Sunday, April 3, 2011

മാന്‍തോലും പൂച്ചത്തലയുമായി ഒരു സര്‍വേ

തോല്‍വിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന യുഡിഎഫിന് കച്ചിത്തുരുമ്പ് നല്‍കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'സര്‍വേയാഗം'. ഹോമകുണ്ഡമുണ്ടാക്കി തവളക്കാലും പല്ലിവാലും മാന്‍തോലും പൂച്ചത്തലയുമിട്ട് മന്ത്രവാദിനികള്‍ യാഗം നടത്തി ശത്രുപക്ഷത്തെ വീഴ്ത്താന്‍ ശ്രമിക്കും പോലുള്ള മാധ്യമയാഗത്തിന് ഒരു  ലക്ഷ്യം മാത്രം, എല്‍ഡിഎഫ് മുന്നേറ്റം തടയുക. അതിന് ഒരു വിഭാഗത്തെ സ്വാധീനിക്കണം. ഇതിന് ആശ്രയിക്കുന്നത് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളെ.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണാനുകൂല ജനവികാരമാണെന്ന് സര്‍വേ ആവര്‍ത്തിച്ച് വിലയിരുത്തി. പക്ഷേ, സീറ്റ് കൂടുതല്‍ യുഡിഎഫിന്. മാര്‍ച്ച് ഒമ്പതിന് ഏഷ്യാനെറ്റ്-സീഫോര്‍ ആദ്യഘട്ട സര്‍വേഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 63, യുഡിഎഫിന് 72 എന്നായിരുന്നു പ്രവചനം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മത്സരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണെന്നും  മത്സരിച്ചാല്‍ സ്ഥിതി മാറുമെന്നും സര്‍വേ സൂചിപ്പിച്ചു. വി എസ് മലമ്പുഴയില്‍ മത്സരിക്കുകയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്തു. അതിന് ശേഷമുള്ള പ്രവചനത്തിലാകട്ടെ, എല്‍ഡിഎഫിന് സീറ്റ് ഇടിഞ്ഞു. ഈ മറിമായത്തില്‍ യുഡിഎഫിന് 80-90 സീറ്റും എല്‍ഡിഎഫിന് 50-60 സീറ്റുമായി. ഇത് ജനവികാരത്തിന് കടകവിരുദ്ധമായ പ്രവചനമാണ്.

 2006ലെ തെരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് മൂന്ന് ശതമാനം വോട്ട് കൂടുമെന്നാണ് സര്‍വേ കണക്ക്. ഇത് ശരിയാണെങ്കില്‍ പോലും സീറ്റിലെ കണക്ക് വ്യത്യസ്തമാകണം. ഒരു ശതമാനം വോട്ടില്‍ ആറുസീറ്റാണ് രണ്ട് പ്രബലമുന്നണികളെ സംബന്ധിച്ചിടത്തോളം നഷ്ടമാകുകയോ നേടുകയോ ചെയ്യുക. അതുപ്രകാരം യുഡിഎഫിന് മൂന്ന് ശതമാനം വോട്ട് കൂടിയാല്‍ അധികമായി കിട്ടുക 18 സീറ്റാണ്. 2006ല്‍ 41 സീറ്റ്. അപ്പോള്‍ ഇക്കുറി കിട്ടാവുന്നത് 59 സീറ്റ്. പക്ഷേ, കുഞ്ഞിനെ തിന്നുന്ന അമ്മയായി മാറിയ ഏഷ്യാനെറ്റ് സര്‍വേ യുഡിഎഫിന് ദാനം ചെയ്തത് 90 സീറ്റ്. സാമുദായികമായി ഓരോ മുന്നണിക്ക് പിന്നില്‍ വരുന്നവരുടെ ശതമാനം ചേര്‍ത്തിട്ടുണ്ട്. അതിനും ശാസ്ത്രീയമായ അടിത്തറയില്ല. മലപ്പുറത്ത് ഒരു സമുദായത്തിലെ വോട്ടര്‍മാരില്‍ നല്ല പങ്കും സ്വീകരിക്കുന്ന നിലപാടായിരിക്കില്ല അതേ സമുദായക്കാര്‍ മറ്റുജില്ലകളില്‍ സ്വീകരിക്കുക. അതുപോലെ വയനാട്ടിലെ ഒരു മണ്ഡലത്തില്‍ ഒരു പ്രത്യേക സമുദായത്തിലെ വോട്ടര്‍മാര്‍ കൈക്കൊള്ളുന്ന നിലപാട് മറ്റുമണ്ഡലങ്ങള്‍ക്ക് പൊതുവില്‍ ബാധകമാകില്ല. ഈ വസ്തുത തകിടംമറിച്ചാണ് സാമുദായിക ചായ്വിനെപ്പറ്റിയുള്ള കണ്ടെത്തല്‍.

വിലക്കയറ്റം തടയുന്നതിലെ പരാജയമാണ് യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയെന്നാണ് വോട്ടര്‍മാരുടെ നിഗമനമെന്ന് ചൂണ്ടിക്കാട്ടിയ സര്‍വേ അഴിമതി തടയുന്നതില്‍ പരാജയപ്പെട്ടത് രണ്ടാമത്തെ വലിയ പോരായ്മയായും വിലയിരുത്തി. പക്ഷേ, എല്‍ഡിഎഫ് ഭരണത്തെപ്പറ്റി ഇത്തരം ഒരു വിമര്‍ശവും ജനങ്ങള്‍ക്കില്ല. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന സര്‍വേതന്നെ യുഡിഎഫിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് പ്രവചിച്ചതിലൂടെ  സ്വന്തം നിഗമനങ്ങളെ നിഷേധിച്ചു. ചാനലിനെ നയിക്കുന്ന  അന്താരാഷ്ട്ര മാധ്യമഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെയും ഇന്ത്യന്‍ കച്ചവടക്കാരന്‍ രാജീവ് ചന്ദ്രശേഖരന്റെയും വ്യവസായ-രാഷ്ട്രീയതാല്‍പ്പര്യമാണ് സര്‍വേയില്‍ വെളിപ്പെടുന്നത്.

അതിനുവേണ്ടി 2006ല്‍ ഏഷ്യാനെറ്റിനുവേണ്ടി സര്‍വേ സംഘടിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്‍സി ആന്‍ഡ് റിസര്‍ച്ച് }(മാര്‍ച്ച്) എന്ന സ്ഥാപനത്തെ ഒഴിവാക്കി, പകരം ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഫോര്‍കാസ്റ്റിങ്ങി(സി ഫോറം)നെ ഏല്‍പ്പിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു 2006ലെ മാര്‍ച്ചിന്റെ സര്‍വേയില്‍ പറഞ്ഞത്.

2.28 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ ഏതാനും ആയിരം പേരുടെ അഭിപ്രായം ആരാഞ്ഞശേഷം പുറത്തുവിടുന്ന ഫലം വസ്തുതയുമായി ബന്ധമുണ്ടാകണമെന്നില്ല. 'ഇന്ദിര ഗാന്ധി തൂത്തുവാരും'എന്ന അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരാവസ്ഥയ്ക്ക് അയവ് വരുത്തി തെരഞ്ഞെടുപ്പ് നടത്തിയതും ഇന്ദിര തൂത്തെറിയപ്പെട്ടതും. 1998ല്‍ ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ ബഹുഭൂരിപക്ഷം സീറ്റും നേടുമെന്നായിരുന്നു എല്ലാ സര്‍വേകളും. പക്ഷേ, ജയലളിത സീറ്റ് വാരിക്കൂട്ടി. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 336 വരെ സീറ്റ് പ്രവചിച്ചു. കിട്ടിയത് 182. ഭരണവും നഷ്ടമായി. ഏഷ്യാനെറ്റ് സര്‍വേയുടെ പൊള്ളത്തരം വെളിപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് പ്രചാരണത്തിനുവേണ്ടി മറ്റൊരു മാധ്യമഗ്രൂപ്പിനെകൂടി സര്‍വേയുമായി രംഗത്തിറക്കുന്നുണ്ട്. ഇന്ത്യാ ടുഡേയുടെ ബാനറിലാണ് യുഡിഎഫ് അനുകൂല പുതിയ സര്‍വേഫലം വരാന്‍ പോകുന്നത്.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 030411

1 comment:

  1. തോല്‍വിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന യുഡിഎഫിന് കച്ചിത്തുരുമ്പ് നല്‍കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'സര്‍വേയാഗം'. ഹോമകുണ്ഡമുണ്ടാക്കി തവളക്കാലും പല്ലിവാലും മാന്‍തോലും പൂച്ചത്തലയുമിട്ട് മന്ത്രവാദിനികള്‍ യാഗം നടത്തി ശത്രുപക്ഷത്തെ വീഴ്ത്താന്‍ ശ്രമിക്കും പോലുള്ള മാധ്യമയാഗത്തിന് ഒരു ലക്ഷ്യം മാത്രം, എല്‍ഡിഎഫ് മുന്നേറ്റം തടയുക. അതിന് ഒരു വിഭാഗത്തെ സ്വാധീനിക്കണം. ഇതിന് ആശ്രയിക്കുന്നത് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളെ.

    ReplyDelete