Friday, April 1, 2011

നമ്മള്‍ ഇന്ത്യക്കാര്‍ 121 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം ജനസംഖ്യ 121.02 കോടി. ഇതില്‍ 62.37 കോടി പുരുഷന്മാരും 58.65 കോടി സ്ത്രീകളും. പത്തുവര്‍ഷത്തിനിടെ ജനസംഖ്യ വര്‍ധിച്ചത് 18.1 കോടി. ജനസംഖ്യാവര്‍ധനയുടെ നിരക്ക് 3.9 ശതമാനം കുറഞ്ഞ് 17.64 ശതമാനമായി. 2001ല്‍ 21.15 ശതമാനമായിരുന്നുഇത്. 1911-1921നുശേഷം മുന്‍ സെന്‍സസിനെ അപേക്ഷിച്ച് ജനസംഖ്യാവര്‍ധന കുറഞ്ഞ ആദ്യ ദശാബ്ദമാണിത്. അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, പാകിസ്ഥാന്‍, ബംഗ്ളാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യക്ക് തുല്യമാണ് ഇന്ത്യയുടെ ജനസംഖ്യ. 19.9 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമെന്നും വ്യാഴാഴ്ച പുറത്തുവിട്ട 2011ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്. 64,429 പേര്‍. മഹാരാഷ്ട്ര (11.23 കോടി), ബിഹാര്‍ (10.38 കോടി), പശ്ചിമബംഗാള്‍ (9.13 കോടി), ആന്ധ്രാപ്രദേശ് (8.46 കോടി) എന്നീ സംസ്ഥാനങ്ങളാണ് ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഉത്തര്‍പ്രദേശിന്റെയും മഹാരാഷ്ട്രയുടെയും ജനസംഖ്യ ചേര്‍ത്താല്‍ അമേരിക്കയെ മറികടക്കും. ലോകജനസംഖ്യയില്‍ ഇന്ത്യ രണ്ടാമതുതന്നെയാണ്. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 19.4 ശതമാനമുള്ള ചൈന തന്നെയാണ് ഒന്നാമത്. ഇന്ത്യയില്‍ 17.5 ശതമാനം ജനങ്ങള്‍ അധിവസിക്കുന്നു. അഞ്ചാംസ്ഥാനത്തുള്ള ബ്രസീലിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ് പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ വര്‍ധിച്ച 18 കോടി. ജനനത്തിലെ ലിംഗഅനുപാതം സ്വാതന്ത്ര്യാനന്തരം ഏറ്റവും കുറഞ്ഞ ദശാബ്ദമാണ് കഴിഞ്ഞതെന്ന ഞെട്ടിക്കുന്ന വിവരവും സെന്‍സസ് വ്യക്തമാക്കുന്നു. ആയിരം ആണ്‍ കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. കഴിഞ്ഞ സെന്‍സസില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളുണ്ടായിരുന്നു.

ഏഴുവയസ്സിനു മുകളിലുള്ളവരില്‍ 26 ശതമാനം പേര്‍ക്ക് സ്വന്തം പേരുപോലും എഴുതാനറിയില്ല. 74 ശതമാനമാണ് സാക്ഷരത. കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് 9.21 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പുരുഷന്മാരുടെ സാക്ഷരത 82.14 ശതമാനവും സ്ത്രീകളുടേത് 65.46 ശതമാനമാണ്. ആറുവയസ്സുവരെയുള്ള 15.88 കോടി കുട്ടികളാണ് രാജ്യത്തുള്ളത്. 2001ലേക്കാള്‍ 50 ലക്ഷം കുട്ടികളുടെ കുറവ്. പത്തു ലക്ഷത്തിലേറെ കുട്ടികളുള്ള 20 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്. സംസ്ഥാനങ്ങളില്‍ ഹരിയാണയിലാണ് പെണ്‍കുട്ടികളുടെ ജനനനിരക്ക് ഏറ്റവും കുറവ്. ആയിരം ആണ്‍കുട്ടികള്‍ക്ക് 830 പെണ്‍കുട്ടികളാണ് അവിടെ ജനിക്കുന്നത്. അതേസമയം, ദേശീയതലത്തില്‍ ലിംഗഅനുപാതം ഏഴു പോയിന്റ് വര്‍ധന രേഖപ്പെടുത്തി. ആയിരം പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍. ബിഹാര്‍, ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ലിംഗഅനുപാതം കുറഞ്ഞത്.

2011ല്‍ രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണ്. കഴിഞ്ഞ സെന്‍സസില്‍ ഇത് 325 ആയിരുന്നു. തലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രത- 11,297. രണ്ടാംസ്ഥാനത്ത് ചണ്ഡിഗഢ്(9,252). അരുണാചല്‍പ്രദേശിലും (ചതുരശ്ര കിലോമീറ്ററില്‍ 17), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും (46) ആണ് ജനസാന്ദ്രത ഏറ്റവും കുറഞ്ഞത്. ഡല്‍ഹി നോര്‍ത്ത്ഈസ്റ് ജില്ലയിലാണ് ജനസാന്ദ്രത കൂടുതല്‍- ചതുരശ്ര കിലോമീറ്ററില്‍ 37,346 പേര്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഒറ്റയാള്‍ മാത്രമുള്ള അരുണാചല്‍പ്രദേശിലെ ദിബാങ് വാലിയിലാണ് ജനസാന്ദ്രത ഏറ്റവും കുറവ്.

ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ സാന്നിധ്യത്തില്‍ സെന്‍സസ് കമീഷണര്‍ സി ചന്ദ്രമൌലിയാണ് സെന്‍സസ് റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചത്. ജനസംഖ്യ വളര്‍ച്ചാനിരക്ക് കുറഞ്ഞത് ശ്രദ്ധേയമായ കാര്യമാണെന്ന് ചന്ദ്രമൌലി ചൂണ്ടിക്കാട്ടി. സെന്‍സസിനു ശേഷമുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും പൂര്‍ണമായ വിവരങ്ങള്‍ 2012ല്‍ മാത്രമേ തയ്യാറാകൂവെന്ന് സെന്‍സസ് കമീഷണര്‍ അറിയിച്ചു. ഇപ്പോഴത്തെ കണക്കുകളിലെ പിശകുകള്‍ അപ്പോള്‍ പരിഹരിക്കും. 2001ലെ സെന്‍സസില്‍ രണ്ടു ശതമാനം പിശകുണ്ടായിരുന്നു. രാജ്യത്തെ പതിനഞ്ചാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് ഈവര്‍ഷം പൂര്‍ത്തിയായത്. മൊത്തം 2,200 കോടി രൂപ ചെലവിട്ട് നടത്തിയ കണക്കെടുപ്പില്‍ 27 ലക്ഷം ജീവനക്കാര്‍ പങ്കെടുത്തു.
(വിജേഷ് ചൂടല്‍)

വിദ്യാഭ്യാസത്തിലും സ്ത്രീമുന്നേറ്റത്തിലും കേരളം മുന്നില്‍

ന്യൂഡല്‍ഹി: സ്ത്രീമുന്നേറ്റത്തിലും വിദ്യാഭ്യാസത്തിലും കേരളം മുന്നിട്ടുനില്‍ക്കുന്നതായി സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാക്ഷരതയടക്കമുള്ള പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായി കേരളം ഒന്നാംസ്ഥാനത്തു തന്നെയുണ്ട്. ദേശീയതലത്തില്‍ സാക്ഷരത 74 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ 93.91 ശതമാനം സാക്ഷരതയുമായി കേരളം ഒന്നാംസ്ഥാനത്താണ്. 96 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും സംസ്ഥാനത്ത് സാക്ഷരരാണ്. കേരളമടക്കം വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്ത്രീ-പുരുഷ സാക്ഷരതയുടെ വ്യത്യാസം പത്ത് ശതമാനത്തില്‍ കുറവുള്ളത്. 92.28 ശതമാനം സാക്ഷരതയുള്ള ലക്ഷദ്വീപാണ് കേരളത്തിനു തൊട്ടുപിന്നില്‍. ലിംഗ അനുപാതത്തിന്റെ കാര്യത്തിലും കേരളംതന്നെയാണ് ഒന്നാമത്. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകളാണ് കേരളത്തില്‍ ഉള്ളത്. ദേശീയ ശരാശരി ഇത് 940 ആണ്.

സെന്‍സസിന്റെ പ്രാഥമിക കണക്കുപ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,667. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനമാണിത്. കഴിഞ്ഞ സെന്‍സസില്‍ 3,18,41,374 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ. ജനസംഖ്യാവര്‍ധനയുടെ നിരക്ക് 4.5 ശതമാനം കുറഞ്ഞ് 4.9 ശതമാനമായി. ജനസംഖ്യയില്‍ പത്തിലൊന്നും ആറ് വയസ്സുവരെയുള്ള കുട്ടികളാണ്.

വിശദവിവരങ്ങള്‍ക്ക് സെന്‍സസ് വെബ് സൈറ്റ് സന്ദര്‍ശിക്കുക

1 comment:

  1. സ്ത്രീമുന്നേറ്റത്തിലും വിദ്യാഭ്യാസത്തിലും കേരളം മുന്നിട്ടുനില്‍ക്കുന്നതായി സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാക്ഷരതയടക്കമുള്ള പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായി കേരളം ഒന്നാംസ്ഥാനത്തു തന്നെയുണ്ട്. ദേശീയതലത്തില്‍ സാക്ഷരത 74 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ 93.91 ശതമാനം സാക്ഷരതയുമായി കേരളം ഒന്നാംസ്ഥാനത്താണ്. 96 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും സംസ്ഥാനത്ത് സാക്ഷരരാണ്. കേരളമടക്കം വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്ത്രീ-പുരുഷ സാക്ഷരതയുടെ വ്യത്യാസം പത്ത് ശതമാനത്തില്‍ കുറവുള്ളത്. 92.28 ശതമാനം സാക്ഷരതയുള്ള ലക്ഷദ്വീപാണ് കേരളത്തിനു തൊട്ടുപിന്നില്‍. ലിംഗ അനുപാതത്തിന്റെ കാര്യത്തിലും കേരളംതന്നെയാണ് ഒന്നാമത്. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകളാണ് കേരളത്തില്‍ ഉള്ളത്. ദേശീയ ശരാശരി ഇത് 940 ആണ്.

    ReplyDelete