Saturday, April 2, 2011

സര്‍വേ പ്രവചനങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തത്: ബര്‍ധന്‍

കൊച്ചി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രി-പോള്‍ പ്രവചനങ്ങള്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെയാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീ-പോള്‍ സര്‍വേകള്‍ എപ്പോഴും ശരിയാകണമെന്നില്ല. സാധാരണഗതിയില്‍ പ്രവചനങ്ങള്‍ തെറ്റായി വരുന്നതാണ് കാണുന്നത്. അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മത്സരം അത്ര വലിയ പോരാട്ടമല്ല. പശ്ചിമബംഗാളില്‍ ഇടതുവിരുദ്ധരെല്ലാം കൂടി ഭരണമാറ്റമെന്ന അജന്‍ഡയുമായി ഒന്നിക്കാനുള്ള ശ്രമത്തിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി പശ്ചിമബംഗാളില്‍ വരുത്തിയ മാറ്റങ്ങള്‍ എന്താണെന്ന് പൊതുജനത്തിന് അറിയാം. കേരളത്തില്‍ യു ഡി എഫുമായി അത്ര കടുത്ത മത്സരമല്ല ഉള്ളത്. ഇടതുമുന്നണി കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇവിടെ ചര്‍ച്ചാവിഷയം. ഭരണവിരുദ്ധ വികാരം ഇവിടെ നിലനില്‍ക്കുന്നില്ല. മന്ത്രി സി ദിവാകരന്‍ വോട്ടറെ മര്‍ദിച്ചുവെന്ന വാര്‍ത്തയും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ മുന്‍ എം എല്‍ എ മര്‍ദിച്ചുവെന്ന വാര്‍ത്തയും കെട്ടിച്ചമച്ചതാണെന്ന് പൊതുജനത്തിന് അറിയാം. കരുനാഗപ്പള്ളി റയില്‍വെ സ്‌റ്റേഷനിലുണ്ടായ സംഭവം ഹിന്ദുപത്രം വളരെ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ അരിയുള്‍പ്പെടെ നല്‍കി പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയതും ഇ എം എസ് ഭവനപദ്ധതിയിലൂടെയും എം എന്‍ ലക്ഷംവീട് പുനരധിവാസ പദ്ധതിയിലൂടെയും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയതും പ്രധാന നേട്ടങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയും പുതുതായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ പദ്ധതി തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതി വിധി ആശ്ചര്യമാണ് സൃഷ്ടിച്ചത്. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന അരി രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന് പറഞ്ഞ കോടതി തന്നെയാണ് അത് ചെയ്യാനുള്ള നീക്കം തടഞ്ഞതെന്നും ഇതിന്റെ കാരണക്കാരായ യു ഡി എഫ് നേതാക്കള്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ബര്‍ധന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് സര്‍വെ: കണക്കുകള്‍ വിചിത്രമെന്ന് തോമസ് ഐസക്ക്

ആലപ്പുഴ: ഏഷ്യാനെറ്റ് സര്‍വെയില്‍ കാണിക്കുന്ന കണക്കുകള്‍ അതിവിചിത്രമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സര്‍വെ ഫലങ്ങളുടെ നിജസ്ഥിതി സംശയകരമാണ്.

സര്‍വ്വെ സംബന്ധിച്ച മുഴുവന്‍ കണക്കുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഇലക്ഷന്‍ കമ്മിഷന്‍ ഇത് സ്വതന്ത്രമായി വിലയിരുത്തണമെന്നും തോമസ്‌ഐസക്ക് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഭരണവിരുദ്ധവികാരം നിലവിലില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതെന്നും സര്‍വെയില്‍ പറുന്നു. വി എസ് അച്യുതാനന്ദനെ കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയായി അംഗീകരിക്കുമ്പോഴും സീറ്റുകള്‍ കൂടുതല്‍ യുഡിഎഫിനാണെന്നും പറയുന്നു. ഇതില്‍ പൊരുത്തക്കേടുകളുണ്ട്. സാമുദായിക അടിസ്ഥാനത്തിലുള്ള വോട്ടുകളെ സംബന്ധിച്ച കണക്കുകളും വിചിത്രമാണ്. സവര്‍ണ്ണ ഹിന്ദുക്കളിലും സുറിയാനി ക്രിസ്ത്യാനികളിലും എല്‍ ഡി എഫിനെക്കാള്‍ വോട്ട് വിഹിതം ബിജെപിക്കാണ്. ഇതിന് മുന്‍പുള്ള ഒരു സര്‍വെയും ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും ഐസക്ക് പറഞ്ഞു.


ശ്രീ.ആര്‍. രാം‌കുമാര്‍ എഴുതിയ പോസ്റ്റ്

Biases in the second Asianet-C Fore opinion polls in Kerala - R. Ramakumar

1 comment:

  1. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രി-പോള്‍ പ്രവചനങ്ങള്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെയാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീ-പോള്‍ സര്‍വേകള്‍ എപ്പോഴും ശരിയാകണമെന്നില്ല. സാധാരണഗതിയില്‍ പ്രവചനങ്ങള്‍ തെറ്റായി വരുന്നതാണ് കാണുന്നത്. അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

    ReplyDelete