങ്ങള്‍ വര്‍ഷങ്ങളോളം പേറേണ്ടിവന്നു. അടിയന്തരാവസ്ഥയ്ക്കുശേഷവും ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യേണ്ടിവന്നു.
1982ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതുതന്നെയായിരുന്നു സ്ഥിതി. അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണത്തിന് കമീഷനെ നിശ്ചയിപ്പിക്കാന്‍, കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഉണ്ടായ കാലതാമസത്തിനെതിരെ, റിപ്പോര്‍ട്ട് നടപ്പാക്കിക്കിട്ടാന്‍, ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നു. 21 മാസത്തെ കുടിശ്ശിക നിഷേധിച്ചുകൊണ്ടാണ് ആ സര്‍ക്കാര്‍ ശമ്പളപരിഷ്കരണം നടപ്പാക്കിയത്. പിന്നീടുവന്ന യുഡിഎഫ് ഭരണകാലത്തും ഇതേ നില ആവര്‍ത്തിച്ചു. ശമ്പളപരിഷ്കരണത്തിനുവേണ്ടി പണിമുടക്കിയ ജീവനക്കാരെ പിരിച്ചുവിട്ടും തല്ലിച്ചതച്ചും അവകാശനിഷേധത്തിനു തുനിഞ്ഞു. 2002ല്‍ എ കെ ആന്റണിയാകട്ടെ, നിലവിലുള്ള ആനുകൂല്യങ്ങള്‍ തട്ടിപ്പറിക്കുകയാണ് ചെയ്തത്. 32 ദിവസം സമാനതകളില്ലാത്ത പണിമുടക്ക് ജീവനക്കാര്‍ നടത്തി. പണിമുടക്കും പ്രക്ഷോഭവുമില്ലാതെ ശമ്പളപരിഷ്കരണമോ ക്ഷാമബത്തയോ യുഡിഎഫ് ഭരണകാലത്ത് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എന്നപോലെ ശമ്പളപരിഷ്കരണം 5 വര്‍ഷത്തിലൊരിക്കല്‍ എന്നത് ഒരിക്കല്‍ക്കൂടി ഉറപ്പാക്കി. ശമ്പളപരിഷ്കരണ നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരുദിവസംപോലും കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവന്നില്ല. കമീഷന്റെ ഘടനയെപ്പറ്റിയോ അന്വേഷണ വിഷയങ്ങളെപ്പറ്റിയോ ഒരു ആക്ഷേപവും ഉണ്ടായില്ല. കമീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പരാതിയും ഉയര്‍ന്നുവന്നില്ല. നിശ്ചിത തീയതിക്കുതന്നെ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചു. 2009 ജൂലൈ 1 മുതല്‍ പ്രാബല്യവും ഉണ്ടായിരിക്കുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ പ്രത്യേകത. ശമ്പള പരിഷ്കരണം നടത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ തോത് ഇപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്നതാകും. ഫിക്സേഷന്‍ നടക്കുകയും പുതിയ സ്കെയില്‍ പ്രാബല്യത്തില്‍ വരികയും ചെയ്യുമ്പോള്‍ ചെലവ് വര്‍ധിക്കും എന്നതാണ് മുന്‍കാല അനുഭവം. പുതിയ സ്കെയിലിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്ഷാമബത്ത നിശ്ചയിക്കുമ്പോഴും ബാധ്യത ഉയരും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ക്ഷാമബത്ത വര്‍ധിക്കുന്നുണ്ട്.
നാനാഭാഗത്തുനിന്നുമുള്ള പ്രതിബന്ധങ്ങളെ തരണംചെയ്താണ് ഇത്തരമൊരു ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിളക്കമാര്‍ന്ന നയമാണ് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നത്. യുഡിഎഫ് സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നിലപാടാണ് ഇവിടെ താരതമ്യംചെയ്യപ്പെടുന്നത്. ഈ സമീപനത്തിന് ജീവനക്കാരില്‍നിന്ന് ഉചിതമായ പ്രതികരണം ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
സിവില്‍ സര്‍വീസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സര്‍ക്കാരാപ്പീസുകളിലെ ചുകപ്പുനാടയുടെയും, 'മുറപോലെ' രീതിയുടെയും പ്രയാസങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. ചെറുന്യൂനപക്ഷമെങ്കിലും കൈക്കൂലിവാങ്ങുന്ന ഒരു വിഭാഗം നാടിനു ശാപമായി നിലനില്‍ക്കുന്നു. ഓഫീസില്‍ സമയത്തിനെത്താതിരിക്കുക, എത്തിയാലും സീറ്റില്‍ കാണാതിരിക്കുക, സമീപിക്കുന്ന പൊതുജനങ്ങളോട് നീതി കാണിക്കാതിരിക്കുക, മോശമായി പെരുമാറുക തുടങ്ങിയ അരുതായ്മകള്‍ നിലനില്‍ക്കുന്നു എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടും സ്വകാര്യപ്രാക്ടീസ് ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഏതാനും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ നിലപാട് നാം കണ്ടതാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തബോധവും പ്രവര്‍ത്തനക്ഷമതയും ജനങ്ങളോട് പ്രതിബദ്ധതയും വേണ്ടതുണ്ട്. ശമ്പളകമീഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതിലും എതിര്‍ക്കുന്നതിലുമല്ല സേവനം കുറ്റമറ്റതാക്കുന്നതിനെയും പുഴുക്കുത്തുകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകളിലാണ് കാര്യം. അതാണ് ഇനി ക്രിയാത്മകമായി ഉയരേണ്ടത്. പരിമതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, ജീവനക്കാര്‍ക്ക് ഏറ്റവും ഉചിതമായ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ബന്ധം കാണിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഞങ്ങള്‍ ഹാര്‍ദമായി അഭിവാദ്യംചെയ്യുന്നു.
deshabhimani editorial 030111

ReplyDelete