Thursday, January 6, 2011

പ്രധാനമന്ത്രിയും വെട്ടില്‍

ബൊഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് സിബിഐ പിന്‍വലിക്കുന്നതിനെ മുമ്പ് ന്യായീകരിച്ച പ്രധാനമന്ത്രി ഇപ്പോള്‍ വെട്ടിലാകുന്നു. ക്വട്ട്റോച്ചിക്കെതിരായ കേസ് നീതീകരിക്കാനാകാത്തതാണെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി സ്പെക്ട്രം അഴിമതിയിലെന്നപോലെ ബൊഫോഴ്സ് കേസിലും കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

'ലോകം മുഴുവന്‍ കേസില്ലെന്ന് പറയുമ്പോഴും(ക്വട്ട്റോച്ചിക്കെതിരെ) നമ്മള്‍ ചില വ്യക്തികളെ ദ്രോഹിക്കുകയാണ്. ഇത് ഇന്ത്യന്‍ നിയമവ്യവസ്ഥയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടാക്കുക. ക്വട്ട്റോച്ചിക്കെതിരായ കേസ് കേന്ദ്രസര്‍ക്കാരിന് അലോസരമുണ്ടാക്കുന്നു. മലേഷ്യ, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്ന് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ, അവിടത്തെ കോടതികള്‍ പറഞ്ഞത് നമ്മുടെ വശം ശക്തമായ കേസില്ലെന്നാണ്. കേസ് ഇന്റര്‍പോളിന് വിടുന്നതിനു മുമ്പ് അവര്‍ ചോദിച്ചു; അദ്ദേഹത്തെ റെഡ് കോര്‍ണര്‍ നോട്ടീസില്‍പെടുത്തുന്നത് എന്തിനായിരുന്നുവെന്ന്. സ്വാഭാവികമായും നിയമമന്ത്രി(എച്ച് ആര്‍ ഭരദ്വാജ്) അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കേസ് അവസാനിപ്പിക്കാനായിരുന്നു ഉപദേശം'.

ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞ വാക്കുകളാണിത്. 2009 മെയ് മൂന്നിന് സിഎന്‍എന്‍-ഐബിഎന്‍ ടെലിവിഷന്‍ ചാനലിനോടാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

എന്നാല്‍, ആദായനികുതി ട്രിബ്യൂണലിന്റെ ഉത്തരവ് പ്രധാനമന്ത്രിയുടെ വാദഗതി തെറ്റാണെന്ന് തെളിയിക്കുന്നു. ക്വട്ട്റോച്ചിയും വിന്‍ഛദ്ദയും ഇടനിലക്കാരായിരുന്നുവെന്നും അവര്‍ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കോഴ കൈപ്പറ്റിയെന്നും കേന്ദ്രസര്‍ക്കാരിന്റെതന്നെ ട്രിബ്യൂണല്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേസില്‍ ഇടപെട്ട് അന്വേഷണത്തെ തടഞ്ഞ് അവസാനം തെളിവില്ലെന്നു പറഞ്ഞ് കുറ്റക്കാരെ വിടാനാണ് യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും തയ്യാറായതെന്ന് ഇതോടെ വ്യക്തമായി. സീസറിന്റെ ഭാര്യയെപ്പോലെ താനും സംശയത്തിന് അതീതനാകണമെന്ന് പറയുന്ന പ്രധാനമന്ത്രിയാണ് ഒരു ക്രിമിനലിനെ രക്ഷിക്കാന്‍ അതും പാര്‍ടിഅധ്യക്ഷ ഉള്‍പ്പെടുന്ന കുടുംബത്തെ രക്ഷിക്കാന്‍ കള്ളം പറഞ്ഞത്.

ദേശാഭിമാനി 060111

1 comment:

  1. ബൊഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് സിബിഐ പിന്‍വലിക്കുന്നതിനെ മുമ്പ് ന്യായീകരിച്ച പ്രധാനമന്ത്രി ഇപ്പോള്‍ വെട്ടിലാകുന്നു. ക്വട്ട്റോച്ചിക്കെതിരായ കേസ് നീതീകരിക്കാനാകാത്തതാണെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി സ്പെക്ട്രം അഴിമതിയിലെന്നപോലെ ബൊഫോഴ്സ് കേസിലും കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

    ReplyDelete