ബ്രിക്സ് ഉച്ചകോടിയും അതോടനുബന്ധിച്ച് ചൈനയിലെ സന്യായില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും സാര്‍വദേശീയ രാഷ്ട്രീയബന്ധങ്ങളുടെ പശ്ചാത്തലത്തിലായാലും ഇന്ത്യ- ചൈനാ ഉഭയബന്ധങ്ങളുടെ പശ്ചാത്തലത്തിലായാലും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ചേരിചേരാപ്രസ്ഥാനം ഏതാണ്ട് ദുര്‍ബലമാവുകയും അതിന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കം ചോര്‍ന്നുപോവുകയും ചെയ്തുവോ എന്ന് ലോകവ്യാപകമായി ആശങ്ക വളര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് 'ബ്രിക്സ്' രൂപംകൊണ്ടത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ എന്നിവ ഉള്‍പ്പെട്ട ഈ സഹകരണാധിഷ്ഠിത പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കകൂടിയുണ്ട്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ ലോകത്തിന്റെ മുപ്പതു ശതമാനം പ്രദേശവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ നാല്‍പ്പത്തിരണ്ടു ശതമാനം 'ബ്രിക്സി'ന്റെ പരിധിയില്‍ വരുന്നു. ലോക ദേശീയ വരുമാനത്തിന്റെ പതിനെട്ടു ശതമാനവും ലോക വ്യാപാരത്തിന്റെ പതിനഞ്ചു ശതമാനവും ഈ മേഖലയിലാണ്. 2001 മുതല്‍ 2010 വരെയുള്ള ഘട്ടത്തില്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം പ്രതിവര്‍ഷം 28 ശതമാനം എന്ന നിലയ്ക്കുകൂടി 230 ബില്യണിലെത്തിനില്‍ക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് 'ബ്രിക്സ്' ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു മഹാശക്തിയായി മാറിയിരിക്കുന്നു എന്നര്‍ഥം. അതുകൊണ്ടുതന്നെ ഈ രാഷ്ട്രങ്ങളുടെ സഹകരണാധിഷ്ഠിതമായ കൂട്ടായ്മ മുമ്പോട്ടുവയ്ക്കുന്ന വാക്ക് സാര്‍വദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടാതെ വയ്യ. ആ നിലയ്ക്കുള്ള രാഷ്ട്രീയ പ്രാധാന്യം 'ബ്രിക്സി'നുണ്ട് എന്നുള്ളതുകൊണ്ടാണ് ഈ പുതിയ സഹകരണ സംവിധാനത്തെ ലോകമാകെ സൂക്ഷ്മമായ ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. കൃത്യമായ ദര്‍ശനബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 'ബ്രിക്സി'ന് പഴയ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രതാപത്തിലേക്ക് ഉയരാനാകും.
ശീതസമരഘട്ടത്തിനുശേഷം തങ്ങളുടെ ഏകാധിപത്യത്തിനുകീഴിലുള്ള ഏകഛത്രാധിപത്യത്തിന്‍ കീഴിലുള്ള ഏകധ്രുവലോകമാണ് ഇനി ഉണ്ടാകുക എന്നു വീമ്പുപറഞ്ഞ സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കെതിരെ കരുത്തുറ്റ പ്രതിരോധ പ്രസ്ഥാനമാകാന്‍ 'ബ്രിക്സി'ന് കഴിയും. എന്നാല്‍, അത്തരമൊരു രാഷ്ട്രീയ ദൌത്യം 'ബ്രിക്സ്' ഏറ്റെടുക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. രാഷ്ട്രങ്ങള്‍ക്കിടയിലെ കേവലമായ സഹകരണത്തെക്കുറിച്ചും വിശാലമായ വീക്ഷണത്തെക്കുറിച്ചും പങ്കുവയ്ക്കപ്പെടേണ്ട ഐശ്യര്യത്തെക്കുറിച്ചുംമാത്രമേ ഇപ്പോള്‍ 'ബ്രിക്സ്' പറയുന്നുള്ളൂ. പക്ഷേ, ഈ ഉദ്ദേശലക്ഷ്യങ്ങള്‍ക്കുപോലും വിഘാതം നില്‍ക്കുന്നത് സാമ്രാജ്യത്വവും അതിന്റെ ഒടുങ്ങാത്ത ആര്‍ത്തിയും അധിനിവേശ വ്യഗ്രതയുമാണ് എന്നത് വരുംനാളുകളില്‍ ഇവര്‍ക്ക് തിരിച്ചറിയാതിരിക്കാന്‍ ആവുകയില്ല. അതുകൊണ്ടുതന്നെ സ്വന്തം താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനുപോലും സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങളോട് ഈ പുതുരാഷ്ട്ര സമൂഹത്തിന് ഏറ്റുമുട്ടേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ വികസ്വര രാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയും സാമ്രാജ്യത്വം ഏറെ ഉല്‍ക്കണ്ഠയോടെയുമാകും പുതിയ ഈ മുന്നേറ്റത്തെ നോക്കിക്കാണുക.
അമേരിക്കയുടെയും ബ്രിട്ടന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് നേരിടേണ്ടിവരുമെന്നതും നിശ്ചയമാണ്. ലിബിയക്കെതിരായി ബലപ്രയോഗം നടത്തുന്ന പ്രശ്നം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ വന്നപ്പോള്‍ ഇതു ലോകം കണ്ടു. എന്നാല്‍, വരുംനാളുകളില്‍ ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിച്ച് ശക്തമായ നിലപാടെടുക്കുന്നതിലൂടെമാത്രമേ 'ബ്രിക്സ്' രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാനും വളരാനും കഴിയൂ. അത്തരം ധീരമായ നിലപാടുകളുടെ ആവശ്യകത ദക്ഷിണാഫ്രിക്ക തന്നെ അടിവരയിട്ട് മുന്നോട്ടുവച്ചിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. പശ്ചിമേഷ്യയിലെയും മറ്റും പുത്തന്‍ അനിശ്ചിതത്വങ്ങളെക്കുറിച്ച് 'ബ്രിക്സി'ന് ഉല്‍ക്കണ്ഠയുണ്ട്. അവ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും സാര്‍വദേശീയ രാഷ്ട്രീയം അതില്‍ കലരാതിരിക്കില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിരപേക്ഷമായി സഹകരണത്തെയും വളര്‍ച്ചയെയും കാണാന്‍ ബ്രിക്സ് ഉച്ചകോടിക്ക് വരുംകാലത്ത് കഴിയുകയുമില്ല.
സാമ്പത്തികമാന്ദ്യത്തിന് ശേഷമുള്ള ഈ കാലത്ത് ആഗോള സാമ്പത്തിക വളര്‍ച്ച സുസ്ഥിരതയുള്ളതാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനും വളരെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് 'ബ്രിക്സ്. അതിന്റെ പ്രയോജനം തീര്‍ച്ചയായും ഇന്ത്യയിലും ഉണ്ടാകും. എന്നാല്‍, ഇതൊക്കെ എത്രത്തോളം എന്നത് 'ബ്രിക്സ്' കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടിനെ വലിയ ഒരളവില്‍ ആശ്രയിച്ചിരിക്കുന്നു. അമേരിക്കന്‍ നയങ്ങളുടെ നടത്തിപ്പുകാരനായി കഴിയാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ധീരമായ രാഷ്ട്രീയ നിലപാടുകള്‍ എത്രത്തോളം സ്വീകാര്യമായിരിക്കും എന്നതും കണ്ടറിയേണ്ടതുണ്ട്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന സ്വാധീനമേഖലയാണ് 'ബ്രിക്സി'നുള്ളത്. ഈ നിലയ്ക്കുള്ള പ്രാധാന്യം 'ബ്രിക്സ്' രാജ്യങ്ങള്‍ കുറച്ചുകാണരുതാത്തതാണ്. ഐക്യരാഷ്ട്രസഭ, ജി-20 സമിതികളിലും ഭക്ഷ്യ, ഊര്‍ജ, സുരക്ഷാവിഷയങ്ങളിലും മറ്റും 'ബ്രിക്സി'ലെ അഞ്ചു രാജ്യത്തിന് പൊതുനിലപാടെടുത്തു യോജിച്ച് നില്‍ക്കാന്‍ കഴിയുമെന്നത് ചെറിയ കാര്യമല്ല. ജി-8 പോലുള്ളവയില്‍നിന്ന് വേറിട്ട വ്യക്തിത്വമുള്ള രാഷ്ട്ര കൂട്ടായ്മയാണ് 'ബ്രിക്സ്'. ഇവിടെ ഊന്നല്‍ പൊതുവായ വികസനത്തിലും നേട്ടങ്ങളുടെ പങ്കുവയ്പിലുമാണ്. ഇന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ തമ്മിലുള്ള സൌഹൃദം നാളെ ജനതകള്‍ തമ്മിലാകുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്.
സന്യായില്‍ നടന്ന ഉച്ചകോടിയുടെ സന്ദര്‍ഭം ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുമായുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് മന്‍മോഹന്‍ സിങ് വിനിയോഗിച്ചു എന്നത് നല്ല കാര്യമാണ്. അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെയും കശ്മീരി പട്ടാള ഓഫീസറുടെ വിസയുടെയും ഒക്കെ കാര്യം പറഞ്ഞ് ഇന്തോ- ചൈനാ ബന്ധം വഷളാക്കാന്‍ സാമ്രാജ്യത്വ പ്രേരിത നീക്കങ്ങള്‍ വ്യാപകമായി നടക്കുന്ന ഘട്ടത്തിലുണ്ടായ ഈ കൂടിക്കാഴ്ച ഉഭയ രാഷ്ട്ര ബന്ധങ്ങളെ കൂടുതല്‍ സൌഹൃദപരമാക്കും. അതിര്‍ത്തിത്തര്‍ക്കമടക്കമുള്ള എല്ലാ അലോസരങ്ങളും ചര്‍ച്ചയിലൂടെ നീക്കാനാണ് മന്‍മോഹന്‍സിങ്ങും ഹൂ ജിന്റാവോയും തീരുമാനിച്ചത്. സ്വാഗതാര്‍ഹമാണിത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്താണ് തീര്‍പ്പാക്കേണ്ടത് എന്നുപറഞ്ഞ 'കുറ്റ'ത്തിന് പണ്ട് ഇ എം എസ് കേട്ട പഴി ചില്ലറയല്ല എന്ന് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. എന്തായാലും, കാര്യങ്ങള്‍ ഇ എം എസ് പറഞ്ഞിടത്ത് ഇന്നു വന്നു നില്‍ക്കുന്നു.
കഴിഞ്ഞ ഡിസംബറില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഇന്ത്യയിലെത്തി. ഇപ്പോള്‍ മന്‍മോഹന്‍ സിങ് ചൈനയിലെത്തി. പല തലങ്ങളിലായി സൌഹൃദ ചര്‍ച്ചകള്‍ നടക്കുന്നു. അതിര്‍ത്തിക്കാര്യങ്ങള്‍ക്കായി ഒരു സമിതി രൂപീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്താമെന്ന് ചൈനീസ് നേതാക്കള്‍ പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി അത് അംഗീകരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞവര്‍ഷം 61.8 ബില്യണ്‍ വ്യാപാരമാണ് ചൈനയ്ക്കും ഇന്ത്യക്കുമിടയില്‍ നടന്നത്. അനേക നൂറ്റാണ്ടുകളുടെ ഊഷ്മളമായ ബന്ധം ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലുണ്ട്. അത് കൂടുതല്‍ ശക്തമാകുന്നതിനുകൂടി ബ്രിക്സ് ഉച്ചകോടി അവസരമൊരുക്കുന്നു എന്നതും സന്തോഷകരമാണ്. ഇരുജനതയും ആവേശപൂര്‍വം ഇതിനെ സ്വാഗതംചെയ്യുമെന്നു തീര്‍ച്ച.
ദേശാഭിമാനി മുഖപ്രസംഗം 180411

ReplyDelete