Monday, April 18, 2011

ഹസാരെ അയയുന്നു; ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് തള്ളിയാലും സ്വീകാര്യമെന്ന്

അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് തള്ളിയാല്‍ ആ നടപടിയും അംഗീകരിക്കുമെന്ന് അണ്ണ ഹസാരെ. പാര്‍ലമെന്റ് തന്നെയാണ് പരമോന്നത സ്ഥാപനമെന്നും താന്‍ ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ശരിയായ വഴിയിലാണ് പോകുന്നതെങ്കില്‍ ആഗസ്ത് 15നകം ബില്‍ പാസാക്കണമെന്ന അന്ത്യശാസനത്തില്‍ മാറ്റമാകാം. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് മുന്‍ നിലപാടുകളില്‍ അയവു വരുത്താന്‍ തയ്യാറാണെന്ന് ഹസാരെ പറഞ്ഞത്.

ലോക് പാല്‍ ബില്ലിനെക്കുറിച്ച് രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച നടത്തും. ബില്‍ പാസ്സാക്കുന്നതോടെ അഴിമതി അവസാനിക്കുമെന്ന വിശ്വാസവുമില്ല. താന്‍ ആര്‍എസ്എസ് ഏജന്റാണെന്ന ദിഗ്വിജയ്സിങ്ങിന്റെ ആരോപണം ശരിയല്ല. ആര്‍എസ്എസുമായി ഒരിക്കലും അടുത്തിട്ടില്ല. അവരെ അടുക്കാന്‍ അനുവദിച്ചിട്ടുമില്ല. സംയുക്തസമിതി യോഗം വീഡിയോയില്‍ പകര്‍ത്തണമെന്ന ആവശ്യം അടുത്ത യോഗത്തിലും ശക്തമായി ഉന്നയിക്കും- ഹസാരെ അറിയിച്ചു. പൌരസമൂഹം ശനിയാഴ്ചത്തെ യോഗത്തില്‍ അവതരിപ്പിച്ച കരട് ബില്ലിലും കര്‍ക്കശമായ മുന്‍ നിലപാടുകളില്‍നിന്ന് അയവേറിയ സമീപനമാണ് സ്വീകരിച്ചത്. പുതിയ ബില്ലില്‍ ലോക്പാല്‍ സമിതിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്താന്‍ ഒരു സെര്‍ച്ച് കമ്മിറ്റി വേണമെന്ന് പറയുന്നുണ്ട്. മുന്‍ സിഎജി, സിഇസി എന്നിവരടങ്ങുന്ന ഈ സമിതി ആവശ്യത്തിനുള്ള അംഗങ്ങളുടെ മൂന്നിരട്ടി അംഗങ്ങളുടെ പേര് ശുപാര്‍ശ ചെയ്യണം. ഇവരില്‍നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ട് കമ്മിറ്റിയുടെ ഘടനയിലും മുന്‍ നിലപാടുകള്‍ മാറ്റാന്‍ ഹസാരെയും കൂട്ടരും തയ്യാറായി.

നേരത്തേ രാജ്യസഭാ ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സമിതിയെന്നും ലോക്സഭാ സ്പീക്കര്‍ അംഗമായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയായിരിക്കുമെന്നും സ്പീക്കര്‍ക്കു പകരം ലോക്സഭയിലെ പ്രതിപക്ഷനേതാവായിരിക്കും അതില്‍ ഉണ്ടാകുകയെന്നുമാണ് പുതിയ കരട് പറയുന്നത്. ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ലോക്പാലിനുണ്ടായിരിക്കുമെന്ന് പുതിയ ബില്ലില്‍ പറയുന്നു. നിലവില്‍ ഇതിനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനാണ്. എന്നാല്‍, ഈ ബില്ലിനെ പല നിയമവിദഗ്ദരും എതിര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്പാലിന്റെ പരിധിയില്‍ വരുന്നതിനെ മുന്‍ സുപ്രീംകാടതി ചീഫ് ജസ്റിസ് ജെ എസ് വര്‍മ എതിര്‍ത്തു. അന്വേഷണം നടത്താനും ശിക്ഷിക്കാനുമുള്ള അധികാരം ലോക്പാലില്‍ കേന്ദ്രീകരിക്കുന്നത് അപകടകരമാണെന്ന് സാമൂഹ്യപ്രവര്‍ത്തക അരുണ റോയ് പറഞ്ഞു.

അഴിമതി ആരോപണം കൊഴുക്കുന്നു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരടു രൂപീകരണസമിതിയില്‍ അംഗങ്ങളായ ശാന്തിഭൂഷണും അണ്ണ ഹസാരെക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ കൊഴുക്കുന്നു. മുന്‍ നിയമമന്ത്രി കൂടിയായ ശാന്തിഭൂഷണ്‍ സ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചുവെന്നതും അണ്ണ ഹസാരെ പണം ദുരുപയോഗം ചെയ്തുവെന്നതുമാണ് ആരോപണം. ഉത്തര്‍പ്രദേശ് സ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന്‍ വകുപ്പ് ശാന്തിഭൂഷണെതിരെ മുമ്പ് നോട്ടീസ് അയച്ചതാണ് ഇപ്പോള്‍ വിവാദത്തിന് ശക്തിപകര്‍ന്നത്. അലഹാബാദ് നഗരത്തിലെ കണ്ണായ സ്ഥലമായ സിവില്‍ ലൈനില്‍ ശാന്തിഭൂഷണ്‍ ബംഗ്ളാവ് വാങ്ങിയപ്പോള്‍ യഥാര്‍ഥ വില കാണിക്കാതെ രജിസ്ട്രേഷന്‍ നടത്തിയതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസയച്ചത്. ഒക്ടോബറിലാണ് ഹരി ഓം ദാസ് ഠണ്ഡനില്‍നിന്ന് 7,810 ചതുരശ്ര മീറ്റര്‍ സ്ഥലവും ബംഗ്ളാവും ശാന്തിഭൂഷണ്‍ വാങ്ങിയത്. അഞ്ച് ലക്ഷത്തില്‍ താഴെയാണ് ഇതിനുവില കാണിച്ചത്. സ്റാമ്പ് ഡ്യൂട്ടി നല്‍കിയത് 45,000 രൂപ മാത്രവും. എന്നാല്‍, 20 കോടിയെങ്കിലും നല്‍കാതെ ഈ കെട്ടിടം വാങ്ങാന്‍ കഴിയില്ലെന്നാണ് കണക്കാക്കുന്നത്. അതിനാല്‍, 1.33 കോടി രൂപ സ്റാമ്പ് ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശാന്തിഭൂഷണ്‍ തയ്യാറായിട്ടില്ല.

ലോക്പാല്‍ ബില്ലിന്റെ കരടു രൂപീകരിക്കാനുള്ള സമിതിയിലെ പൌരസമൂഹത്തിന്റെ പ്രതിനിധികളില്‍ ഏറ്റവും സമ്പന്നനാണ് ശാന്തിഭൂഷണ്‍. 136 കോടിയുടെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ഒരു കേസ് ഒതുക്കാന്‍ ജഡ്ജിയെ നാലു കോടി രൂപകൊടുത്ത് വിലയ്ക്കെടുക്കാമെന്ന് ശാന്തിഭൂഷണ്‍ സമാജ്വാദിപാര്‍ടി നേതാവ് മുലായംസിങ് യാദവിനോടു പറഞ്ഞതായും ആരോപണമുണ്ട്. ആദ്യം മുലായത്തോടും അമര്‍സിങ്ങിനോടും സംസാരിച്ചില്ലെന്ന് പറഞ്ഞ ശാന്തിഭൂഷണ്‍ ശനിയാഴ്ച ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍സിങ്ങുമായി സംസാരിച്ചിരുന്നുവെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് ഇറങ്ങിയ സിഡി വ്യാജമല്ലെന്ന് ഫോറന്‍സിക്ക് വിദഗ്ദര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ശബ്ദത്തെക്കുറിച്ച് മാത്രമേ സംശയമുള്ളുവെന്നും ലബോറട്ടറിപറഞ്ഞു. അതെസമയം, സിഡി വ്യാജമാണെന്ന് ശാന്തിഭൂഷന്റെ മകന്‍ പ്രശാന്ത്ഭൂഷണ്‍ അറിയിച്ചു. അമേരിക്കയിലെ രണ്ട് ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. കോടതിയലക്ഷ്യത്തിന് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നോട്ടീസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിഡി വ്യാജമാണെന് അണ്ണ ഹസാരെയും പറഞ്ഞു.

പൌരസമൂഹത്തിന്റെ നായകന്‍ ഗാന്ധിയനായ അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള ഹിന്ദ് സ്വരാജ് ട്രസ്റിന്റെ 2.2 ലക്ഷം രൂപ സ്വന്തം പിറന്നാള്‍ ചെലവിനായി ദുരുപയോഗിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. 2005ലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച പിബി സാവന്ത് അന്വേഷണം നടത്തിയതും ഈ കൃത്രിമം കണ്ടെത്തിയതും. അതുപോലെ മതനിരപേക്ഷ മൂല്യങ്ങള്‍ വളര്‍ത്താനായി നീക്കിവച്ച 46,374 രൂപ പ്രാദേശികക്ഷേത്രം പുനരുദ്ധരിക്കാനാണ് ഹസാരെ ഉപയോഗിച്ചതെന്നും കണ്ടെത്തി. മാത്രമല്ല ഹസാരെ നേതൃത്വം നല്‍കുന്ന ഭ്രഷ്ടാചാര്‍ വിരോധി ജനആന്തോളന്‍ ട്രസ്റ് നിയമപ്രകാരമുള്ള കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.

ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ കോര്‍പറേറ്റുകളാണെന്നാണ് ശാന്തിഭൂഷണും മറ്റും പറയുന്നത്. എന്നാല്‍, ഹസാരെയുടെ സമരംതന്നെ സ്പോണ്‍സര്‍ ചെയ്തത് കോര്‍പറേറ്റുകളാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. അഞ്ചുദിവസത്തെ സമരത്തിന് 50 ലക്ഷം രൂപയാണ് ചെലവാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിക്കുമ്പോള്‍ 30 ലക്ഷം മാത്രമാണ് ചെലവെന്നാണ് സമരക്കാര്‍ തിരുത്തിയത്. ജിന്‍ഡാല്‍ അലുമിനിയം കമ്പനി മാത്രം 25 ലക്ഷം രൂപയാണ് ഹസാരെയുടെ സമരത്തിനു നല്‍കിയത്. എയ്ച്ചര്‍ ഗുഡ്ഏര്‍ത്ത് ട്രസ്റ് മൂന്നുലക്ഷം രൂപയും ശ്രീറാം ഇന്‍വെസ്റ്മെന്റ് രണ്ടുലക്ഷം രൂപയും നല്‍കി.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 18042011

2 comments:

  1. ലോക്പാല്‍ ബില്ലിന്റെ കരടു രൂപീകരണസമിതിയില്‍ അംഗങ്ങളായ ശാന്തിഭൂഷണും അണ്ണ ഹസാരെക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ കൊഴുക്കുന്നു. മുന്‍ നിയമമന്ത്രി കൂടിയായ ശാന്തിഭൂഷണ്‍ സ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചുവെന്നതും അണ്ണ ഹസാരെ പണം ദുരുപയോഗം ചെയ്തുവെന്നതുമാണ് ആരോപണം. ഉത്തര്‍പ്രദേശ് സ്റാമ്പ് ആന്‍ഡ് രജിസ്ട്രേഷന്‍ വകുപ്പ് ശാന്തിഭൂഷണെതിരെ മുമ്പ് നോട്ടീസ് അയച്ചതാണ് ഇപ്പോള്‍ വിവാദത്തിന് ശക്തിപകര്‍ന്നത്. അലഹാബാദ് നഗരത്തിലെ കണ്ണായ സ്ഥലമായ സിവില്‍ ലൈനില്‍ ശാന്തിഭൂഷണ്‍ ബംഗ്ളാവ് വാങ്ങിയപ്പോള്‍ യഥാര്‍ഥ വില കാണിക്കാതെ രജിസ്ട്രേഷന്‍ നടത്തിയതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസയച്ചത്. ഒക്ടോബറിലാണ് ഹരി ഓം ദാസ് ഠണ്ഡനില്‍നിന്ന് 7,810 ചതുരശ്ര മീറ്റര്‍ സ്ഥലവും ബംഗ്ളാവും ശാന്തിഭൂഷണ്‍ വാങ്ങിയത്. അഞ്ച് ലക്ഷത്തില്‍ താഴെയാണ് ഇതിനുവില കാണിച്ചത്. സ്റാമ്പ് ഡ്യൂട്ടി നല്‍കിയത് 45,000 രൂപ മാത്രവും. എന്നാല്‍, 20 കോടിയെങ്കിലും നല്‍കാതെ ഈ കെട്ടിടം വാങ്ങാന്‍ കഴിയില്ലെന്നാണ് കണക്കാക്കുന്നത്. അതിനാല്‍, 1.33 കോടി രൂപ സ്റാമ്പ് ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശാന്തിഭൂഷണ്‍ തയ്യാറായിട്ടില്ല.

    ReplyDelete
  2. ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിക്കാനുള്ള സമിതിയില്‍നിന്ന് പൌരസമൂഹത്തിന്റെ പ്രതിനിധികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകനായ എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം അഭിഭാഷകരാണ് ഹര്‍ജി നല്‍കിയത്. നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്ററി സമിതിയില്‍ പൌരസമൂഹത്തിന്റെ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് ഭരണഘടനാപരമായി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ശാന്തിഭൂഷണെയും മകന്‍ പ്രശാന്ത് ഭൂഷണെയും സമിതിയില്‍ ഉള്‍പ്പെടുത്തിയതും ശരിയായ നടപടിയല്ലെന്നും പരാതിയില്‍ പറയുന്നു. ശാന്തിഭൂഷണിനെതിരെ പ്രചരിച്ച സിഡിയും സ്റാമ്പ്ഡ്യൂട്ടി നല്‍കാതിരുന്ന കാര്യവും പരാതിയില്‍ ഉണ്ട്. അതിനിടെ, സിഡി വിവാദത്തില്‍ അമര്‍ സിങ്ങിനെതിരെ അപകീര്‍ത്തികേസുമായി ശാന്തിഭൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. വ്യാജ സിഡി കേസില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പ്രതികരിച്ചു. ലോക്പാല്‍ബില്‍ കരട് രൂപീകരണത്തിനുള്ള സംയുക്ത സമിതിയിലെ പൌരസമൂഹ പ്രതിനിധികളെ കരിതേച്ചു കാണിക്കാനുള്ള നീക്കത്തിനെതിരെ അന്നാ ഹസാരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. ലോക്പാല്‍ബില്‍ രൂപീകരണത്തെ പാളംതെറ്റിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ 'സഹപ്രവര്‍ത്തകരെ' ഉപദേശിക്കാന്‍ രണ്ടു പേജുള്ള കത്തില്‍ അന്നാ ഹസാരെ സോണിയയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും കേന്ദ്രമന്ത്രി കപില്‍ സിബിലുമാണ് ഹസാരെയ്ക്കും കൂട്ടര്‍ക്കുമെതിരെ രംഗത്ത് എത്തിയത്. ആഗസ്ത് 15നകം ബില്‍ പാസാക്കണമെന്ന അന്ത്യശാസനത്തില്‍ മാറ്റമാകാമെന്നു കഴിഞ്ഞ ദിവസത്തെ പ്രസ്താവന അന്നാ ഹസാരെ തിങ്കളാഴ്ച തിരുത്തി. ബില്‍ നിശ്ചിതസമയത്തിനുള്ളില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും സമരവുമായി രംഗത്തുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    ReplyDelete