മന്ത്രിസഭാപുനഃസംഘടന ഉമ്മന്‍ചാണ്ടിക്ക് കയ്പും മുന്നറിയിപ്പും
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാപുനഃസംഘടന കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടിപക്ഷത്തിന് കയ്പും മുന്നറിയിപ്പും. പ്രവാസിവകുപ്പിനുപുറമെ, വ്യോമയാനത്തിന്റെ അധികച്ചുമതലകൂടി നല്‍കി വയലാര്‍ രവിക്കു ലഭിച്ചതും കെ സി വേണുഗോപാല്‍ കേന്ദ്രസഹമന്ത്രിയായതും കെ വി തോമസിന് സ്വതന്ത്രചുമതല ലഭിച്ചതും ആഭ്യന്തരസംഘര്‍ഷത്തില്‍ ഉലയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. ഈ മാറ്റങ്ങളൊന്നും ഉമ്മന്‍ചാണ്ടിയെ സന്തോഷിപ്പിക്കുന്നതല്ല.
ഇന്ദിര ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗമായിരുന്ന രവിക്ക് ഒന്നും രണ്ടും യുപിഎ മന്ത്രിസഭകളില്‍ ക്യാബിനറ്റ് പദവി ലഭിച്ചെങ്കിലും അപ്രധാനമായ പ്രവാസിവകുപ്പിലൊതുക്കുകയായിരുന്നു. ഇടയ്ക്ക് പാര്‍ലമെന്ററികാര്യവും ലഭിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ലഭിച്ച വ്യോമയാനം രവിയുടെ രാഷ്ട്രീയഭാവിയിലെ പ്രധാന ചുവടുവയ്പായി മാറിയേക്കാം. രവി തിളങ്ങിയാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനം സൃഷ്ടിക്കും. ഇതുകൂടി ഉദ്ദേശിച്ചാണ് രവിക്കുവേണ്ടി എ കെ ആന്റണിയും ദില്ലിയില്‍ സമ്മര്‍ദം ചെലുത്തിയത്. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ടീം ലീഡര്‍ ആരെന്ന പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിക്കു പകരക്കാരനായി വയലാര്‍ രവിയുടെ പേരും ശക്തമായി ഉയരാന്‍ മന്ത്രിസഭാപുനഃസംഘടന വഴി തെളിച്ചു. കെ സി വേണുഗോപാല്‍ കേന്ദ്രസഹമന്ത്രിയായപ്പോള്‍ വിശാല 'ഐ' ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല മധുരമായി ചിരിച്ച് ഉമ്മന്‍ചാണ്ടിയോട് പകരംവീട്ടി.
കുറേക്കാലമായി സംഘടനയ്ക്കുള്ളില്‍ നിനച്ചിരിക്കാത്ത പിന്നോട്ടടികളെ നേരിടുകയായിരുന്നു ചെന്നിത്തല. അടിക്കടി തോല്‍വിയായിരുന്നു. ഡിസിസി പങ്കുവയ്പ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പിണങ്ങുകയും സംഘടനാതെരഞ്ഞെടുപ്പ് പൊളിയുകയും ചെയ്തു. കെ.എസ്.യുവിന് പുറമെ, യൂത്ത്കോണ്‍ഗ്രസും പിടിച്ചടക്കി ഉമ്മന്‍ചാണ്ടി സംഘടനയ്ക്കുള്ളില്‍ തേരോട്ടം നടത്തി. ഈ തോല്‍വികള്‍ക്കു മധ്യേയാണ്, ചെന്നിത്തലയുടെ വലംകൈയായ വേണുഗോപാലിന് മന്ത്രിപദവി ലഭിച്ചത്. ഇത് കോണ്‍ഗ്രസിലെ ആഭ്യന്തരയുദ്ധത്തില്‍ ചെന്നിത്തലയ്ക്ക് ഊര്‍ജമായി. എന്‍എസ്എസിന്റെ പേരുപറഞ്ഞാണ് വേണുഗോപാലിന്റെ മന്ത്രിക്കസേര ഉറപ്പിച്ചത്. ഇതിന് ആന്റണിയുടെ സമ്മതവും ലഭിച്ചു. സ്വതന്ത്രപദവി ലഭിച്ച സഹമന്ത്രി കെ വി തോമസും ഉമ്മന്‍ചാണ്ടി പക്ഷക്കാരനല്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍, പി സി ചാക്കോ തുടങ്ങിയവരുമായി സഹകരിച്ച് നിലപാട് സ്വീകരിക്കുന്ന നേതാവാണ്. സോണിയ ഗാന്ധിയുമായുള്ള അടുപ്പമാണ് തോമസിന്റെ തുറുപ്പുചീട്ട്. ഇങ്ങനെ കേന്ദ്രമന്ത്രിസഭയില്‍ പുതിയ സ്ഥാനവും പദവിയും നേടിയ കേരളക്കാരെല്ലാം ഉമ്മന്‍ചാണ്ടിയുടെ പക്ഷക്കാരല്ല എന്നത് നാളെ 'എ' ഗ്രൂപ്പിന്റെ ഉറക്കം കെടുത്താന്‍ ഇടവരുത്തും.
(ആര്‍ എസ് ബാബു)
സോണിയയുടെ തണലില്‍ കെ വി തോമസിന് സ്വതന്ത്രപദവി
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ച് കെ വി തോമസ് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു. '10 ജന്‍പഥു'മായി തോമസിനുള്ള അടുപ്പംതന്നെയാണ് എല്ലാ ഗ്രൂപ്പ്, ജാതി സമവാക്യങ്ങളും മറികടന്ന് സ്വതന്ത്രപദവിയിലേക്ക് ഉയരാന്‍ വഴിയൊരുക്കിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ മറികടന്നായിരുന്നു തോമസ് 2009ല്‍ എറണാകുളത്ത് സീറ്റ് തരപ്പെടുത്തിയത്. കഷ്ടിച്ചാണ് ജയിച്ചതെങ്കിലും സോണിയയുടെ കടാക്ഷത്താല്‍ അനായാസം മന്ത്രിയായി. എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ജോലിഭാരത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ സ്വതന്ത്രപദവിയിലേക്ക് ഉയര്‍ന്നു. വിലക്കയറ്റം, ഭക്ഷ്യസുരക്ഷാബില്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കെ വി തോമസ് പറഞ്ഞു. പൊതുവിതരണം ശക്തിപ്പെടുത്തും. സ്വകാര്യ പങ്കാളിത്തത്തോടെ സംഭരണശേഷിയില്‍ വര്‍ധന വരുത്തേണ്ടതുണ്ട്. ഭക്ഷ്യധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലനിയന്ത്രിക്കുകയാണ് ലക്ഷ്യം. പച്ചക്കറികളുടെയും മറ്റും വിലകളുടെ കാര്യത്തില്‍ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. പൊതുവിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ഓഡിറ്റിങ് അടക്കം പല പദ്ധതിയും മനസ്സിലുണ്ട്. പൊതുവിതരണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
ദേശാഭിമാനി 200111
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാപുനഃസംഘടന കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടിപക്ഷത്തിന് കയ്പും മുന്നറിയിപ്പും. പ്രവാസിവകുപ്പിനുപുറമെ, വ്യോമയാനത്തിന്റെ അധികച്ചുമതലകൂടി നല്‍കി വയലാര്‍ രവിക്കു ലഭിച്ചതും കെ സി വേണുഗോപാല്‍ കേന്ദ്രസഹമന്ത്രിയായതും കെ വി തോമസിന് സ്വതന്ത്രചുമതല ലഭിച്ചതും ആഭ്യന്തരസംഘര്‍ഷത്തില്‍ ഉലയുന്ന കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. ഈ മാറ്റങ്ങളൊന്നും ഉമ്മന്‍ചാണ്ടിയെ സന്തോഷിപ്പിക്കുന്നതല്ല.
ReplyDelete