Tuesday, January 18, 2011

നിറഞ്ഞ സംതൃപ്തിയോടെ ഓട്ടോ ഡ്രൈവറായി ഗിരിജ

തൃശൂര്‍: 'നാന്‍ ഓട്ടോക്കാരന്‍...ഓട്ടോക്കാരന്‍..., നാലും തെരിഞ്ച റൂട്ടുക്കാരന്‍...!' ഈ തമിഴ് സിനിമാ ഗാനം ആരും മറക്കാന്‍ ഇടയില്ല. എന്നാല്‍ ഈ ഗാനത്തെക്കുറിച്ചല്ല; തൃശൂരിന്റെ മുക്കും മൂലയും തെരിഞ്ച ഒരു വനിതാ ഓട്ടോഡ്രൈവറുണ്ട്. തൃശൂരിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവര്‍..! അയ്യന്തോള്‍ പുതൂര്‍ക്കര കുന്ന ത്തുള്ളി പുളിക്കല്‍ ഗിരിജാ സദാനന്ദന്‍. 4 വര്‍ഷമായി അയ്യന്തോള്‍ കോടതി പരിസരത്ത് ഓട്ടോ ഓടിക്കുന്ന ഗിരിജയ്ക്ക് തൃശൂരിലെ മുക്കും മൂലയും പരിചിതമാണ്.

ഒരു ജോലി തേടിയുള്ള ഏറെക്കാലത്തെ അലച്ചിലിനു ശേഷമാണ് ഗിരിജ ഓട്ടോ ഡ്രൈവറായി മാറിയത്. പല ജോലികളും ചെയ്തു. എന്നാല്‍ ഡ്രൈവറാകുക എന്നതായിരുന്നു ഗിരിജയുടെ നിയോഗം.

മുളങ്കുന്നത്തുകാവ് വെളപ്പായ സ്വദേശികളായ ശ്രീധരന്റെയും സരോജനിയുടെയും ഏഴു മക്കളില്‍ അഞ്ചാമത്തെയാളാണ് ഗിരിജ. വിവാഹശേഷം പൂതൂര്‍ക്കരയിലേക്ക് താമസം മാറ്റിയ ഗിരിജ പല ജോലിയും ചെയ്തു. ഒന്നിലും സംതൃപ്തിയില്ലാതെ വന്നപ്പോള്‍ ജോലികള്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സദാനന്ദനില്‍നിന്ന് ലഭിച്ച പ്രചോദനവും ആത്മവിശ്വാസവും മക്കളുടെ പിന്തുണയും ലഭിച്ചതോടെ ഓട്ടോയുമായി രംഗത്തിറങ്ങുകയായിരുന്നു. ആദ്യം അല്പം പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തൃശൂര്‍ നഗരത്തില്‍ ഓട്ടോയുമായി കുതിച്ചു പായാന്‍ ഗിരിജയ്ക്ക് ഭയമില്ല.

ജിവന്റെ വില ശരിക്കും അറിയുന്ന ഗിരിജ, ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുമുണ്ട്. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന യുവാവിനെ പുരുഷന്മാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സമൂഹത്തിനു തന്നെ  മാതൃകയായി. ഗിരിജ സംഭവം വിവരിക്കുന്നതിങ്ങനെ. കുറച്ചുനാള്‍ മുമ്പ് (തിയ്യതി കൃത്യമായി ഓര്‍മ്മയില്ല), ഐഎസ് കോളജ് പരിസരത്ത് റോഡില്‍ 20 വയസ്സ് തോന്നിക്കുന്ന കുട്ടി രക്തത്തില്‍കുളിച്ചു കിടക്കുന്നു. ഞാന്‍ അവിടെ വാഹനം നിര്‍ത്തി. കുട്ടിയെ ആശുപത്രിയിലാക്കാന്‍ പലരെയും സഹായത്തിനു വിളിച്ചു. ആദ്യം ആരും തന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. എന്റെ കരച്ചില്‍ കേട്ട് റോഡിന് തൊട്ടടുത്ത വീട്ടുടമസ്ഥനും ഞാനും കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 'കൃത്യസമയത്ത് എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു' ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ മനസിന് പറഞ്ഞറിയിക്കാന്‍വയ്യാത്ത സന്തോഷം. ദീപക് എന്നാണ് അവന്റെ പേര്. അവന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് എന്നും മനസിന് സന്തോഷം നല്‍കുന്നു.

അയ്യന്തോള്‍ കോടതി പരിസരത്ത് എപ്പോള്‍ വേണമെങ്കിലും ഗിരിജയെ കാണാം. യാത്രക്കാരോട് മാന്യമായി പെരുമാറുന്ന കാര്യത്തില്‍ ഗിരിജ മാതൃകയാണ്. ഏന്നാല്‍ സ്ത്രീയാണെന്ന് കരുതി ഓട്ടോ ചാര്‍ജ്ജ് കൊടുക്കുന്നതില്‍ തര്‍ക്കിക്കാന്‍ വരുന്നവര്‍ക്ക് ഗിരിജ ചുട്ട മറുപടിയും കൊടുക്കും. നാലുവര്‍ഷത്തെ ഓട്ടത്തിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഗിരിജയ്ക്കുണ്ടായിട്ടുണ്ട്.

എന്തായാലും ഓട്ടോഡ്രൈവര്‍ എന്ന നിലയില്‍ നിന്നു പിന്നോട്ടുപോകാന്‍ ഗിരിജ ഒരുക്കമില്ല. കുടുംബം സമാധാനത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാനുള്ളത് ലഭിക്കുന്നുണ്ടെന്നാണ് ഗിരിജയുടെ പക്ഷം.

ഓട്ടോ ഡ്രൈവറായിരുന്ന ഭര്‍ത്താവ് സദാനന്ദന്‍ ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷനിലെ താല്കാലിക ജീവനക്കാരനാണ്. മക്കള്‍: നിതിന്‍, നീതു. 

ജനയുഗം 120111

1 comment:

  1. 'നാന്‍ ഓട്ടോക്കാരന്‍...ഓട്ടോക്കാരന്‍..., നാലും തെരിഞ്ച റൂട്ടുക്കാരന്‍...!' ഈ തമിഴ് സിനിമാ ഗാനം ആരും മറക്കാന്‍ ഇടയില്ല. എന്നാല്‍ ഈ ഗാനത്തെക്കുറിച്ചല്ല; തൃശൂരിന്റെ മുക്കും മൂലയും തെരിഞ്ച ഒരു വനിതാ ഓട്ടോഡ്രൈവറുണ്ട്. തൃശൂരിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവര്‍..! അയ്യന്തോള്‍ പുതൂര്‍ക്കര കുന്ന ത്തുള്ളി പുളിക്കല്‍ ഗിരിജാ സദാനന്ദന്‍. 4 വര്‍ഷമായി അയ്യന്തോള്‍ കോടതി പരിസരത്ത് ഓട്ടോ ഓടിക്കുന്ന ഗിരിജയ്ക്ക് തൃശൂരിലെ മുക്കും മൂലയും പരിചിതമാണ്.

    ReplyDelete