Tuesday, April 19, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ല: കേന്ദ്രം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍. നിരോധനകാര്യത്തില്‍ പ്രതികരണംതേടി കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. ഇതോടെ 25ന് തുടങ്ങുന്ന സ്റോക്ഹോം കണ്‍വന്‍ഷനിലും എന്‍ഡോസള്‍ഫാന് എതിരായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ലെന്നു തീര്‍ച്ചയായി. എന്‍ഡോസള്‍ഫാന്‍ നിരോധനം ബുദ്ധിമുട്ടാണെന്ന് കൃഷിമന്ത്രാലയം അറിയിച്ചപ്പോള്‍ കൃഷിമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്ന മറുപടിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍. നിരോധനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രാലയം മറുപടി നല്‍കി. നിലവില്‍ നിരോധനം സാധ്യമല്ല. കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്ന് മാത്രമാണ് എന്‍ഡോസള്‍ഫാനെതിരെ പരാതി ഉയര്‍ന്നത്. മറ്റെവിടെയും ഇത് പ്രശ്നം സൃഷ്ടിച്ചിട്ടില്ല- കേന്ദ്രം പറയുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധനം കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും കൃഷിമന്ത്രാലയം അറിയിച്ചു. ഇത്രയും ചെലവുകുറഞ്ഞതും ഫലപ്രദവുമായ കീടനാശിനി വേറെയില്ല. നിര്‍ദേശം പാലിച്ച് ഉപയോഗിച്ചാല്‍ പ്രശ്നമില്ലെന്നും മന്ത്രാലയം അവകാശപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന കാര്യം ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)}പഠിക്കുന്നുണ്ട്. ഐസിഎംആറിന്റെ നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കും- കൃഷിമന്ത്രാലയം അറിയിച്ചു. ഐസിഎംആറിന്റെ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയവും മറുപടി നല്‍കി. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഹാനികരമാണെന്ന് ആരോഗ്യമന്ത്രാലയവും പറയുന്നില്ല. വനം-പരിസ്ഥിതി മന്ത്രാലയമാകട്ടെ തീരുമാനമെടുക്കേണ്ടത് കൃഷിമന്ത്രാലയമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്‍ഡോസള്‍ഫാനെതിരെ പരിസ്ഥിതിമന്ത്രാലയവും മിണ്ടുന്നില്ല.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യം കേരളം ആവര്‍ത്തിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതര്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികരണം അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് കമീഷന്‍ ആവശ്യപ്പെട്ടത്. സ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്രാപിക്കുന്നതിനിടെയാണ് കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നത്.
(എം പ്രശാന്ത്)

കേന്ദ്രത്തിന്റെ കണ്ണ് തുറക്കുന്നതും കാത്ത്

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണമോയെന്ന് മനം ഉരുകി പ്രാര്‍ഥിക്കുകയാണ് ആയ്യായിരത്തോളം വരുന്ന ദുരിത ജീവിതങ്ങള്‍. തങ്ങളുടെ ഗതി ഇനി ആര്‍ക്കും വരുത്തരുതേയെന്ന ഇവരുടെ ദീനവിലാപം കേന്ദ്രഭരണാധികാരികളുടെ ബധിര കര്‍ണങ്ങളിലാണോ പതിയുന്നതെന്ന സംശയമാണ് രാജ്യത്താകെയുള്ള മനുഷ്യസ്നേഹികള്‍ ഉയര്‍ത്തുന്നത്. എന്‍ഡോസള്‍ഫാന്‍ വാരി വിതറിയ ദുരിതക്കാഴ്ചകള്‍ കാണാന്‍ തയ്യാറാകാത്ത നിലപാടില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. മനുഷ്യനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്ന് വിവിധ തലങ്ങളില്‍ പ്രക്ഷോഭം വ്യാപിക്കുകയാണ്. ഈ മാസം 25 മുതല്‍ 29 വരെ ജനീവയിലെ സ്റ്റോക്ഹോമില്‍ ചേരുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്ത് കഴിഞ്ഞവര്‍ഷത്തെ തെറ്റ് തിരുത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി വോട്ട് ചെയ്ത ഏകരാജ്യം ഇന്ത്യയാണ്. രാജ്യത്ത് എവിടെയും കാസര്‍കോട് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ജനങ്ങളുടെ ആഗ്രഹമാണ് നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍. എന്നാല്‍ ബഹുരാഷ്ട്ര കീടനാശിനി ഉല്‍പാദകര്‍ക്ക് വേണ്ടി സമൂഹത്തെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രഭരണാധികാരികള്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടക്കുന്നത്. കേന്ദ്ര കൃഷിമന്ത്രിമാരായ ശരത്പവാറും കെ വി തോമസും എന്‍ഡോസള്‍ഫാന്‍ കമ്പനികളുടെ ദല്ലാളുകളായി മാറി അവരുടെ ന്യായങ്ങള്‍ നിരത്തി നിരോധത്തിനെതിരായി വാദിക്കുകയാണ്. മാരക കീടനാശിനി നിരോധിക്കുന്നതിനൊപ്പം ദുരന്തബാധിതരെ സഹായിക്കാനുള്ള ബാധ്യതയും ജനാധിപത്യ സര്‍ക്കാരിനുണ്ട്. എന്നാല്‍ കേന്ദ്രം അതിനും തയ്യാറാകാതെ ജനവഞ്ചന തുടരുകയാണ്.

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ ജനങ്ങള്‍ കൂട്ടത്തോടെ രോഗികളായതിന് വേറെ കാരണമില്ല. പ്ളാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനരികില്‍ താമസിക്കുന്നവരാണ് രോഗികളെല്ലാം എന്നത് തന്നെ മതിയായ തെളിവാണ്. കേന്ദ്രത്തില്‍നിന്ന് എത്ര സംഘം വന്നാലും ഈ സത്യങ്ങളൊന്നും മറയ്ക്കാന്‍ കഴിയില്ല. സംസ്ഥാനസര്‍ക്കാര്‍ നിരവധി ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനെ സഹായിക്കണമെന്ന ആവശ്യംപോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. മതിയായ ചികിത്സ ഇവിടെത്തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം മുന്നോട്ട് വരേണ്ടതല്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ മാറാരോഗികളായ സ്ഥലത്ത് ചികിത്സാസൌകര്യം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ മറ്റൊന്നും ആലോചിക്കാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നവരുടെ കടമയാണത്. അതിനുപോലും തയ്യാറാകാതെ കീടനാശിനി കമ്പനികളുടെ ലാഭവിഹിതം പറ്റി ജനങ്ങളെ വഞ്ചിക്കുന്ന മന്ത്രിമാര്‍ രാജ്യത്തിന് അപമാനമാണ്.

എന്‍ഡോസള്‍ഫാന്‍ സൌജന്യ ചികിത്സയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് പൂര്‍ണമായും സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഏപ്രില്‍ 14 മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാനത്തെ 11 പ്രധാന ആശുപത്രികളില്‍ ചികിത്സിക്കാം. ഓപ്പറേഷന്‍ ഉള്‍പ്പെടെ എല്ലാ ചികിത്സയും സൌജന്യം. തിരുവനന്തപുരം ശ്രീചിത്ര, ആര്‍സിസി, തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ഷൊര്‍ണൂര്‍ ഐക്കോസ്, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകള്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് സൌജന്യ ചികിത്സ ലഭ്യമാവുക. രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ഓരോ പ്രദേശത്തും ചുമതലയുള്ള നേഴ്സിനെ വിവരമറിയിച്ചാല്‍ മതി. പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കും. ദൂരസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് ട്രെയിനില്‍ പോകാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.

കെല്‍ട്രോണാണ് സ്മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ കെല്‍ട്രോ ഉദ്യോഗസ്ഥര്‍ ക്യാമ്പുചെയ്താണ് രോഗികളുടെ ഫോട്ടോയെടുത്തത്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി ഫോട്ടോയെടുത്ത 2057 പേര്‍ക്കാണ് ഇപ്പോള്‍ കാര്‍ഡ് നല്‍കിയത്. നിശ്ചിത സ്ഥലത്ത് എത്താന്‍ കഴിയാത്ത രോഗികളുടെ വീടുകളില്‍പോയി ഫോട്ടോയെടുക്കുന്ന പ്രവര്‍ത്തനവും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎംഒ ജോസ് ജി ഡിക്രൂസ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ ഫോട്ടോയെടുക്കാനുണ്ട്. കിടപ്പിലായ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പഞ്ചായത്തുകളില്‍ നിയമിച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ ബന്ധപ്പെട്ടാല്‍ ഈസൌകര്യം ലഭ്യമാകും. ചികിത്സാവിവരങ്ങളും ബില്ലും അതത് ആശുപത്രികളില്‍നിന്ന് ഓണ്‍ലൈനായി കാസര്‍കോട് ഡിഎംഒ ഓഫീസില്‍ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സാച്ചെലവ് രോഗികളോ ബന്ധുക്കളോ അറിയേണ്ടതില്ല. ക്യാന്‍സര്‍ സംബന്ധമായ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സയും സൌജന്യമായി നല്‍കാനാണ് തീരുമാനം.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലും സംഘടിപ്പിച്ച പരിശോധനാക്യാമ്പിലെത്തിയ രോഗികളില്‍ 4273 പേരെയാണ് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായി കണ്ടത്. മാര്‍ച്ചില്‍ നടന്ന മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ്ങില്‍ പരിശോധിച്ച ആയിരത്തോളം രോഗികളില്‍ 257 പേര്‍കൂടി എന്‍ഡോസള്‍ഫാന്‍ രോഗബാധിതരാണെന്ന് കണ്ടെത്തി. ഇവരുടെ പട്ടിക കലക്ടര്‍ക്ക് സമര്‍പ്പിച്ചു. കലക്ടറാണ് രോഗബാധിതരുടെ പട്ടിക അംഗീകരിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡിന്റെ അടുത്ത സിറ്റിങ് ജൂണിലാണ്. ഏതെങ്കിലും രോഗി പട്ടികയില്‍നിന്ന് ഒഴിവായിട്ടുണ്ടെങ്കില്‍ അതിനുമുമ്പ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അറിയിക്കണം. അവിടത്തെ ഡോക്ടര്‍ പരിശോധിച്ച റിപ്പോര്‍ട്ടുമായി രോഗിയെ മെഡിക്കല്‍ ബോര്‍ഡിനുമുമ്പാകെ ഹാജരാക്കണം. രണ്ടുമാസം കൂടുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സിറ്റിങ് നടത്താനാണ് തീരുമാനം.

എന്‍ഡോസള്‍ഫാന്‍: 23 ന് കാസര്‍കോട്ട് എല്‍ഡിഎഫ് റാലി

കാസര്‍കോട്: ജില്ലയിലെ അയ്യായിരത്തോളം മനുഷ്യരെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് വന്‍ ജനകീയ മുന്നേറ്റത്തിന് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്നു. 23 ന് വൈകിട്ട് മുഴുവന്‍ ജനവിഭാഗത്തെയും അണിനിരത്തി പ്രതിഷേധറാലി സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ പി രാഘവന്‍ അറിയിച്ചു. ഈ മാസം 25 മുതല്‍ 29 വരെ ജനീവയിലെ സ്റ്റോക്ഹോമില്‍ ചേരുന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്നാണ് പ്രതിഷേധ റാലിയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.

ജില്ലയിലെ 11 പഞ്ചായത്തുകളിലായി അയ്യായിരത്തോളം രോഗികളുണ്ടെന്ന് സര്‍ക്കാര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആയിരത്തോളം പേര്‍ മരണത്തിന് കീഴടങ്ങി. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍പോലും കഴിയാത്ത മനുഷ്യജീവിതങ്ങളെ സൃഷ്ടിച്ച കീടനാശിനി രാജ്യത്തെവിടെയും ഇനി ഉപയോഗിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ നടപടി സ്വീകരിക്കണം. ലോകത്തിലെ എപതോളം രാജ്യങ്ങള്‍ ഇതിനകം നിരോധിച്ച കീടനാശിനി ഇന്ത്യയില്‍ മാത്രം നിരോധിക്കാത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത ഭരണക്കാര്‍ ജനാധിപത്യ വിരുദ്ധരാണ്. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായി ജില്ലയിലെ മുഴുവന്‍ ജനവിഭാഗങ്ങളും പ്രതിഷേധറാലിയില്‍ അണിനിരക്കണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. വൈകിട്ട് നാലിന് ചന്ദ്രഗിരി ജങ്ഷനില്‍നിന്നാണ് റാലി ആരംഭിക്കുന്നത്.

നിരോധനത്തിന് കേന്ദ്രം ആവശ്യപ്പെടണം: ബാലസംഘം

കാസര്‍കോട്: ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ബാലസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂല നിലപാടെടുത്ത ലോകത്തിലെ ഏകരാജ്യം ഇന്ത്യയായിരുന്നു. പിഞ്ചുകുട്ടികളടക്കം ആയിരക്കണക്കിന് ആളുകളെ മരണത്തിലേക്ക് നയിച്ച ഈ മാരക കീടനാശിനി നിരോധിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി 23ന് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 190411

2 comments:

  1. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍. നിരോധനകാര്യത്തില്‍ പ്രതികരണംതേടി കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് കേന്ദ്രം ഈ നിലപാട് സ്വീകരിച്ചത്. ഇതോടെ 25ന് തുടങ്ങുന്ന സ്റോക്ഹോം കണ്‍വന്‍ഷനിലും എന്‍ഡോസള്‍ഫാന് എതിരായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ലെന്നു തീര്‍ച്ചയായി. എന്‍ഡോസള്‍ഫാന്‍ നിരോധനം ബുദ്ധിമുട്ടാണെന്ന് കൃഷിമന്ത്രാലയം അറിയിച്ചപ്പോള്‍ കൃഷിമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്ന മറുപടിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍. നിരോധനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രാലയം മറുപടി നല്‍കി. നിലവില്‍ നിരോധനം സാധ്യമല്ല. കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്ന് മാത്രമാണ് എന്‍ഡോസള്‍ഫാനെതിരെ പരാതി ഉയര്‍ന്നത്. മറ്റെവിടെയും ഇത് പ്രശ്നം സൃഷ്ടിച്ചിട്ടില്ല- കേന്ദ്രം പറയുന്നു.

    ReplyDelete
  2. can the kerala govt can ban this usage in kerala? if not, can we remove the license of this plantation using some other rule? I am sure we will have a way to stop this... but the politicians does not want to stop it, but make an issue for ever. BAN ENDOSULFAN..

    ReplyDelete