Tuesday, January 4, 2011

മനുഷ്യമുഖമുള്ള നിയമം

കേരള നിയമസഭയുടെയും സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിന്റെയും ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് പുതിയ പൊലീസ് നിയമം പാസായത്. പൊലീസിനെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കാന്‍ കഴിയുംവിധം കാലാനുസൃതവും കുറ്റമറ്റതുമായ നിയമം അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരും അതിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അളവറ്റ അഭിനന്ദനം അര്‍ഹിക്കുന്നു.

1861ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പൊലീസ് നിയമത്തിന്റെ ചുവടുപിടിച്ചുള്ള 1961ലെ കേരള പൊലീസ് നിയമമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടായ പുരോഗതി, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച പുതിയ സമീപനങ്ങള്‍, ശാസ്ത്രീയമായ അന്വേഷണരീതികള്‍, പൊലീസിന്റെ സാമൂഹ്യ ഇടപെടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളാന്‍ ഈ നിയമം പര്യാപ്തമല്ല.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരമാണ് ഈസ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ഇന്ത്യയുടെ ഭരണമേറ്റെടുക്കാനും തുടര്‍ന്ന് 1861ല്‍ ഇവിടെ ഒരു പൊലീസ് നിയമം കൊണ്ടുവരാനും ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയ ഈ നിയമത്തെ പിന്‍പറ്റുന്ന 1961ലെ നിയമം സ്വാഭാവികമായും പൊലീസിനെ ജനദ്രോഹമുഖമുള്ള മര്‍ദനോപകരണമാക്കി നിലനിര്‍ത്താനുള്ള സാധ്യതകള്‍ നല്‍കി. കേരളം ഭരിച്ച വലതുപക്ഷ സര്‍ക്കാരുകള്‍ ഈ സാധ്യതയെ പരമാവധി ഉപയോഗിക്കുകയുംചെയ്തു.

ഇപ്പോള്‍ പാസാക്കിയ നിയമം മറ്റൊരു തലത്തിലുള്ളതാണ്. ഒരു സേവനമേഖലയെന്ന നിലയില്‍ പൊലീസിനെ ശാക്തീകരിച്ച് മനുഷ്യമുഖം നല്‍കാനുള്ള പരിശ്രമമാണത്. ധര്‍മവീര അധ്യക്ഷനായ ദേശീയ പൊലീസ് കമീഷന്‍, പ്രകാശ്സിങ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം, ദേശീയ മനുഷ്യാവകാശ കമീഷന്‍, റബിറോ കമീഷന്‍, സോറാബ്ജി കമീഷന്‍, ജസ്റിസ് കെ ടി തോമസ് കമീഷന്‍, ജസ്റിസ് കൃഷ്ണയ്യര്‍ കമീഷന്‍ തുടങ്ങിയവയുടെ ശുപാര്‍ശകള്‍ പുതിയ നിയമനിര്‍മാണത്തിന് വഴികാണിക്കുകയുണ്ടായി. പൊലീസ് ഭരണത്തിനും പൊലീസിനെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനും മറ്റും ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പുതിയ നിയമം ഊന്നല്‍നല്‍കുന്നു. അത്തരം സംവിധാനത്തില്‍ പൊതുസമൂഹത്തിന് സമ്മതരായ; നീതിനിര്‍വഹണ പാരമ്പര്യമുള്ള വ്യക്തികള്‍ക്ക് സ്ഥാനം നല്‍കാനും ഈ നിയമം വ്യവസ്ഥചെയ്യുന്നു. പ്രതിപക്ഷനേതാവിനെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സെക്യൂരിറ്റി കമീഷന്‍ രൂപീകരിച്ചതിലൂടെ ഉന്നതമായ ജനാധിപത്യബോധമാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. പൊലീസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ കംപ്ളയിന്റ് അതോറിറ്റി രൂപീകരിക്കും.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി കരുതാവുന്ന ജനമൈത്രി സുരക്ഷാപദ്ധതി അന്തര്‍ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമായ ഒന്നാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സുരക്ഷയ്ക്കായി ജനങ്ങളും പൊലീസും കൈകോര്‍ക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് നിയമപ്രാബല്യം ലഭിക്കും. പൊലീസ് കസ്റഡിയിലായ വ്യക്തികള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കസ്റഡി പീഡനങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് ഒട്ടേറെ നടപടി സ്വീകരിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഗ്രേഡ് പ്രൊമോഷന്‍പോലുള്ള ക്ഷേമനടപടികളെടുത്ത സര്‍ക്കാരിന്റെ ആ കാഴ്ചപ്പാട് നിയമത്തിലും പ്രതിഫലിക്കുന്നു. എട്ടു മണിക്കൂര്‍ ഡ്യൂട്ടിസമയവും ഒരേസ്ഥലത്ത് കുറഞ്ഞ സേവനകാലാവധിയും നിജപ്പെടുത്തിയത് ഇതിനുദാഹരണമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ നിയമത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

പൊലീസിന് ജനകീയമുഖം നല്‍കാനുള്ള ഇത്തരം മുന്‍കൈ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനേ കഴിയൂ. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന ഖ്യാതി കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് കേരളം കൈവരിച്ചുകഴിഞ്ഞു. ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നു. രജിസ്റര്‍ചെയ്ത കേസുകളുടെ എണ്ണം കൂടിയിരിക്കുമ്പോഴും കൊലപാതകം അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലുണ്ടായ കുറവ് കേരളത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് സംസ്ഥാനത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പൊലീസിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍ പലതും പൊട്ടിത്തകര്‍ന്നുപോയ കാലം കൂടിയാണിത്. ആലപ്പുഴ ജില്ലയില്‍ ഒരു യുവവ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം കേരള പൊലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്തിയതും ആ കണ്ടെത്തലിനെ നിരാകരിച്ചും അപഹസിച്ചും വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും സമീപ മാസങ്ങളിലാണ്. പൊലീസില്‍ വിശ്വാസം പോരാഞ്ഞ് സിബിഐയെ ആ കേസന്വേഷണം ഏല്‍പ്പിക്കുകയുണ്ടായി. കേന്ദ്ര ഏജന്‍സി മാസങ്ങളോളം അന്വേഷിച്ച് കണ്ടെത്തിയത്, കേരള പൊലീസ് മണിക്കൂറുകള്‍കൊണ്ട് കണ്ട കാര്യം തന്നെയാണ്. വിവാദ സ്രഷ്ടാക്കള്‍ക്ക് അതോടെ ഉള്‍വലിയേണ്ടിവന്നു. പൊലീസിന്റെ കര്‍മ്മശേഷിയും ജനങ്ങളോടുള്ള ആഭിമുഖ്യവും വളര്‍ത്തുക ഒരു നയമായിത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ആ നയത്തിന് ശക്തിപകരും വിധമാണ് പുതിയ നിയമം നടപ്പില്‍വരുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 040111

1 comment:

  1. കേരള നിയമസഭയുടെയും സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിന്റെയും ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് പുതിയ പൊലീസ് നിയമം പാസായത്. പൊലീസിനെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കാന്‍ കഴിയുംവിധം കാലാനുസൃതവും കുറ്റമറ്റതുമായ നിയമം അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരും അതിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അളവറ്റ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete