ചൂഷണരഹിതമായ ഒരു പുത്തന്‍ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജീവിതാന്ത്യം വരെ പ്രവര്‍ത്തിച്ച ഒരു കമ്യുണിസ്റ്റ് ആയിരുന്നു ഇ ബാലാനന്ദന്‍. ഒരു സാധാരണ തൊഴിലാളിയായി ജീവസന്ധാരണത്തിന് നിര്‍ധനകുടുംബത്തില്‍ നിന്നും പുറപ്പെട്ട ബാലാനന്ദന്‍ സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും സമുന്നതനേതൃത്വത്തിലേക്ക് ഉയര്‍ന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗം, സിഐടിയു അഖിലേന്ത്യാപ്രസിഡന്റ് എന്നീ പദവിയിലെത്തി. ഒരു പോരാളിയായാണ് തൊഴില്‍ രംഗത്ത് പ്രവര്‍ത്തിച്ചത്. തന്നോടൊപ്പം ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി അദ്ദേഹം കണ്ടു. പണിയെടുക്കുന്ന തൊഴിലാളികളെ ഉടമകള്‍ വെറും അസംസ്കൃതപദാര്‍ത്ഥമായി കണക്കാക്കിയിരുന്ന കാലമായിരുന്നു അത്.
ഏലൂരില്‍, വിദേശ ഉടമസ്ഥരുടെ സ്ഥാപനമായിരുന്ന ഇന്ത്യന്‍ അലൂമിനിയം കമ്പനിയിലാണ് ബാലാനന്ദന്‍ തൊഴിലെടുക്കാന്‍ തുടങ്ങിയത്. കമ്പനി മാനേജരായ സായ്പ് തൊഴിലാളികളോട് നിര്‍ദയമായാണ് പെരുമാറിയിരുന്നത്. ഇതിനെതിരെ പൊരുതുവാന്‍ കൂടെ ജോലിചെയ്യുന്നവരെ ധൈര്യപ്പെടുത്തി സ്വയം നേതൃത്വം നല്‍കി. വ്യക്തിപരമായി തനിക്ക് എന്തുസംഭവിക്കുമെന്നത് അപ്രധാനമായി കണക്കാക്കിക്കൊണ്ടുള്ളതായിരുന്നു പ്രവര്‍ത്തനം.
ആലുവ- ഏലൂര്‍ മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളി സംഘടന നിയോഗിച്ച എന്‍ കെ മാധവനും ആലുവ യു സി കോളേജിലെ വിദ്യാഭ്യാസകാലത്തുതന്നെ കമ്യൂണിസ്റ്റായി തീര്‍ന്നിരുന്ന കെ സി മാത്യുവും ആലുവ - ഏലൂര്‍ മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇവരുടെ പ്രവര്‍ത്തനവും നേതൃത്വവും ബാലാനന്ദനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
1948-49 കാലത്ത് നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയമവിരുദ്ധ അണ്ടര്‍ ഗ്രൌണ്ട് പ്രവര്‍ത്തനങ്ങളില്‍ അപകടകരവും നിര്‍ണായകവുമായ ചുമതലകള്‍ വഹിച്ചു. പി കൃഷ്ണപിള്ള, ഇഎംഎസ്, കെ സി ജോര്‍ജ്, എന്‍ സി ശേഖര്‍ തുടങ്ങിയ കേരളത്തിലെ പാര്‍ടി നേതാക്കളുടെ ഒളിവ് സങ്കേതമായിരുന്നു അന്ന് ആലുവ - ഏലൂര്‍ മേഖല. ഔപചാരികവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന തൊഴിലാളിയായ ബാലാനന്ദനില്‍ കുടികൊണ്ടിരുന്ന കഴിവുകളെ തേച്ചുമിനുക്കി ശക്തമായ ആയുധമാക്കി തീര്‍ത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
കേരളപ്പിറവിക്ക് മുന്‍പ് കൊച്ചി, തിരുവിതാംകൂര്‍ എന്നീ രാജ്യങ്ങള്‍ സംയോജിപ്പിച്ച് 1949 ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമാവുന്ന കാലത്ത് ബാലാനന്ദന്‍ ആലുവ ഡിവിഷന്‍ കമ്മറ്റിയിലംഗമായിരുന്നു. തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റിക്കു കീഴിലായിരുനു ഞാനുള്‍പ്പെടെയുള്ളവര്‍. 1953ല്‍ ഇടക്കൊച്ചിയില്‍വെച്ച് നടത്തപ്പെട്ട കോണ്‍ഫറന്‍സില്‍വെച്ചാണ് ഡിവിഷന്‍ കമ്മിറ്റിയിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അധികകാലം ചെല്ലുന്നതിനുമുമ്പ് ആലുവ ഡിവിഷന്‍ കമ്മിറ്റിയും തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റിയും സംയോജിപ്പിച്ച് ഒറ്റ കമ്മിറ്റിയാക്കി. ഈ കാലത്ത് ബാലാനന്ദനെ കൂടുതല്‍ അടുത്ത് അറിയുവാന്‍ ഇടയായി. സ്റ്റേറ്റിലാകെ അറിയപ്പെടുന്ന നേതാവായി ബാലാനന്ദന്‍ അക്കാലത്ത് വളര്‍ന്നുകഴിഞ്ഞിരുന്നു. ട്രേഡ് യൂണിയന്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് പലരും ഉണ്ടായിരുന്നുവെങ്കിലും, സംഘടിത വ്യവസായങ്ങളിലെ വിഷമകരമായ തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ഥനായിരുന്നു സഖാവ്. ജില്ലാകമ്മിറ്റി സെക്രട്ടറിയായിരുന്ന പി ഗംഗാധരന്‍, ജോര്‍ജ് ചടയന്മുറി, എന്‍ കെ മാധവന്‍, ടി എം അബു, കെ എ രാജന്‍ തുടങ്ങിയവരെല്ലാം ട്രേഡ് യൂണിയന്‍ രംഗത്തെ പ്രഗല്‍ഭന്മാരായ നേതാക്കളായിരുന്നു അക്കാലത്ത്.
കേരള അസംബ്ളിയിലും ലോക്സഭയിലും രാജ്യസഭയിലും മെമ്പറായി പ്രവര്‍ത്തിച്ച ബാലാനന്ദന്‍ തൊഴിലാളി വര്‍ഗത്തിന്റെ ശക്തനായ വക്താവാണെന്ന് ആ വേദിയിലെല്ലാം തെളിയിക്കുകയുണ്ടായി. പാര്‍ലമെന്റിനു വെളിയില്‍ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടങ്ങള്‍, അതിന് നിതാനമായ തൊഴില്‍ പ്രശ്നങ്ങള്‍, ഇവയെല്ലാം ജനപ്രതിനിധിസഭകളില്‍ ഫലപ്രദമായി ഉന്നയിക്കുകയും തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ സൂക്ഷ്മമായി പഠിച്ച് പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിക്കുന്ന സിപിഐ എം മെമ്പര്‍മാരില്‍ മുന്‍നിരക്കാരനായിരുന്നു ബാലാനന്ദന്‍. സിപിഐ(എം) പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറുമായിരുന്നു. വൈദ്യുതിരംഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പഠിച്ച് കൈകാര്യം ചെയ്തിരുന്ന ഒന്നാമനായിരുന്നു സാഖാവ് ബാലാനന്ദന്‍.
ഏഴാം ലോക്സഭയില്‍ (1980- 84) ഞങ്ങള്‍ ഇരുവരും അംഗങ്ങളായിരുന്നു. സുശീല ഗോപാലന്‍, ഇ കെ ഇമ്പിച്ചിബാവ, എ കെ ബാലന്‍ തുടങ്ങിയവര്‍ ലോക്സഭയിലും ഒ ജെ ജോസഫ് രാജ്യസഭയിലും കേരളത്തില്‍നിന്നുള്ള സിപിഐ എം മെമ്പര്‍മാരായിരുന്നു അന്ന്.
കേന്ദ്രഗവര്‍മെണ്ട് ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി സര്‍വീസ് മേഖലകളിലെ ജീവനക്കാരുടെ സംഘടനകള്‍ക്ക് ബാലാനന്ദന്‍ നേതൃത്വം നല്‍കിപ്പോന്നു. ഉപദേശങ്ങള്‍ക്കുവേണ്ടി ഈ സംഘടനകളുടെ ഭാരവാഹികള്‍ ബാലാനന്ദന്‍ താമസിച്ചിരുന്ന വി പി ഹൌസിലെ നിത്യസന്ദര്‍ശകരായിരുന്നു. ബാലാനന്ദനുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം സംതൃപ്തിയോടുകൂടിയാണ് അവര്‍ മടങ്ങിപ്പോയിരുന്നത്.
സിഐടിയുവിനെയും സിപിഐ എമ്മിനെയും പ്രതിനിധീകരിച്ച് സോവിയറ്റ് യൂണിയന്‍, ചൈന, വിയത്നാം, അള്‍ജീരിയ, ഇറാഖ് തുടങ്ങി പല രാജ്യങ്ങളിലെ കോണ്‍ഫറന്‍സുകളില്‍ ബാലാനന്ദന്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്.
നീണ്ടകാലത്തെ ജയില്‍വാസവും കൊടിയമര്‍ദനവും അദ്ദേഹം അനുഭവിച്ചു. തിരുവനന്തപുരം പൂജപ്പുര ജയിലില്‍ പുന്നപ്ര-വയലാര്‍ സമര സഖാകളോടൊപ്പമായിരുന്നു ജയില്‍വാസം. അവരോടൊപ്പം കൊടിയ മര്‍ദനത്തിനിരയായി. കൂടെ മര്‍ദനമേറ്റ സ. മുഹമ്മ അയ്യപ്പന്‍ അന്ത്യശ്വാസംവലിച്ചത് ബാലാനന്ദന്റെ സമീപം കിടന്നാണ്.
1965-66 കാലത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കല്‍ തടവുകാരനായി ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. സിപിഐ(എം) ജനറല്‍ സെക്രട്ടറി പി സുന്ദരയ്യ, പോളിറ്റ്ബ്യൂറോ മെമ്പറന്‍മാരായിരുന്ന എം ബസവപുന്നയ്യ, പി രാമമൂര്‍ത്തി, എകെജി, സുര്‍ജിത്ത് കേരള സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്‍, സെക്രട്ടറിയറ്റംഗം അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരും അന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു. സുശീല ഗോപാലന്‍, ടി കെ രാമകൃഷ്ണന്‍, എം കെ കൃഷ്ണന്‍, കെ എം എബ്രഹാം, ഇ എം ജോര്‍ജ്, വി വിശ്വനാഥമേനോന്‍, പപ്പന്‍ ചേട്ടന്‍ തുടങ്ങി പാലക്കാട്, തൃശൂര്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍നിന്നുള്ള നിരവധി സഖാക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തങ്കല്‍ തടവുകാരായിരുന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ഭിന്നിച്ച് സിപിഐ എം രൂപീകൃതമാകുന്നത് 1964ലാണല്ലോ. വ്യക്തികള്‍ തമ്മിലുള്ള മല്‍സരമല്ല പിളര്‍പ്പിലേക്ക് നയിച്ചത്. വന്‍കിടമുതലാളിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭരണകൂടത്തോടും അതിനുനേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സംഘടനയോടും സ്വീകരിക്കേണ്ട നയത്തെച്ചൊല്ലിയായിരുന്നു ഭിന്നത. അതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതൊന്നും ഈ ലേഖനത്തില്‍ വിശദീകരിക്കാന്‍ മുതിരുന്നില്ല. എന്നാല്‍ ഒരുകാര്യം എടുത്തുപറയയേണ്ടതായിട്ടുണ്ട്. അതായത്, 1964ല്‍ സിപിഐ എം രൂപീകൃതമാവുന്ന സന്ദര്‍ഭത്തില്‍ അംഗീകരിച്ച പരിപാടിയും നയസമീപനങ്ങളും തികച്ചും ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വളര്‍ന്നുവന്ന രാഷ്ട്രീയ സംഭവങ്ങളില്‍ സിപിഐ എം സ്വീകരിച്ച നിലപാടുകളും ശരിയായിരുന്നു എന്ന് അനുഭവങ്ങള്‍ തെളിയിച്ചു.
1964ല്‍ കല്‍ക്കട്ടയില്‍ നടന്ന 7-ാം പാര്‍ടി കോണ്‍ഗ്രസില്‍വെച്ച് തെരഞ്ഞെടുക്കപ്പെട്ട പുതിയ പൊളിറ്റ് ബ്യൂറോയുടെ ആദ്യയോഗം 1964 ഡിസംബര്‍ മാസം 30-ാം തീയതി തൃശ്ശൂരില്‍ ചേരാന്‍ നിശ്ചയിച്ചിരുന്നു. അതിനായി എത്തിയ സന്ദര്‍ഭത്തിലാണ് സുന്ദരയ്യ ഉള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ മെമ്പര്‍മാരെയാകെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഇന്ത്യ - പാക് യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ചൈന പാകിസ്ഥാനെ സഹായിക്കുകയാണെന്നും ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് പ്രവേശിച്ചാല്‍ സഹായിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് സിപിഐ എം കാരെന്നും അവര്‍ ചൈനീസ് ചാരന്മാരാണെന്നും ആയിരുന്നു പ്രചരിപ്പിച്ച ആരോപണം. അടിസ്ഥാനമില്ലാത്ത ആ ആരോപണം പ്രചരിപ്പിച്ചതിന്റെ ലക്ഷ്യം, സ്വന്തം രാജ്യത്തോട് കൂറില്ലാത്തവരാണ് സിപിഐ എംകാര്‍ എന്ന് പ്രചരിപ്പിച്ച് പാര്‍ടിയെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയെന്നതായിരുന്നു. 1965ല്‍ നടക്കാന്‍പോകുന്ന കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പാര്‍ടിയെ പരാജയപ്പെടുത്തി, സിപിഐ ആണ് പ്രധാന ശക്തിയെന്നു സ്ഥാപിക്കാമെന്നായിരുന്നു ലാക്ക്. കോണ്‍ഗ്രസ് നേത്വത്തിലുള്ള ഗവര്‍മെണ്ടിനെ പിന്താങ്ങിയിരുന്ന സിപിഐ ആണ് പിളര്‍പ്പിനെ തുടര്‍ന്നുള്ള വലിയ പാര്‍ടിയെന്നു സ്ഥാപിക്കേണ്ടത് സിപിഐയുടെ മാത്രമല്ല, കോണ്‍ഗ്രസിന്റെ താല്‍പര്യം കൂടിയായിരുന്നു.
നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രധാന പ്രവര്‍ത്തകരെ ജയിലിലടച്ച് പ്രവര്‍ത്തനം തടഞ്ഞെങ്കിലും ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സിപിഐ എം തന്നെയാണ് മഹാഭൂരിപക്ഷം മെമ്പര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ള കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് തെളിയുകയാണുണ്ടായത്. ജയിലിന് പുറത്തുണ്ടായിരുന്ന സഖാവ് ഇ എം എസ് തെരഞ്ഞെടുപ്പുകാലത്ത് അതിനുശേഷം ഉടലെടുത്ത രാഷ്ട്രീയ സ്ഥിതിഗതികളിലും പാര്‍ടിക്കുനേരെ ഉയര്‍ന്ന കടുത്ത വെല്ലുവിളിയെ നേരിടുന്നതില്‍ പ്രകടിപ്പിച്ച അതുല്യമായ കഴിവ് പാര്‍ടി ബന്ധുക്കളെയും ശത്രുക്കളെയും അക്ഷരാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റംവരെ സഞ്ചരിച്ച്, പാര്‍ടി കമ്മിറ്റികളില്‍ പങ്കെടുക്കുക, കൂടെ ചേരുവാന്‍ പറ്റുന്ന കക്ഷികളുമായി കൂടിയാലോചനകള്‍ നടത്തുക, എല്ലാ ദിവസവും ദേശാഭിമാനിയില്‍ ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി ലേഖനമെഴുതുക, എതിരാളികളുടെ കുപ്രചരണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കുക, പൊതുയോഗങ്ങളില്‍ പ്രസംഗിക്കുക തുടങ്ങി എല്ലാം ഇഎംഎസ് ഒറ്റയ്ക്ക് നിര്‍വഹിക്കുകയാണ് ചെയ്തത്. ഭക്ഷണവും ഉറക്കവും മിക്കവാറും സഞ്ചാരത്തിനിടയ്ക്കു കാറില്‍ തന്നെയായിരുന്നു.
താന്‍ നടന്നുപിന്നിട്ട വഴികള്‍ ബാലാനന്ദന്‍ സദാ ഓര്‍മിച്ചാണ് ജീവിച്ചത്. പാര്‍ടിയിലും ട്രേഡ് യൂണിയന്‍ രംഗത്തും സമൂഹത്തിലും തനിക്കുണ്ടായ ഉയര്‍ച്ചയും അംഗീകാരവും പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വിധേയപ്പെടുത്തിയ നേതാവായിരുന്നു. അപകര്‍ഷതബോധം തൊട്ടുതീണ്ടാത്ത, ആ വ്യക്തിത്വം എല്ലാവര്‍ക്കും മാതൃകയായിരുന്നു.
സിപിഐ എമ്മിന്റെ പാലക്കാട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലുണ്ടായ സംഭവങ്ങള്‍ ബാലാനന്ദനെ വളരെയേറെ വേദനിപ്പിച്ചിരുന്നു. ഏതുസന്ദര്‍ഭത്തിലുണ്ടാവുന്ന പ്രതിസന്ധിയേയും കമ്യൂണിസ്റ്റിനു ഉണ്ടാവേണ്ട സമചിത്തതയോടെയും തന്റേടത്തോടും കൂടി നേരിടുന്നതിനു അദ്ദേഹം ശ്രമിച്ചു. താന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി തീര്‍ന്നത് ഏത് ലക്ഷ്യ പ്രാപ്തിക്കായിരുന്നുവൊ, അത് ജീവിതാന്ത്യം വരെ ഉയര്‍ത്തിപ്പിടിച്ച സഖാവാണ് ബാലാനന്ദന്‍.
അവസാനകാലത്ത് വിഭാഗിയതയുടെ പശ്ചാത്തലത്തില്‍ തീക്ഷ്ണമായ വ്യത്യസ്ത അഭിപ്രായം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നുവെന്ന കാര്യം ഇവിടെ മറച്ചുവെയ്ക്കുന്നില്ല. പക്ഷേ അതൊരിക്കലും അന്യോന്യം പുലര്‍ത്തിപ്പോന്നിരുന്ന സ്നേഹത്തിനു ഭംഗം വരുത്തുവാന്‍ ഞങ്ങളിരുവരും ഇടയാക്കിയിരുന്നില്ല.
എം എം ലോറന്‍സ് ചിന്ത 210111
ചൂഷണരഹിതമായ ഒരു പുത്തന്‍ സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജീവിതാന്ത്യം വരെ പ്രവര്‍ത്തിച്ച ഒരു കമ്യുണിസ്റ്റ് ആയിരുന്നു ഇ ബാലാനന്ദന്‍. ഒരു സാധാരണ തൊഴിലാളിയായി ജീവസന്ധാരണത്തിന് നിര്‍ധനകുടുംബത്തില്‍ നിന്നും പുറപ്പെട്ട ബാലാനന്ദന്‍ സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും സമുന്നതനേതൃത്വത്തിലേക്ക് ഉയര്‍ന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോഅംഗം, സിഐടിയു അഖിലേന്ത്യാപ്രസിഡന്റ് എന്നീ പദവിയിലെത്തി. ഒരു പോരാളിയായാണ് തൊഴില്‍ രംഗത്ത് പ്രവര്‍ത്തിച്ചത്. തന്നോടൊപ്പം ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങള്‍ തന്റെ പ്രശ്നങ്ങളായി അദ്ദേഹം കണ്ടു. പണിയെടുക്കുന്ന തൊഴിലാളികളെ ഉടമകള്‍ വെറും അസംസ്കൃതപദാര്‍ത്ഥമായി കണക്കാക്കിയിരുന്ന കാലമായിരുന്നു അത്.
ReplyDeleteസാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങി വര്‍ഗ പ്രസ്ഥാനത്തിന്റെ പരമോന്നതവേദിവരെ ഉയര്‍ന്ന ഇ ബാലാനന്ദന് നാടിന്റെ സ്മരണാഞ്ജലി. കളമശേരിയില്‍ ബിടിആര്‍ മന്ദിരത്തിനുസമീപമുള്ള ബാലാനന്ദന്റെ സ്മൃതിമണ്ഡപത്തില്‍ രാവിലെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ എം സുധാകരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു ചേര്‍ന്ന അനുസ്മരണയോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍, മന്ത്രി എസ് ശര്‍മ, പയ്യപ്പിള്ളി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി.സരോജിനി ബാലാനന്ദന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ്മണി, എം ബി സ്യമന്തഭദ്രന്‍, വി പി ശശീന്ദ്രന്‍, പി എം ഇസ്മയില്‍, എം പി പത്രോസ്, ടി കെ മോഹനന്‍, കെ എ ചാക്കോച്ചന്‍, സാജുപോള്‍ എംഎല്‍എ, എ എം യൂസഫ് എംഎല്‍എ, സി കെ പരീത്, കെ എന്‍ ഗോപിനാഥ്, ഹെന്നി ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് പാതാളത്തു ചേര്‍ന്ന വന്‍ പൊതുയോഗം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. അനുസ്മരണദിനത്തോടനുബന്ധിച്ച് പാര്‍ടി ഒഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയര്‍ത്തി. ബാലാനന്ദന്റെ ചിത്രം കൊടി തോരണങ്ങളാല്‍ അലംകൃതമാക്കി. ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ നടന്ന അനുസ്മരണയോഗത്തില്‍ കെ എം സുധാകരന്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗങ്ങളും നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പതാക ഉയര്‍ത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ മാനേജര്‍ കെ വരദരാജന്‍ പതാക ഉയര്‍ത്തി.
ReplyDelete