Sunday, April 3, 2011

സ്പെക്ട്രം അഴിമതി വലിയ കാര്യമല്ല

ആലപ്പുഴ: അഴിമതിക്കെതിരെയും വികസനത്തിനുവേണ്ടിയുമാകും  ജനങ്ങള്‍ ഇക്കുറി വോട്ടുചെയ്യുകയെന്ന് ജെഎസ്എസ് ജനറല്‍സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. 'കോണ്‍ഗ്രസുമായി ഇടഞ്ഞു എന്നതു ശരി. പക്ഷേ, ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ സഹായത്തോടെ ചേര്‍ത്തല മണ്ഡലത്തില്‍  വിജയിക്കുമെന്നാണ് പ്രതീക്ഷ'- ഗൌരിയമ്മ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി ദേശാഭിമാനിയുമായി സംസാരിക്കുകയായിരുന്നു ഗൌരിയമ്മ. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുംപിമ്പും കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന ഗൌരിയമ്മ, ചേര്‍ത്തലയില്‍ സ്ഥാനാര്‍ഥിയായ പശ്ചാത്തലത്തിലാകണം, കോണ്‍ഗ്രസിനെതിരെ ഒരുവിധ പരാമര്‍ശവും നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അത്തരം ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. മുഖാമുഖത്തില്‍നിന്ന്. 

? നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്തൊക്കെ.

 അഴിമതിയും വികസനപ്രശ്നങ്ങളുമാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുക. 

? 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം എന്നീ വമ്പന്‍ അഴിമതിയെക്കുറിച്ച്.

 അതൊന്നും ആരും വിശ്വസിക്കില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി കാട്ടുമെന്ന് സിപിഐ എം പോലും പറയില്ല.

? നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവിഷയങ്ങള്‍ മാത്രമേ കേരളത്തില്‍ ചര്‍ച്ചയാകൂ എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടല്ലോ. എന്താണ് അഭിപ്രായം

- ആന്റണിയുടെ അഭിപ്രായം ശ്രദ്ധയില്‍ വന്നില്ല. എന്നാല്‍, അഞ്ചുവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. നാട്ടിന്‍പുറങ്ങളില്‍ ഇന്നു പട്ടിണിയില്ല. കേന്ദ്രം നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയാണ് പട്ടിണി ഇല്ലാതാക്കിയത്. അക്കാര്യം പ്രചരിപ്പിക്കും.

? തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യത എന്താണ്

-തിരു-കൊച്ചി പ്രദേശത്ത് യുഡിഎഫ് ആധിപത്യമായിരിക്കും. മലബാറില്‍ എല്‍ഡിഎഫിനാകും മേല്‍ക്കൈ. തിരു-കൊച്ചി പ്രദേശങ്ങളില്‍ തങ്ങള്‍ എന്തുകൊണ്ട് പിന്നിലാകുന്നു എന്ന് സിപിഐ എം നേതാക്കളും എല്‍ഡിഎഫ് നേതൃത്വവും ഗൌരവമായി ചിന്തിക്കണം.

കോണ്‍ഗ്രസുമായി കലഹിച്ച് അരൂരിനു പകരം ചേര്‍ത്തല വാങ്ങുകയായിരുന്നല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, മുന്നണിയാകുമ്പോള്‍ അതൊക്കെ പതിവാണ് എന്നായിരുന്നു മറുപടി. ചേര്‍ത്തലയില്‍ തന്റെ വിജയത്തിനായി മുന്നില്‍നിന്നു പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും അവര്‍ പറഞ്ഞു.
(എം  സുരേന്ദ്രന്‍ )

ദേശാഭിമാനി

1 comment:

  1. അഴിമതിക്കെതിരെയും വികസനത്തിനുവേണ്ടിയുമാകും ജനങ്ങള്‍ ഇക്കുറി വോട്ടുചെയ്യുകയെന്ന് ജെഎസ്എസ് ജനറല്‍സെക്രട്ടറി കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. 'കോണ്‍ഗ്രസുമായി ഇടഞ്ഞു എന്നതു ശരി. പക്ഷേ, ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ സഹായത്തോടെ ചേര്‍ത്തല മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ'- ഗൌരിയമ്മ പറഞ്ഞു.

    ReplyDelete