ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളോ കോഴയോ ഇല്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനും ഇറ്റലിക്കാരനായ ഒക്ടോവിയോ ക്വട്ട്റോച്ചിയെ രക്ഷിച്ചെടുക്കാനും കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും നടത്തിയ നിരന്തര ശ്രമങ്ങളെയാകെ നിഷ്ഫലമാക്കുന്നതാണ് ഇന്‍കംടാക്സ് ട്രിബ്യൂണലിന്റേതായി വന്ന പുതിയ വെളിപ്പെടുത്തല്‍. അന്തരിച്ച ആയുധ ദല്ലാള്‍ വിന്ഛദ്ദയ്ക്കും ഇറ്റലിക്കാരനായ ബിസിനസുകാരന് ക്വട്ട്റോച്ചിക്കുമായി നാല്‍പ്പത്തൊന്നു കോടി രൂപ ഇടനിലകമീഷനായി ഈ ഇടപാടില്‍ നല്‍കിയത് ട്രിബ്യൂണല്‍ രേഖാമൂലം സ്ഥിരീകരിച്ചിരിക്കുന്നു.
ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളോ ദല്ലാള്‍ കമീഷനോ ഇല്ല എന്ന് ആദ്യമായി പറഞ്ഞത് പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയാണ്. ബൊഫോഴ്സ് ഇടപാട്, അതുവരെ ഇന്ത്യ കണ്ട കുംഭകോണങ്ങളില്‍ ഒന്നാമത്തേതാണെന്ന് സ്വീഡിഷ് റേഡിയോ ലോകത്തെ അറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു രാജീവിന്റെ പ്രതികരണം. എന്നാല്‍, സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ രാജീവ് ഗാന്ധിയുടെ വാക്കുകളുടെ കള്ളി പൊളിച്ചുകൊണ്ട് ആ ആയുധ ഇടപാടിലെ കൊള്ള സ്ഥിരീകരിച്ചു. 1437 കോടിയുടെ തോക്കിടപാടില്‍ 143 കോടിയുടെ കോഴയുണ്ടെന്നാണ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ആഴ്ചകളോളം ക്ഷുഭിതമായി. സഭാ നടപടികള്‍ സ്തംഭിച്ചു. 'ഗലി ഗലി മേ ശോര്‍ ഹെ; രാജീവ്ഗാന്ധി ചോര്‍ ഹെ' എന്ന മുദ്രാവാക്യം ഇന്ത്യന്‍ ഗ്രാമനഗരങ്ങളിലാകെ മുഴങ്ങി. അങ്ങനെ ഇന്ത്യയാകെ പ്രതിഷേധത്തില്‍ ഉണര്ന്നെഴുന്നേറ്റപ്പോഴാണ് ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
പക്ഷേ, സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഹസനമാക്കാനുള്ള നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. സമിതിയുടെ പരിഗണനാ വിഷയങ്ങള്‍പോലും അന്വേഷണത്തെ അസാധ്യമാക്കുംവിധം പരിമിതപ്പെടുത്തി. വിദേശത്ത് വേരുകളുള്ള അഴിമതിയെക്കുറിച്ച് വിദേശത്തുപോയി തെളിവെടുക്കാനുള്ള അവസരംപോലും നിഷേധിച്ചു. ഈ വിധത്തില്‍ അന്വേഷണം പ്രഹസനമാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രധാന പ്രതിപക്ഷ പാര്‍ടികളെല്ലാം സമിതിയില്‍നിന്നു വിട്ടുനിന്നു. ഇതേത്തുടര്‍ന്ന്, മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ് അടക്കമുള്ള സഖ്യകക്ഷികളുടെ പ്രതിനിധികളെയും മറ്റും വച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ അന്വേഷണപ്രഹസനം മുന്നോട്ടുകൊണ്ടുപോയത്. ഈ ഘട്ടത്തിലൊക്കെ സര്‍ക്കാര്‍ സ്വീഡനിലെ അന്വേഷണത്തോട് നിസ്സഹകരിക്കുകയും ഇവിടത്തെ രേഖകള്‍ തേച്ചുമായ്ച്ചുകളയുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ ബൊഫോഴ്സ് കുംഭകോണം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാവുകയും പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപ്രചാരണം അതില്‍ കേന്ദ്രീകരിച്ചാവുകയുംചെയ്തു. അങ്ങനെ ബൊഫോഴ്സ് അഴിമതി കാരണംതന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
തുടര്‍ന്ന് അധികാരത്തില്‍ വന്ന വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണി സര്‍ക്കാരാണ്, സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ലെറ്റര്‍ റൊഗേറ്ററി അയച്ചും മറ്റും പ്രശ്നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ 91ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേസ് മന്ദീഭവിപ്പിക്കാനാണ് ആ സര്‍ക്കാര്‍ ശ്രമിച്ചത്. വിദേശകാര്യമന്ത്രി മാധവ്സിങ് സോളങ്കിയെ കേസ് അന്വേഷണം മന്ദീഭവിപ്പിക്കാനായി റാവു ജനീവയിലേക്കയച്ചു. അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന കത്ത് സോളങ്കി അവിടത്തെ സര്‍ക്കാരിനു കൈമാറി. അവിടത്തെ പത്രങ്ങള്‍ ആ കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടതോടെ, മാധവ്സിങ് സോളങ്കിക്ക് രാജിവയ്ക്കേണ്ടിവന്നു.
സ്വീഡനിലും സ്വിറ്റ്സര്‍ലന്‍ഡിലും അന്വേഷണത്തിലുണ്ടായ പുരോഗതി ബൊഫോഴ്സ് ഇടപാടിലെ ഇടനിലക്കാരായി ഓക്ടോവിയോ ക്വട്ട്റോച്ചി, വിന്‍ഛദ്ദ, ഹിന്ദുജ തുടങ്ങിയവരെ കണ്ടെത്തി. ഇവരുടെ വിദേശനിക്ഷേപങ്ങള്‍ കണ്ടെത്തി അത് മരവിപ്പിക്കുന്ന സ്ഥിതിയുണ്ടായി. മരവിപ്പിക്കപ്പെട്ട നിക്ഷേപങ്ങളിലൊന്ന് ലോട്ടസ് എന്ന പേരിലുള്ളതായിരുന്നു. ലോട്ടസ് എന്നത് രാജീവം എന്നതിന്റെ ഇംഗ്ളീഷ് പദമാണ്. ക്വട്ട്റോച്ചിയാകട്ടെ, സോണിയ ഗാന്ധിയുടെ അടുത്ത സുഹൃത്തും പ്രധാനമന്ത്രിവസതിയിലെ നിത്യസന്ദര്‍ശകനുമാണ്. അറസ്റുചെയ്യേണ്ട ഘട്ടത്തില്‍ ക്വട്ട്റോച്ചിയെ ഇന്ത്യവിട്ട് പോകാനനുവദിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ക്വട്ട്റോച്ചിയുടെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിക്കൊണ്ട്, പണമാകെ പിന്‍വലിച്ച് കൊണ്ടുപോകാന്‍ അയാള്‍ക്ക് അവസരം നല്കുകയുംചെയ്തു. സാം പ്രൊഗറ്റി, എ ഇ സര്‍വീസസ്, സ്വെന്‍സ്ക തുടങ്ങി നിരവധി കമ്പനികള്‍ ബൊഫോഴ്സ് ഇടപാടില്‍ ഉള്പ്പെട്ടിട്ടുള്ളതായുള്ള വിവരങ്ങള്‍ ദ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്നു. ഈ കമ്പനികള്‍ക്കു പിന്നിലുള്ളത് ഛദ്ദയും ക്വട്ട്റോച്ചിയും മറ്റുമാണെന്നതും വെളിപ്പെട്ടു. സ്വിസ് ബാങ്കില്‍നിന്ന് ക്വട്ട്റോച്ചി നിക്ഷേപം മാറ്റിയതടക്കമുള്ള വിവരങ്ങള്‍ 'ദ ഹിന്ദു'വില്‍ ചിത്രാസുബ്രഹ്മണ്യം പുറത്തുകൊണ്ടുവന്നു. ബൊഫോഴ്സ് കമ്പനിയുടെ പ്രസിഡന്റ് മാര്ട്ടിന് അര്ബ്സോയുടെ ഡയറിയില്‍ 'ക്യു' എന്നയാള്‍ 'ആര്' എന്നയാള്‍ക്ക് വേണ്ടപ്പെട്ടയാളായതുകൊണ്ട് 'ക്യു'വിനെ രക്ഷപ്പെടുത്തണം എന്നെഴുതിയത് പുറത്തുവന്നു. ക്യു ക്വട്ട്റോച്ചിയും ആര് രാജീവ്ഗാന്ധിയുമാണ് എന്നുവന്നു.
ബൊഫോഴ്സ് ഇടപാടിന്റെ അണിയറരഹസ്യങ്ങളാകെ പുറത്തുവന്നപ്പോള്‍ ക്വട്ട്റോച്ചിക്കെതിരെ തെളിവില്ലെന്നു ബോധിപ്പിച്ച് അയാളെ ഇന്ത്യയിലെ നിയമനടപടികളില്‍നിന്ന് മോചിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രശ്രമം നടത്തിയത്. ഇല്ല എന്ന് കോടതിയില്‍ ഇന്ത്യാഗവമെന്റ് സിബിഐയിലൂടെ ബോധിപ്പിച്ച തെളിവുകളാണിപ്പോള്‍ ആദായനികുതി ട്രിബ്യൂണല്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. 41 കോടിയുടെ കോഴ അയാള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും ഇതിന് ആദായനികുതി അടയ്ക്കണമെന്നും ട്രിബ്യൂണല്‍ പറയുന്നു.
എന്നാലിപ്പോഴും കേസ് തേച്ചുമായ്ച്ചുകളയാനും ക്വട്ട്റോച്ചിയെ രക്ഷിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കേസ് അവസാനിപ്പിക്കണമെന്നാണ് ട്രിബ്യൂണല്‍ വിധിക്കുശേഷവും സിബിഐ ചീഫ് മെട്രോപൊളിറ്റന്‍ കോടതിമുമ്പാകെ അഭ്യര്‍ഥിച്ചത്. ക്വട്ട്റോച്ചിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിന് ന്യായീകരണമില്ലത്രേ! തിങ്കളാഴ്ചത്തെ ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ ബൊഫോഴ്സ് അധ്യായം വീണ്ടും തുറക്കുകയാണ് കോടതി ചെയ്യേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അതിന് അനുകൂലമായ നിലപാട് എടുക്കില്ല എന്നത് വ്യക്തമാണ്.
സോണിയയുടെ സുഹൃത്തായ ക്വട്ട്റോച്ചിയെ ഇന്ത്യവിടാന്‍ അനുവദിച്ചതെന്തിന്? അയാളുടെ പേര് റെഡ് കോര്‍ണര്‍ ലിസ്റില്‍നിന്ന് നീക്കാന്‍ അഭ്യര്‍ഥിച്ച് സിബിഐ ഇന്റര്പോളിനെഴുതിയതെന്തിന്? അയാളുടെ നിക്ഷേപം യഥാസമയം മരവിപ്പിക്കാതിരുന്നതെന്തുകൊണ്ട്? അയാള്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ സിബിഐയെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചതെന്തിന്? ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസും സോണിയ ഗാന്ധിയും മന്‍മോഹന്‍സിങ്ങും ജനങ്ങളോട് ഉത്തരം പറയണം. 143 കോടി എന്നത് സ്പെക്ട്രത്തിലെ 1,76,000 കോടിയുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ അഴിമതിക്കാരുടെ ദൈനംദിന വരവുതുകമാത്രമാവാം. അവര്‍ക്ക് തുച്ഛമാവാം. പക്ഷേ, ഇന്ത്യന്‍ ജനതയ്ക്ക് അത് വലിയ തുകതന്നെയാണ്.
ദേശാഭിമാനി മുഖപ്രസംഗം 060111
ബൊഫോഴ്സ് ഇടപാടില്‍ ദല്ലാളോ കോഴയോ ഇല്ലായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനും ഇറ്റലിക്കാരനായ ഒക്ടോവിയോ ക്വട്ട്റോച്ചിയെ രക്ഷിച്ചെടുക്കാനും കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും നടത്തിയ നിരന്തര ശ്രമങ്ങളെയാകെ നിഷ്ഫലമാക്കുന്നതാണ് ഇന്‍കംടാക്സ് ട്രിബ്യൂണലിന്റേതായി വന്ന പുതിയ വെളിപ്പെടുത്തല്‍. അന്തരിച്ച ആയുധ ദല്ലാള്‍ വിന്ഛദ്ദയ്ക്കും ഇറ്റലിക്കാരനായ ബിസിനസുകാരന് ക്വട്ട്റോച്ചിക്കുമായി നാല്‍പ്പത്തൊന്നു കോടി രൂപ ഇടനിലകമീഷനായി ഈ ഇടപാടില്‍ നല്‍കിയത് ട്രിബ്യൂണല്‍ രേഖാമൂലം സ്ഥിരീകരിച്ചിരിക്കുന്നു.
ReplyDelete