'രംഗബോധമില്ലാത്ത കോമാളി'യെന്ന് മരണത്തെ ശപിച്ചത് ബര്‍ണാഡ്ഷായാണ്. എം ടി ഒരു കഥയില്‍ ഇതുദ്ധരിക്കുന്നുണ്ട്. മറ്റു പലരും ധാരാളമായി ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്.
മരണത്തിന് രംഗബോധമില്ലെങ്കിലും കോമാളികള്‍ അങ്ങിനെയല്ല. നല്ല രംഗബോധമുള്ളവരാണവര്‍.
സര്‍ക്കസ് അഭ്യാസിയുടെ അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം കാണികള്‍ വീര്‍പ്പടക്കി കണ്ടിരിക്കുന്നു. ഒരു പ്രകടനം കഴിഞ്ഞ് അടുത്ത പ്രകടനത്തിനിടയില്‍ കോമാളികളുടെ വരവാണ്. കാണികളുടെയും കളിക്കാരുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനും, അടുത്ത പ്രകടനത്തിനിടെ ഒരുക്കുന്ന രംഗസജ്ജീകരണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കോമാളികള്‍ കോമാളിത്തം കാട്ടുന്നത്. അഭ്യാസിയുടെ ഭാവഹാവാദികളുടെയും ശരീരചലനങ്ങളുടെയും ഹാസ്യാനുകരണമായിരിക്കും കോമാളികള്‍ നടത്തുന്നത്. കാണികളുടെ മടുപ്പൊഴിവാക്കാനും, അടുത്ത ഉദ്വോഗജനകമായ കാഴ്ചക്ക് തയ്യാറാക്കാനും തികഞ്ഞ രംഗബോധത്തോടെ നടത്തുന്ന ഹാസ്യാനുകരണമാണിത്.
'കളി'യിലെ അഴിമതിയില്‍ തുടങ്ങി, 2 ജി സ്പെക്ട്രം വരെയുള്ള അഴിമതി ആദര്‍ശമാക്കിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കണ്ട് അന്ധാളിച്ചുപോയ പാവം ജനങ്ങള്‍ക്കുമുന്നില്‍ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന 'കളി' തികഞ്ഞ രംഗബോധമുള്ള കോമാളികളുടെ കളി തന്നെ!
ജീവിക്കാനൊരു തൊഴിലിനുവേണ്ടി വഴിവിട്ട മാര്‍ഗം സ്വീകരിക്കുന്ന ഉദ്യോഗാര്‍ത്ഥി കാണിക്കുന്നതും തട്ടിപ്പുതന്നെയാണ്. അതേസമയം അയാള്‍ തട്ടിപ്പിന്റെ ഇരയുമാണ്. ജോലിക്കുവേണ്ടിയുള്ള ഈ ദാഹത്തെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരും ശിക്ഷാര്‍ഹരാണ്. തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും വെറുതെ വിട്ടു കൂട. ഇവരെല്ലാം ചേര്‍ന്ന്, പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയും സര്‍ക്കാരിനേയും കബളിപ്പിക്കുകയായിരുന്നു. പബ്ളിക് സര്‍വ്വീസ് കമ്മീഷനോ, മന്ത്രിയോ ഈ തട്ടിപ്പ് അറിയുന്നില്ല. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഈ തട്ടിപ്പിനെ 2ജി സ്പെക്ട്രം അഴിമതിയോടു സമീകരിക്കുന്ന തന്ത്രം നിര്‍ദോഷമായ കോമാളിത്തമല്ല, ജനങ്ങള്‍ക്കും രാഷ്ട്രത്തിനും നേരെ നടത്തുന്ന മറ്റൊരു തട്ടിപ്പാണ്. 2ജി സ്പെക്ട്രം അഴിമതിയില്‍ ആരെങ്കിലും സര്‍ക്കാരിനെ വഞ്ചിക്കുകയല്ല ചെയ്യുന്നത്. സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി സ്വന്തം സര്‍ക്കാരിനേയും ഈ നാട്ടിലെ ജനങ്ങളെയാകെയും കൊള്ളയടിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട 176000 കോടി രൂപയാണ് വന്‍കിട മുതലാളിമാര്‍ക്ക് സൂത്രത്തില്‍ ചോര്‍ത്തിക്കൊടുത്തത്. കിലോവിന് 2 രൂപ നിരക്കില്‍ 35 കിലോ അരി പ്രതിമാസം സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിലൂടെ യുപിഎ സര്‍ക്കാരിന്റെ കാലാവധി തീരുംവരെ കൊടുക്കാനാവശ്യമായ സംഖ്യ! സ്കൂളിലെത്താത്ത സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചതിന്റെ മൂന്നിരട്ടി...!! രോഗാതുരര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയില്‍ ആരോഗ്യമേഖലയ്ക്കു നീക്കിവെച്ച തുകയുടെ എട്ടിരട്ടി...!!! സമാനതകളില്ലാത്ത ഈ ഭീമാകാരമായ ക്രൂരതയെയാണ് ഒരു ചെറുസംഘത്തിന്റെ ഉദ്യോഗത്തട്ടിപ്പിനോട് സമീകരിക്കുന്നത്...! പരിഹാസ്യമായ ഈ കോമാളിത്തം തികഞ്ഞ 'രംഗബോധ'ത്തോടെയാണ് അരങ്ങേറുന്നത്.
ക്രിക്കറ്റ് കളിയിലെ (ഐപിഎല്‍) അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസിലെ തിരിമറി, കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കായ് പണിഞ്ഞ 'ആദര്‍ശ് ഫ്ളാറ്റ്' തട്ടിയെടുക്കല്‍, 2ജി സ്പെക്ട്രം അഴിമതി -ഭരണകക്ഷിയുടെ തനിനിറം ഒരിക്കല്‍ കൂടി വ്യക്തമാവുന്നു. ഭൂമിയിടപാടില്‍ കര്‍ണ്ണാടകത്തിലെ യദ്യൂരപ്പ സര്‍ക്കാരും ആടിയുലയുന്നു. മാധ്യമങ്ങള്‍ക്ക് മറച്ചുവെയ്ക്കാനാകാത്തവിധം കള്ളത്തരങ്ങള്‍ പുറത്തു ചാടുന്നു. രണ്ടു പ്രമുഖ ഭരണവര്‍ഗപ്പാര്‍ടികളും രംഗവേദിയില്‍ നഗ്നരാക്കപ്പെടുമ്പോള്‍ അവരെ രക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ അവസരമാണ് നിയമനത്തട്ടിപ്പ്. നിയമനത്തട്ടിപ്പുകൊണ്ട് പത്രത്തിന്റെ മുഖതാളുകളില്‍ വെണ്ടയ്ക്ക നിരത്തുന്നു. 2ജി സ്പെക്ട്രം ഉള്‍പേജിലേക്കു തള്ളപ്പെടുന്നു! ഹാ! എന്തൊരു മാധ്യമ നിഷ്പക്ഷത! എല്ലാവരും കള്ളന്മാര്‍! ഈ "കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായത്'' പാവം, മാധ്യമ സുഹൃത്തുകള്‍ക്കു മാത്രം!
ദരിദ്ര കോടികളുടെ അന്നവും, കുടിനീരും, അക്ഷരവെളിച്ചവുമായി മാറേണ്ടിയിരുന്ന 176000 കോടി രൂപ ടാറ്റയുടെയും റിലയന്‍സിന്റെയും മറ്റു 120 ഓളം കമ്പനികളുടെയും പോക്കറ്റിലെത്തുമ്പോള്‍ അതിന്റെ വിഹിതം മന്ത്രിമാര്‍ക്കും ഭരണകക്ഷിനേതാക്കള്‍ക്കും ലഭിക്കാതിരിക്കില്ല. ഒരു പങ്ക് നീരാറാഡിയ എന്ന സുന്ദരിയോടൊപ്പം അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി ചെയ്ത മാധ്യമസുഹൃത്തുക്കള്‍ക്കും ലഭിച്ചുകാണും. ഈ പകല്‍ക്കൊള്ളയ്ക്ക് അവസരമൊരുക്കിയത് അവരും കൂടിയാണല്ലോ. അതുകൊണ്ട് ജനശ്രദ്ധ തിരിച്ചുവിടേണ്ടത് അവരുടെ കൂടി ബാധ്യതയാണ്! രംഗബോധമില്ലാത്തവരല്ല, നമ്മുടെ മാധ്യമസുഹൃത്തുക്കള്‍!
പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ജനാധിപത്യമഹിമയെക്കുറിച്ച് ഒച്ചവെയ്ക്കാന്‍ ആയിരം നാക്കുള്ളവരാണ്, നമ്മുടെ മാധ്യമങ്ങള്‍! സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ക്കുശേഷവും ആഹാരവും കുടിനീരും ലഭിക്കാത്ത പട്ടിണിപ്പാവങ്ങളായി തുടരുന്ന ജനകോടികള്‍; അവരെ കബളിപ്പിച്ച് അളവറ്റ സമ്പത്ത് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നവര്‍. അതിലൂടെ നേടുന്ന കോടികളില്‍ ഒരംശം ഉപയോഗിച്ച് വോട്ടുകള്‍ വിലയ്ക്കുവാങ്ങി, വീണ്ടും അധികാരത്തിലെത്തുന്നു. ജനതയെ കൊള്ളയടിച്ചുണ്ടാക്കുന്ന കാശുകൊണ്ട് ജനതയെ വീണ്ടും കൊള്ളയടിക്കാനുള്ള ജനസമ്മതി വിലയ്ക്കു വാങ്ങുന്നു! ഇങ്ങിനെ ബൂര്‍ഷ്വാ ജനാധിപത്യം ജീര്‍ണിക്കുമ്പോള്‍, ജനശത്രുക്കളെ ചൂണ്ടിക്കാണിക്കേണ്ടവരാണ് ഈ നാലാം എസ്റ്റേറ്റുകാര്‍! അതിനുപകരം ജനങ്ങളുടെ മുന്നിലെത്തി കോമാളിത്തം കാട്ടി ചിരിപ്പിച്ച് അവര്‍ പറയുന്നു, എല്ലാവരും ഒരുപോലെ കള്ളന്മാരാണ്! നിങ്ങളെന്തു ചെയ്തിട്ടും കാര്യമില്ലു നിങ്ങള്‍ക്കുപോകാന്‍ ഒരു വഴിയുമില്ല...!
വഴിയടച്ചുനിന്ന് നിഷ്പക്ഷത നടിക്കുന്ന ഈ കോമാളികളോളം രംഗബോധം മറ്റാര്‍ക്കുണ്ട്!
ടി കെ നാരായണദാസ് ചിന്ത വാരിക 070111
സര്‍ക്കസ് അഭ്യാസിയുടെ അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം കാണികള്‍ വീര്‍പ്പടക്കി കണ്ടിരിക്കുന്നു. ഒരു പ്രകടനം കഴിഞ്ഞ് അടുത്ത പ്രകടനത്തിനിടയില്‍ കോമാളികളുടെ വരവാണ്. കാണികളുടെയും കളിക്കാരുടെയും മാനസിക പിരിമുറുക്കം കുറയ്ക്കാനും, അടുത്ത പ്രകടനത്തിനിടെ ഒരുക്കുന്ന രംഗസജ്ജീകരണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുമാണ് കോമാളികള്‍ കോമാളിത്തം കാട്ടുന്നത്. അഭ്യാസിയുടെ ഭാവഹാവാദികളുടെയും ശരീരചലനങ്ങളുടെയും ഹാസ്യാനുകരണമായിരിക്കും കോമാളികള്‍ നടത്തുന്നത്. കാണികളുടെ മടുപ്പൊഴിവാക്കാനും, അടുത്ത ഉദ്വോഗജനകമായ കാഴ്ചക്ക് തയ്യാറാക്കാനും തികഞ്ഞ രംഗബോധത്തോടെ നടത്തുന്ന ഹാസ്യാനുകരണമാണിത്.
ReplyDelete'കളി'യിലെ അഴിമതിയില്‍ തുടങ്ങി, 2 ജി സ്പെക്ട്രം വരെയുള്ള അഴിമതി ആദര്‍ശമാക്കിയവരുടെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കണ്ട് അന്ധാളിച്ചുപോയ പാവം ജനങ്ങള്‍ക്കുമുന്നില്‍ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നടത്തുന്ന 'കളി' തികഞ്ഞ രംഗബോധമുള്ള കോമാളികളുടെ കളി തന്നെ!