Friday, April 1, 2011

സഫലമീ സ്വപ്നം; അലിഗഢ് അരികെ

മലപ്പുറം: പുറംനാട്ടില്‍ പോയി പഠിക്കുന്നത് ഷര്‍മീന പലപ്പോഴും തിരൂരിലെ വീട്ടിലിരുന്ന് സ്വപ്നംകണ്ടിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുള്‍ക്കൊള്ളുന്നവരുമായി ഇടകലര്‍ന്ന് പഠിക്കാനാകുകയെന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത മോഹമായി കൊണ്ടുനടന്നു. അലിഗഢിലെ സര്‍വകലാശാലാ ക്യാമ്പസ് മലപ്പുറത്തെ മണ്ണിലെത്തിയപ്പോള്‍ ഷര്‍മീനയ്ക്കൊപ്പം നിരവധിപേരുടെ സ്വപ്നങ്ങളാണ് പൂവണിഞ്ഞത്. ആ സ്വപ്നസാക്ഷാത്കാരത്തിന് വേഗം കൂട്ടിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലായിരുന്നു. വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും വി ശശികുമാര്‍ എംഎല്‍എയും ഉത്സാഹിച്ചതോടെ സര്‍വകലാശാലാകേന്ദ്രം പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായി. അലിഗഡ് വിസിയുടെ അഭ്യര്‍ഥനപ്രകാരം ചേലാമലയില്‍ രണ്ട് ഘട്ടങ്ങളിലായി 336 ഏക്കര്‍ ഭൂമി കണ്ടെത്തി കൈമാറി. ഇക്കൊല്ലം വാടകക്കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു. എല്ലാ സൗകര്യങ്ങളോടുംകൂടി മികച്ച പഠനാന്തരീക്ഷത്തില്‍ എംബിഎയും ബിഎ എല്‍എല്‍ബിയും പഠിക്കാന്‍ അങ്ങനെ അവസരമൊരുങ്ങി.

എംബിഎ വിദ്യാര്‍ഥികളായ കോഴിക്കോട്ടുനിന്നുള്ള ഷംസിയയ്ക്കും മലപ്പുറത്തുകാരായ മുഫീദയ്ക്കും നഹ്വയ്ക്കും പുതുമയുള്ള പഠനാന്തരീക്ഷത്തെപ്പറ്റി പറയാന്‍ നൂറുനാവ്. മുതിര്‍ന്ന തലമുറയില്‍ ചിലര്‍ അലിഗഢില്‍ പോയി പഠിച്ചതിന്റെ അനുഭവം പറഞ്ഞുകേട്ട് കൊതിച്ചിട്ടുണ്ട്. ആ മികവ് സ്വന്തം മണ്ണില്‍ അനുഭവിച്ചറിയുകയാണിവര്‍. മികച്ച അധ്യാപകര്‍, ലൈബ്രറി, അനുബന്ധ സൗകര്യം, അധ്യാപനശൈലി. പെരിന്തല്‍മണ്ണയിലെ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററില്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിനിടെ അതിര്‍ത്തികളില്ലാത്ത സൗഹൃദവും വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നു. എംബിഎ പഠിക്കാനെത്തിയ ഉത്തര്‍പ്രദേശുകാരി ശബ്നം ഖാത്തൂമിന് പെരിന്തല്‍മണ്ണയുടെ നഗരവഴികളില്‍ അപരിചിതത്വമില്ല. ഭാഷ ഒട്ടും വഴങ്ങില്ലെങ്കിലും ഈ നാടും നാട്ടുകാരും ശബ്നത്തിന് സ്വന്തമെന്നപോലെ പ്രിയപ്പെട്ടത്. അലിഗഢില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശബ്നത്തിന് ഇവിടത്തെ സമ്പ്രദായം പുതുമയല്ല. ബിഹാറില്‍നിന്നുള്ള അബൂഷഹാനും മണിപ്പൂരില്‍നിന്നുള്ള ഉമര്‍ അത്താ ഖാനും ബംഗാളിയായ സിദ്ധാര്‍ഥ് സിങ്ങും ദൈവത്തിന്റെ സ്വന്തം നാട്ടിലെ പഠനം ആസ്വദിക്കുകയാണ്. എടക്കരയിലെ നാട്ടുവഴികളില്‍നിന്നെത്തിയ സാജിദിന് മലയാളത്തിലും ഇംഗ്ലീഷിലും അനായാസം ആശയവിനിമയം നടത്താന്‍ കഴിയുന്നതിന്റെ ആത്മവിശ്വാസം. കൂട്ടുകാരില്‍നിന്ന് അല്‍പ്പം ഹിന്ദിയും പഠിച്ചു. ഒപ്പം കുറഞ്ഞ ഫീസില്‍ ഇത്രയും മികച്ച പഠനം സാധ്യമായതിന്റെ സന്തോഷവും. 60 പേരുള്ള എംബിഎ ക്ലാസില്‍ 28 മലയാളികള്‍. ബിഹാര്‍, ആന്‍ഡമാന്‍, പശ്ചിമ ബംഗാള്‍, മണിപ്പുര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം വിദ്യാര്‍ഥികളുണ്ട്. ബിഎ എല്‍എല്‍ബിയില്‍ 56 പേരില്‍ അഞ്ച് ഉത്തര്‍പ്രദേശുകാരും ഒരു തമിഴ്നാട് സ്വദേശിയുമുണ്ട്. അങ്ങനെ ഈ ക്ലാസ് മുറി ചെറിയൊരു ഇന്ത്യയാവുന്നു.

"കണ്ടുപരിചയിച്ച ലക്ചറുകളല്ല ഇവിടെ. അധ്യാപകര്‍ ഗൈഡുകളാണ്. പഠനം സ്വന്തം പരിശ്രമം, വായന എന്നിവയിലൂടെയും. ഉച്ചയ്ക്കുശേഷം റെഗുലര്‍ ക്ലാസില്ല. ലൈബ്രറി, സെമിനാറുകള്‍, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങിയവയാണ്. ഇതൊക്കെ പുതിയ അനുഭവമാണ്. കേരളത്തില്‍ വേറെ എവിടെയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോയെന്ന് സംശയമാണ്""- എല്‍എല്‍ബി വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മരിയ ട്രീസ പറഞ്ഞു. ലഖ്നൗ സ്വദേശി ഉത്കര്‍ഷ് ശ്രീവാസ്തവിന് ഇത് ഇന്ത്യയിലെ മികച്ച സ്ഥാപനമാണെന്നതില്‍ സംശയമില്ല. മൊറാദാബാദുകാരന്‍ മുഹമ്മദ് സെയ്ദ ഖാനും ഇവിടത്തെ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തിയാണ്. ചേലാമലക്കാരന്‍ റിയാസിന് സ്വന്തം നാട്ടില്‍ ഇങ്ങനെയൊരത്ഭുതം വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും. കേന്ദ്ര സര്‍വകലാശാലകളുടെ മികച്ച അക്കാദമിക നിലവാരത്തിലേക്ക് സംസ്ഥാനത്തിന് ഉയരാനാവുന്നതും അത് സ്വന്തം നാട്ടില്‍ സഫലമാവുന്നതും സ്വകാര്യ അഹങ്കാരമാണെന്ന് റിയാസ്. അലിഗഢില്‍ എല്ലാ വര്‍ഷവും പ്രവേശനം നേടുന്നവരില്‍ വലിയൊരു ശതമാനം മലയാളികളാണ്. ഇപ്പോള്‍ മലയാളികളെ തേടി അലിഗഢ് നാട്ടിലെത്തിയിരിക്കുന്നു. സന്തോഷിക്കാന്‍ ഒരുപാടുണ്ട്, അഭിമാനിക്കാനും.

ദേശാഭിമാനി 010411

1 comment:

  1. പുറംനാട്ടില്‍ പോയി പഠിക്കുന്നത് ഷര്‍മീന പലപ്പോഴും തിരൂരിലെ വീട്ടിലിരുന്ന് സ്വപ്നംകണ്ടിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുള്‍ക്കൊള്ളുന്നവരുമായി ഇടകലര്‍ന്ന് പഠിക്കാനാകുകയെന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത മോഹമായി കൊണ്ടുനടന്നു. അലിഗഢിലെ സര്‍വകലാശാലാ ക്യാമ്പസ് മലപ്പുറത്തെ മണ്ണിലെത്തിയപ്പോള്‍ ഷര്‍മീനയ്ക്കൊപ്പം നിരവധിപേരുടെ സ്വപ്നങ്ങളാണ് പൂവണിഞ്ഞത്. ആ സ്വപ്നസാക്ഷാത്കാരത്തിന് വേഗം കൂട്ടിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലായിരുന്നു. വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും വി ശശികുമാര്‍ എംഎല്‍എയും ഉത്സാഹിച്ചതോടെ സര്‍വകലാശാലാകേന്ദ്രം പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായി. അലിഗഡ് വിസിയുടെ അഭ്യര്‍ഥനപ്രകാരം ചേലാമലയില്‍ രണ്ട് ഘട്ടങ്ങളിലായി 336 ഏക്കര്‍ ഭൂമി കണ്ടെത്തി കൈമാറി. ഇക്കൊല്ലം വാടകക്കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു. എല്ലാ സൗകര്യങ്ങളോടുംകൂടി മികച്ച പഠനാന്തരീക്ഷത്തില്‍ എംബിഎയും ബിഎ എല്‍എല്‍ബിയും പഠിക്കാന്‍ അങ്ങനെ അവസരമൊരുങ്ങി.

    ReplyDelete