Friday, January 14, 2011

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സിപിഐ എം

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സിപിഐ എം പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: വിലക്കയറ്റം തടയേണ്ടത് യുപിഎ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമാണെന്നും അതു നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കയാണെന്നും സിപിഐ എം അഭിപ്രായപ്പെട്ടു. വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം ഘടകകക്ഷികളും മന്ത്രിമാരും പരസ്പരം പഴിചാരുകയാണെന്നും സിപിഐ എം മുഖവാരികയായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

കൂട്ടുകക്ഷി ഭരണം കാരണമാണ് വിലക്കയറ്റവും അഴിമതിയും തടയാന്‍ കഴിയാത്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പറയുമ്പോള്‍ കൃഷിമന്ത്രി അധ്യക്ഷനായ എന്‍സിപിയുടെ വക്താവ് പറയുന്നത് ഇറ്റലിയില്‍പ്പോലും കൂട്ടുകക്ഷി ഭരണം വിജയകരാമായി മുന്നേറുന്നുവെന്നാണ്. വിലക്കയറ്റം തടയാന്‍ പ്രധാന തീരുമാനം കൈക്കൊള്ളേണ്ടത് കൃഷിമന്ത്രിയാണെങ്കിലും ധനമന്ത്രാലയം, വാണിജ്യമന്ത്രാലയം റിസര്‍വ് ബാങ്ക് എന്നിവയ്ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആവശ്യവും വിതരണവും തമ്മിലുള്ള വ്യതാസം മാത്രമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്നു പറയാനാകില്ല. ഡല്‍ഹിയിലെ ആസാദ്പുര്‍ ചന്തയില്‍മാത്രം ഡിസംബര്‍ 20ന് 730 ടണ്‍ ഉള്ളിയാണ് എത്തിയതെങ്കില്‍ തൊട്ടടുത്ത ദിവസം അത് ഇരട്ടിയായി വര്‍ധിച്ചു. ഇതിന്റെ ഫലമായി ഉള്ളിയുടെ വില കിലോയ്ക്ക് 50 രൂപയായി കുറഞ്ഞെങ്കിലും ചില്ലറവില്‍പ്പന വില 80 രൂപയായി തുടര്‍ന്നു. പച്ചക്കറിയുടെ മൊത്ത വിലയില്‍ കഴിഞ്ഞവര്‍ഷംമാത്രം 67 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഉള്ളിയേക്കാള്‍ കോഴിയിറച്ചിക്ക് വിലക്കുറവാണിപ്പോള്‍.

ഫ്രഞ്ച് വിപ്ളവകാലത്ത് അപ്പം കിട്ടാത്തവര്‍ക്ക് കേക്ക് കഴിച്ചുകൂടേ എന്ന് ചോദിച്ച് ജനരോഷം ആളിക്കത്തിച്ച മേരി അന്റോയ്നറ്റ് ഇന്ത്യന്‍ അവസ്ഥ കണ്ട് സന്തോഷിക്കുമായിരിക്കും. ആദ്യം ഉള്ളികയറ്റുമതി പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ ക്ഷാമമുണ്ടായപ്പോള്‍ ഇറക്കുമതിക്കുള്ള നികുതികള്‍ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം പഞ്ചസാരയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ നയം കാരണം ഗുണം ലഭിച്ചതാകട്ടെ വ്യാപാരികള്‍ക്കും. ഇതിലുള്ള അഴിമതി ഭാവിയില്‍ വെളിപ്പെടും. അവധിവ്യാപാരം അനുവദിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം അവധിവ്യാപാരത്തില്‍ 57 ശതമാനം വര്‍ധനയുണ്ടായി. മൊത്തം 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് നടന്നത്. അവശ്യവസ്തുക്കളുടെ അവധി വ്യാപാരമാകട്ടെ ഒമ്പതു ലക്ഷം കോടിയും. അതിനാല്‍, ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന അവധി വ്യാപാരം നിരോധിക്കണം. സര്‍ക്കാര്‍ ഗോഡൌണുകളില്‍ നശിക്കുന്ന ഭക്ഷ്യധാന്യം റേഷന്‍വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും പെട്രോളിയം വിലവര്‍ധന പിന്‍വലിക്കുകയും വേണം. സ്പെക്ട്രം വില്‍പ്പനയിലെ അഴിമതി സംബന്ധിച്ച് സിഎജി നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെങ്കില്‍ എന്തിനാണ് മന്ത്രി രാജ മന്ത്രിസഭയില്‍നിന്ന് രാജിവച്ചതെന്നും സിപിഐ എം ചോദിച്ചു.

ദേശാഭിമാനി 140111

പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം ഇവിടെ

1 comment:

  1. ഫ്രഞ്ച് വിപ്ളവകാലത്ത് അപ്പം കിട്ടാത്തവര്‍ക്ക് കേക്ക് കഴിച്ചുകൂടേ എന്ന് ചോദിച്ച് ജനരോഷം ആളിക്കത്തിച്ച മേരി അന്റോയ്നറ്റ് ഇന്ത്യന്‍ അവസ്ഥ കണ്ട് സന്തോഷിക്കുമായിരിക്കും. ആദ്യം ഉള്ളികയറ്റുമതി പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ ക്ഷാമമുണ്ടായപ്പോള്‍ ഇറക്കുമതിക്കുള്ള നികുതികള്‍ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം പഞ്ചസാരയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ നയം കാരണം ഗുണം ലഭിച്ചതാകട്ടെ വ്യാപാരികള്‍ക്കും. ഇതിലുള്ള അഴിമതി ഭാവിയില്‍ വെളിപ്പെടും. അവധിവ്യാപാരം അനുവദിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം അവധിവ്യാപാരത്തില്‍ 57 ശതമാനം വര്‍ധനയുണ്ടായി. മൊത്തം 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് നടന്നത്. അവശ്യവസ്തുക്കളുടെ അവധി വ്യാപാരമാകട്ടെ ഒമ്പതു ലക്ഷം കോടിയും. അതിനാല്‍, ഊഹക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന അവധി വ്യാപാരം നിരോധിക്കണം.

    ReplyDelete