Wednesday, July 6, 2011

മജീദിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്വം ഇനി പഴയപോലെ മുസ്ലിംലീഗില്‍ ഫലിക്കില്ലെന്ന് വ്യക്തമാക്കി ലീഗ് പുനഃസംഘടന. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ രണ്ട് ജനറല്‍സെക്രട്ടറിമാരെ നിശ്ചയിക്കേണ്ടിവന്നത് കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമായെങ്കിലും ലീഗില്‍ ഇനിയും തന്റെ പിടി അയഞ്ഞിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് ഒപ്പം കെ പി എ മജീദിനെയും ജനറല്‍സെക്രട്ടറിയാക്കിയതിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. മാത്രമല്ല, മജീദിന് സംഘടനാചുമതലയും യുഡിഎഫ് കാര്യങ്ങളും നല്‍കി മുമ്പനാക്കി. ബഷീറിന് പൊതുകാര്യങ്ങള്‍ നല്‍കി. പാര്‍ടി നയവും തീരുമാനങ്ങളും മാധ്യമങ്ങളോട് വിശദമാക്കാനുള്ള അധികാരം മാത്രം.

ലീഗ് ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരിക്കല്‍മാത്രമാണ് രണ്ടു ജനറല്‍ സെക്രട്ടറിമാരുണ്ടായത്. ലീഗില്‍ അഖിലേന്ത്യ മുസ്ലിംലീഗ് ലയിച്ച അവസരത്തിലാണത്. അന്ന് അഖിലേന്ത്യാ ലീഗിലെ അബ്ദുറഹ്മാന്‍ ഹാജിയെക്കൂടി ജനറല്‍സെക്രട്ടറിയാക്കി.

രണ്ടു പാര്‍ടികള്‍ എന്നപോലെ ലീഗില്‍ ഇന്ന് ചേരിതിരിവ് രൂക്ഷമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ചേരി ലീഗിലുണ്ട്. പലരും എതിര്‍പ്പ് അമര്‍ത്തിപ്പിടിച്ചിരിക്കയാണ്. പുനഃസംഘടനയ്ക്ക് ചേര്‍ന്ന തിരുവനന്തപുരം ലീഗ് നേതൃയോഗത്തില്‍ ഈ എതിര്‍പ്പ് പുറത്തുവന്നു. കുഞ്ഞാലിക്കുട്ടി മന്ത്രിയായതിനാല്‍ പകരം ജനറല്‍സെക്രട്ടറി ആരെന്ന ചോദ്യം വന്നപ്പോള്‍ അത് കെ പി എ മജീദ് എന്നാണ് കുഞ്ഞാലിക്കുട്ടി ക്യാമ്പ് നല്‍കിയ ഉത്തരം. മുന്‍ എംഎല്‍എയും വിപ്പുമായിരുന്ന മജീദ് വിവാദപുരുഷനല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ വിനീതവിധേയനാണ്. ഇ ടി മുഹമ്മദ് ബഷീറിന്റെ പേരും ശക്തമായി ഉയര്‍ന്നുവന്നു. മന്ത്രിമാരെ നിശ്ചയിച്ചതിലും വകുപ്പുകള്‍ പകുത്തതിലും കുഞ്ഞാലിക്കുട്ടിയുടെ സങ്കുചിത തന്ത്രങ്ങളോട് ബഷീര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും എം കെ മുനീര്‍ മന്ത്രിയായത് ബഷീര്‍ നയിക്കുന്ന വിഭാഗത്തിന്റെ ഇടപെടല്‍ കൊണ്ടാണ്. ഇവരുടെ വികാരം മാനിച്ചാണ് ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം അംഗീകരിച്ചത്.

ഈ ശീതസമരത്തിന് മധ്യേയാണ്, ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ടും കോഴിക്കോട്ടും നടന്ന യോഗങ്ങളില്‍ മജീദിന് ബദലായി ബഷീറിന്റെ പേര് വന്നത്. അവസാനം ജൂണ്‍ അഞ്ചിന് കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ജനറല്‍സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കാന്‍ ലീഗ് അധ്യക്ഷനെ അധികാരപ്പെടുത്തി. പക്ഷേ, ഒരു മാസമായിട്ടും അതിന് കഴിയാത്ത സ്ഥിതിയിലായി ലീഗിലെ ആഭ്യന്തരക്കുഴപ്പം.

ചൊവ്വാഴ്ച രാവിലെമുതല്‍ ഉച്ചവരെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നപ്പോള്‍ മജീദിന്റെ പേരിന് അംഗീകാരം നല്‍കുന്നതിനോട് ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ലീഗിന് പൊതുസമൂഹത്തില്‍ അംഗീകാരം കിട്ടാന്‍ ബഷീറിനെ ജനറല്‍ സെക്രട്ടറിയായി പരിഗണിക്കണമെന്ന അഭിപ്രായം ഒരു വിഭാഗം പ്രകടിപ്പിച്ചു. എന്നാല്‍ , ലോക്സഭ അംഗമായതിനാല്‍ ചിലപ്പോള്‍ ഒന്നും രണ്ടും മാസം കേരളം വിടേണ്ടിവരും എന്നത് എതിര്‍ഭാഗം ബഷീറിനെ ഒഴിവാക്കാനായി ഉന്നയിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ ഇ അഹമ്മദ് ജനറല്‍സെക്രട്ടറിയായി തുടര്‍ന്നത് മറുഭാഗം ചൂണ്ടിക്കാട്ടി. തര്‍ക്കത്തിന് മധ്യേ, ഉച്ചയ്ക്കുശേഷം ലീഗ് ജില്ലഭാരവാഹികളുമായി ലീഗ് അധ്യക്ഷന്‍ പ്രത്യേകമായി കൂടിക്കാഴ്ച നടത്തി അഭിപ്രായ രൂപീകരണം നടത്തി. അവിടെയും ബഷീറിന്റെ പേരിന് ഇടമുണ്ടായി. ഇതേത്തുടര്‍ന്നാണ് ബഷീറിനെയും മജീദിനെയും ജനറല്‍ സെക്രട്ടറിമാരാക്കാന്‍ നേതൃത്വം നിശ്ചയിച്ചത്.
(ആര്‍ എസ് ബാബു)

deshabhimani 060711

2 comments:

  1. കുഞ്ഞാലിക്കുട്ടിയുടെ മേധാവിത്വം ഇനി പഴയപോലെ മുസ്ലിംലീഗില്‍ ഫലിക്കില്ലെന്ന് വ്യക്തമാക്കി ലീഗ് പുനഃസംഘടന. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ രണ്ട് ജനറല്‍സെക്രട്ടറിമാരെ നിശ്ചയിക്കേണ്ടിവന്നത് കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമായെങ്കിലും ലീഗില്‍ ഇനിയും തന്റെ പിടി അയഞ്ഞിട്ടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് ഒപ്പം കെ പി എ മജീദിനെയും ജനറല്‍സെക്രട്ടറിയാക്കിയതിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. മാത്രമല്ല, മജീദിന് സംഘടനാചുമതലയും യുഡിഎഫ് കാര്യങ്ങളും നല്‍കി മുമ്പനാക്കി. ബഷീറിന് പൊതുകാര്യങ്ങള്‍ നല്‍കി. പാര്‍ടി നയവും തീരുമാനങ്ങളും മാധ്യമങ്ങളോട് വിശദമാക്കാനുള്ള അധികാരം മാത്രം.

    ReplyDelete
  2. ജന:സെ:ആധിപത്യം

    ReplyDelete