Friday, July 1, 2011

ചോരയില്‍ മരിക്കാത്ത സമരങ്ങള്‍

കേരളത്തിന്റെ തെരുവുകളില്‍ വീണ്ടും ഇളംചോര ഒഴുകിപ്പരക്കുകയാണ്. ഗ്രനേഡ് ആക്രമണവും ഷെല്‍ വര്‍ഷവും ലാത്തിച്ചാര്‍ജും കൊണ്ട് യുദ്ധസമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തെങ്ങും. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങിയും തലപൊട്ടിയും ചോരയില്‍ കുളിച്ചു നില്‍ക്കുന്ന കുട്ടികള്‍ ചരിത്രത്തെ തെല്ലിട പിടിച്ചു നിര്‍ത്തുന്നു. തെരുവുകളില്‍നിന്നുയരുന്ന വിലാപങ്ങള്‍ എല്ലാവരുടെയും ഉള്ളില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ക്കുന്നുണ്ട്. തിരുവനന്തപുരം ജനറലാശുപത്രിയില്‍ അടിയേറ്റു ചതഞ്ഞ ശരീരവുമായി വേദനതിന്നു കഴിയുന്ന ഒരു പതിനാറുകാരനുണ്ട്. പ്ലസ്ടു വിദ്യാര്‍ഥി നിതീഷ്. സംസ്ഥാന യുവജനോത്സവത്തില്‍ ഉപകരണ സംഗീതത്തില്‍ എ ഗ്രേഡ് നേടിയ മിടുക്കന്‍ .

ബുധനാഴ്ച നടന്ന എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനുനേരെ പൊലീസ് ഭീകരാക്രമണം നടത്തിയപ്പോള്‍ പ്രകടനത്തിന്റെ പിന്‍നിരയിലുണ്ടായിരുന്ന നിതീഷ് സ്റ്റാച്യുവിലെ ബുക്ക്സ്റ്റാളിലേക്ക് ഓടിക്കയറുകയായിരുന്നു. ബുക്ക്സ്റ്റാളിനകത്തു പാഞ്ഞുകയറിയ പൊലീസ് നിതീഷിനെ തല്ലിച്ചതച്ചു. സ്കൂള്‍ യൂണിഫോം കാണുമ്പോള്‍ കലിയിളകി തല്ലി തലപൊളിക്കുന്ന പൊലീസുകാര്‍ ലോകത്തു മറ്റെവിടെയെങ്കിലുമുണ്ടോ?
അക്ഷരാര്‍ഥത്തില്‍ ഭ്രാന്തുപിടിച്ച പൊലീസ് സേനയെയാണ് കേരളമിപ്പോള്‍ കാണുന്നത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ഇരച്ചുകയറിയ പൊലീസിലെ മനോരോഗികള്‍ തുടരെ ഗ്രനേഡുകള്‍ വര്‍ഷിച്ചപ്പോള്‍ ഭയന്ന് ക്ലാസ് മുറിയില്‍നിന്നും ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ശരണ്യയെ പൊലീസുകാര്‍ തലയ്ക്കടിച്ചു വീഴ്ത്തി. ബോധമറ്റുവീണ ആ പെണ്‍കുട്ടിയെ ചുറ്റും കൂടിനിന്ന് തല്ലിച്ചതയ്ക്കാന്‍ പൊലീസിന് ഒരു മടിയുമുണ്ടായില്ല. സമരത്തില്‍ പങ്കെടുക്കാത്ത ശരണ്യയെ ഭീകരമായി അക്രമിച്ചതിനെക്കുറിച്ച് എന്തു ന്യായമാണ് പറയാനാവുക? തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആ പെണ്‍കുട്ടി മൂക്കില്‍നിന്നുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍തന്നെ തുടരുകയാണ്. വിദ്യാര്‍ഥി സമരത്തിനെതിരെ ആക്ഷേപ വര്‍ഷവുമായി നെടുങ്കന്‍ സപ്ലിമെന്റുതന്നെ അടിച്ചുവിട്ട മാതൃഭൂമിയില്‍ പക്ഷേ മഷിയിട്ടുനോക്കിയാലും ശരണ്യ എന്ന പേരുപോലും കാണാനില്ല. പുത്രന്റെ കൈയേറ്റം കോടതി കൈയോടെ പിടികൂടുമ്പോള്‍ ആ അരിശം തീര്‍ക്കാന്‍ പിതാവിന്റെ പത്രം ഇങ്ങനെ തന്നെവേണം എഴുതാന്‍ . എസ്എഫ്ഐ ആലപ്പുഴ ജില്ലാപ്രസിഡന്റും മാവേലിക്കര എംഎല്‍എയുമായ ആര്‍ രാജേഷ് ശരീരമാകെ അടിയേറ്റ് കിടക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ നില്‍ക്കുന്നു. എംഎല്‍എ ആണെന്ന് കൂട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍ "എങ്കില്‍ അവനെ ആദ്യം അടിക്ക്" എന്ന് പൊലീസിന്റെ ആക്രോശം. കാക്കിക്ക് ഭ്രാന്തുപിടിക്കുമ്പോള്‍ എംഎല്‍എയും സ്കൂള്‍ വിദ്യാര്‍ഥിയും പെണ്‍കുട്ടിയുമൊക്കെ തല്ലിക്കൊല്ലാനുള്ള ശരീരങ്ങള്‍ മാത്രം.
രാജേഷിനെയും നിതീഷിനെയും ശരണ്യയെയും പോലെ എത്രയോ കുട്ടികള്‍ എല്ലൊടിഞ്ഞും തലപൊട്ടിയും ആശുപത്രിയില്‍ കിടക്കുന്നു. കാത്സ്യത്തിന്റെ കുറവുമൂലം അസ്ഥികള്‍ ദുര്‍ബലമാകുന്നതിനാല്‍ ദീര്‍ഘനാളായി ചികിത്സ നടത്തുന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും എല്ലുപൊട്ടി ആശുപത്രിയിലാണ്. രണ്ടുദിവസം തുടര്‍ച്ചയായി മര്‍ദനമേറ്റ് വീങ്ങിയ ശരീരവുമായി എ എ റഹീമും ബാലമുരളിയും തലയില്‍ ഇരുപതിലധികം തുന്നലുകളിടേണ്ടിവന്ന മുറിവുമായി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ ലെനിനും രാഹുലും. ഒടിഞ്ഞു തൂങ്ങിയ കാലുമായി മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന എഐവൈഎഫ് നേതാക്കന്മാര്‍ . കരളുപിളരുന്ന ആശുപത്രിക്കാഴ്ചകള്‍ നമ്മെ വല്ലാതെ അസ്വസ്ഥമാക്കും. അടിയേറ്റ് നിലത്തുവീണവരെ വീണ്ടും തല്ലിച്ചതച്ചപ്പോള്‍ ചിലര്‍ കൈയില്‍ കിട്ടിയ കല്ലെടുത്ത് പൊലീസിനെ എറിഞ്ഞു എന്നാണ് പലരും കണ്ടുപിടിച്ച മഹാപരാധം. തല്ലി തലപൊളിക്കേണ്ട കുറ്റം! ലോകത്തെവിടെയും ഇതുവരെയുണ്ടായിട്ടില്ലാത്ത ഭീകരത. എന്നാല്‍ , സംഘര്‍ഷസമയത്ത് സ്വാഭാവികമായും കല്ലേറും മറ്റും പ്രതീക്ഷിക്കുന്നതുകൊണ്ടാണ് പരിക്കേല്‍ക്കാതിരിക്കാന്‍ തലയില്‍ ഹെല്‍മറ്റും കൈയില്‍ ഷീല്‍ഡും ശരീരമാകെ മൂടുന്ന രക്ഷാകവചവും ധരിച്ചാണ് പൊലീസുകാര്‍ നിലയുറിപ്പിക്കുന്നതെന്ന് ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുന്നു.

പരിക്കേല്‍ക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ സംവിധാനങ്ങളും എടുത്തശേഷമാണ് വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നത്. നിരായുധര്‍ക്കുനേരെ മാരാകായുധം പ്രയോഗിക്കുന്നതിലെ യുദ്ധനീതി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഇങ്ങനെ തല്ലിക്കൊല്ലാന്‍ അവരെന്തു തെറ്റുചെയ്തു? സ്വാശ്രയ വിദ്യാഭ്യാസ മുതലാളിമാരുടെ കാല്‍ക്കീഴില്‍ സാഷ്ടാംഗം പ്രണമിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളെ ചോദ്യംചെയ്തതോ? യുഡിഎഫ് അധികാരമേറ്റതോടെ സ്വാശ്രയ വിദ്യാഭ്യാസരംഗം സമ്പൂര്‍ണ കച്ചവടവല്‍ക്കരണത്തിന്റെ വേദിയായി മാറുന്ന സ്ഥിതിയാണ്. മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് കച്ചവടത്തിന് അവസരം കൊടുത്തവര്‍ പ്രതിഫലമായി സ്വന്തം മക്കള്‍ക്ക് സീറ്റും ഉറപ്പാക്കി. കേരള സമൂഹത്തെ വെല്ലുവിളിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ആസ്ഥാനത്ത് ചെന്ന് കച്ചവടത്തിന് ലൈസന്‍സ് നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിദ്യാര്‍ഥിയുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറാകാത്തതെന്ന് കേരളത്തോട് പറയേണ്ടതുണ്ട്. മാര്‍ക്കുള്ള മിടുക്കരായ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ വിദ്യാര്‍ഥികളെ തല്ലിക്കൊല്ലുകയല്ല മറിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള ആര്‍ജവം കാണിക്കുകയാണ് വേണ്ടത്. പൊലീസ് നടപടിയില്‍ ദുഃഖമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. അതില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന നിതീഷിനെ കാണണം. വാദ്യസംഗീതത്തില്‍ ഗിന്നസ് റെക്കോഡുകാരനായ ഒരച്ഛന്റെ വേദന അറിയണം. തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന ശരണ്യയെ കാണണം.
കോളേജിലേക്കു പോയ, സമരത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്ത മകള്‍ക്കെന്തുപറ്റിയെന്ന് കേഴുന്ന കൊല്ലത്തെ ഒരമ്മയുടെ കണ്ണീര്‍ കാണണം. തന്റെ മകള്‍ക്കാണ് ശരണ്യയുടെ അനുഭവമുണ്ടായതെങ്കിലെന്ന് പിതാവുകൂടിയായ മുഖ്യന്ത്രി ഒരു നിമിഷം ചിന്തിക്കണം. വിദ്യാര്‍ഥികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം കൊടുക്കണം. വിദ്യാര്‍ഥിയുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം. എന്നാല്‍ , പൊലീസിനെ കയറൂരിവിട്ട് ഇളംചോരയില്‍ മുക്കി സമരത്തെ തകര്‍ക്കാമെന്നാണ് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കുന്നത്. ലോകത്തിലിന്നുവരെ ഒരു സമരവും ചോരയില്‍ മുങ്ങി മരിച്ചിട്ടില്ലെന്ന് ചരിത്രം എല്ലാവരെയും ഓര്‍മിപ്പിക്കുന്നുണ്ട്. തല പിളര്‍ന്ന് ചോരയില്‍ കുളിച്ച് റോഡില്‍ കിടക്കുമ്പോഴും മുഷ്ടിയുയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ആശുപത്രിയില്‍നിന്നും മുറിവുകള്‍വച്ചുകെട്ടി വീണ്ടും സമരമുഖത്തെത്തി അടിയേറ്റുവാങ്ങുകയും ചെയ്യുന്ന കുട്ടികള്‍ വിജയം കണ്ടേ മടങ്ങൂ. അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. ജനാധിപത്യത്തില്‍ എതിര്‍പ്പുകള്‍ക്ക് ഇടമില്ലെന്നു ധരിച്ച ഏകാധിപതികളുടെ അനുഭവം തന്നെയായിരിക്കും തന്നെയും കാത്തിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയെ കാലം ബോധ്യപ്പെടുത്തും.

എം സ്വരാജ് ദേശാഭിമാനി 010711

3 comments:

  1. കേരളത്തിന്റെ തെരുവുകളില്‍ വീണ്ടും ഇളംചോര ഒഴുകിപ്പരക്കുകയാണ്. ഗ്രനേഡ് ആക്രമണവും ഷെല്‍ വര്‍ഷവും ലാത്തിച്ചാര്‍ജും കൊണ്ട് യുദ്ധസമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തെങ്ങും. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങിയും തലപൊട്ടിയും ചോരയില്‍ കുളിച്ചു നില്‍ക്കുന്ന കുട്ടികള്‍ ചരിത്രത്തെ തെല്ലിട പിടിച്ചു നിര്‍ത്തുന്നു. തെരുവുകളില്‍നിന്നുയരുന്ന വിലാപങ്ങള്‍ എല്ലാവരുടെയും ഉള്ളില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ക്കുന്നുണ്ട്.

    ReplyDelete
  2. ഇപ്രാവശ്യം രക്ത സാക്ഷികളെ ഒന്നും തടഞ്ഞില്ലേ...? മാലയിട്ടു പൂജിക്കാന്‍...?

    ReplyDelete
  3. സമര്‍ം ചെയ്യും, സമരം ചെയ്യും രക്തസാക്ഷികളെ കിട്ടും വരെ സമരം ചെയ്യും!!

    "അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങിയും തലപൊട്ടിയും ചോരയില്‍ കുളിച്ചു നില്‍ക്കുന്ന കുട്ടികള്‍ ചരിത്രത്തെ തെല്ലിട പിടിച്ചു നിര്‍ത്തുന്നു. "

    ഇല്ലേ.. ഇല്ലേ.. അനാവശ്യമായ ഈ സമരം നടത്തുന്നതില്‍ തീരെ യോജിപ്പില്ലാ‍ാ.. ആദ്യം വ്യക്തമായ ഒരു കാഴ്ചപ്പാടുവേണം.. അതില്ല.. ചുമ്മാ കുറെ പാവങ്ങളെ വഴിയിലിറക്കി നാട് കുട്ടിച്ചോറാക്കുന്നതിനോട് യോജിക്കാന്‍ പാടാ‍ാ‍ാ‍ാ....

    വി.എസ് സ്വന്തം മകന്റെ എം.ബി.എ. എങിനെയാണാവോ തരപ്പെടുത്തിയത്?

    ReplyDelete