Tuesday, January 4, 2011

മാധ്യമരംഗത്ത് അപചയം: എന്‍ റാം

കോര്‍പറേറ്റ്വല്‍ക്കരണവും പെയ്ഡ് ന്യൂസും മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകനും 'ദി ഹിന്ദു' എഡിറ്റര്‍ ഇന്‍ ചീഫുമായ എന്‍ റാം പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം വേണം. മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ 'മാധ്യമ പ്രവര്‍ത്തനം എങ്ങോട്ട്' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു റാം.

ധാര്‍മികതയും പ്രൊഫഷണല്‍ മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ എത്രമാത്രം പിന്നോട്ടുപോയി എന്നതിന്റെ ഉദാഹരണമാണ് റാഡിയ ടേപ്പ് കേസ്. ലോബികളും ഇന്ത്യന്‍ രാഷ്ട്രീയവുമായി മാധ്യമങ്ങള്‍ എത്രമാത്രം സന്ധിചെയ്യുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ നടപടിയുണ്ടാവുന്നുമില്ല. പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പെയ്ഡ് ന്യൂസ് സമ്പ്രദായം പ്രധാന വെല്ലുവിളിയാണ്. പല വിധത്തില്‍ പണം നല്‍കിയുള്ള വാര്‍ത്തകള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രസ് കൌണ്‍സില്‍പോലുള്ള സംവിധാനങ്ങള്‍പോലും നിസ്സഹായമാണ്. മാധ്യമങ്ങളുടെ പ്രതിബദ്ധത നഷ്ടപ്പെടുകയാണ്. വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജാഗ്രതയിലും അറിവുകള്‍ എത്തിക്കുന്നതിലും മാധ്യമങ്ങള്‍ പിന്നോട്ടുപോകുന്നു. മാധ്യമരംഗം ഉടച്ചുവാര്‍ക്കണമെന്ന മുറവിളി പാശ്ചാത്യ രാജ്യങ്ങളിലും ഉയരുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി മാധ്യമങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും വന്‍കിട കമ്പനികളുടെ പരസ്യം കിട്ടാതായി. പരസ്യവരുമാനം ഇടിഞ്ഞതോടെ മാധ്യമങ്ങള്‍ പ്രതിസന്ധിയിലാകുകയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചാണ് പല മാധ്യമങ്ങളും പ്രതിസന്ധി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇത് വാര്‍ത്താ ശേഖരണത്തിന്റെ വ്യാപ്തി കുറച്ചു. ക്രിയാത്മക ഇടപെടലുകള്‍ ഇടയ്ക്കിടെയുണ്ടായെങ്കിലും മുഖം രക്ഷിക്കാന്‍ പര്യാപ്തമായില്ല.

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ മാധ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചതോടെ ലോകമെങ്ങും വാര്‍ത്തകള്‍ സൌജന്യ ചരക്കാക്കി മാറുകയാണ്. സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചെങ്കിലും മാധ്യമങ്ങളുടെ പ്രചാരം കുറഞ്ഞില്ല. അതേസമയം, പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ധിക്കുകയായിരന്നു. പത്രങ്ങളുടെ പ്രചാരത്തില്‍ ഏഷ്യ ഏറെ മുന്നിലാണ്. ലോകത്താകെ വില്‍ക്കപ്പെടുന്ന പത്രങ്ങളുടെ 60 ശതമാനവും ചൈനയിലും ഇന്ത്യയിലുമായാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. അതേസമയം ഇന്റര്‍നെറ്റ് വാര്‍ത്തകളുടെ കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്-റാം പറഞ്ഞു.

ദേശാഭിമാനി 040111

1 comment:

  1. കോര്‍പറേറ്റ്വല്‍ക്കരണവും പെയ്ഡ് ന്യൂസും മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകനും 'ദി ഹിന്ദു' എഡിറ്റര്‍ ഇന്‍ ചീഫുമായ എന്‍ റാം പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കൂട്ടായ പരിശ്രമം വേണം. മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ 'മാധ്യമ പ്രവര്‍ത്തനം എങ്ങോട്ട്' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു റാം.

    ReplyDelete