Sunday, April 17, 2011
വൃന്ദ കാരാട്ടിനുനേരെ തൃണമൂല്‍ അക്രമം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം. അക്രമത്തില്‍ 32 ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. വൃന്ദയെ പ്രവര്‍ത്തകര്‍ വലയംതീര്‍ത്തു രക്ഷപ്പെടുത്തി. കൂച്ച്ബിഹാര്‍ ജില്ലയിലെ തൂഫാന്‍ഗഞ്ചില്‍ വെള്ളിയാഴ്ചയാണ് അക്രമം.
ജില്ലയില്‍ നിരവധി യോഗത്തില്‍ പങ്കെടുത്തശേഷം നോട്ടാബാഡി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി തമസേര്‍ അലിയുടെ തെരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വൃന്ദയ്ക്കുനേരെ അക്രമമുണ്ടായത്. ഇടതുമുന്നണി യോഗം നടന്നുകൊണ്ടിരിക്കെ ഒരുസംഘം തൃണമൂലുകാര്‍ യോഗസ്ഥലത്തേക്ക് കല്ലും ഇഷ്ടികയും വലിച്ചെറിയുകയായിരുന്നു. യോഗസ്ഥലത്ത് നിര്‍ത്തിയിട്ട രണ്ടു വാഹനവും അക്രമികള്‍ തകര്‍ത്തു. ചില പത്രപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കുപറ്റി. പൊലീസ് എത്തിയാണ് അക്രമികളെ തുരത്തിയത്. തൃണമൂല്‍ അക്രമത്തിനെതിരെ സംസ്ഥാനത്താകെ വന്‍ പ്രതിഷേധമുയര്‍ന്നു.
ധനമന്ത്രിക്കെതിരെ മൂലധന ഏജന്റ്
കൊല്‍ക്കത്ത: ആഗോള മൂലധനശക്തികള്‍ക്ക് പശ്ചിമബംഗാള്‍ കണ്ണിലെ കരടാണ്. ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന സാമ്രാജ്യത്വ-മൂലധന ശക്തികള്‍ ഖര്‍ദഹ മണ്ഡലത്തില്‍ സംസ്ഥാന ധനമന്ത്രി അസിംദാസ് ഗുപ്തയെ നേരിടാന്‍ രംഗത്തിറക്കിയിരിക്കുന്നത് അവരുടെ സ്വന്തം പ്രതിപുരുഷനെ. ഇന്ത്യയിലെ വന്‍കിട വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ ജനറല്‍ സെക്രട്ടറി അമിത് മിത്രയാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ഥി. പക്ഷേ, മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സംശയമില്ല; ഇടതുമുന്നണിയുടെ കോട്ട തകര്‍ക്കാന്‍ മൂലധനശക്തികളുടെ ഏജന്റിന് കഴിയില്ല. കൊല്‍ക്കത്തയിലെ വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായ കള്ളപ്രചാരണം നടത്തുന്ന ഒരു മണ്ഡലമാണ് ഖര്‍ദഹ. ഡോ. അസിംദാസ് ഗുപ്ത തോല്‍ക്കുമെന്ന തരത്തില്‍ നിരവധി സര്‍വേകള്‍ പുറത്തിറക്കി. എന്നാല്‍, ഖര്‍ദഹ പട്ടണവും സമീപ പഞ്ചായത്തുകളും സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ഇടതുമുന്നണിയുടെ മേധാവിത്വം ദൃശ്യമാണ്. 1987 മുതല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പകുതിയിലധികം വോട്ട് നേടിയാണ് അസിംദാസ് ഗുപ്ത വിജയിച്ചത്.
കൊല്‍ക്കത്തയിലെ സിയാല്‍ദ റെയില്‍വേ സ്റേഷനില്‍ നിന്ന് അരമണിക്കൂര്‍ ട്രെയിനില്‍ സഞ്ചരിച്ചാല്‍ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഖര്‍ദഹയിലെത്താം. കുറച്ച് വന്‍കിട വ്യവസായശാലകളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളുമുള്ള പട്ടണം. റിക്ഷ ചവിട്ടുന്നവരും ചുമട്ടുതൊഴിലാളികളുമടക്കം തൊഴിലാളികള്‍ ധാരാളമുള്ള മണ്ഡലം. ഖര്‍ദഹ നഗരസഭയും പാനിഹട്ടി നഗരസഭയിലെ ആറു വാര്‍ഡും ബന്ദിപ്പുര്‍, ബില്‍കന്ദ ഒന്ന്, ബില്‍കന്ദ രണ്ട്, പടുലിയ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 1.69 ലക്ഷം വോട്ടര്‍മാരുണ്ട്. 2006ല്‍ 1.82 ലക്ഷം വോട്ടര്‍മാരുണ്ടായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമാണ് എണ്ണം കുറഞ്ഞത്. ഇതുകാണിച്ചാണ് അസിംദാസ് ഗുപ്തയ്ക്ക് വോട്ട് കുറയുമെന്ന് തൃണമൂലും സംഘവും പ്രചരിപ്പിക്കുന്നത്.
ഇക്കുറിയും ഖര്‍ദഹ മണ്ഡലത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അസിംദാസ് ഗുപ്ത പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാള്‍ ജനതയുടെ സമഗ്ര പുരോഗതിക്കും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 25,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് അസിംദാസ് ഗുപ്ത വിജയിക്കുമെന്ന് സിപിഐ എം ഖര്‍ദഹ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റിന്റു മൊയ്ത്ര പറഞ്ഞു.
2001ലെ തെരഞ്ഞെടുപ്പില്‍ ആനന്ദബാസാര്‍ പത്രികയും മറ്റു കുത്തക മാധ്യമങ്ങളും അസിംദാസ് ഗുപ്ത 10,000 വോട്ടിന് തോല്‍ക്കുമെന്ന് പ്രചരിപ്പിച്ചു. പക്ഷേ, 25,000 വോട്ടിന് ഇടതുമുന്നണി വിജയിച്ചു. 2006ല്‍ 42,305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അസിംദാസ് ഗുപ്ത വിജയിച്ചത്. ഇക്കുറി വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവിന് ആനുപാതികമായി ഭൂരിപക്ഷം കുറഞ്ഞേക്കാം. എന്നാലും വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)
ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ആറു ജില്ലയിലെ 54 മണ്ഡലത്തില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. കൂച്ച്ബിഹാര്‍, ജാല്‍പായ്ഗുരി, ഡാര്‍ജിലിങ്, ഉത്തര ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാള്‍ദ എന്നീ വടക്കന്‍ ജില്ലകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ്. 96 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. പ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിച്ചു.364 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്്. ഇടതുമുന്നണി എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നു. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സംഖ്യത്തില്‍ കോണ്‍ഗ്രസ് 27ഉം തൃണമൂല്‍ 26ഉം സീറ്റില്‍ മത്സരിക്കുന്നു.
'
ബുദ്ധദേവിന് പിന്തുണയുമായി മാധവി മുഖര്‍ജി
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി അഭിനേത്രി മാധവി മുഖര്‍ജി ഒരിക്കല്‍ തെരഞ്ഞെടുപ്പു രംഗത്തെത്തി. 2001ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. അത് പഴയ കഥ. ഇപ്പോള്‍ ബുദ്ധദേവിനൊപ്പം വേദി പങ്കിട്ട് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മാധവി മുഖര്‍ജി. ഒപ്പം കലാ, സാഹിത്യരംഗങ്ങളിലെ നിരവധി പ്രമുഖര്‍ ബുദ്ധദേവിനെ പിന്തുണയ്ക്കാന്‍ രംഗത്തെത്തി. ബംഗാളി പുതുവത്സരദിനമായ പൊയ്ല വൈശാഖിയിലായിരുന്നു ഈ ഒത്തുചേരല്‍. വെള്ളിയാഴ്ച നടന്ന കൊല്‍ക്കത്തയിലെ കലാമന്ദിറില്‍ നടന്ന ഒത്തുചേരലില്‍ മാധവി മുഖര്‍ജിക്കൊപ്പം സിനിമാ സംവിധായകന്‍ തരു മജുംദാര്‍, അഭിനേത്രി സോവ സെന്‍, നടനും സംവിധായകനുമായ ബിപ്ളബ് ചാറ്റര്‍ജി, തിയറ്റര്‍ കലാകാരന്‍ ദേബേഷ് റോയ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്ന സംവിധാകയകന്‍ മൃണാള്‍ സെന്‍, സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനുമായ സുനില്‍ ഗംഗോപാധ്യായ എന്നിവര്‍ അയച്ച ആശംസാസന്ദേശങ്ങള്‍ ബുദ്ധദേവ് തന്നെ വായിച്ചു. മലയാളികള്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകന്‍ സലില്‍ ചൌധരിയുടെ ഭാര്യ സബിതാ ചൌധരിയും മകള്‍ അന്തരാ ചൌധരിയും പാട്ടുകള്‍ പാടി ഒത്തുചേരലിനെ ധന്യമാക്കി.
സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങള്‍ക്കുശേഷം സിപിഐ എമ്മുമായും ഇടതുമുന്നണിയുമായും നേരിയ അകല്‍ച്ച പാലിച്ച കലാ-സാഹിത്യരംഗത്തുള്ള പ്രമുഖരുമായി നല്ല ബന്ധം പുനഃസ്ഥാപിക്കാന്‍ ബുദ്ധദേവ് തന്നെയാണ് മുന്‍കൈയെടുത്തത്. സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങള്‍ക്കു കാരണമായ ചില കാര്യങ്ങളില്‍ തെറ്റ് സംഭവിച്ചുവെന്ന് ഒത്തുചേരലില്‍ ബുദ്ധദേവ് സമ്മതിച്ചു. ഇത്തരം സമരങ്ങളെ ബലപ്രയോഗം വഴി നേരിടുന്നത് എപ്പോഴും ഉചിതമാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാരംഗത്തുള്ളവരുമായും ബുദ്ധിജീവികളുമായും എപ്പോഴും നല്ല ബന്ധം പുലര്‍ത്തിയ പ്രസ്ഥാനമാണ് ഇടതുപക്ഷം. ഇനിയും അത് കാത്തുസൂക്ഷിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പു സര്‍വേകള്‍ അസംബന്ധങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഋത്വിക് ഘട്ടക്കിന്റെ 'സുബര്‍ണരേഖ'യിലെ സീതയെ അനശ്വരയാക്കിയ മാധവി മുഖര്‍ജി സത്യജിത്റേയുടെ 'ചാരുലത'യില്‍ കാട്ടിയ പ്രകടനത്തില്‍ റേ പോലും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരിയായ നടിയായി മാധവി മുഖര്‍ജി മാറുകയും ചെയ്തു. പിന്നീട് കാപുരുഷ് എന്ന റേ ചിത്രത്തിലും അവര്‍ അഭിനയിച്ചു. 2001ലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവിനോടു തോറ്റ അവര്‍ പിന്നീട് രാഷ്ട്രീയരംഗത്തേക്ക് വന്നില്ല.
ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം: സോമനാഥ് ചാറ്റര്‍ജിക്ക് സ്വാഗതം
കൊല്‍ക്കത്ത: ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം നടത്താന്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും ബിമന്‍ ബസുവും പറഞ്ഞു. ഡംഡം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയും സംസ്ഥാന ഭവനനിര്‍മാണമന്ത്രിയുമായ ഗൌതം ദേവാണ് സോമനാഥ് ചാറ്റര്‍ജിയെ പ്രചാരണത്തിന് ക്ഷണിച്ചത്. ഇത് വിവാദമാക്കാന്‍ മമത ബാനര്‍ജിയും കൊല്‍ക്കത്തയിലെ മാധ്യമ സിന്‍ഡിക്കറ്റും ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ നിലപാട് വിശദീകരിച്ചത്. പാര്‍ടി അംഗത്വമില്ലാത്തവര്‍ക്കും ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം നടത്താമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍, പാര്‍ടിയില്‍ അംഗത്വം നല്‍കുന്നത് വേറെ വിഷയമാണ്. അതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ചാറ്റര്‍ജി പ്രചാരണരംഗത്തിറങ്ങാന്‍ തയ്യാറായാല്‍ അത് സ്വാഗതംചെയ്യുമെന്ന് ബിമന്‍ ബസുവും പറഞ്ഞു.
തൃണമൂല്‍ കള്ളപ്പണം ഒഴുക്കുന്നു: ഗൌതം ദേവ്
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പുപ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുകയാണെന്ന് പശ്ചിമബംഗാള്‍ ഭവനനിര്‍മാണമന്ത്രി ഗൌതം ദേവ് പറഞ്ഞു. കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിന് മമത ബാനര്‍ജി ഹെലികോപ്ടറാണ് ഉപയോഗിക്കുന്നത്. ഹെലികോപ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി കൊല്‍ക്കത്തയിലെ വന്‍കിട ഹോട്ടലുകളില്‍ 11 മുറി ബുക്കുചെയ്തു. മാര്‍ച്ച് 25നുതന്നെ 34 കോടി രൂപ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി വിതരണംചെയ്തു. അതിനുശേഷം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ മമത ബാനര്‍ജിയുടെ ചിത്രങ്ങള്‍ വിറ്റു. ഇതിന് ലക്ഷങ്ങള്‍മാത്രമാണ് കിട്ടിയത്. കോടികളുടെ കണക്കുകള്‍ അവര്‍ ബോധ്യപ്പെടുത്തണം. എവിടെനിന്നാണ് മമതയ്ക്ക് ഇത്രയും പണം കിട്ടിയത്? ആവശ്യമായ അവസരത്തില്‍ തൃണമൂല്‍ കള്ളപ്പണം ഒഴുക്കിയതിന്റെ തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേന്ദ്ര സഹമന്ത്രി മുകുള്‍ റോയിയെയും മകനെയും ഉടന്‍ അറസ്റുചെയ്യണമെന്നും ഗൌതം ദേവ് ആവശ്യപ്പെട്ടു.
deshabhimani 160411
Subscribe to:
Post Comments (Atom)
പശ്ചിമബംഗാളില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം. അക്രമത്തില്‍ 32 ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. വൃന്ദയെ പ്രവര്‍ത്തകര്‍ വലയംതീര്‍ത്തു രക്ഷപ്പെടുത്തി. കൂച്ച്ബിഹാര്‍ ജില്ലയിലെ തൂഫാന്‍ഗഞ്ചില്‍ വെള്ളിയാഴ്ചയാണ് അക്രമം.
ReplyDelete