നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - നാലാം ഭാഗം
1, 2, 3 ഭാഗങ്ങള്‍
പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കിയ അഭിമാനത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ വികസനത്തെ ശക്തിപ്പെടുത്താനുതകുന്ന പരിപാടിയാണ് പ്രകടനപത്രികയായി അവതരിപ്പിച്ചിട്ടുള്ളത്. നടപ്പാക്കിയ കാര്യങ്ങളുടെ തുടര്‍ച്ചയ്ക്കാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഒരു പ്രകടനപത്രിക അവതരിപ്പിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ പിശുക്കൊന്നും കാണിച്ചിട്ടുമില്ല. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ രാജ്യത്ത് പാലും തേനും ഒഴുകുമായിരുന്നു. "ഗരീബി ഹഠാവോ", "വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി", "പഞ്ചായത്തില്‍ വ്യവസായം" തുടങ്ങിയ വാഗ്ദാനങ്ങളുടെ പെരുമഴ കേരളീയര്‍ മാത്രമല്ല ഇന്ത്യ ആകമാനം കേട്ടിട്ടുള്ളതാണ്. പക്ഷേ, അവയെല്ലാം വാഗ്ദാനങ്ങളായിത്തന്നെ നിലനില്‍ക്കുകയാണുണ്ടായത്.
ഇപ്പോള്‍ യുഡിഎഫ് നല്‍കിയ വാഗ്ദാനത്തിലൂടെ കണ്ണോടിക്കുമ്പോള്‍ അവര്‍ അധികാരത്തില്‍ വന്ന 2001ലെ പ്രകടനപത്രികയില്‍ വിഭാവനം ചെയ്തതെന്തെന്നും നടപ്പാക്കിയതെന്തെന്നും പരിശോധിക്കുന്നത് ഉചിതമാണ്. അന്ന് "കേരളത്തിന്റെ നവോത്ഥാനത്തിന് ഒരു നയരേഖ" എന്ന പേരിലാണ് യുഡിഎഫ് പ്രകടന പത്രിക ഇറക്കിയത്. 59 പേജ് വരുന്ന പത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴതന്നെയായിരുന്നു. "ഉദാരവല്‍ക്കരണമെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് ഇതിന്റെ കെടുതികളില്‍നിന്നും മോചനം നേടി വികസനത്തിന്റെ പുതിയൊരു പാത തുറക്കാനുള്ള പ്രായോഗികവും സുസ്ഥിരവികസനത്തിന് ഉതകുന്നതുമായ സാമ്പത്തികനയമാണ് യുഡിഎഫ് അവതരിപ്പിക്കുന്നത്. മാനുഷിക മുഖം നല്‍കിക്കൊണ്ടും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുംമാത്രമേ യുഡിഎഫ് ഉദാരവല്‍ക്കരണം നടപ്പാക്കുകയുള്ളൂ." ഇതായിരുന്നു പ്രകടനപത്രികയുടെ ആമുഖത്തില്‍ നയമായി യുഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍, ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ പിന്തുടരുകയും അതിന്റെ ഭാഗമായി എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്ന നയം ശക്തമായി നടപ്പാക്കുകയുമാണുണ്ടായത്. അതിന്റെ കെടുതിയാണ് യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ചത്.
അഞ്ചുവര്‍ഷം കൊണ്ട് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, നിയമന നിരോധനം കൊണ്ടുവന്ന് ഉള്ള തൊഴിലവസരംതന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. പതിനാറായിരത്തോളം തസ്തികകളാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. 2001ല്‍ മൊത്തം ജീവനക്കാരുടെ എണ്ണം 5,26,428 ആയിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് രേഖപ്രകാരം 4,55,350 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പരമ്പരാഗത-ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയുടെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യകൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ലക്ഷങ്ങള്‍ വരും.
കടബാധ്യതകളില്‍ ദുരിതമനുഭവിക്കുന്ന കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപകരിക്കുന്ന ഒരു പുതിയ കടാശ്വാസനിയമം നിര്‍മിക്കും എന്നായിരുന്നു അന്നത്തെ യുഡിഎഫിന്റെ വാഗ്ദാനം. ഇതു നടപ്പാക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഏകദേശം 1300 കര്‍ഷകര്‍ കടംകയറി ആത്മഹത്യ ചെയ്യുന്ന ദയനീയസ്ഥിതിയും വന്നു. കടാശ്വാസനിയമം നടപ്പാക്കിയത് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്.
മെഡിക്കല്‍, എന്‍ജിനിയറിങ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി വ്യക്തമായ നിബന്ധനകളോടെ സ്വകാര്യകോളേജുകള്‍ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഒരു നിയന്ത്രണവുമില്ലാതെ ചോദിക്കുന്ന ആര്‍ക്കും എന്‍ഒസി കൊടുക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനം നേടുന്നതിന് കഴിയാതെ പോയത് നല്‍കിയ വാഗ്ദാനം ലംഘിച്ച് നടത്തിയ ഇടപെടല്‍മൂലമാണ്. സാങ്കേതിക സര്‍വകലാശാല ആരംഭിക്കുമെന്ന വാഗ്ദാനവും നടപ്പാക്കിയില്ല. മെഡിക്കല്‍ യൂണിവേഴ്സിറ്റി ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്.
വൈദ്യുതിമേഖലയില്‍ "250 ചെറുകിട ജലസേചന പദ്ധതികളിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമെ അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതികള്‍ ഏറ്റെടുത്ത് 882 മെഗാവാട്ട് ജലവൈദ്യുതി കൂടി മൂന്നുകൊല്ലത്തിനകം കൂടുതലായി ഉല്‍പ്പാദിപ്പിക്കും" എന്നായിരുന്നു വാഗ്ദാനം. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാകട്ടെ 26 മെഗാവാട്ട് വൈദ്യുതി മാത്രം. ഇതിന്റെ ഫലമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മിച്ച വൈദ്യുതി സംസ്ഥാനമായിരുന്ന കേരളം പവര്‍കട്ടിലേക്കും ലോഡ്ഷെഡിങ്ങിലേക്കും നീങ്ങിയത്.
ഉദാരവല്‍ക്കരണത്തിന്റെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. പക്ഷേ, ഉദാരവല്‍ക്കരണനയം നടപ്പാക്കി പരമ്പരാഗതമേഖലകളെ തകര്‍ത്തെറിഞ്ഞു.
പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ അല്‍പ്പം പോലും പിശുക്ക് കാണിച്ചില്ല. പ്രകടനപത്രികയില്‍ യുഡിഎഫ് പറഞ്ഞതിങ്ങനെ: "ഭൂരഹിതരായ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും കൃഷിക്ക് ഉപയുക്തമായ ഭൂമി പതിച്ചുനല്‍കും. കൂടാതെ, പശ്ചാത്തലസൗകര്യത്തിനുള്ള ധനസഹായവും നല്‍കും." സംഭവിച്ചത് നേരെ വിപരീതമാണ്. ഭൂമി നല്‍കിയില്ലെന്നു മാത്രമല്ല, ഭൂമിക്കായി സമരംചെയ്ത ആദിവാസികളെ അടിച്ചമര്‍ത്തി. മുത്തങ്ങയില്‍ ആദിവാസികള്‍ക്കുനേരെ വെടിയുതിര്‍ത്തു.
പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ യഥാകാലം വിതരണംചെയ്യുമെന്നും കാലോചിതമായി വര്‍ധിപ്പിക്കുമെന്നും പറഞ്ഞെങ്കിലും സ്റ്റൈപെന്‍ഡ് കുടിശ്ശികയാകുകയാണുണ്ടായത്. അത് കൃത്യമായി നല്‍കിയതും വര്‍ധിപ്പിച്ചതും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്.
ക്ഷേമപദ്ധതികളെക്കുറിച്ചും യുഡിഎഫ് പ്രകടനപത്രിക വാചാലമായി. "തൊഴിലില്ലായ്മാ വേതനം, വിധവാ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അഗതി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിങ്ങനെ എല്ലാ ക്ഷേമപദ്ധതികളും കാലോചിതമായി പരിഷ്കരിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും." വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ തന്നെ വിശ്രമിച്ചു. ക്ഷേമപെന്‍ഷനുകള്‍ മുഴുവനും കുടിശ്ശികയായി. കുടിശ്ശിക തീര്‍ത്ത് നല്‍കിയതും കാലോചിതമായി വര്‍ധിപ്പിച്ച് മൂന്നിരട്ടിയിലേറെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കിയതും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്.
ജീവനക്കാരെ സംബന്ധിച്ചുള്ള 2001ലെ യുഡിഎഫ് പ്രകടന പത്രിക ഏറെ മോഹിപ്പിക്കുന്നതായിരുന്നു. "ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന നിലപാടായിരിക്കും യുഡിഎഫ് അനുവര്‍ത്തിക്കുക. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ്ര പാരിറ്റി നടപ്പാക്കിയതില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും." സംഭവിച്ചതോ? ജീവനക്കാരുടെ നിലനില്‍ക്കുന്ന ആനുകൂല്യങ്ങള്‍തന്നെ വെട്ടിക്കുറച്ചു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം എന്ന സമീപനം അട്ടിമറിക്കപ്പെട്ടു. പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് അവധി അനുവദിക്കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. അത് യുഡിഎഫ് ഭരണകാലത്ത് ജലരേഖയായപ്പോള്‍ നടപ്പാക്കിയത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്.
എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലായിടത്തും കുടിവെള്ളം എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പ്രഖ്യാപിച്ചു; നടപ്പാക്കപ്പെട്ടില്ല. എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരാണ് ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 50 ലക്ഷം പേര്‍ക്ക് പുതുതായി കുടിവെള്ളമെത്തിച്ച് എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണ്.
എണ്ണിപ്പറഞ്ഞാല്‍ ഏറെ കാര്യങ്ങള്‍ രേഖപ്പെടുത്താനുണ്ട്. ലേഖനത്തിന്റെ പരിമിതിക്കകത്ത് അതെല്ലാം വിശദീകരിക്കാനാവില്ലല്ലോ.
ഭരണത്തിന്റെ മാര്‍ഗരേഖയായ പ്രകടനപത്രിക കര്‍മപഥത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇങ്ങനെയൊരു കമ്മിറ്റിയെപ്പറ്റിയുള്ള വാഗ്ദാനം ഇപ്പോഴത്തെ പ്രകടനപത്രികയിലും യുഡിഎഫ് വച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഒന്നും ഓര്‍മയുണ്ടാകില്ല എന്ന ബോധത്തിലാകണം അത്. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറയുന്ന യുഡിഎഫ് രണ്ടുരൂപയ്ക്ക് എല്ലാവര്‍ക്കും അരി നല്‍കുന്ന പദ്ധതിയെ എന്തിനാണ് തുരങ്കംവച്ചത് എന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം. വോട്ടു തട്ടാന്‍ തേന്‍പുരട്ടിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ഭരണത്തിലേറിയാല്‍ അത് മറന്ന് ജനവിരുദ്ധനടപടികള്‍ സ്വീകരിക്കുകയുംചെയ്യുന്ന യുഡിഎഫിന്റെ പ്രകടനപത്രിക വഞ്ചനയുടെ തനിയാവര്‍ത്തനംമാത്രമാണ്.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ അഞ്ചുവര്‍ഷം ശക്തമായി ഇടപെട്ട എല്‍ഡിഎഫ് ഐക്യത്തോടും കൃത്യമായ വികസന കാഴ്ചപ്പാടോടും കൂടി അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുകയാണ്. യുഡിഎഫിനകത്തെ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണ്. ഘടകകക്ഷികള്‍ക്കകത്തെ ഗ്രൂപ്പുകളാവട്ടെ പരസ്പരം പോരിന് ഒരുങ്ങി നില്‍ക്കുന്നു. സോഷ്യലിസ്റ്റ് ജനത തങ്ങള്‍ക്കായി നീക്കിവച്ച സീറ്റ് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ജെഎസ്എസ് ഏറെ സമ്മര്‍ദത്തിനും തര്‍ക്കത്തിനും ശേഷമാണ് മത്സരിക്കാനുള്ള സീറ്റുകള്‍ സ്വീകരിച്ചത്. മാണി കേരള കോണ്‍ഗ്രസ് പറയുന്നത് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിച്ചിട്ടില്ലെന്നാണ്. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ പിണങ്ങിനില്‍ക്കുന്നു. ദിനംപ്രതിയെന്നോണം നേതാക്കള്‍ക്കെതിരെ യുഡിഎഫുകാര്‍ തന്നെ അഴിമതി ആരോപണവും മറ്റുമായി രംഗപ്രവേശം ചെയ്യുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായി രംഗത്തുവന്നത് മുനീറിന്റെ ചാനലാണ്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് കോടതിയില്‍ ടി എച്ച് മുസ്തഫ ആവശ്യപ്പെട്ടു. അടൂര്‍ പ്രകാശിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവാണ് രംഗപ്രവേശം ചെയ്തത്. ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതിയുടെ തെളിവ് ഹാജരാക്കാമെന്ന് പ്രഖ്യാപിച്ചത് കെ കെ രാമചന്ദ്രന്‍ മാസ്റ്ററാണ്.
ഇങ്ങനെ അഴിമതിയിലും സീറ്റ് തര്‍ക്കങ്ങളിലുംപെട്ട് ഉഴലുന്ന യുഡിഎഫിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ ഉജ്വല പാരമ്പര്യമായ മതേതരത്വം സംരക്ഷിക്കുന്നതിന് എല്‍ഡിഎഫിനുമാത്രമേ കഴിയുകയുള്ളൂ. കാരണം വര്‍ഗീയശക്തികളുടെ സ്വാധീനമില്ലാത്ത മുന്നണിയാണ് അത്. അഴിമതിക്ക് അതീതമായി നിന്നുകൊണ്ട് ജനകീയ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേരളജനത മനസിലാക്കിയിട്ടുണ്ട്. പലരും പ്രചരിപ്പിക്കുന്ന എല്ലാ തെറ്റിദ്ധാരണകളെയും തിരിച്ചറിഞ്ഞ് നാടിന്റെ മതേതരത്വവും വികസനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. കള്ളപ്പണക്കാരുമായി കൂട്ടുകച്ചവടം നടത്തുന്ന ഈ നിലപാടുകാര്‍ തെരഞ്ഞെടുപ്പില്‍ ഇഷ്ടംപോലെ പണമിറക്കി ജനവിധി അട്ടിമറിക്കാനുള്ള ശ്രമം നടത്തും. അതിനെതിരെ ജാഗ്രത പുലര്‍ത്തണം. സുനിശ്ചിതമായ എല്‍ഡിഎഫിന്റെ വിജയം കൂടുതല്‍ തിളക്കമാര്‍ന്നതാക്കാന്‍ കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ പേരും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പിണറായി വിജയന്‍
പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കിയ അഭിമാനത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ വികസനത്തെ ശക്തിപ്പെടുത്താനുതകുന്ന പരിപാടിയാണ് പ്രകടനപത്രികയായി അവതരിപ്പിച്ചിട്ടുള്ളത്. നടപ്പാക്കിയ കാര്യങ്ങളുടെ തുടര്‍ച്ചയ്ക്കാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഒരു പ്രകടനപത്രിക അവതരിപ്പിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ പിശുക്കൊന്നും കാണിച്ചിട്ടുമില്ല. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ രാജ്യത്ത് പാലും തേനും ഒഴുകുമായിരുന്നു. "ഗരീബി ഹഠാവോ", "വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി", "പഞ്ചായത്തില്‍ വ്യവസായം" തുടങ്ങിയ വാഗ്ദാനങ്ങളുടെ പെരുമഴ കേരളീയര്‍ മാത്രമല്ല ഇന്ത്യ ആകമാനം കേട്ടിട്ടുള്ളതാണ്. പക്ഷേ, അവയെല്ലാം വാഗ്ദാനങ്ങളായിത്തന്നെ നിലനില്‍ക്കുകയാണുണ്ടായത്.
ReplyDelete