Wednesday, April 13, 2011

മന്‍മോഹന്‍സിങ് അഴിമതിക്ക് കുടപിടിക്കുന്നു: അസാഞ്ചെ

നോര്‍ഫോക്ക് (ബ്രിട്ടന്‍): ഒപ്പമുള്ളവരുടെ അഴിമതി മൂടിവയ്ക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിക്കിലീക്സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയാന്‍ അസാഞ്ചെ പറഞ്ഞു. വിക്കിലീക്സ് വഴി പുറത്തുവന്ന അമേരിക്കന്‍ നയതന്ത്രരേഖകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഏക ലോകനേതാവ് മന്‍മോഹന്‍സിങ്ങാണ്. ഇന്ത്യയില്‍ ഭയാനകമായ തോതില്‍ അഴിമതി നടക്കുകയാണെന്നും ഇതിനെതിരെ അടിയന്തരനടപടി ആവശ്യമാണെന്നും അസാഞ്ചെ തുടര്‍ന്നു. 'ദി ഹിന്ദു' പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് നല്‍കിയ അഭിമുഖത്തിലാണ് അസാഞ്ചെ ഇന്ത്യയിലെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ചത്.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച 5100 സന്ദേശം വിക്കിലീക്സ് ചോര്‍ത്തിയിരുന്നു. യുപിഎ നേതൃത്വം പ്രതിക്കൂട്ടിലായ അഴിമതികള്‍ക്കുള്ള സ്ഥിരീകരണമാണ് ഈ സന്ദേശങ്ങള്‍. വിക്കിലീക്സ് ഇവ 'ദി ഹിന്ദു'വിന് കൈമാറുകയും അവര്‍ മാര്‍ച്ച് 15 മുതല്‍ 21 ദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രതിപക്ഷം ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പുറത്തുവന്ന രേഖകള്‍ വിശ്വസനീയമല്ലെന്നും ഇത്തരം സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്നുതന്നെ ഉറപ്പില്ലെന്നുമുള്ള മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. മന്‍മോഹന്‍സിങ്ങിന്റെ ഈ പ്രതികരണം തന്നെ നിരാശപ്പെടുത്തിയെന്ന് അസാഞ്ചെ പറഞ്ഞു. നയതന്ത്രരേഖകള്‍ ചോര്‍ന്നതായി അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റതന്നെ കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നു. നാലുവര്‍ഷമായി വിക്കിലീക്സ് പുറത്തുവിട്ട ഒരു രേഖയുടെയും വിശ്വാസ്യതയെ ആരും ചോദ്യംചെയ്തിട്ടില്ല. പ്രഗത്ഭരായ പത്രപ്രവര്‍ത്തകരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് രേഖകള്‍ വിക്കിലീക്സ് പുറത്തുവിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്ന് താന്‍ കരുതുന്നത്. വ്യക്തിപരമായി അഴിമതിക്കാരനല്ലെങ്കിലും മറ്റുള്ളവരുടെ അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് മന്‍മോഹന്‍സിങ്. ആരോപണങ്ങള്‍ ഗൌരവസ്വഭാവമുള്ളതാണെന്നും ഇതേപ്പറ്റി അന്വേഷിക്കുമെന്നും നിജസ്ഥിതി പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രിക്ക് പറയാമായിരുന്നു. ഇത്തരത്തില്‍ പ്രതികരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സമീപനം കുറച്ചെങ്കിലും സ്വീകാര്യമായേനെ.

അഴിമതിക്കെതിരായി ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പോരാട്ടം ആവേശകരമാണ്. പ്രത്യേകിച്ച് അണ്ണ ഹസാരെയുടെ നിരാഹാരവും മറ്റും. അഴിമതിക്കെതിരായി പൊരുതാന്‍ കടുത്ത നിശ്ചയദാര്‍ഢ്യം വേണം. ഇക്കാര്യത്തില്‍ ഇന്ത്യ തനിച്ചല്ല. ലോകവ്യാപകമായി നടക്കുന്ന ശതകോടി ഡോളറുകളുടെ അഴിമതി വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. വികസിതരാജ്യങ്ങളും ഇതില്‍ പങ്കാളികളാണ്. വികസ്വരരാജ്യങ്ങളില്‍ നടക്കുന്ന വന്‍അഴിമതികള്‍ക്ക് സൌകര്യം ചെയ്തുകൊടുക്കുന്നത് വികസിതരാജ്യങ്ങളിലെ ബാങ്കുകളാണ്. ഇന്ത്യയില്‍നിന്നുള്ള അഴിമതിപ്പണം കുന്നുകൂട്ടുന്നത് സ്വിസ്ബാങ്കുകളിലാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ആഭ്യന്തര മൊത്തവരുമാനത്തിന്റെ 50 ശതമാനവും സ്വിസ്ബാങ്കുകളില്‍നിന്നാണ്. ലോകത്തെ സ്വകാര്യസമ്പത്തിന്റെ മൂന്നിലൊന്നും സ്വിസ്ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ വിക്കിലീക്സിന് കൈമാറിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ റുഡോള്‍ഫ് എല്‍മറെ രണ്ടരമാസമായി ജയിലില്‍ അടച്ചിരിക്കയാണ്. പക്ഷേ, അദ്ദേഹത്തിനെതിരെ കുറ്റമൊന്നും ചുമത്താന്‍ കഴിഞ്ഞിട്ടില്ല. സമയം വരുമ്പോള്‍ എല്‍മര്‍ കൈമാറിയ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അസാഞ്ചെ പറഞ്ഞു. നോര്‍ഫോക്കില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ വൌഗന്‍ സ്മിത്തിന്റെ വസതിയില്‍വച്ച് ഏപ്രില്‍ എട്ടിനാണ് റാം അസാഞ്ചെയുമായി കൂടിക്കാഴ്ച നടത്തിയത്.

ദേശാഭിമാനി 140311

1 comment:

  1. ഒപ്പമുള്ളവരുടെ അഴിമതി മൂടിവയ്ക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിക്കിലീക്സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയാന്‍ അസാഞ്ചെ പറഞ്ഞു. വിക്കിലീക്സ് വഴി പുറത്തുവന്ന അമേരിക്കന്‍ നയതന്ത്രരേഖകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഏക ലോകനേതാവ് മന്‍മോഹന്‍സിങ്ങാണ്. ഇന്ത്യയില്‍ ഭയാനകമായ തോതില്‍ അഴിമതി നടക്കുകയാണെന്നും ഇതിനെതിരെ അടിയന്തരനടപടി ആവശ്യമാണെന്നും അസാഞ്ചെ തുടര്‍ന്നു. 'ദി ഹിന്ദു' പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് നല്‍കിയ അഭിമുഖത്തിലാണ് അസാഞ്ചെ ഇന്ത്യയിലെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ആഞ്ഞടിച്ചത്.

    ReplyDelete