സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഏപ്രില്‍ 2ന് ഡെല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം, ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന് സംഭവിച്ച സമ്പൂര്‍ണ്ണ ധാര്‍മ്മികാധ:പതനത്തിലേക്കാണ് വെളിച്ചംവീശുന്നത്. കേവലം ഒരു മുന്‍മന്ത്രിയും ചില ഉദ്യോഗസ്ഥന്മാരും മൂന്ന് സ്വകാര്യ ടെലകോം കറക്കുകമ്പനികളും കൂടി ഗൂഢാലോചനനടത്തി, പൊതുമുതല്‍ തട്ടിയെടുത്ത്, ഏതാനും ആയിരംകോടികള്‍ രാജ്യത്തിനു നഷ്ടപ്പെടുത്തിയതു സംബന്ധിച്ച ക്രിമിനല്‍കേസു മാത്രമല്ല ഇത്. അത്തരമൊരു തട്ടിപ്പിനേക്കാള്‍ എത്രയോ വലിയ മാനങ്ങളുള്ള ഒരു കേസാണിത്.
ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ നഗ്നമായ ഈ പകല്‍ക്കൊള്ളയില്‍ കോര്‍പ്പറേറ്റ് കുത്തകകളും ഭരണക്കാരും തമ്മിലുള്ള പരസ്യമായ കൂട്ടുകെട്ട്, ബീഭത്സമായ ചങ്ങാത്ത മുതലാളിത്തം, പാര്‍ലമെന്റിനെപ്പോലും പുച്ഛിച്ചുതള്ളാനുള്ള ഭരണക്കാരുടെ ധിക്കാരം, കൊള്ള ചെയ്യുമ്പോള്‍ പിടിക്കപ്പെട്ടാല്‍പോലും തെല്ലും ഉളുപ്പില്ലായ്മ, രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ (എന്ന് കണക്കാക്കപ്പെടുന്ന) അന്വേഷണ ഏജന്‍സിയെപ്പോലും തങ്ങളുടെ റബ്ബര്‍സ്റ്റാമ്പാക്കി മാറ്റാന്‍ ഭരണവര്‍ഗ്ഗങ്ങളും അതിന് അടിപണിയാന്‍ സിബിഐയും കാണിക്കുന്ന മെയ്വഴക്കം, പരമോന്നത കോടതിയായ സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും കാണിക്കുന്ന ചങ്കൂറ്റം, കോര്‍പ്പറേറ്റ്-ഭരണവര്‍ഗ്ഗ കുത്തക മാധ്യമങ്ങള്‍ തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ട്, ഭരണവര്‍ഗ്ഗത്തിന്റെ നെറികേടുകളെ വെള്ളപൂശാനുള്ള കുത്തക മാധ്യമങ്ങളുടെ വ്യഗ്രത-ഇങ്ങനെ ഭരണവര്‍ഗ്ഗങ്ങളും നിഷ്പക്ഷത കൈവെടിഞ്ഞ സിബിഐയും കൊള്ളയില്‍ പങ്കുപറ്റുന്ന കുത്തക മാധ്യമങ്ങളും എല്ലാം സമഗ്രമായ അധഃപതനത്തിലേക്ക് അപകടകരമായ വിധത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് 2 ജി സ്പെക്ട്രം അഴിമതിക്കേസ് വെളിപ്പെടുത്തുന്നത്. ഈ അഴിമതിയുടെ ആരംഭംതൊട്ടുള്ള ഓരോ നടപടിയിലും നീക്കത്തിലും ഇതിന്റെ തെളിവുകള്‍ കാണാം. തല്‍ക്കാലം ഒരേയൊരാശ്വാസം, സുപ്രീംകോടതി ഇക്കാര്യത്തില്‍ ആര്‍ജവത്തോടെ ഇടപെടുന്നുവെന്നതുമാത്രമാണ്.
ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടിയ നിയന്ത്രണത്തില്‍നിന്ന് "മോചനം'' നേടിയ മന്‍മോഹന്‍സിങ്ങിന്റെ ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും ചെയ്തുകൂട്ടിയ അഴിമതി പരമ്പരകളില്‍ എല്ലാംകൊണ്ടും ഒന്നാംസ്ഥാനം 2 ജി സ്പെക്ട്രം അഴിമതിക്കുതന്നെയാണ്. കൊള്ളനടന്ന 2008 ആദ്യംതന്നെ ഇതിന്റെ ഗൌരവത്തെക്കുറിച്ച് ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ (എം), പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ അറിയിച്ചിരുന്നതാണ്. സ്പെക്ട്രം ലഭിക്കാത്ത ചില കമ്പനികളുടെ ആക്ഷേപവും ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കുറ്റാരോപണവും എല്ലാം ഉണ്ടായിട്ടും, യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന് പ്രധാനമന്ത്രിയും, താന്‍ ചെയ്തതെല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് അന്നത്തെ ടെലകോം വകുപ്പുമന്ത്രി എ രാജയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ അന്വേഷണം ആരംഭിച്ച സിബിഐ ഭരണസ്വാധീനത്തിനു വഴങ്ങി, അഴിമതിക്കുമേല്‍ ഒന്നര കൊല്ലത്തോളംകാലം അടയിരുന്നു. ഒടുവില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും സിബിഐയേയും വീണ്ടും വീണ്ടും നിശിതമായി വിമര്‍ശിക്കുകയും അന്വേഷണത്തിന്റെ മേല്‍നോട്ടം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനുശേഷമാണ് സിബിഐയുടെ അന്വേഷണത്തിന് ജീവന്‍വെച്ചത്. സിബിഐയുടെ അന്വേഷണത്തിന് കൂച്ചുവിലങ്ങിട്ടിരുന്നതും മന്‍മോഹന്‍ സര്‍ക്കാര്‍ തന്നെയായിരുന്നവെന്ന് അതോടെ തെളിയുകയും ചെയ്തു. സുപ്രീംകോടതിക്കും അത് ബോധ്യപ്പെട്ടിരുന്നു.
എന്നിട്ടും അഴിമതി നടന്നിട്ടില്ല എന്നും രാജ കുറ്റക്കാരനല്ലെന്നും വാദിക്കാനാണ് പ്രധാനമന്ത്രി പ്രത്യേകം താല്‍പര്യമെടുത്തത്. മന്ത്രി രാജ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് ടെലകോം വകുപ്പിന്റെ ചുമതലയേറ്റ കപില്‍സിബലാകട്ടെ, ഒരു പടികൂടി കടന്ന്, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് കള്ളമാണെന്നും രാജ്യത്തിന് ഒരൊറ്റ പൈസയും നഷ്ടം വന്നിട്ടില്ലെന്നും പരസ്യമായി പ്രസ്താവിച്ചു. ബൂര്‍ഷ്വാ പത്രങ്ങള്‍ അതേറ്റുപാടി. ഒടുവില്‍ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ പറഞ്ഞത് പച്ചക്കള്ളമായിരുന്നുവെന്നും രാജ്യത്തെ 121 കോടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും അവര്‍ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമായി.
എന്നാല്‍ ഇതുകൊണ്ട്, കള്ളന്മാരെല്ലാം അകത്താകും എന്നതിന് യാതൊരു ഉറപ്പുമില്ല. ഭരണകക്ഷിയോടുള്ള സിബിഐയുടെ രാഷ്ട്രീയ വിധേയത്വവും പക്ഷപാതിത്വവും ഈ കുറ്റപത്രത്തില്‍ത്തന്നെ പ്രകടമായി കാണാം. വളരെ ദുര്‍ലഭമായ 2 ജി സ്പെക്ട്രത്തിന്റെ ലൈസന്‍സ് ലേലം വിളിക്കാതെ ആദ്യം വന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന നടപടി സ്വീകരിക്കുക, 2007 ഒക്ടോബര്‍ 1നുമുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം എന്ന് 2007 സെപ്തംബര്‍ 24ന് പ്രഖ്യാപനമിറക്കുക, തങ്ങള്‍ക്ക് വേണ്ടവരെ ആദ്യം തന്നെ അറിയിക്കുക, പ്രഖ്യാപനമിറക്കിയതിന്റെ പിറ്റേദിവസം (സെപ്തംബര്‍ 25ന്) അപേക്ഷകള്‍ ക്ളോസ്ചെയ്തതായി അറിയിക്കുക, കിട്ടിയ അപേക്ഷകരില്‍ത്തന്നെ തങ്ങള്‍ക്കുവേണ്ടപ്പെട്ടവര്‍ക്ക് മാത്രം (അവര്‍ പ്രഖ്യാപിത നിബന്ധനയനുസരിച്ച് അര്‍ഹതപ്പെട്ടവരല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ) ലൈസന്‍സ് നല്‍കുക, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ ബിനാമികളടക്കമുള്ള തട്ടിപ്പുകമ്പനികള്‍ക്ക് നിസ്സാരവിലയ്ക്ക് ലൈസന്‍സ് വില്‍ക്കുക, അതുവഴി പൊതുമുതല്‍ കൊള്ളചെയ്ത് കുത്തകകള്‍ക്ക് കാഴ്ചവെയ്ക്കുക, അതില്‍നിന്ന് വന്‍ തുക കമ്മീഷനടിക്കുക എന്നിങ്ങനെ രാജയും കൂട്ടരും നടത്തിയ എല്ലാ കള്ള കച്ചവടങ്ങള്‍ക്കും ഒത്താശചെയ്തുകൊടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ, മന്ത്രിസഭയുടെ ടീം ക്യാപ്റ്റനെ, കുറ്റത്തില്‍നിന്ന് സിബിഐ വളരെ ബോധപൂര്‍വ്വം ഒഴിവാക്കിയതാണ് ഒന്നാമത്തെ കാര്യം. കുററക്കാരെ കണ്ടുപിടിക്കുകയാണ് സിബിഐയുടെ പ്രാഥമികമായ ചുമതല. ഏതെങ്കിലും ചിലര്‍ക്ക് കുറ്റക്കാരല്ലെന്ന "ക്ളീന്‍'' ചിറ്റുകൊടുത്ത് തുടക്കത്തിലേ ഒഴിവാക്കുകയല്ല. പ്രധാനമന്ത്രിയെ രാജ "തെറ്റിദ്ധരിപ്പിച്ചതാണെന്നും'' മറ്റുമുള്ള ന്യായവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് മന്‍മോഹന്‍സിങ്ങിനെ കുററവിമുക്തനാക്കുന്ന സിബിഐ, അദ്ദേഹത്തിനെതിരായ നിരവധി തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ടെലകോം വകുപ്പില്‍ അവിഹിത നടപടികളാണ് നടക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിതന്നെ ടെലകോം മന്ത്രിക്കെഴുതിയ കത്തുകളും സിപിഐ (എം) നേതാക്കള്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തുകളും ലൈസന്‍സ് കിട്ടാത്ത (അര്‍ഹതപ്പെട്ട) കമ്പനികളുടെ ആരോപണങ്ങളും എല്ലാം തെളിവായി ഉണ്ടായിട്ടും പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കാന്‍ സിബിഐ കാണിച്ച ധൃതി സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി തന്റെ മന്ത്രിസഭയില്‍ ഒരംഗം നടത്തിയിട്ടും താനൊന്നും അറിഞ്ഞില്ല എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, 121 കോടി ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും സിബിഐ കാണിക്കുന്ന ഇതേ രാഷ്ട്രീയ വിധേയത്വത്തിന്റെ മറ്റൊരു മുഖമാണ്, ഡിഎംകെയോടും ആ പാര്‍ടിയുടെ നേതൃത്വത്തോടും ഈ അന്വേഷണ ഏജന്‍സി കാണിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാര്യം. രാജ എന്നത് ഡിഎംകെയുടെയും കരുണാനിധിയുടെയും ഡമ്മി മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. കരുണാനിധിയുടെ കുടുംബത്തിന്റെ വകയായ കലൈഞ്ജര്‍ ടിവിക്ക് പെട്ടെന്നൊരുദിവസം 200 കോടി രൂപ നല്‍കുന്ന സിനിയുഗ് ഫിലിംസ് എന്ന കമ്പനിക്ക് റിലയന്‍സുമായുള്ള നാഭീനാള ബന്ധം വളരെ വ്യക്തമാണ്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യയേയും മകളായ കനിമൊഴിയേയും ചോദ്യംചെയ്തിരുന്ന സിബിഐ, പക്ഷേ അവരെ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. ഏപ്രില്‍ അവസാനം ഉപകുറ്റപത്രം സമര്‍പ്പിക്കുമത്രേ. അവരുടെ ഇടപാടുകള്‍ അന്വേഷിച്ചുവരികയാണ് എന്നാണ് സിബിഐ പറയുന്നത്. ഏപ്രില്‍ 13ന് തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് ക്ഷീണം തട്ടാതിരിക്കുന്നതിനുവേണ്ടി, ഉന്നതങ്ങളില്‍ വെച്ചെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണിതെന്നേ, സാമാന്യ യുക്തിക്കനുസരിച്ച് അനുമാനിക്കാന്‍ കഴിയൂ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കേണ്ട സീറ്റിനെ സംബന്ധിച്ച് ഡിഎംകെ ഉണ്ടാക്കിയ തര്‍ക്കവും കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് ഡിഎംകെ മന്ത്രിമാര്‍ രാജിവെയ്ക്കുമെന്ന് മുഴക്കിയ ഭീഷണിയും എല്ലാം, ഈ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്. പ്രതികളെ അറസ്റ്റുചെയ്താല്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിരിക്കണം എന്ന നിബന്ധനയുള്ളതിനാല്‍ മാര്‍ച്ച് 31നകം കുറ്റപത്രം സമര്‍പ്പിക്കും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. (സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അത് രണ്ടുദിവസത്തേക്ക് നീട്ടിയത്.) വോട്ടെടുപ്പിനുമുമ്പ് തന്റെ കുടുംബാംഗങ്ങള്‍ കുറ്റപത്രത്തില്‍ വരരുത് എന്ന കരുണാനിധിയുടെ നിര്‍ബന്ധത്തിന്, കോണ്‍ഗ്രസും പ്രധാനമന്ത്രിയും സിബിഐയും വഴങ്ങി എന്നാണ് ഇതിനര്‍ത്ഥം. ഇത് സിബിഐയുടെ നിഷ്പക്ഷതയെ വീണ്ടും കളങ്കപ്പെടുത്തുന്നു.
അംബാനിയുടെ റിലയന്‍സ് അടക്കമുള്ള കൂറ്റന്‍ കോര്‍പ്പറേറ്റുകളും മന്ത്രിമാരും തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടാണ് ഇത്രവലിയ വെട്ടിപ്പ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം ശ്രദ്ധിക്കുന്ന സ്വാന്‍ ടെലകോം, യൂണിടെക് വയര്‍ലെസ് തുടങ്ങിയ തട്ടിപ്പ് സംഘങ്ങള്‍ കുത്തക കമ്പനികളുടെ ബിനാമികള്‍ മാത്രം. എന്നിട്ടും യഥാര്‍ത്ഥ കൊള്ളക്കാരായ കൂറ്റന്‍ കോര്‍പ്പറേറ്റുകളെ പിടികൂടാനോ അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനോ സിബിഐ ആര്‍ജവം കാണിക്കുന്നില്ല. സിബിഐയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന മറ്റൊരു നടപടിയാണിത്.
കേസ് ഏറ്റെടുത്തതിനുശേഷം ഒന്നരക്കൊല്ലം കഴിഞ്ഞിട്ടാണ്, സിബിഐ അര്‍ദ്ധമനസ്സോടെയെങ്കിലുമുള്ള അന്വേഷണം ആരംഭിച്ചത്. അതുതന്നെ സുപ്രീംകോടതിയുടെ വിമര്‍ശനവും നിര്‍ദ്ദേശവും മേല്‍നോട്ടവും വന്നതിനുശേഷം മാത്രമാണ്. എന്നിട്ടും പതിനെട്ടു മണിക്കൂര്‍കൊണ്ട് സി ആന്‍ഡ് എജി കണ്ടെത്തിയതിനപ്പുറം യാതൊന്നും രാജ്യത്തെ ഏറ്റവും പ്രഗത്ഭമായ കുറ്റാന്വേഷണ ഏജന്‍സിക്ക് 18 മാസത്തെ അന്വേഷണം കൊണ്ട് കണ്ടെത്താനായില്ല (സിഎജി കണ്ടെത്തിയത്) 1.76 ലക്ഷം കോടി രൂപയുടെ പൊതുമുതല്‍ നഷ്ടപ്പെടുത്തിയെന്നാണെങ്കില്‍ സിബിഐ കണ്ടെത്തിയത് 30,984 കോടി രൂപയുടെ നഷ്ടം മാത്രമാണ്). ഈ കള്ളക്കച്ചവടത്തില്‍നിന്ന് സംഭരിച്ച സഹസ്രകോടികളുടെ കോഴപ്പണം തമിഴ്നാട്ടിലെയും കേരളത്തിലെയും അസംബ്ളി തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയും കോണ്‍ഗ്രസും യുഡിഎഫും വെള്ളംപോലെ ഒഴുക്കിക്കൊണ്ടിരിക്കുമ്പോള്‍ അതൊന്നും കാണാതെ, രാഷ്ട്രീയ സ്വാധീനത്തിന് കീഴ്വഴങ്ങി, കുറ്റകരമായ അലംഭാവവും പക്ഷപാതിത്വവും കാണിക്കുന്ന സിബിഐ, ബൊഫോഴ്സ് കേസ് അന്വേഷണത്തിലെ തങ്ങളുടെ നാണംകെട്ട ചരിത്രം 2 ജി സ്പെക്ട്രത്തിലും ആവര്‍ത്തിക്കുമോ?
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 150411
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഏപ്രില്‍ 2ന് ഡെല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം, ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന് സംഭവിച്ച സമ്പൂര്‍ണ്ണ ധാര്‍മ്മികാധ:പതനത്തിലേക്കാണ് വെളിച്ചംവീശുന്നത്. കേവലം ഒരു മുന്‍മന്ത്രിയും ചില ഉദ്യോഗസ്ഥന്മാരും മൂന്ന് സ്വകാര്യ ടെലകോം കറക്കുകമ്പനികളും കൂടി ഗൂഢാലോചനനടത്തി, പൊതുമുതല്‍ തട്ടിയെടുത്ത്, ഏതാനും ആയിരംകോടികള്‍ രാജ്യത്തിനു നഷ്ടപ്പെടുത്തിയതു സംബന്ധിച്ച ക്രിമിനല്‍കേസു മാത്രമല്ല ഇത്. അത്തരമൊരു തട്ടിപ്പിനേക്കാള്‍ എത്രയോ വലിയ മാനങ്ങളുള്ള ഒരു കേസാണിത്.
ReplyDelete