Saturday, April 9, 2011

കേരളീയര്‍ അജ്ഞരെന്ന് സോണിയ കരുതുന്നുവോ?

കേന്ദ്രത്തില്‍ യുപിഎ നടത്തുന്ന ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് തീര്‍ത്തും അജ്ഞതയുള്ളവരാണ് കേരളീയരെന്ന മിഥ്യാധാരണയാവണം കേരള സന്ദര്‍ശനവേളയില്‍ അടിസ്ഥാനരഹിതമായ പല കാര്യങ്ങളും പറയാന്‍ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചത്. യുപിഎ ജനക്ഷേമകരമായ പല പരിപാടികളുമായി മുമ്പോട്ടുപോവുകയാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന് വിപരീത ദിശയിലാണെന്നും സോണിയ പറയുന്നു. യുപിഎയുടേത് വികസന നിലപാടുകളാണെന്നും ഇടതുപക്ഷത്തിന്റേത് വികസന വിരുദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കര്‍ഷകരുടെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതാണോ യുപിഎ കൈക്കൊണ്ട ക്ഷേമനടപടികള്‍? 1,76,000 കോടി രൂപയുടെ സ്പെക്ട്രം മുതല്‍ രണ്ടു ലക്ഷം കോടിയുടെ എസ് ബാന്‍ഡ് വരെയുള്ള കുംഭകോണങ്ങളിലൂടെ രാജ്യത്തെ മുടിച്ചതാണോ യുപിഎയുടെ വികസന നടപടികള്‍? ഇക്കാര്യങ്ങളൊന്നുമറിയാത്ത ഏതോ വിദൂരദേശമാണ് കേരളമെന്നാണോ സോണിയ ഗാന്ധി കരുതുന്നത്?

പാര്‍ലമെന്റിനെ ശതകോടീശ്വരന്മാരെക്കൊണ്ട് നിറയ്ക്കുന്ന കോര്‍പറേറ്റ് രാഷ്ട്രീയപാര്‍ടിയുടെ നേതാവാണ് ജനക്ഷേമത്തെക്കുറിച്ച് പറയുന്നത്. ഭക്ഷ്യ സബ്സിഡിമുതല്‍ വളം സബ്സിഡിവരെ വെട്ടിക്കുറച്ചു. ജീവന്‍രക്ഷാ ഔഷധങ്ങള്‍പോലും സാധാരണക്കാരന് അപ്രാപ്യമാക്കി. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വിലകയറ്റി. ലക്ഷക്കണക്കിന് കോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളി. കോര്‍പറേറ്റ് നികുതിക്കുമേലുള്ള സര്‍ച്ചാര്‍ജ് കുറച്ചുകൊടുത്തു. പെട്രോള്‍മുതല്‍ പാചകവാതകംവരെയുള്ളവയുടെ വില ഉയര്‍ത്തി. ഇതിനെല്ലാംശേഷം സോണിയ ഗാന്ധി കേരളത്തില്‍ വന്ന് യുപിഎ ഭരണത്തിന്റെ ജനക്ഷേമ നടപടികളെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ അത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍മാത്രം കേരളീയര്‍ വിഡ്ഢികളല്ല.

ഒന്നാം യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ട് പദ്ധതികളുടെ ക്രെഡിറ്റ് ഇടതുപക്ഷം റാഞ്ചുകയാണെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം എന്നിവയെയാണ് സോണിയ ഉദ്ദേശിച്ചത് എന്ന് വ്യക്തം. ഈ ഇരുനിയമനിര്‍മാണങ്ങളുടെയും കാര്യത്തില്‍ അന്ന് സോണിയയുടെ പാര്‍ടി എത്ര വലിയ ചെറുത്തുനില്‍പ്പാണ് നടത്തിയത് എന്നത് ജനങ്ങള്‍ മറന്നിട്ടില്ല. ഒടുവില്‍ ഇത് നടപ്പാക്കുന്നില്ലെങ്കില്‍ പിന്തുണയുണ്ടാവില്ല എന്നു പറയേണ്ടിവന്നു ഇടതുപക്ഷത്തിന്. അതേത്തുടര്‍ന്നാണ് ആ നിയമനിര്‍മാണത്തിന് അവര്‍ നിര്‍ബന്ധിതരായത്. ഈ നിയമങ്ങള്‍ കാര്യമായി നടപ്പാക്കിയതാകട്ടെ ചുരുക്കം സംസ്ഥാനങ്ങള്‍. പശ്ചിമബംഗാളും കേരളവും ത്രിപുരയും ആ പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ അതിലില്ല. ആ നിയമങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര ഭരണത്തിനിന്നു താല്‍പ്പര്യവുമില്ല. ആ നിയമനിര്‍മാണത്തിന്റെ ക്രെഡിറ്റ് യുപിഎയ്ക്ക് നല്‍കുമെന്ന് ബോധത്തെളിമയുള്ളവര്‍ പ്രതീക്ഷിക്കുകയില്ല. ഇടതുപക്ഷ പിന്തുണയില്ലാതിരുന്ന ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഇത്തരം ക്ഷേമനിയമനിര്‍മാണങ്ങള്‍ക്ക് സന്നദ്ധമാവാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരമില്ല. പട്ടിണി മാറ്റാനായി കൊണ്ടുവരുമെന്ന് പറഞ്ഞ ഭക്ഷ്യസുരക്ഷാ പദ്ധതി എവിടെപ്പോയി?

അത്തരം ബില്ലുകള്‍ ഒന്നും കൊണ്ടുവരാന്‍ താല്‍പ്പര്യമില്ലാത്ത കേന്ദ്രം എത്ര ശുഷ്കാന്തിയോടെയാണ് ജനദ്രോഹബില്ലുകള്‍ തുടരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്! മാര്‍ച്ച് 23ന് യുപിഎ സര്‍ക്കാര്‍ തൊഴില്‍ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മിനിമം വേതനം, ജോലിസമയം, ബോണസ്, കരാര്‍ജോലി തുടങ്ങിയ കാര്യങ്ങളിലുള്ള തൊഴില്‍ നിയമങ്ങളില്‍നിന്ന് വലിയ ഒരു വിഭാഗം തൊഴിലുടമകളെ സ്വതന്ത്രരാക്കിവിടുന്നതാണ് ആ ബില്‍. പ്രധാന തൊഴില്‍ നിയമങ്ങളൊന്നും ബാധകമല്ലാത്ത ഒരു വിഭാഗം മുതലാളിമാരെ അത് സൃഷ്ടിക്കുന്നു. നിര്‍മാണമേഖലയിലെ 78 ശതമാനം തൊഴിലാളികളെയും തൊഴിലുടമകളുടെ ദയാദാക്ഷിണ്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്ന ബില്ലാണിത്. ഈ തൊഴിലാളിദ്രോഹബില്‍ ഒന്നാം യുപിഎ ഭരണകാലത്ത് അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതാണ്. ഇടതുപക്ഷത്തിന്റെ അതിശക്തമായ സമരസമ്മര്‍ദങ്ങള്‍കൊണ്ടാണ് അന്ന് അതിനുകഴിയാതെപോയത് എന്നത് രാജ്യം മറന്നിട്ടില്ല.

മാര്‍ച്ച് 22ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബാങ്കിങ് നിയമഭേദഗതി ബില്ലിന്റെ കാര്യം എടുക്കുക. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ തങ്ങളുടെ മേധാവിത്വത്തിന്‍ കീഴിലാക്കാന്‍ വിദേശ ബാങ്കുകളെ അനുവദിക്കുന്ന ബില്ലാണിത്. മാര്‍ച്ച് 24ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പെന്‍ഷന്‍ ബില്ലാകട്ടെ, ജീവനക്കാരുടെ വിയര്‍പ്പിന്റെ ഫലമായ പെന്‍ഷന്‍ ഫണ്ട് ഊഹക്കച്ചവടക്കാര്‍ക്കു ചൂതാട്ടത്തിനുള്ള മൂലധനമാക്കി മാറ്റാനുള്ളതാണ്. സാമൂഹ്യസുരക്ഷാപദ്ധതി എന്ന സങ്കല്‍പ്പത്തില്‍നിന്നുതന്നെ പെന്‍ഷനെ അടര്‍ത്തിമാറ്റുകയാണ് ഈ ബില്‍.

തുടര്‍ച്ചയായി മാര്‍ച്ചിലെ മൂന്ന് ദിവസങ്ങളില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകളുടെ സ്വഭാവമിതാണ്. ഇത്തരം ജനദ്രോഹ നിയമനിര്‍മാണങ്ങള്‍ക്ക് മടിയില്ലാത്തതും അതുമാത്രം ചെയ്യുന്നതുമായ യുപിഎയ്ക്ക് തൊഴിലുറപ്പുപദ്ധതി, വനാവകാശ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലെ നിയമനിര്‍മാണത്തിന്റെ പേരില്‍ അവകാശവാദമുന്നയിക്കാന്‍ എന്ത് ധാര്‍മിക പിന്‍ബലമാണുള്ളത്?

2005-2011 ഘട്ടത്തില്‍ യുപിഎ സര്‍ക്കാര്‍ കുത്തകകള്‍ക്ക് നല്‍കിയത് 21,25,023 കോടി രൂപയുടെ ഇളവുകളാണ്. 1992-2010 ഘട്ടത്തില്‍ വിവിധ അഴിമതികളിലൂടെ കേന്ദ്രം ഖജനാവിന് നഷ്ടപ്പെടുത്തിയ തുക 7,34,581 കോടിയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാര്‍ ക്ഷേമ-വികസന നടപടികളാണെടുത്തത് എന്ന് സോണിയ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക! സോണിയയുടെ പാര്‍ടി ഭരിക്കുന്നിടങ്ങളില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യചെയ്യുമ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന കേരളം കടാശ്വാസ നിയമമടക്കമുള്ളവയിലൂടെ ആ പ്രവണതതന്നെ തടഞ്ഞു. ക്ഷേമപദ്ധതികളും ആശ്വാസ നടപടികളുംകൊണ്ട് ജനങ്ങളെ പിന്തുണച്ചു. സ്മാര്‍ട്ട് സിറ്റിയടക്കമുള്ള വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നു. ഇത് കേരളീയര്‍ കാണുന്നില്ലെന്ന് കരുതാന്‍ മാത്രം മൌഢ്യം സോണിയ ഗാന്ധിക്കുണ്ടോ? കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഭരണം നടത്തിയ ഘട്ടത്തിലാണ് കേരളത്തിന് പാലക്കാട് കോച്ച്ഫാക്ടറി നഷ്ടമായത്. കേരളം ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതിക്ക് പുറത്തായത്. കേരളത്തിന്റെ റേഷനരി വിഹിതം 1,75,000 ടണ്ണില്‍നിന്ന് 35,000 ടണ്‍ ആയി വെട്ടിക്കുറയ്ക്കപ്പെട്ടത്. ധനകാര്യ കമീഷന്റെ സംസ്ഥാന സഹായത്തുക ഇടിഞ്ഞത്. ഇതെല്ലാം കേരളീയരുടെ മുമ്പില്‍ പകല്‍വെളിച്ചംപോലെ വ്യക്തമാണെന്നിരിക്കെ കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിക്കുന്നതിന്റെ നേട്ടത്തെക്കുറിച്ച് സോണിയ പറയുന്നത് ആര് വിശ്വസിക്കാനാണ്? കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍!

ദേശാഭിമാനി മുഖപ്രസംഗം 090411

1 comment:

  1. കേന്ദ്രത്തില്‍ യുപിഎ നടത്തുന്ന ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് തീര്‍ത്തും അജ്ഞതയുള്ളവരാണ് കേരളീയരെന്ന മിഥ്യാധാരണയാവണം കേരള സന്ദര്‍ശനവേളയില്‍ അടിസ്ഥാനരഹിതമായ പല കാര്യങ്ങളും പറയാന്‍ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചത്. യുപിഎ ജനക്ഷേമകരമായ പല പരിപാടികളുമായി മുമ്പോട്ടുപോവുകയാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന് വിപരീത ദിശയിലാണെന്നും സോണിയ പറയുന്നു. യുപിഎയുടേത് വികസന നിലപാടുകളാണെന്നും ഇടതുപക്ഷത്തിന്റേത് വികസന വിരുദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കര്‍ഷകരുടെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതാണോ യുപിഎ കൈക്കൊണ്ട ക്ഷേമനടപടികള്‍? 1,76,000 കോടി രൂപയുടെ സ്പെക്ട്രം മുതല്‍ രണ്ടു ലക്ഷം കോടിയുടെ എസ് ബാന്‍ഡ് വരെയുള്ള കുംഭകോണങ്ങളിലൂടെ രാജ്യത്തെ മുടിച്ചതാണോ യുപിഎയുടെ വികസന നടപടികള്‍? ഇക്കാര്യങ്ങളൊന്നുമറിയാത്ത ഏതോ വിദൂരദേശമാണ് കേരളമെന്നാണോ സോണിയ ഗാന്ധി കരുതുന്നത്?

    പാര്‍ലമെന്റിനെ ശതകോടീശ്വരന്മാരെക്കൊണ്ട് നിറയ്ക്കുന്ന കോര്‍പറേറ്റ് രാഷ്ട്രീയപാര്‍ടിയുടെ നേതാവാണ് ജനക്ഷേമത്തെക്കുറിച്ച് പറയുന്നത്. ഭക്ഷ്യ സബ്സിഡിമുതല്‍ വളം സബ്സിഡിവരെ വെട്ടിക്കുറച്ചു. ജീവന്‍രക്ഷാ ഔഷധങ്ങള്‍പോലും സാധാരണക്കാരന് അപ്രാപ്യമാക്കി. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വിലകയറ്റി. ലക്ഷക്കണക്കിന് കോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളി. കോര്‍പറേറ്റ് നികുതിക്കുമേലുള്ള സര്‍ച്ചാര്‍ജ് കുറച്ചുകൊടുത്തു. പെട്രോള്‍മുതല്‍ പാചകവാതകംവരെയുള്ളവയുടെ വില ഉയര്‍ത്തി. ഇതിനെല്ലാംശേഷം സോണിയ ഗാന്ധി കേരളത്തില്‍ വന്ന് യുപിഎ ഭരണത്തിന്റെ ജനക്ഷേമ നടപടികളെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ അത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍മാത്രം കേരളീയര്‍ വിഡ്ഢികളല്ല.

    ReplyDelete